'മഴവില്ലെന്ന് പറയുന്നത് ട്രാൻസ്ജെന്റേഴ്സിന് മാത്രമായുള്ളതല്ല, മഴവില്ല് കോമണായിട്ടുള്ള സംഭവമാണ്'
ബിഗ് ബോസ് മലയാളം സീസൺ ആറിൽ വൈൽഡ് കാർഡ് എൻട്രിയായി എത്തി ടോപ്പ് ഫൈവിൽ ഇടം പിടിച്ച മത്സരാർത്ഥിയാണ് അഭിഷേക് ശ്രീകുമാർ. അഭിഷേകിന്റെ തുടക്കം ദ്രുത താളത്തിലായിരുന്നു. പിന്നെ പതിഞ്ഞ ചുവടുകളായി. ഇടയ്‍ക്ക് പൊടുന്നനെ കത്തിക്കയറി. അങ്ങനെ പല താളത്തില്‍ കയറിയിറങ്ങിയ പ്രകടനങ്ങളിലൂടെ തന്നെയാണ് ബിഗ് ബോസില്‍ അഭിഷേക് ശ്രീകുമാര്‍ ഫൈനലില്‍ എത്തിയത്. നാലാം സ്ഥാനമാണ് അഭിഷേകിന് ലഭിച്ചത്. ഈ സീസണിൽ ടിക്കറ്റ് ടു ഫിനാലെ നേടിയ മത്സരാർത്ഥിയും അഭിഷേക് തന്നെയായിരുന്നു.
രണ്ട് അഭിഷേകുമാരായിരുന്നു ബിഗ് ബോസില്‍ വൈല്‍ഡ് കാര്‍ഡ് എൻട്രിയായി ഇത്തവണ എത്തിയത്. ഒരാള്‍ എല്‍ജിബിടിക്യു കമ്മ്യൂണിറ്റി പ്രതിനിധീകരിച്ച് ഷോയില്‍ എത്തിയ അഭിഷേക് ജയദീപായിരുന്നു. രണ്ടാമത്തെയാളാണ് എല്‍ജിബിടിക്യുവിനെ നിശിതമായി വിമര്‍ശിച്ച അഭിഷേക് ശ്രീകുമാർ. എല്‍ജിബിടിക്യുവിനെ വിമർശിച്ചതിന് ഇൻസ്റ്റാഗ്രാം ഒരു സമയത്ത് അഭിഷേകിനെ വിലക്കിയിരുന്നു.

അഭിഷേക് കെയുമായി ഏറ്റുമുട്ടി തുടക്കത്തിലെ തന്റെ നയം പ്രഖ്യാപിച്ചിരുന്നു അഭിഷേക് ശ്രീകുമാര്‍. അശ്ലീലമായ ഒരു പദപ്രയോഗമായിരുന്നു അഭിഷേക് കെയ്‍ക്ക് നേര്‍ക്ക് അഭിഷേക് ശ്രീകുമാര്‍ തൊടുത്തത്. അതോടെ ബിഗ് ബോസിന്റെ യെല്ലോ കാർഡും അഭിഷേകിന് കിട്ടി. അതിനുശേഷം ആ വിഷയത്തെ കുറിച്ച് അഭിഷേക് സംസാരിച്ചിട്ടില്ല. ഇപ്പോഴിതാ എല്‍ജിബിടിക്യു കമ്യൂണിറ്റിയെ താൻ എതിർക്കുന്നില്ലെന്നും കമ്യുണിറ്റിയിലെ ഒരു വിഭാഗം ആളുകളെ മാത്രമാണ് എതിർക്കുന്നതെന്നും പറയുകയാണ് അഭിഷേക്.
മഴവില്ലെന്ന് അഭിസംബോധന ചെയ്ത് സംസാരിച്ചതിനെ കുറിച്ചും അഭിഷേക് മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ പുതിയ അഭിമുഖത്തിൽ പറഞ്ഞു. ബിഗ് ബോസ് ജീവിതത്തെ കുറിച്ച് സംസാരിച്ചുകൊണ്ടാണ് അഭിഷേക് തുടങ്ങിയത്. അർജുൻ-ശ്രീതു കോമ്പോ ഹിറ്റായിരുന്നല്ലോ. പക്ഷെ ടാസ്ക്ക് വരുമ്പോൾ അവർ ഒറ്റയ്ക്കാണ് കളിക്കുന്നത്.
ജിന്റോ ചേട്ടൻ കള്ളനാണ്. ഓരോ ആഴ്ച പുള്ളിക്ക് ഒരോ രൂപമാണ്. അത് ഞങ്ങൾ പുള്ളിയോട് തന്നെ പറയാറുണ്ട്. ഞാൻ അഭിഷേകിനെ പറഞ്ഞത് തെറ്റ് തന്നെയാണ്. അത് ഞാൻ ബോധപൂർവം പറഞ്ഞതാണ്. മാത്രമല്ല സോറിയും പറഞ്ഞിട്ടുണ്ട്. എല്ലാവരും എന്നെ സ്നേഹിക്കണമെന്ന് ഞാൻ ആഗ്രഹിക്കാറില്ല. കുറച്ചെങ്കിലും ഹേറ്റുണ്ടെങ്കിലെ കാര്യമുള്ളു. ഇവിടുത്തെ നിയമങ്ങളെല്ലാം ട്രാൻസ്ജെന്റേഴ്സിന് ഫേവറബിളാണ്.
മഴവില്ലെന്ന് പറയുന്നത് ട്രാൻസ്ജെന്റേഴ്സിന് മാത്രമായുള്ള സംഭവമല്ല. മഴവില്ല് കോമണായിട്ടുള്ള സംഭവമാണ്. അത് ഞങ്ങളുടേത് മാത്രമാണെന്ന് അവർ പറയുമ്പോഴാണ് അക്സപ്റ്റ് ചെയ്യാൻ പറ്റാതെ വരുന്നത്. നിയമങ്ങൾ പോലും ജെന്റർബയാസ്ഡാണ്. സ്ത്രീകൾക്കാണ് നിയമങ്ങളിൽ മുൻതൂക്കം. ചിലർ അതിനെ മുതലെടുക്കുന്നുണ്ട്.

ഫെമിനിസത്തിന് എതിരെ സംസാരിച്ചതിന് എന്റെ സുഹൃത്തിന് എതിരെ റേപ്പ് കേസ് വരെ വന്നിട്ടുണ്ട്. വ്യാജ കേസായിരുന്നു അത്. ആ സമയത്ത് അവന്റെ ഭാര്യ ഗർഭിണിയായിരുന്നു. അവന്റെ മാനസീകാവസ്ഥ ഒന്ന് ആലോചിച്ച് നോക്കൂ. അതുപോലെ കമ്യൂണിറ്റിയെ കുറിച്ച് സംസാരിക്കരുതെന്ന് ഞാൻ ഹൗസിലായിരുന്നപ്പോൾ എനിക്ക് നിർദേശം വന്നിരുന്നു. അപ്പോൾ തന്നെ എനിക്ക് മനസിലായിരുന്നു പുറത്ത് ഇത് വലിയ വിഷയമായി എന്നത്.
പിന്നെ ഹൗസിൽ വെച്ച് കറന്റ് അഫെയേഴ്സ് സംസാരിക്കുന്നത് അനുവദിനീയമല്ല. കമ്യൂണിറ്റിയിലെ എല്ലാവരുടെ പ്രവൃത്തികളേയും അനുകൂലിക്കുന്നില്ലെന്ന് ജാൻമണിയും എന്നോട് സംസാരിക്കവെ പറഞ്ഞിരുന്നു. സ്ത്രീയായി മാറി ഐഡന്റിറ്റിയാക്കിയശേഷം സ്ത്രീകളുടെ ടോയ്ലെറ്റിൽ കയറിയാൽ ഭാവിയിൽ അത് പ്രശ്നങ്ങൾക്ക് കാരണമാകും.
അമേരിക്കയിൽ ഇത്തരം ആളുകൾ കാരണം സ്ത്രീകൾക്ക് ബുദ്ധിമുട്ടുകളുണ്ടാകുന്നുണ്ട്. അതുകൊണ്ടാണ് എനിക്ക് അത് മുഴുവനായും അംഗീകരിക്കാൻ പറ്റാത്തത്. മാക്രോ ആസ്പെക്ട്സിൽ ചിന്തിച്ച് കഴിഞ്ഞാൽ ഇത് വേറെ രീതിയിൽ പോകുന്നുണ്ടെന്ന് മനസിലാകും എന്നാണ് അഭിഷേക് പറഞ്ഞത്. ഇതിനോടകം ചില സിനിമകളിൽ മുഖം കാണിച്ചിട്ടുണ്ട് അഭിഷേക്. സിനിമാ മോഹമാണ് ബിഗ് ബോസിലേക്ക് അഭിഷേകിനെ എത്തിച്ചത്.


Click it and Unblock the Notifications