എന്റെ ഗതികേടായിരുന്നു, കൊതിയോടെ ഉമ്മയെ ഞാൻ വിളിച്ച് ചോദിച്ചിട്ടുണ്ട്, അന്നും ഉമ്മയ്ക്ക് സ്നേഹമുണ്ട്; നാദിറ
പോരാടി നേടിയ ജീവിതം ഇന്ന് അതിന്റെ എല്ലാ ഭംഗിയോടെയും ആസ്വദിക്കുകയാണ് ട്രാൻസ്പേഴ്സണും മുൻ ബിഗ് ബോസ് താരവുമായ നാദിറ മെഹ്റിൻ. മോഡലും ജേണലിസ്റ്റുമെല്ലാമായ താരം തന്റെ സ്വത്വം തിരിച്ചറിഞ്ഞ നാളുകളിൽ സ്വന്തം വീട്ടിൽ നിന്നും പുറത്താക്കപ്പെട്ടിരുന്നു. പിന്നീട് ബിഗ് ബോസ് ഷോയിൽ പങ്കെടുത്തപ്പോഴാണ് നാദിറയെ കുടുംബം അംഗീകരിച്ച് സ്വീകരിച്ചത്. നജീബിൽ നിന്ന് നാദിറയാവാൻ നടത്തിയ പോരാട്ടത്തിന് ഇടയിൽ ഉമ്മയുടെ സ്നേഹം പോലും നാദിറയ്ക്ക് നിഷേധിക്കപ്പെട്ടിരുന്നു.
ഉമ്മയുണ്ടാക്കിയ ഭക്ഷണം കഴിക്കാൻ കൊതിച്ച നാളുകളുണ്ടെന്നും അതിനായി ഉമ്മയെ വിളിച്ചിട്ടുണ്ടെന്നും നാദിറ പറയുന്നു. കൈരളി ടിവിയിലെ സെലിബ്രിറ്റി കിച്ചൺ മാജിക്കിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നാദിറ. എല്ലാവർക്കും ഭക്ഷണത്തെ കുറിച്ച് പറയുമ്പോൾ ഒരുപാട് ഓർമകളുണ്ട്.

ഭക്ഷണം ഉണ്ടാക്കി ഒരുപാട് എക്സ്പീരിയൻസുള്ള ആളല്ല ഞാൻ. പക്ഷെ അമ്മയുടെ ഭക്ഷണത്തെ കുറിച്ച് പറയുമ്പോൾ സങ്കടത്തോടെ ചില കാര്യങ്ങൾ എനിക്ക് പറയാനുണ്ട്. ലൈഫിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാലയളവ്... എന്നുവെച്ചാൽ പതിനെട്ട് വയസിനുശേഷം ഞാൻ വീട്ടിൽ നിന്നും പുറത്താക്കപ്പെടുന്ന ഒരു അവസ്ഥയുണ്ടായിരുന്നു.
പതിനെട്ട് വയസ് മുതൽ ഇരുപത്തിമൂന്ന് വയസുവരെ തൊട്ടടുത്ത് ഉണ്ടായിട്ട് പോലും എന്റെ ഉമ്മയുടെ ഭക്ഷണം കഴിക്കാൻ പറ്റാതെ ജീവിക്കേണ്ടി വന്നു. അതൊരു ഗതികേട് തന്നെയാണ്. അനുഭവിച്ചവർക്ക് അതൊരു വലിയ ബുദ്ധിമുട്ടാണ്. വിദേശത്താണ് മാതാപിതാക്കൾ എങ്കിൽ അങ്ങനെ സമാധാനിക്കാം. പക്ഷെ ഇത് തൊട്ടടുത്തുണ്ട്. കോൺടാക്ട് പോലും ചെയ്യാൻ പറ്റാത്ത അവസ്ഥ. കൊതിയോടെ ഉമ്മയെ വിളിച്ച് ഞാൻ ചോദിച്ചിട്ടുണ്ട്.
അന്നും ഉമ്മയ്ക്ക് എന്നോട് ഭയങ്കര സ്നേഹമായിരുന്നു. പക്ഷെ ഉമ്മയ്ക്ക് അത് കാണിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. ഉമ്മ കുടുംബിനിയാണ്, ഡിപ്പന്റഡാണ് അതൊക്കെ കൊണ്ട് ലിമിറ്റേഷൻസ് ഉണ്ടായിരുന്നു. അതുകൊണ്ട് എനിക്ക് ഭക്ഷണം ഉണ്ടാക്കിതരാൻ കഴിയുമായിരുന്നില്ല.
അങ്ങനെ അഞ്ച് വർഷം കടന്നുപോയി. ഇപ്പോൾ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. കാരണം ഞാൻ എന്റെ സ്വന്തം വീട്ടിലാണ് ഇപ്പോൾ. ഉമ്മയുടേയും ബാപ്പയുടേയും കൂടെയാണ്. ഇപ്പോൾ വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കുമ്പോൾ ഞാൻ സ്വപ്നം കണ്ടതൊക്കെ നടക്കുന്നവെന്ന സന്തോഷം കൂടിയുണ്ട്. ഉമ്മയിൽ നിന്നും അകന്ന് കഴിഞ്ഞ അഞ്ച് വർഷം ഫാസ്റ്റ് ഫുഡിനെയായിരുന്നു ഏറെയും ആശ്രയിച്ചിരുന്നത്.

എന്നെ കുടുംബം അംഗീകരിച്ചതുപോലെ തന്നെ എന്നെപ്പോലുള്ള മറ്റുള്ളവരേയും ഞാൻ കാരണം അവരുടെ കുടുംബം അംഗീകരിച്ച് തുടങ്ങി. അത് കേൾക്കുമ്പോൾ വളരെ അധികം സന്തോഷം തോന്നാറുണ്ട്. ഇന്ന് പോലും ഒരാൾ വിളിച്ച് അങ്ങനൊരു സന്തോഷ വാർത്ത എന്നോട് പങ്കിട്ടു. ഇപ്പോൾ ഉമ്മ പറഞ്ഞ് തരുന്ന റെസിപ്പികൾ ഞാൻ പരീക്ഷിക്കാറുണ്ടെന്നും നാദിറ പറയുന്നു.
ബിഗ് ബോസിൽ നിന്നും പണപ്പെട്ടി ടാസ്ക്ക് വിജയിച്ചാണ് നാദിറ പുറത്തിറങ്ങിയത്. ഇപ്പോൾ സ്വന്തം അദ്വാനത്തിൽ നിന്നുള്ള സമ്പാദ്യം കൊണ്ട് ഒരു കൊച്ചു വീട് പണിയുകയാണ് നാദിറ. അടുത്തിടെ വീട് പണിയുടെ ഏറ്റവും പുതിയ വിശേഷങ്ങൾ നാദിറ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. ഇരുപത്തിയഞ്ചുകാരിയായ താരം ഇതിനോടകം നിരവധി സിനിമകളിലും മിനിസ്ക്രീൻ പരിപാടികളിലും ഭാഗമായി കഴിഞ്ഞു.
ബിഗ്ബോസിലൂടെ ട്രാൻസ് സമൂഹത്തെ കുറിച്ച് പ്രേക്ഷകർക്കിടയിൽ അവബോധം സൃഷ്ടിക്കാൻ സാധിച്ച മത്സരാർഥിയായിരുന്നു നാദിറ. ഷോയിൽ നാദിറ സ്വീകരിച്ച നിലപാടുകളും ശ്രദ്ധേയമായിരുന്നു. താരത്തിന് ആരാധകർ കൂടിയതും ബിഗ് ബോസ് ഷോയിൽ ഭാഗമായശേഷമായിരുന്നു. താരത്തിന് ഒരു സഹോദരി കൂടിയുണ്ട്. സിപിഐ വിദ്യാര്‍ത്ഥി സംഘടന എഐഎസ്എഫിന്‍റെ സംസ്ഥാന വൈസ് പ്രസിഡന്‍റായി അടുത്തിടെ വീണ്ടും താരം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.


Click it and Unblock the Notifications











