'ജനിച്ച നാട് ഒറ്റപ്പെടുത്തിയപ്പോൾ ചേർത്ത് പിടിച്ചത് ഇവിടുത്തുകരാണ്'; കർണാടകയോടുള്ള പ്രണയം പറഞ്ഞ് ജെസ്ല
2017 ഐഎഫ്എഫ്‌കെ വേദിയിൽ ഫ്രീ തിങ്കേഴ്‌സ് ഫോറം സംഘടിപ്പിച്ച ഒരു ഫ്ലാഷ് മോബിന് നേതൃത്വം നൽകിയതിലൂടെയാണ് ജെസ്ല മാടശ്ശേരി ആദ്യമായി സോഷ്യൽ മീഡിയാ ചർച്ചകളിലേക്ക് എത്തുന്നത്. എയ്ഡ്‌സ് ദിനാചരണവുമായി ബന്ധപ്പെട്ട് അതിന് മുമ്പ് മലപ്പുറത്ത് ഫ്ലാഷ് മോബ് നടത്തിയ മൂന്ന് പെൺകുട്ടികൾ വ്യാപകമായ സൈബർ ആക്രമണം നേരിട്ടിരുന്നു. അവരുടെ ഇസ്ലാം മത പശ്ചാത്തലമാണ് സൈബർ അക്രമികൾ അന്ന് പ്രശ്‌നമാക്കിയത്. ഇതിനെതിരെയായിരുന്നു ഐഎഫ്എഫ്‌കെ വേദിയിൽ ജെസ്ലയുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നത്.

ആ സമയത്ത് കെഎസ്‌യു മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് കൂടിയായിരുന്നു ജെസ്ല. പ്രതിഷേധമായി ജെസ്ല നടത്തിയ ഫ്ലാഷ് മോബും സമാനരീതിയിൽ സൈബർ ആക്രമണം നേരിട്ടിരുന്നു. പിന്നീട് സാമൂഹിക പ്രവർത്തകയായും ശേഷം ബിഗ് ബോസ് മത്സരാർഥിയായും ജനമനസുകൾ കീഴടക്കി. ബിഗ് ബോസ് മലയാളം സീസൺ 2വിലാണ് ജെസ്ല പങ്കെടുത്തത്. വൈൽഡ് കാർഡ് എൻട്രിയായി എത്തിയ താരം നിലപാടുകൾ പറയേണ്ടിടത്ത് പറഞ്ഞ് ശ്രദ്ധനേടി. ഇപ്പോൾ താൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഒരു സ്ഥലത്തെ കുറിച്ച് ജെസ്ല എഴുതിയ കുറിപ്പാണ് വൈറലാകുന്നത്.
നമ്മുടെ അയൽസംസ്ഥാനമായ കർണാടകയോടുള്ള ആത്മബന്ധത്തെ കുറിച്ചാണ് ജെസ്ല സോഷ്യൽമീഡിയയിൽ കുറിച്ചിരിക്കുന്നത്. 'ഇതുകൊണ്ടൊക്കെയാണ് എനിക്ക് കർണാടകയോട് ഇഷ്ടം. ഡിഗ്രി കഴിഞ്ഞ ശേഷം ഏറ്റവും കൂടുതൽ ജീവിച്ചത് ഇവിടെയാണ്. പെറ്റമ്മയും പോറ്റമ്മയും എനിക്ക് പ്രിയപ്പെട്ടതെന്ന പോലെ. ജനിച്ച നാട് മതം പറഞ്ഞ് ഒറ്റപ്പെടുത്തിയപ്പോൾ വിദ്യാഭ്യാസം തന്നും തൊഴിൽ തന്നും സ്നേഹം തന്നും സൗഹൃദങ്ങൾ തന്നും സന്തോഷം തന്നും എന്നെ ചേർത്തുപിടിച്ചത് കർണാടകയാണ്. നീ നീയായിരിക്ക്.... ആരേയും ബോധിപ്പിച്ചിട്ട് നിനക്കൊന്നും നേടാനില്ല. നാട്ടുകാരുടെ നല്ലകുട്ടി സർട്ടിഫിക്കറ്റ് പുഴുങ്ങി തിന്നേണ്ട കാര്യമില്ല.'

'ജീവിക്കണേൽ സ്വന്തം പണിയെടുത്തു തന്നെ ജീവിക്കണം എന്ന് പഠിപ്പിച്ച നാട്. പട്ടിണിയുടെ നോവും ആർഭാടത്തിന്റെ നോവും ഒക്കെ അനുഭവമായി തന്ന നാട്. ലോകത്തിന്റെ ഏതുകോണിൽ ചെന്നാലും ഇവിടെ ജീവിച്ചവർ ഇങ്ങോട്ട് തന്നെ വരുന്നത് കണ്ടിട്ടുണ്ട്. ഞാനും അങ്ങനെയാണ്... മനസിന് മുറിവേറ്റാൽ ആദ്യം ഓടിയെത്തുന്നത് ഇവിടെയാണ്. എന്റെ അനുഭവം ആണുകെട്ടോ. പലർക്കും പല ഇഷ്ടങ്ങളും അനുഭവങ്ങളുമാണല്ലോ. ഇന്നിവിടം മതം വിഷയമാവുന്നത് വല്ലാതെ നോവ് തരുന്നുണ്ട്.. കേരളത്തേക്കാൾ പ്രിയമെന്നോ കേരളത്തോളം പ്രിയമെന്നോ....' ജെസ്ല ഫേസ്ബുക്കിൽ കുറിച്ചു.


Click it and Unblock the Notifications