എന്തിനാണ് അനുവിന്റെ പിആറിന്റെ നക്കാപിച്ച, അതിനേക്കാൾ കൂടുതൽ കിട്ടി; സായ് മൂന്ന് മാസം കൊണ്ട് സമ്പാദിച്ചത്!
ബിഗ് ബോസ് മലയാളം സീസൺ ഏഴ് തുടങ്ങിയത് മുതലാണ് ബിബി ഷോയുടെ ഭാഗമായി നടക്കുന്ന മത്സരാർത്ഥികളുടെ പിആർ വർക്കുകൾ കൂടുതൽ ചർച്ച വിഷയമായത്. ഈ സീസണിൽ ഏറ്റവും കൂടുതൽ പണം മുടക്കി പിആറിനെ വെച്ചത് അനുവാണെന്നാണ് പറയപ്പെടുന്നത്. ആറാം സീസണിൽ വിജയിയായ ജിന്റോയ്ക്ക് വേണ്ടി പിആർ ചെയ്ത അതേ വിനുവാണ് ഇത്തവണ അനുവിന് വേണ്ടിയും പ്രവർത്തിച്ചതെന്നാണ് റിപ്പോർട്ടുകൾ.
പതിനാറ് ലക്ഷത്തിന് അടുത്ത് പണം മുടക്കിയാണത്രെ അനു പിആറിനെ വെച്ചതെന്നും പറയപ്പെടുന്നു. എന്നാൽ ഇതുവരെയും അനു ഇതൊന്നും സമ്മതിച്ചിട്ടില്ല. പിആർ വർക്കിന്റെ ഭാഗമായി കേരളത്തിലെ പ്രമുഖ യുട്യൂബേഴ്സിന് വിനു പണം നൽകിയതായും റിപ്പോർട്ടുകളുണ്ട്. അതുമായി ബന്ധപ്പെട്ട് മുൻ ബിഗ് ബോസ് താരം സീക്രട്ട് ഏജന്റ് എന്ന സായ് കൃഷ്ണ പ്രതികരിച്ചു.

ഒപ്പം മൂന്ന് മാസം കൊണ്ട് ബിഗ് ബോസ് വീഡിയോകളിലൂടെ താൻ നേടിയ യുട്യൂബ് വരുമാനവും സായ് കൃഷ്ണ വെളിപ്പെടുത്തി. ഞാൻ ഒരു യുട്യൂബറുടെ വീഡിയോ കണ്ടിരുന്നു അതിൽ അനുവിന്റെ പിആർ ആയ വിനു കാശ് കൊടുത്ത് കുറേ യുട്യൂബർമാരെകൊണ്ട് വീഡിയോ ചെയ്യിപ്പിച്ചുവെന്ന് പറയുന്നുണ്ട്. വ്യൂവർഷിപ്പ് അത്യാവശ്യം ഉള്ള യുട്യൂബ് ചാനലുകൾ ഉള്ളവർ കാശ് വാങ്ങി ഒരാൾക്ക് വേണ്ടി വീഡിയോ ഇടുമെന്ന് എനിക്ക് തോന്നുന്നില്ല.
അതിന് വ്യക്തമായ കാരണമുണ്ട്. പതിമൂന്ന് ലക്ഷം മുതൽ പതിനാറ് ലക്ഷം വരെ കൊടുത്താകണം അനു വിനുവിന് പിആർ കൊടുത്തത്. അതിൽ ഏഴ് ലക്ഷമെങ്കിലും ഇപ്പോൾ കിട്ടി കാണണം. ഇത് ഞാൻ മുമ്പ് തന്നെ പറഞ്ഞിട്ടുണ്ട്. ഇതല്ലേ ശരിയെന്ന് ചോദിച്ചപ്പോൾ വിനു കണക്ക് പുറത്ത് വിടാൻ കഴിയില്ല എത്തിക്സാണ് എന്നാണ് പറഞ്ഞത്.
അതുപോലെ യുട്യൂബേഴ്സിനെ പണം കൊടുത്ത് സ്വാധീനിച്ചുവെന്നത് വിശ്വസിക്കാൻ പറ്റില്ല. കാരണം... ഒട്ടുമിക്ക ചാനലുകളും പ്രെഡിക്ഷൻ ലിസ്റ്റ് പുറത്ത് വന്ന് തുടങ്ങുമ്പോൾ മുതൽ വീഡിയോകൾ ഇട്ട് തുടങ്ങും. അപ്പോൾ ഒരു വർഷത്തിൽ ആറ് മാസത്തോളം ബിഗ് ബോസ് റിലേറ്റഡ് വീഡിയോകൾ ഇടുന്ന ചാനലിന് നല്ലൊരു വരുമാനം അതുവഴി ലഭിക്കുന്നുണ്ടാകും. മിക്കതിനും നല്ല വ്യൂവർഷിപ്പുമുണ്ട്. അതിനാൽ പിആർ വിനു നൽകുന്ന നിസ്സാര തുക ആവശ്യമായി വരില്ല.
ഞാൻ ഈ സീസണിൽ വീഡിയോ വഴി ഉണ്ടാക്കിയ വരുമാനം ഇരുപത്തിയാറ് ലക്ഷത്തിന് മുകളിലാണ്. ഒരു ദിവസം ഒന്നോ രണ്ടോ ബിഗ് ബോസ് വീഡിയോകൾ മാത്രം ഇടുന്നയാളാണ് ഞാൻ. ആ എനിക്ക് ഇത്ര വരുമാനം വന്നിട്ടുണ്ടെങ്കിൽ ബിഗ് ബോസുമായി ബന്ധപ്പെട്ട് ദിവസം നിരവധി വീഡിയോകൾ ഇടുന്ന യുട്യൂബ് ചാനലുകളുടെ വരുമാനം എത്രയാകുമെന്ന് ആലോചിച്ച് നോക്കൂ.

അങ്ങനെയുള്ള യുട്യൂബ് ചാനലുകൾക്ക് എന്തിനാണ് പിആറിന്റെ കയ്യിൽ നിന്നും കിട്ടുന്ന നക്കാപിച്ചയായ അമ്പതിനായിരം രൂപ. പല ചാനലുകൾക്കും വോട്ട് മറിക്കാനുള്ള കഴിവ് വരെയുള്ളവരാണ്. അതുപോലെ പിആർ ടീം തിരിച്ച് കൊത്തിയാൽ വിശ്വാസ്യത പോകും എന്നുള്ളതുകൊണ്ടും അത്തരം ചാനലുകൾ പിആറിന് വേണ്ടി വീഡിയോ ചെയ്യാൻ സാധ്യതയില്ല. ആരും സ്വന്തം കഞ്ഞിയിൽ പാറ്റ ഇടില്ലല്ലോ.
എന്റെ ഭാര്യ സ്നേഹയുടെ മാമന്റെ കേസ് വരെ വീഡിയോ ആക്കിയ ഞാൻ വിനു പറഞ്ഞാൽ വീഡിയോ ചെയ്യുമോയെന്നും നിങ്ങൾ ചിന്തിച്ച് നോക്കൂ. എന്നെപ്പോലുള്ള ചാനലുകളെ വിലയ്ക്ക് വാങ്ങാൻ പിആറുകൾക്ക് പറ്റില്ല. നമ്മളെ പോലുള്ള ചാനലുകൾ നല്ലൊരു വരുമാനം സ്വന്തം ഉണ്ടാക്കുന്നവരാണ്. എന്റെ സർവൈവലാണ് എന്റെ ഈ ജോലി. അതിന്റെ ക്രെഡിബിലിറ്റി ഞാൻ കളയുമോ?. മാനിപ്പുലേഷൻ എന്നെ വെച്ച് ആർക്കും ചെയ്യാൻ പറ്റില്ല.
ഞാൻ ക്രിസ്റ്റൽ ക്ലിയറാണ്. കണ്ടന്റ് കൊടുത്താലെ പുറത്ത് പിആർ പണി എടുക്കുന്നുവെന്ന് അനുവിന് കൃത്യമായി അറിയാമായിരുന്നു. അതുകൊണ്ടാണ് മറ്റൊരാളുടെ ജീവിതം തകർക്കുന്ന വിഷയമാണെങ്കിൽ കൂടിയും അനു അതിലും കണ്ടന്റുണ്ടാക്കാൻ ശ്രമിച്ചതെന്നും സായ് കൃഷ്ണ പറയുന്നു.


Click it and Unblock the Notifications











