'ബിഗ് ബോസിനുശേഷം കിട്ടിയ ഏറ്റവും നല്ല സമ്മാനങ്ങൾ, അമ്മയെ കണ്ടാൽ ചേച്ചിയാണെന്നെ പറയൂ'; അഭിഷേകിന്റെ കുറിപ്പ്!
ബിഗ് ബോസ് മലയാളം ഒമ്പതാം ആഴ്ചയിലേക്ക് കടന്നു. പതിനഞ്ച് മത്സാർത്ഥികളുമായി യാത്ര തുടരുന്ന സീസൺ ആറിൽ മത്സരവും മുറുകുകയാണ്. ആരാകും ടോപ്പ് ഫൈവിലേക്ക് എത്താൻ പോകുന്ന മത്സാർത്ഥിയെന്ന് അറിയാൻ പ്രേക്ഷകരും ആകാംഷയിലാണ്. എന്നാൽ ഇതുവരെയും ഒരു രാജാവോ രാഞ്ജിയോ ഉണ്ടാവാത്ത സീസൺ കൂടിയാണ് ബിഗ് ബോസ് മലയാളം സീസൺ ആറ്.
പൊതുവെ മൂന്ന് ആഴ്ച കഴിയുമ്പോഴേക്കും ആരായിരിക്കും സീസണിൽ വിജയിയാകാൻ പോകുന്നതെന്ന് സംബന്ധിച്ച് ഒരു ധാരണ പ്രേക്ഷകന് ലഭിക്കും. എന്നാൽ ഇതുവരെയും അത്തരത്തിൽ ഒരു പ്രവചനം പ്രേക്ഷകർക്ക് സാധ്യമായിട്ടില്ല. ആറ് വൈൽഡ് കാർഡുകളാണ് ഈ സീസണിൽ ഹൗസിലേക്ക് വന്നത്. അതിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടതും ചർച്ചയായതുമായ ഒരു മത്സരാർത്ഥിയായിരുന്നു അഭിഷേക് ജയദീപ്.

പക്ഷെ ഹൗസിൽ വന്ന ആദ്യ ദിവസങ്ങളിൽ ഉണ്ടായിരുന്ന ഫയർ പിന്നീട് അധികമൊന്നും അഭിഷേകിൽ പ്രേക്ഷകർക്ക് കാണാൻ കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ പ്രേക്ഷക പിന്തുണയുടെ കുറവുമൂലം അഭിഷേക് എവിക്ടായി. മിസ്റ്റർ ഗേ ഇന്ത്യ ഐഡിയയുടെ റണ്ണറപ്പായിരുന്നു അഭിഷേക്. തന്റെ സെക്ഷ്വാലിറ്റി എന്താണെന്ന് അച്ഛനെ അറിയിക്കുകയെന്ന ഉദ്ദേശത്തോടെയായിരുന്നു അഭിഷേക് ബിഗ് ബോസിൽ എത്തിയത്.
ഷോയിൽ നിന്നും പുറത്തായെങ്കിലും അഭിഷേകിന്റെ ഉദ്ദേശം നടന്നു. താരം ആഗ്രഹിച്ചതുപോലെ തന്നെ അച്ഛൻ അഭിഷേകിന്റെ സെക്ഷ്വാലിറ്റി അംഗീകരിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അച്ഛൻ അയച്ച മെസേജിനൊപ്പം അഭിഷേക് ഇക്കാര്യം ആരാധകരെ സോഷ്യൽമീഡിയ വഴി അറിയിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഷോയ്ക്കുശേഷം അച്ഛനേയും അമ്മയേയും സന്ദർശിച്ചതിന്റെ ചിത്രങ്ങൾ പങ്കിട്ട് എത്തിയിരിക്കുകയാണ് അഭിഷേക്.
അച്ഛനും അമ്മയും... ബിഗ് ബോസ് മലയാളത്തിൽ പങ്കെടുത്തശേഷം എനിക്ക് ലഭിച്ച രണ്ട് സമ്മാനങ്ങൾ എന്ന് കുറിച്ചുകൊണ്ടാണ് അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള ചിത്രങ്ങൾ അഭിഷേക് പങ്കിട്ടത്. സെലിബ്രിറ്റികൾ അടക്കം നിരവധി പേരാണ് അഭിഷേകിന്റെ സന്തോഷത്തിൽ പങ്കുചേർന്ന് കമന്റുകൾ കുറിച്ചത്. നിന്നെ ഓർത്ത് സന്തോഷിക്കുന്നുവെന്നായിരുന്നു ഏറെയും കമന്റുകൾ. മറ്റ് ചിലരുടെ കമന്റുകൾ അഭിഷേകിന്റെ അമ്മയെ കുറിച്ചായിരുന്നു.
അമ്മയെ കണ്ടാൽ ചേച്ചിയാണെന്നെ പറയൂ... അസ്സൽ സന്തൂർ മമ്മി എന്നിങ്ങനെയായിരുന്നു കമന്റുകൾ. നീ ജീവിതത്തില്‍ തെരഞ്ഞെടുത്ത വഴികളിലൊന്നും എനിക്ക് യാതൊരു എതിർപ്പുമില്ല. നീ എന്‍റെ മകന്‍ എന്ന നിലയില്‍ ഞാന്‍ എന്നും നിന്നോടൊപ്പം ഉണ്ടാകും. നിന്‍റെ എല്ലാ സന്തോഷങ്ങളും ദുഖങ്ങളും എന്‍റെയും കൂടിയാണ്.

എനിക്ക് നിന്നോട് സംസാരിക്കണമെന്നും കാണണം എന്നുമുണ്ട്. ഒന്നിനെക്കുറിച്ച് ഓർത്തും നീ വിഷമിക്കണ്ട. എൻ്റെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും എല്ലാം നിന്നോട് വലിയ ബഹുമാനമാണ്. ഞാൻ എപ്പോഴും നിനക്കൊപ്പമുണ്ടാകും. ഞാൻ എപ്പോഴും നിങ്ങൾക്കെല്ലാവർക്കും വേണ്ടിയുണ്ടാകും എന്നാണ് ബിബിയിൽ നിന്നിറങ്ങിയ അഭിഷേകിന് അച്ഛൻ കുറച്ച് ദിവസം മുമ്പ് അയച്ച മെസേജ്. അവൻ കുറേ വർഷങ്ങൾക്കുശേഷമാണ് എന്നോട് ഇക്കാര്യം തുറന്ന് പറഞ്ഞത്.
അത്രയും കാലം അവൻ എന്നോട് പറയാതെ സഹിച്ചതോർക്കുമ്പോൾ വിഷമം തോന്നി. അവന്റെ ഐഡന്റിറ്റി എന്താണെങ്കിലും അവൻ എന്റെ മകനല്ലേ. എന്തിനും ഏതിനും അവനൊപ്പം ഞാനുണ്ടാകും. ആര് ആക്സെപ്റ്റ് ചെയ്താലും ഇല്ലെങ്കിലും. ഞങ്ങൾ ഒരുമിച്ച് തന്നെയുണ്ടാകും എല്ലാറ്റിനും. അഭിയെ പോലെ ഒരുപാട് കുട്ടികൾ ഈ സമൂഹത്തിലുണ്ടല്ലോ.
ഇതൊന്നും തുറന്ന് പറയാനാവാതെ ആത്മഹത്യ ചെയ്ത കുട്ടികൾ വരെയുണ്ട്. നമ്മുടെ കുട്ടികളല്ലേ... അവരെ നമ്മളല്ലേ മനസിലാക്കേണ്ടത്. നമ്മളാണ് ആദ്യം ചേർത്ത് പിടിക്കേണ്ടത്. അതുകഴിഞ്ഞിട്ടേ സമൂഹം ചേർത്തുപിടിക്കൂ. അങ്ങനെ മാതൃകയാക്കി കാണിച്ചുകൊടുക്കുകയാണ് വേണ്ടത് എന്നാണ് അഭിഷേകിന്റെ അമ്മ അടുത്തിടെ മകനെ കുറിച്ച് സംസാരിച്ച് പറഞ്ഞത്. തൃശൂർ സ്വദേശിയായ അഭിഷേക് പ്രൊഫഷണലി ഒരു ഐടി എഞ്ചിനീയറാണ്.


Click it and Unblock the Notifications