മണിക്കുട്ടനുമായി പ്രശ്‌നം ഉണ്ടായി; ഫിനാലെയ്ക്ക് പോയപ്പോഴാണ് പിന്നെ കണ്ടത്, അഭിനയത്തെ കുറിച്ച് സന്ധ്യ മനോജ്
ബിഗ് ബോസില്‍ പങ്കെടുത്തോട് കൂടി ജീവിതം മാറിയ നിരവധി താരങ്ങളുണ്ട്. ചിലര്‍ക്ക് സാമ്പത്തിക ലാഭം മാത്രം ഉണ്ടായപ്പോള്‍ മറ്റ് ചിലര്‍ക്ക് വലിയ അവസരങ്ങളാണ് തേടി വന്നത്. അത്തരത്തില്‍ നര്‍ത്തകിയും യോഗ ട്രെയിനറുമായിരുന്ന സന്ധ്യ മനോജിന് സിനിമയിലേക്കുള്ള വലിയ സാധ്യതകളാണ് തെളിഞ്ഞ് വന്നത്. ബിഗ് ബോസില്‍ നിന്നും ലഭിച്ച ജനപ്രീതിയാണ് സന്ധ്യയെ ഒരു അഭിനേതാവാക്കിയത്.
അനൂപ് മേനോന്റെ വരാല്‍ എന്ന ചിത്രത്തിലാണ് സന്ധ്യ അഭിനയിക്കുന്നത്. ഇതിന്റെ റിലീസിനോട് അനുബന്ധിച്ച് തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് നടി. ഇതിനിടയില്‍ മണിക്കുട്ടനുമായി ഉണ്ടായിരുന്ന പ്രശ്‌നത്തെ കുറിച്ചും അത് പരിഹരിച്ചതിനെ പറ്റിയും നാനയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ സന്ധ്യ പറയുന്നു.

ബിഗ് ബോസ് മത്സരാര്‍ഥിയായതിന് ശേഷം ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചു. ഒരു സ്റ്റെപ്പില്‍ നിന്നും അടുത്തതിലേക്കുള്ള യാത്രയിലാണ്. ബിഗ് ബോസിലൂടെ ഇത് വളരെ എളുപ്പമായി. ഡാന്‍സറും യോഗ ട്രെയിനറുമായ എനിക്ക് സിനിമയിലേക്കുള്ള വരവ് വലിയൊരു അനുഭവം തന്നെയാണെന്നാണ് സന്ധ്യ പറയുന്നത്. ഒരിക്കല്‍ എയര്‍പോര്‍ട്ടില്‍ വച്ച് അനൂപ് മേനോനെ പരിചയപ്പെട്ടിരുന്നു.

ബിഗ് ബോസില്‍ പങ്കെടുത്ത് പുറത്ത് വന്നതിന് ശേഷം വരാല്‍ എന്ന ചിത്രത്തിന്റെ കാസ്റ്റിംഗ് നടക്കുന്ന സമയത്താണ് അദ്ദേഹം പിന്നെ എന്നെ വിളിക്കുന്നത്. ആ ചിത്രത്തില്‍ അഭിനയിക്കാമോന്നാണ് ചോദിച്ചത്. ഞാന്‍ വളരെ സന്തോഷത്തോട് കൂടി ചെയ്യാമെന്നും പറഞ്ഞു.
ആദ്യമായി അഭിനയിക്കാന്‍ വന്നത് കൊണ്ട് ആ ടീമിലുള്ള എല്ലാവരില്‍ നിന്നും നല്ല സപ്പോര്‍ട്ടായിരുന്നുവെന്നാണ് സന്ധ്യ പറയുന്നത്.
വരാലില്‍ പോലീസ് ഓഫീസറുടെ വേഷത്തിലാണ് സന്ധ്യ അഭിനയിക്കുന്നത്. മുന്‍പും ഞാന്‍ സിനിമയില്‍ അഭിനയിക്കുകയാണെങ്കില്‍ അത് വല്ലോ പോലീസുകാരി ആയിരിക്കുമെന്ന് കൂട്ടുകാരും പറഞ്ഞതായി സന്ധ്യ സൂചിപ്പിക്കുന്നു.

എന്റെ ശരീരപ്രകൃതം കണ്ടിട്ടാവും പോലീസ് കഥാപാത്രമാണ് കിട്ടുക എന്ന് എല്ലാവരും പറഞ്ഞത്. ആദ്യമെനിക്കും ഇങ്ങനൊരു കഥാപാത്രമാണെന്ന് അറിയില്ലായിരുന്നു. അറിഞ്ഞപ്പോള്‍ സന്തോഷമാണ് തോന്നിയത്. എന്നെ കൊണ്ട് പറ്റുന്ന രീതിയില്‍ ആ കഥാപാത്രം ഭംഗിയാക്കിയിട്ടുണ്ടെന്നും സന്ധ്യ പറയുന്നു.
മാത്രമല്ല വരാലടക്കം ആറോളം സിനിമകളില്‍ താന്‍ അഭിനയിച്ചിട്ടുണ്ടെന്നും സന്ധ്യ വ്യക്തമാക്കുന്നു. ബിഗ് ബോസിന് ശേഷമാണ് ഈ സിനിമകളൊക്കെ കിട്ടിയത്. അതില്‍ ആദ്യം റിലീസിനെത്തുന്ന ചിത്രം വരാല്‍ ആണെന്നേയുള്ളു.

ബിഗ് ബോസിലെ സുഹൃത്തുക്കളെ കുറിച്ചും മണിക്കുട്ടനുമായി ഉണ്ടായിരുന്ന പ്രശ്‌നത്തെ കുറിച്ചും അഭിമുഖത്തില്‍ സന്ധ്യ സംസാരിച്ചിരുന്നു.
'എല്ലാവരുമായിട്ടും സൗഹൃദം കാത്തുസൂക്ഷിക്കുന്ന ആളാണ് ഞാന്‍. ബിഗ് ബോസിലെ സൗഹൃദം എല്ലായിപ്പോഴും ചര്‍ച്ചയാക്കപ്പെട്ടിരുന്നു. ബിഗ് ബോസിലെ തുടക്കത്തില്‍ ഞാനും മണിക്കുട്ടനും തമ്മില്‍ വളരെ നല്ല ബോണ്ടിംഗ് ആയിരുന്നു. ഞാന്‍ പുറത്താകുന്നതിന് മുന്‍പ് ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.
ഫിനാലെയില്‍ വന്നപ്പോള്‍ മണിക്കുട്ടനുമായി സംസാരിച്ച് സൗഹൃദം പുതുക്കി. ബിഗ് ബോസിന് ശേഷം അനൂപിന്റെ കല്യാണത്തിന് എല്ലാവരും കൂടി ഒത്തുകൂടിയിരുന്നു. അന്ന് അടിച്ച് പൊളിച്ചാണ് മടങ്ങിയതെന്ന്', സന്ധ്യ പറയുന്നു.


Click it and Unblock the Notifications