തുണിക്കടയില്‍ ജോലിയ്ക്ക് പോയിട്ടുണ്ട്, നിങ്ങള്‍ കേള്‍ക്കാത്ത ജീവിതകഥ കൂടിയുണ്ടെന്ന് ബിഗ് ബോസ് താരം നന്ദന
സാധാരണക്കാര്‍ക്കും ബിഗ് ബോസില്‍ പങ്കെടുക്കാമെന്ന അവസരം മുതലെടുത്ത് പ്രശസ്തിയിലേക്ക് എത്തിയ താരമാണ് നന്ദന. ബിഗ് ബോസ് മലയാളത്തിന്റെ ആറാം സീസണിലായിരുന്നു നന്ദന പങ്കെടുത്തത്. ഷോ തുടങ്ങി രണ്ടാഴ്ചയ്ക്ക് ശേഷം വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായിട്ടാണ് നന്ദന ഷോ യിലേക്ക് വരുന്നത്. കോമണര്‍ എന്നതിലുപരി ഷോ യില്‍ തന്റേതായൊരു സ്ഥാനം നേടിയെടുക്കാന്‍ നന്ദനയ്ക്ക് സാധിച്ചിരുന്നു.
മത്സരത്തില്‍ നിന്നും തന്റെ ജീവിതകഥ നന്ദന പങ്കുവെച്ചിരുന്നു. എന്നാല്‍ അതിനകത്ത് വെച്ച് പറയാന്‍ സാധിക്കാതെ പോയതും ഷോ യ്ക്ക് ശേഷം ജീവിതത്തിലുണ്ടായ കാര്യങ്ങളെ പറ്റിയുമൊക്കെ മനസ് തുറന്ന് സംസാരിക്കുകയാണ് താരമിപ്പോള്‍. യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച പുതിയ വീഡിയോയിലാണ് നന്ദന ആരും കേള്‍ക്കാത്ത തന്റെ ജീവിതകഥ വെളിപ്പെടുത്തിയിരിക്കുന്നത്.

ബിഗ് ബോസില്‍ എല്ലാ കഥയും തുറന്ന് പറയാന്‍ സാധിച്ചിരുന്നില്ല. അച്ഛനും അമ്മയും ചേച്ചിയും ഞാനുമടങ്ങുന്ന സന്തുഷ്ട കുടുംബമായിരുന്നു എന്റേത്. അച്ഛന്‍ ജോലി കഴിഞ്ഞ് വന്ന് ഞങ്ങളെ കറങ്ങാന്‍ കൊണ്ട് പോകുമായിരുന്നു. ചെറിയ രീതിയിലാണെങ്കിലും അടിച്ച് പൊളിച്ചാണ് ജീവിച്ചിരുന്നത്. എല്ലാവരും സന്തോഷത്തിലായിരിക്കുമ്പോഴാണ് എന്റെ അച്ഛന്‍ മരിക്കുന്നത്. ഞാന്‍ നാലാം ക്ലാസില്‍ പഠിക്കുകയാണ് അന്നേരം. ഇപ്പോള്‍ അച്ഛന്‍ മരിച്ചിട്ട് പതിനഞ്ച് വര്‍ഷമായി.
അച്ഛന്‍ പോയതിന് ശേഷം ഞങ്ങള്‍ അമ്മൂമ്മയുടെ വീട്ടിലേക്ക് പോന്നു. ആരെയും ബുദ്ധിമുട്ടിക്കരുതെന്ന് ഞങ്ങള്‍ക്കുണ്ടായിരുന്നു. അങ്ങനെയാണ് അവിടെ അടുത്ത് തന്നെ വാടകയ്ക്ക് താമസിക്കാന്‍ തുടങ്ങിയത്. ആയിരം രൂപയാണ് ആ വീടിന് വാടക. ടൈല്‍ പോലും ഒട്ടിക്കാത്ത തേക്കാത്ത സാധാരണ വീടായിരുന്നു അത്. ഇപ്പോഴാണ് കട്ടിലില്‍ പോലും കിടക്കുന്നത്. അന്നൊന്നും അതില്ലായിരുന്നു. പണ്ട് ഉണ്ടായിരുന്നത് പോലെയാണ് ഇപ്പോഴും, അതിനൊന്നും ഒരു മാറ്റവുമില്ല.
വെക്കേഷന്‍ സമയത്ത് ഞാന്‍ ജോലിയ്ക്ക് പോകുമായിരുന്നു. അമ്മ വീട്ടുപണിയ്ക്ക് പോയിട്ട് വയ്യാതെയായിരിക്കും വരിക. ഞാന്‍ ഭയങ്കര വാശിക്കാരിയായ കുട്ടിയായിരുന്നു. എന്തെങ്കിലും വേണമെന്ന് ആഗ്രഹിച്ചാല്‍ അത് വാങ്ങിയെടുക്കും. പൈസ ഇല്ലെങ്കിലും അമ്മ എങ്ങനെയെങ്കിലും എനിക്കത് വാങ്ങി കൊണ്ട് തരും. വലുതാവുമ്പോഴെ നീ പഠിക്കൂ എന്ന് അമ്മ പറയുമായിരുന്നു. അത് ഞാനിപ്പോള്‍ പഠിച്ചു. എങ്ങനെയാണ് ജീവിക്കേണ്ടതെന്ന് ഞാനും മനസിലാക്കി.
ഞാന്‍ തുണിക്കടയിലൊക്കെ ജോലിയ്ക്ക് പോയിട്ടുണ്ട്. എന്ത് ജോലിയ്ക്ക് പോകാനും എനിക്ക് മടിയുണ്ടായിട്ടില്ല. പത്ത് രൂപ തരുമോന്ന് ചോദിച്ച് ആരുടെയും അടുത്ത് കൈനീട്ടി ചെല്ലാന്‍ എനിക്ക് താല്‍പര്യമില്ലായിരുന്നു.
ഞാന്‍ പ്ലസ്ടുവിന് പഠിക്കുന്ന സമയത്താണ് ചേച്ചി കല്യാണം. അവള്‍ക്കന്ന് പത്തൊന്‍പത് വയസുണ്ടാവും. ഞാന്‍ 23 വയസിലും കെട്ടാതെ നില്‍ക്കുകയാണെന്ന് തമാശരൂപേണ നന്ദന പറയുന്നു. ചേച്ചി കല്യാണം കഴിഞ്ഞ് പോയതോട് കൂടി ഇപ്പോള്‍ ഞാനും അമ്മയും മാത്രമായി. ബിഗ് ബോസില്‍ പോയ സമയത്ത് എന്നെ കാണാതെ അമ്മ എന്നും കരച്ചിലായിരുന്നു. വീട്ടിലുള്ള സമയത്ത് അമ്മയും മകളും തമ്മിലുള്ള അടിപിടി ഉണ്ടാവുമെങ്കിലും ഞങ്ങള്‍ നല്ല സ്‌നേഹത്തിലാണ്. ചേച്ചിയുടെ കല്യാണത്തിന്റെ സമയത്താണ് ആയിരം രൂപയുടെ വീട്ടില്‍ നിന്നും ആറായിരം രൂപയുടെ വീട്ടിലേക്ക് മാറുന്നത്.
ഡിഗ്രിയ്ക്ക് ഉച്ചവരെയെ ക്ലാസ് ഉണ്ടാവുകയുള്ളു. അത് കഴിയുമ്പോള്‍ ഞാന്‍ പാര്‍ട്ട്‌ടൈം ആയി ജോലി ചെയ്യാന്‍ തുടങ്ങി. ഡാന്‍സിന്റെ ഐറ്റംസ് വില്‍ക്കുന്ന ഷോപ്പായിരുന്നു. ആദ്യം പാര്‍ട്ട്‌ടൈം ആയിരുന്നെങ്കില്‍ പിന്നീട് ഫുള്‍ ടൈം ജോലിയായി. കിട്ടുന്ന പൈസ കൂട്ടി വെച്ച് വണ്ടി വാങ്ങിച്ചു, സ്വര്‍ണാഭരണങ്ങള്‍ വാങ്ങി... കല്യാണം കഴിഞ്ഞ് പോകുമ്പോള്‍ ഒരു പെണ്‍കുട്ടി എന്തൊക്കെ ഇടുമോ അതൊക്കെ ഞാനായി അധ്വാനിച്ച് വാങ്ങിയിട്ടുണ്ട്. സ്വര്‍ണം കൊടുത്തൊന്നും ഞാന്‍ കല്യാണം കഴിക്കില്ല.

ഇടയ്ക്ക് അക്കൗണ്ടിങ്ങും പിഎസ്സിയും പഠിക്കാനൊക്കെ പോയിരുന്നു. പക്ഷേ അതൊന്നും സെറ്റായില്ല. ഇതിനിടയിലാണ് ബിഗ് ബോസിലേക്ക് ആളെ എടുക്കുന്നുണ്ടെന്ന പരസ്യം കണ്ടത്. കിട്ടില്ലെന്ന് ഉറപ്പായിരുന്നെങ്കിലും വെറുതേ വീഡിയോ അയച്ച് കൊടുക്കാമെന്ന് വിചാരിച്ചു. പക്ഷേ അവരെന്നെ വിളിച്ചു. കൂട്ടുകാര്‍ പറ്റിക്കുകയാണെന്ന് കരുതിയെങ്കിലും അത് സത്യമായി. ഓഡിഷനൊക്കെ പങ്കെടുത്തു. ഡ്രസ്സൊക്കെ പാക്ക് ചെയ്‌തോളാന്‍ പറഞ്ഞതോടെ എല്ലാം സെറ്റാക്കി. പക്ഷേ ബിഗ് ബോസ് തുടങ്ങിയിട്ടും എന്നെ വിളിച്ചില്ല. ആകെ വിഷമമായി. സപ്ലി എഴുതുന്നില്ലെന്ന് കരുതി മടക്കിവെച്ച പുസ്തകമൊക്കെ വീണ്ടും എടുത്ത്. കരയാന്‍ തുടങ്ങി. ബിഗ് ബോസ് കാണില്ലെന്ന് പറഞ്ഞ് അമ്മയ്ക്കും വിഷമമായി.
ബിഗ് ബോസ് തുടങ്ങി രണ്ടാഴ്ചയ്ക്ക് ശേഷം അവര്‍ വീണ്ടും വിളിച്ചു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി വരണമെന്ന് പറഞ്ഞ്. അപ്പോഴുണ്ടായ ഫീല്‍ പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. ഞാനിപ്പോഴും ഏഷ്യാനെറ്റിനോട് നന്ദി പറയും. നൂറ് ദിവസമൊക്കെ നില്‍ക്കുമെന്ന് കരുതി അതിനുള്ള വസ്ത്രങ്ങളൊക്കെ വാങ്ങി. പക്ഷേ കൈയ്യിരിപ്പ് കൊണ്ട് വേഗം തിരിച്ച് പോരേണ്ടി വന്നു.
ആദ്യമായി ഫ്‌ളൈറ്റില്‍ കയറിയത് പോലും ഇതിന് വേണ്ടിയാണ്. നോക്കുമ്പോള്‍ വിനീത് ശ്രീനിവാസന്‍. പുള്ളിയ്‌ക്കൊപ്പം ഫോട്ടോ എടുത്ത് സ്റ്റാറ്റസ് ഇട്ടതോടെ എനിക്ക് സിനിമയില്‍ അവസരം കിട്ടിയെന്ന് എല്ലാവരും കരുതി. ബിഗ് ബോസില്‍ പോവുന്നത് പറയാന്‍ പാടില്ലാത്തത് കൊണ്ട് ആരോടും പറഞ്ഞില്ല. അങ്ങനെ ചെന്നൈയിലെത്തി. അവിടുന്ന് വണ്ടിയില്‍ ഏതോ ഹോട്ടലിലേക്ക് കൊണ്ട് പോയി. രണ്ടാമത്തെ ദിവസം ഫോണ്‍ വാങ്ങി വെച്ചു. തൊട്ടടുത്തായി സിബിന്‍ ചേട്ടനും പൂജയും ഉണ്ടായിരുന്നു.
ടെന്‍ഷനൊന്നുമില്ലെന്ന് പറഞ്ഞ് അങ്ങോട്ട് ചെല്ലുന്നത് ലാലേട്ടന്റെ മുന്നിലേക്ക്. സിംഹം പോലെയാണ് ലാലേട്ടനെ കണ്ടപ്പോള്‍ തോന്നിയത്. എന്‍ട്രി സമയത്ത് പറഞ്ഞത് എന്താണെന്ന് പോലും എനിക്ക് ഓര്‍മ്മയില്ല. സ്റ്റേജില്‍ കയറിയതിന്റെ ഞെട്ടലില്‍ ഇതിലും പൊട്ടത്തരം വിളിച്ച് പറയേണ്ടത് ആയിരുന്നു. ലാലേട്ടന്‍ നിര്‍ത്താന്‍ പറഞ്ഞത് കൊണ്ടാണ്. ബിഗ് ബോസിന് അകത്ത് കയറിയതൊക്കെ വല്ലാത്ത അനുഭവമാണ്. അതിപ്പോഴും എന്റെ മൈന്‍ഡില്‍ നില്‍ക്കുകയാണ്.
കൊറോണ സമയത്ത് മാസ്‌ക് ഇടുമെങ്കിലും ഇപ്പോള്‍ മാസ്‌ക് ഇട്ട് നടക്കുന്നതിന് കാരണമുണ്ട്. ആളുകള്‍ എന്നെ തിരിച്ചറിഞ്ഞ് തുടങ്ങി. അവരെന്നെ നോക്കി ചിരിച്ചിട്ട് ഞാനത് കണ്ടില്ലെങ്കില്‍ അവര്‍ക്ക് വിഷമമാവുമല്ലോ. അങ്ങനെ ഫീലാവുന്നത് കൊണ്ടാണ് മാസ്‌ക് ഇട്ട് നടക്കുന്നത്. പക്ഷേ എന്നിട്ടും ആളുകള്‍ എന്റെ കണ്ണ് നോക്കി കണ്ടുപിടിക്കും.
ഇപ്പോള്‍ സന്തോഷത്തോട് കൂടി ജീവിക്കുകയാണ്. ഇനിയും ഉയരങ്ങളില്‍ എത്തട്ടെ എന്ന് ഞാന്‍ എനിക്ക് വേണ്ടി പ്രാര്‍ഥിക്കുകയാണ്. പിന്നെ അമ്മ ഇപ്പോഴും ജോലിയ്ക്ക് പോകുന്നുണ്ട്. എനിക്ക് ബിഗ് ബോസില്‍ നിന്ന് കിട്ടിയതും മറ്റ് ഷൂട്ടിന് പോകുമ്പോള്‍ കിട്ടുന്നതുമൊക്കെ വെച്ച് വീട്ടിലേക്ക് വലിയ വലിയ സാധനങ്ങള്‍ വാങ്ങിയിട്ടുണ്ട്.
വൈകാതെ അതൊക്കെ നിങ്ങളെ കാണിച്ച് തരുന്നതായിരിക്കും. വലിയ അച്ചീവ്‌മെന്റ് ആയിട്ടാണ് ഞാനത് കാണുന്നത്. അങ്ങനെയാണ് എന്റെ കൈയ്യിലെ പൈസ തീരുന്നത്. വീടിന്റെ വാടക കൊടുക്കുന്നത് ഞാനാണ്. വലിയ കുഴപ്പമില്ലാതെ പോവുന്നുണ്ട്. എങ്കിലും അമ്മയെ ജോലിയ്ക്ക് വിടാതെ ഇരുത്തണം. ഒരു ദിവസം അതും നടക്കും. പെട്ടെന്ന് നടക്കട്ടെ എന്ന് പ്രാര്‍ഥിക്കുകയാണെന്നും പറഞ്ഞാണ് നന്ദന വീഡിയോ അവസാനിപ്പിക്കുന്നത്.


Click it and Unblock the Notifications