'അച്ഛനും മകളും തമ്മിലുള്ള സ്വകാര്യ സംഭാഷണമാണ് അന്ന് അവിടെ നടന്നത്... മത്സരത്തിനും മേലെയാണ് മനുഷ്യത്വം'
കഴിഞ്ഞ ദിവസം ബിഗ് ബോസ് ഹൗസിലും പുറത്ത് പ്രേക്ഷകർക്കിടയിലും ഏറെ കോളിളക്കം സൃഷ്ടിച്ച ഒന്നായിരുന്നു ജാസ്മിനും പിതാവും തമ്മിലുള്ള ഫോൺ സംഭാഷണം. ഇപ്പോൾ ഹൗസിൽ ഏറ്റവും ശക്തയായ മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ ജാഫർ. ആദ്യത്തെ രണ്ട് ദിവസം ഭൂരിഭാഗം പ്രേക്ഷകരും ജാസ്മിനെ പിന്തുണയ്ക്കുന്നവരായിരുന്നു. എന്നാൽ ഗബ്രിയുമായി ചേർന്ന് ജാസ്മിൻ ലവ് ട്രാക്ക് എന്ന് പ്രേക്ഷകരെ തെറ്റിദ്ധരിപ്പിച്ച് കോമ്പോ ഉണ്ടാക്കി തുടങ്ങിയതോടെ ജാസ്മിനുള്ള പ്രേക്ഷക പിന്തുണ കുറയാൻ തുടങ്ങി.
മാത്രമല്ല സോഷ്യൽമീഡിയയിൽ വലിയ രീതിയിൽ ജാസ്മിന് എതിരെ സൈബർ ബുള്ളിയിങ്ങും ഉണ്ടാകാൻ തുടങ്ങി. അതിനടിയിലാണ് കഴിഞ്ഞ ദിവസം ജാസ്മിനെ ബിഗ് ബോസ് കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ചത്. കൺഫെഷൻ റൂമിൽ വിളിച്ച ജാസ്മിനോട് എങ്ങനെയുണ്ട് വീട് എന്നാണ് ബിഗ് ബോസ് ആദ്യം ചോദിച്ചത്. മറുപടിയായി കുഴപ്പമില്ലാതെ പോകുന്നുവെന്ന് പറയുന്നുണ്ട് ജാസ്മിൻ. ഒറ്റയ്ക്ക് കളിക്കാൻ വേണ്ടിയല്ലേ വന്നത് എന്നും ചോദിക്കുന്നുണ്ട് ബിഗ് ബോസ്.

ഒറ്റക്കാണ് ബിഗ് ബോസ് കളിക്കുന്നത്. പിന്നെ നമുക്ക് ഒരാളടുത്ത് ഒരിത് കാണുമല്ലോ എന്നും ജാസ്മിൻ പറയുന്നു. ശേഷമാണ് ജാസ്മിന്റെ വാപ്പ ആശുപത്രിയിലാണ്. സംസാരിക്കണമെന്ന് ആവശ്യപ്പെട്ടുവെന്ന് അറിയിക്കുന്നത്. ഇത്രയും പറയുന്നതല്ലാതെ ജാസ്മിനും ഉപ്പയും തമ്മിലുള്ള ഫോൺ സംഭാഷണം ബിഗ് ബോസ് ടെലികാസ്റ്റ് ചെയ്തിരുന്നില്ല.
മാത്രമല്ല കൺഫെഷൻ റൂമിൽ നിന്നും തിരികെ എത്തിയശേഷം തനിക്ക് പ്രേക്ഷകർക്കിടയിലും പ്രിയപ്പെട്ടവർക്കിടയിലും നെഗറ്റീവാണെന്ന് ഉപ്പയിൽ നിന്നും മനസിലാക്കിയ തരത്തിലായിരുന്നു ജാസ്മിന്റെ പെരുമാറ്റം. വാപ്പച്ചിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തേക്കുവാ. വെള്ളിയാഴ്ച ഒപ്പറേഷനാണ്. ബ്ലോക്കിന്റെ പ്രശ്നം ഉണ്ടായിരുന്നു. അതാണ് സംസാരിച്ചത് എന്നാണ് ജാസ്മിൻ മറ്റുള്ളവരോട് പറഞ്ഞത്.
പക്ഷെ ഗബ്രിയോട് തങ്ങളുടെ കോമ്പോ പുറത്ത് വലിയ നെഗറ്റീവാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് പറയാതെ പറയുകയാണ് ജാസ്മിൻ ചെയ്തത്. മാത്രമല്ല ഉപ്പയ്ക്ക് അസുഖമാണെന്ന് അറിഞ്ഞശേഷം ഒരു മകൾക്കുണ്ടാകേണ്ട ആകുലതയൊന്നും ജാസ്മിനുണ്ടായിരുന്നില്ലെന്നതും പ്രേക്ഷകരിൽ സംശയത്തിന് ഇടയാക്കി. ഉപ്പ വഴി പുറത്തെ സാഹചര്യം ജാസ്മിന് പറഞ്ഞുകൊടുക്കുന്നത് മറ്റുള്ള മത്സരാർത്ഥികളോട് കാണിക്കുന്ന നീതികേടാണെന്നാണ് പ്രേക്ഷകർ സോഷ്യൽമീഡിയയിൽ കുറിച്ചത്.
ജാസ്മിന്റെയും പിതാവിന്റെയും ഫോൺ കോൾ സംപ്രേഷണം ചെയ്യണമെന്ന് ആവശ്യപ്പെട്ടും പ്രേക്ഷകർ രംഗത്ത് എത്തിയിരുന്നു. ഈ സാഹചര്യത്തിൽ ജാസ്മിന്റെയും പിതാവിന്റെയും ഫോൺ കോൾ സംപ്രേഷണം ചെയ്യാതിരുന്നതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോൾ ബിഗ് ബോസ് ടീം.

ഒരു മത്സരാർത്ഥിയോട് മാത്രം ബിഗ് ബോസ് പക്ഷാബേധം കാണിക്കുന്നുവെന്നാണല്ലോ പരാതി എന്നാണ് അവതാരകൻ മോഹൻലാൽ ബിഗ് ബോസിനോട് ചോദിച്ചത്. അപ്പോഴാണ് ഫോൺ കോൾ സംപ്രേഷണം ചെയ്യാതിരുന്നതിന്റെ കാരണം ബിഗ് ബോസ് വിശദമാക്കിയത്. 'ഇതൊരു ടിവി ഷോ മാത്രമാണ്. ഇവരെല്ലാം ഇതിലെ മത്സരാർത്ഥികളും. അതിനും അപ്പുറം ഇവരെല്ലാം പച്ചയായ മനുഷ്യരാണ്. സുഖ ദുഖ സമ്മിശ്രമായ കുടുംബങ്ങൾ ഉള്ളവരാണ്.'
'ജാസ്മിന്റെ പിതാവിന്റെ അസുഖവുമായി ബന്ധപ്പെട്ട് ഒരു അച്ഛനും മകളും തമ്മിലുള്ള തീർത്തും സ്വകാര്യമായ ഒരു സംഭാഷണമാണ് അന്ന് അവിടെ നടന്നത്. അതും എന്റെ സാന്നിധ്യത്തിൽ. ഈ മത്സരത്തെയോ മറ്റുള്ള മത്സരാർത്ഥികളേയോ അവരുടെ പ്രേക്ഷക പിന്തുണയേയോ ബാധിക്കുന്ന ഒന്നല്ല അതെന്ന് വ്യക്തമായതുകൊണ്ടും ആരോഗ്യകാര്യമായതുകൊണ്ടും ആ വീട്ടിലെ തീരുമാനങ്ങൾ എടുക്കുന്നതിൽ ജാസ്മിൻ ഒരു പ്രധാന പങ്ക് വഹിക്കുന്ന ആളായതുകൊണ്ടും മാത്രമാണ് അവരുടെ സ്വകാര്യത മാനിച്ച് അത് സംപ്രേഷണം ചെയ്യാതിരുന്നത്.'
'ഇത്തരം അവശ്യ സന്ദർഭങ്ങളിൽ ഇതിന് മുമ്പും ഇങ്ങനെയുള്ള ഫോൺ കോളുകൾ ബിഗ് ബോസ് ചരിത്രത്തിൽ സംഭവിച്ചിട്ടുണ്ട്. മത്സരത്തിനും മേലെയാണ് മനുഷ്യത്വം', എന്നാണ് ബിഗ് ബോസ് ഫോൺ കോൾ സംപ്രേഷണം ചെയ്യാതിരുന്ന കാരണം വ്യക്തമാക്കി പറഞ്ഞത്.
മാനുഷിക പരിഗണ വെച്ചാണ് ജാസ്മിനും ഉപ്പയ്ക്കും സംസാരിക്കാൻ അനുവാദം നൽകിയതെന്നും അത് വ്യക്തിപരമായതിനാലാണ് ജാസ്മിന്റെ കുടുംബത്തിന്റെ അഭ്യർത്ഥന മാനിച്ച് സംപ്രേഷണം ചെയ്യാതിരുന്നതെന്നും മോഹൻലാലും പ്രേക്ഷകർക്കുള്ള മറുപടിയായി പറഞ്ഞു.


Click it and Unblock the Notifications