തുടക്കത്തിൽ തന്നെ സ്ത്രീ വിരുദ്ധത, വിവാഹമോചിതൻ, ജോലി വിട്ട് ബിഗ് ബോസിലേക്ക്, കോമണറിന് തുടക്കത്തിലെ പാളിയോ?
ബിഗ് ബോസ് മലയാളം സീസൺ ഏഴിന് തുടക്കമായി. അടിമുടി മാറ്റങ്ങളോടെയാണ് സീസൺ ഏഴ് ആരംഭിച്ചിരിക്കുന്നത്. ഇത്തവണ മത്സരാർത്ഥികൾക്ക് ഗ്രാന്റ് ഫിനാലെ വരെ എത്തിപ്പെടാൻ കുറച്ച് അധികം വിയർക്കേണ്ടി വരുമെന്നത് അവതാരകൻ മോഹൻലാൽ വീണ്ടും ഓർമിപ്പിച്ചു. ഓരോ കടമ്പയും അതികഠിനമായതിനാൽ ഓരോന്നും കടക്കാൻ ഒരുപാട് പയറ്റേണ്ടി വരും മത്സരാർത്ഥികൾക്ക്.
ഹൗസിലേക്ക് ആദ്യം എത്തിയത് പ്രേക്ഷകരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട സാധാരണക്കാരുടെ പ്രതിനിധിയായ കോമണർ മത്സരാർത്ഥി അനീഷാണ്. തൃശൂർ കോടന്നൂർ സ്വദേശിയായ അനീഷ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബിഗ് ബോസിലേക്ക് എത്താനുള്ള ശ്രമത്തിലായിരുന്നു. നിരവധി തവണ പരിശ്രമിച്ചശേഷമാണ് അനീഷിന് ബിഗ് ബോസ് വീടിന്റെ വാതിൽ തുറന്ന് കിട്ടിയത്.

മൈജി ഫ്യൂച്ചര്‍ കോണ്‍ടെസ്റ്റിലൂടെ വിജയിയായാണ് അനീഷ് ബിഗ് ബോസിലേക്ക് എത്തുന്നത്. എഴുത്തുകാരനും കർഷകനും കൂടിയാണ് അനീഷ്. എൻ നേരം തുഴഞ്ഞ് എന്ന പുസ്‍തകം അനീഷ് എഴുതിയിട്ടുണ്ട്. തുടക്കത്തിൽ ബാങ്ക് ജീവനക്കാരനായിരുന്നു അനീഷ്. പിന്നീട് അത് ഉപേക്ഷിച്ച് സർക്കാർ ജോലിയിൽ പ്രവേശിച്ചു.
എന്നാൽ ബിഗ് ബോസ് സ്വപ്നം മനസിലുള്ളതിനാൽ ജോലിയിൽ നിന്നും അഞ്ച് വർഷത്തേക്ക് ലീവെടുത്തിരിക്കുകയാണ്. അച്ഛനും അമ്മയും സഹോദരനും ഉൾപ്പെടുന്നതാണ് അനീഷിന്റെ കുടുംബം. സഹോദരനാണ് തനിക്ക് ഏറ്റവും കൂടുതൽ പിന്തുണ നൽകുന്നതെന്ന് അനീഷ് പറയുന്നു. ഷോയിലെ ആദ്യ ടാസ്ക്ക് വിജയിക്കാൻ അനീഷിനെ സഹായിച്ചതും സഹോദരന്റെ സാന്നിധ്യമാണ്.
വിവാഹമോചിതൻ കൂടിയായ അനീഷ് ഒരു പ്രത്യേക ലക്ഷ്യത്തോടെയാണ് ഹൗസിലേക്ക് എത്തിയത്. വിവിധ വിഷയങ്ങളിൽ സമൂഹത്തിൽ പുരുഷൻമാരെ മാറ്റിനിര്‍ത്തുന്നത് അഡ്രസ് ചെയ്യപ്പെടേണ്ട വിഷയമാണെന്നും അത് ബിഗ് ബോസില്‍ ചര്‍ച്ച വിഷയമാക്കാൻ കൂടി വേണ്ടിയാണ് തന്റെ ബിഗ് ബോസിലേക്കുള്ള പോക്കെന്ന് അനീഷ് പറയുന്നു. താനും വിവാഹമോചനത്തിലൂടെ കടന്ന് പോയപ്പോൾ ചില മോശം അനുഭവങ്ങൾ നേരിട്ടിട്ടുണ്ടെന്നും അനീഷ് പറയുന്നു.
വെൽക്കം ചെയ്ത് സ്റ്റേജിലേക്ക് അനീഷ് എത്തിയപ്പോൾ സ്ത്രീവിരുദ്ധനാണോയെന്ന് മോഹൻലാൽ ചോദിക്കുകയും ചെയ്തിരുന്നു. സ്ത്രീയുമായി ബന്ധപ്പെട്ട് മോശം അനുഭവം ഉണ്ടോയെന്ന മോഹൻലാലിന്റെ ചോദ്യത്തിന് ഹൗസിൽ വെച്ച് തന്നെ ഒരിക്കൽ അത് തുറന്ന് പറയാമെന്നായിരുന്നു അനീഷിന്റെ മറുപടി.

ബിഗ് ബോസിന് വേണ്ടി ഒരുപാട് ശ്രമിച്ചിട്ടാണ് ഇവിടെ വരെ എത്തിയത്. അതുകൊണ്ട് തന്നെ ജെനുവിനായിരിക്കും നിലപാടുകൾ തുറന്ന് പറയുകയും ചെയ്യുമെന്നും അനീഷ് പറഞ്ഞു. മായിക ലോകത്ത് എത്തിയ പ്രതീതിയാണ് തോന്നുന്നതെന്നായിരുന്നു ഹൗസിലേക്ക് കയറിയശേഷമുള്ള അനീഷിന്റെ ആദ്യ പ്രതികരണം. അനീഷിന് പിന്നാലെ ഹൗസിലേക്ക് എത്തിയത് സീരിയൽ നടി അനുമോളായിരുന്നു.
എന്നാൽ അനുമോളുമായുള്ള അനീഷിന്റെ ആദ്യ ഇടപെടൽ പ്രേക്ഷകർക്കിടയിൽ ചർച്ചയായിട്ടുണ്ട്. അനുമോളെ കണ്ടയുടൻ സ്ക്രീനിൽ കാണുന്ന അത്ര ഭംഗി നേരിട്ട് കാണാനില്ലെന്നാണ് അനീഷ് പറഞ്ഞത്. അതയോ എന്ന് മാത്രമാണ് അനുമോൾ ആ കമന്റിന് നൽകിയ മറുപടി. അനീഷ് അനുമോളെ ഒന്ന് വിറപ്പിക്കാൻ ശ്രമിച്ചെങ്കിലും നടി പതറിയില്ല.
ആദ്യ ദിവസം തന്നെ ഉരസൽ വേണ്ടെന്ന് കരുതിയിട്ടാകും അനുമോൾ ഒഴിഞ്ഞ് മാറിയത്. അനീഷ് ഇതിനോടകം തന്നെ ബിബി പ്രേക്ഷകർക്കിടയിൽ ചർച്ച വിഷയമായി മാറിയിട്ടുണ്ട്. പക്ഷെ പ്രേക്ഷകർക്കിടയിൽ അനീഷിനുള്ളത് അത്ര നല്ല ഇംപ്രഷനല്ലെന്നതാണ് ബിബിയുമായി ബന്ധപ്പെട്ട പോസ്റ്റുകളിൽ നിന്നും വ്യക്തമാകുന്നത്.
തുടക്കത്തിൽ തന്നെ സ്ത്രീ വിരുദ്ധത കാണിച്ചാൽ ഹൗസിലും പ്രേക്ഷക മനസിലും അധിക കാലം വാഴാൻ കഴിയില്ലെന്നും കമന്റുകളുണ്ട്. അതേസമയം തുടങ്ങിയതല്ലേയുള്ളു ആരെയും വിലയിരുത്താനുള്ള സമയം ആയിട്ടില്ലെന്നും ചിലർ കുറിച്ചു.


Click it and Unblock the Notifications











