'നാണക്കേട്, അവളില്ലാത്ത ഒരു കണ്ടന്റ് പോലും നിങ്ങൾക്ക് സൃഷ്ടിക്കാൻ ആവുന്നില്ലല്ലോ'; റോബിനെ പരിഹസിച്ച് കമന്റ്!
ബിഗ് ബോസ് കൊണ്ട് കരിയർ മാറിയ സോഷ്യൽമീഡിയ താരമാണ് റോബിൻ രാധാകൃഷ്ണൻ. ഇതുവരെ ബിഗ് ബോസ് മലയാളത്തിൽ വന്ന മത്സരാർത്ഥികളിൽ റോബിനോളം റീച്ച് ഉണ്ടാക്കിയ മറ്റൊരു മത്സരാർത്ഥി ഇല്ല. സീസൺ ഫൈവിലും റോബിൻ തരംഗമായിരുന്നു. ചലഞ്ചറായാണ് റോബിൻ ഹൗസിലേക്ക് എത്തിയത്.
പക്ഷെ ഹൗസിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചതിന്റെ പേരിൽ സമയപരിധി തീരും മുമ്പ് റോബിനെ ബിഗ് ബോസ് പുറത്താക്കി. ഷോയിൽ നിന്നും വന്ന ശേഷം ഷോ സ്ക്രിപ്റ്റഡാണെന്ന് റോബിൻ പറഞ്ഞത് വലിയ വിവാദമായിരുന്നു. ബിഗ് ബോസ് മത്സരാർത്ഥിയായ ശേഷം റോബിന് കിട്ടിയ ഏറ്റവും വലിയ നിധിയാണ് നടി ആരതി പൊടിയുമായുള്ള പ്രണയമെന്നാണ് താരത്തിന്റെ ആരാധകർ പറയാറുള്ളത്.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു റോബിന്റെയും ആരതി പൊടിയുടെയും വിവാഹനിശ്ചയം. ഈ വർഷത്തെ തന്നെ വിവാഹം നടത്താനുള്ള ഒരുക്കത്തിലാണ് ഇരുവരും. റോബിന്റെ സോഷ്യൽമീഡിയ പേജിൽ ഏറ്റവും കൂടുതൽ പങ്കുവെച്ചിരിക്കുന്നത് ഭാവി വധു ആരതി പൊടിക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളുമാണ്. ആരതിക്കൊപ്പം എല്ലാ പരിപാടികൾക്കും റോബിനും എത്താറുണ്ട്.

താനൊരു സിനിമ ചെയ്യുമെന്ന് പ്രഖ്യാപിച്ച് പോസ്റ്റർ പുറത്തുവിട്ടിരുന്നെങ്കിലും അതേ കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും റോബിൻ പങ്കുവെച്ചിട്ടില്ല. സീസൺ ഫൈവിൽ ചലഞ്ചറായി പോയി പ്രശ്നങ്ങൾ സൃഷ്ടിച്ച ശേഷം റോബിനെ വിമർശിക്കുന്നവരുടെ എണ്ണമാണ് കൂടുതൽ. ഇപ്പോഴിതാ തന്നെ വളരെ മോശമായി ചിത്രീകരിച്ച് വന്നൊരു കമന്റിന്റെ സ്ക്രീൻ ഷോട്ട് റോബിൻ പങ്കുവെച്ചിരിക്കുകയാണ്.
വ്യാജ പ്രൊഫൈലുകൾ തിരിച്ചറിയുകയെന്നാണ് കമന്റിട്ടയാളുടെ പേര് അടക്കം വെളിപ്പെടുത്തി റോബിൻ കുറിച്ചത്. ആരതി പൊടിയുടെ പബ്ലിക്ക് പ്രൊഫൈലുമായി റോബിന്റെ കരിയർ താരതമ്യപ്പെടുത്തിയായിരുന്നു കമന്റ്.
'നാണക്കേട്... അവളില്ലാതെ ഒരു കണ്ടന്റ് പോലും നിങ്ങൾക്ക് സൃഷ്ടിക്കാൻ ആവുന്നില്ലല്ലോ. അവളെ നോക്കൂ നിങ്ങളെ പരിചയപ്പെട്ട ശേഷം അവളുടെ കരിയർ എത്രത്തോളം മെച്ചപ്പെട്ടുവെന്ന് നോക്കൂ... പക്ഷെ നിങ്ങളുടെ കരിയറോ...?. വളരെ അധികം നിരാശ ജനിപ്പിക്കുന്നു. നിങ്ങൾ ഇനിയെങ്കിലും കരിയറിൽ ശ്രദ്ധിച്ച് നല്ലത് എന്തെങ്കിലും ഞങ്ങളുമായി പങ്കുവെക്കും എന്ന് കരുതുന്നുവെന്നായിരുന്നു', കമന്റ്.
രോഷം കൊണ്ട റോബിൻ തക്കതായ മറുപടിയും നൽകിയിട്ടുണ്ട്. തന്റെ പ്രൊഫൈലിൽ എന്ത് പോസ്റ്റ് ചെയ്യണമെന്നത് തന്റെ സ്വാതന്ത്ര്യമാണെന്നും റോബിന് കുറിച്ചു. 'പൊടിയുടെ കരിയർ ഗ്രാഫ് ഉയരുന്നതിൽ ഞാൻ അതീവ സന്തോഷവാനാണ്. ആരതി അവളുടെ സ്വപ്നങ്ങളെല്ലാം നേടിയെടുക്കണമെന്നാണ് എന്റെ ഏറ്റവും വലിയ ആഗ്രഹമെന്നും', റോബിൻ മറുപടിയായി കുറിച്ചു.

തന്റെ കരിയറിനെ കുറിച്ച് വേവലാതിപ്പെടുന്നവർ എന്തുകൊണ്ടാണ് വ്യജ പ്രൊഫൈലുകളിൽ വന്ന് കമന്റ് ഇടുന്നതെന്നും റോബിൻ ചോദിച്ചു. താരത്തിന്റെ സോഷ്യൽമീഡിയ പോസ്റ്റ് വൈറലായതോടെ നിരവധി പേർ റോബിനെ അനുകൂലിച്ച് എത്തി. അതേസമയം ആരതി തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിൽ നിരവധി സിനിമകൾ ചെയ്യുന്നുണ്ട്.
ആരതി തന്നെയാണ് സ്വന്തം സിനിമകളിൽ കോസ്റ്റ്യൂം ഡിസൈൻ ചെയ്യുന്നതും. ഒരു സംരംഭ എന്ന നിലയിൽ വളരണമെന്നതാണ് ആരതിയുടെ സ്വപ്നം. മലയാള സിനിമയിലെ സെലിബ്രിറ്റികളുമായി റോബിന് അടുപ്പം വന്നതും ആരതി പൊടി വഴിയാണെന്ന് റോബിൻ തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications