ബാത്ത്‌റൂമില്‍ പോലും പ്രൈവസി ഇല്ലായിരുന്നു; ബിഗ് ബോസിലെ അനുഭവങ്ങള്‍ പറഞ്ഞ് നടി മഞ്ജു സുനിച്ചന്‍
റിയാലിറ്റി ഷോ യിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ മഞ്ജു സുനിച്ചന്‍ ബിഗ് ബോസിലേക്ക് എത്തിയതോടെ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. മത്സരത്തില്‍ നിന്നും പുറത്ത് വന്നതിന് ശേഷം നേരിടേണ്ടി വന്ന അക്രമണങ്ങളെ കുറിച്ച് പറഞ്ഞ് പലപ്പോഴും രംഗത്ത് വരികയും ചെയ്യാറുണ്ട്. ഇപ്പോഴിതാ ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ ബിഗ് ബോസിനെ കുറിച്ചും കരിയറില്‍ വഴിത്തിരിവായ പരിപാടികളെ കുറിച്ചും മനസ് തുറക്കുകയാണ് നടി.

'വെറുതേ അല്ല ഭാര്യ ഓഡിഷന് പങ്കെടുത്ത മഞ്ജുവല്ല ഞാനിപ്പോള്‍. ഒരുപാട് മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഞാന്‍ ഭയങ്കരമായി ബോള്‍ഡ് ആയെന്ന് മഞ്ജു പറയുന്നു. ബിഗ് ബോസില്‍ കരയുന്നത് കണ്ടല്ലോ എന്ന അവതാരകയുടെ ചോദ്യത്തിന് 'ആ ഒരു സ്ഥലം നമ്മുടെ ജീവിതവുമായി യാതൊരു ബന്ധവുമില്ലാത്ത ഇടമാണെന്നാണ്' മഞ്ജു നല്‍കിയ മറുപടി.

നമ്മുടെ വികാരങ്ങള്‍ കളയാന്‍ ഒരു വഴിയും അവിടെയില്ല. ഒറ്റയ്ക്ക് എവിടെയെങ്കിലും പോയി ഇരിക്കാനോ ആരോടെങ്കിലും രഹസ്യം പറയാനോ ഒന്നിനും പറ്റില്ലായിരുന്നു. ബാത്ത്‌റൂമില്‍ പോലും പ്രൈവസി ഇല്ലായിരുന്നു. അവിടെയും മൈക്ക് വച്ചിരിക്കുകയാണ്. ക്യാമറ ഇല്ലാത്തിടത്തെല്ലാം മൈക്ക് ഉണ്ടാവും. അതില്ലാത്ത സ്ഥലമില്ല. രഹസ്യമായി ശ്വാസം വിടാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. ബിഗ് ബോസില്‍ ആയിരിക്കുമ്പോള്‍ ദൈവമേ ഞാന്‍ എന്തിനാണ് ഇങ്ങോട്ട് വന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

ചില സമയങ്ങളില്‍ വരണ്ടായിരുന്നു, വീട്ടില്‍ നിന്നാല്‍ മതിയായിരുന്നു എന്നിങ്ങനെ തോന്നി കൊണ്ടേ ഇരിക്കും. പക്ഷേ ഇറങ്ങി കഴിഞ്ഞപ്പോള്‍ കിട്ടുന്നൊരു അനുഭവം ഉണ്ടല്ലോ. അതുകൊണ്ട് ഇനി വിളിച്ചാലും ഞാന്‍ പോവും എന്നായി. ബിഗ് ബോസില്‍ പോയത് കൊണ്ട് ഗുണം ഉണ്ടായി എന്നല്ലാതെ എനിക്കൊരു ദോഷവും ഉണ്ടായിട്ടില്ല. കുറേ നാളുകളായി എന്നെ അലട്ടി കൊണ്ടിരുന്ന കടങ്ങളെല്ലാം തീര്‍ന്നു. ഒരു വീടിന്റെ പ്ലാന്‍ ഒക്കെയായി. ഞാനിപ്പോള്‍ കുറച്ച് ഫ്രീയായി.

തന്റെയും ഭര്‍ത്താവ് സുനിച്ചന്റെയും പേരില്‍ പ്രചരിച്ച വ്യാജ വാര്‍ത്തകളെ കുറിച്ചും മഞ്ജു പറഞ്ഞു. ചിലര്‍ക്ക് ഇതൊരു മനോരോഗമാണെന്ന് തോന്നുന്നു. ഇഷ്ടമുള്ള രീതിയില്‍ വാര്‍ത്തകള്‍ വളച്ചൊടിക്കുകയാണ്. ഇതുവരെ ചെയ്ത പരിപാടികളില്‍ തന്നെ ആളുകള്‍ ഓര്‍ത്തിരിക്കുന്നത് വെറുതേ അല്ല ഭാര്യ എന്ന പരിപാടിയിലൂടെയാണ്. ഇപ്പോഴും ആളുകള്‍ എന്നെ കാണുമ്പോള്‍ ആ പരിപാടിയെ കുറിച്ചാണ് ചോദിക്കുന്നത്.വീട്ടിലെ അടുക്കളയില്‍ കരി പിടിച്ച് കിടക്കേണ്ടിയിരുന്ന എന്നെ ഇതുവരെ എത്തിച്ചതിനുള്ള കാരണം വെറുതേ അല്ല ഭാര്യയാണ്. അല്ലായിരുന്നെങ്കില്‍ ഞാന്‍ ഇപ്പോഴും ഞാന്‍ ആ അടുക്കളയില്‍ കിടന്ന് കറങ്ങി നടക്കുന്നുണ്ടായിരിക്കും എന്നും മഞ്ജു പറയുന്നു.
ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ നടി അക്ഷര ഗൌഡ, ചിത്രങ്ങൾ കാണാം


Click it and Unblock the Notifications