23 വയസിൽ വിവാഹം, കാശ് വൈകിയാൽ മുൻഭാര്യ വിളിക്കും, ഞാൻ അവരെ കുത്തി പരിക്കേൽപ്പിച്ചതായി പ്രചരിപ്പിച്ചു; സിബിൻ
ബിഗ് ബോസ് മലയാളം സീസൺ ആറിൽ മത്സരാർത്ഥിയായി എത്തിയശേഷമാണ് അവതാരകനും ഡാൻസറുമെല്ലാമായ ഡിജെ സിബിനെ പ്രേക്ഷകർ കൂടുതൽ അടുത്ത് അറിയുന്നത്. ഇപ്പോൾ താരം ആര്യ ബഡായിയുമായുള്ള വിവാഹത്തിനുള്ള ഒരുക്കത്തിലാണ്. വൈകാതെ തന്നെ വിവാഹം ഉണ്ടാകും. വിവാഹമോചിതനും ഒരു ആൺകുഞ്ഞിന്റെ പിതാവുമായ സിബിന് എതിരെ ഗുരുതര ആരോപണങ്ങളാണ് അടുത്തിടെ മുൻഭാര്യ ഉന്നയിച്ചത്. സ്വന്തം മകനെ തിരിഞ്ഞ് നോക്കാത്ത പിതാവെന്ന ടാഗാണ് മുൻ ഭാര്യ ചിഞ്ചുവിന്റെ അഭിമുഖങ്ങൾ പുറത്ത് വന്നശേഷം സിബിനുള്ളത്.
ഇപ്പോഴിതാ അത്തരം ഒരു ആരോപണം തനിക്ക് എതിരെ മനപൂർവം മുൻ പങ്കാളി സൃഷ്ടിച്ചെടുത്തതാണെന്ന് ഒറിജിനൽസ് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സിബിൻ പറഞ്ഞു. മകനെ കാണാൻ കഴിയാത്ത സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ടെന്നും സിബിൻ പറയുന്നു. എനിക്ക് ഏറ്റവും പ്രധാനപ്പെട്ടത് മകൻ റയാൻ തന്നെയാണ്. അവന് വേണ്ടി എന്തും ചെയ്യും. ഞാൻ കേൾക്കുന്നൊരു ആക്ഷേപം സ്വന്തം മകനെ തിരിഞ്ഞ് നോക്കാത്തവൻ എന്നതാണ്.

മോന് രണ്ട് വയസ് കഴിഞ്ഞ ദിവസമാണ് എന്റെ അടുത്ത് നിന്ന് അവർ കൊണ്ടുപോകുന്നത്. ബാംഗ്ലൂരിലായിരുന്നു മകൻ. പറ്റുമ്പോഴെല്ലാം കാണാൻ ഞാൻ പോവുമായിരുന്നു. അന്ന് സാമ്പത്തികശേഷി പോലും എനിക്ക് വലുതായില്ലാത്ത സമയമാണ്. പിന്നീട് മുൻ ഭാര്യയുമായുള്ള റിലേഷൻഷിപ്പിൽ പ്രശ്നങ്ങളായി. അതോടെ മോനെ എന്നെ കാണിക്കാതിരിക്കുന്ന സാഹചര്യം വന്ന് തുടങ്ങി.
ഇതേ കുറിച്ച് സംസാരിക്കുമ്പോൾ ആധികാരികത വരണമെങ്കിൽ പേഴ്സണൽ ചാറ്റുകളും കേസുമായി ബന്ധപ്പെട്ട കാര്യങ്ങളും കാണിക്കേണ്ടി വരും. ഞാൻ കൂട്ടുകാരുമായി സംസാരിച്ച കോൾ റെക്കോർഡുകൾ, ഞാനും മുൻ ഭാര്യയും സംസാരിച്ച കോൾ റെക്കോർഡുകൾ എല്ലാം അവൾ ശേഖരിച്ച് വെച്ചിരുന്നു. പിന്നീട് അത് എഡിറ്റ് ചെയ്ത് യുട്യൂബിലൂടെ പുറത്തും വിട്ടു. കൊവിഡ് ശക്തമാകുന്നതിന് മുമ്പുള്ള മാർച്ച് മാസം വരെ എല്ലാ മാസവും മകന് വേണ്ടി ഞാൻ 25000 രൂപ അയച്ച് കൊടുക്കുമായിരുന്നു.
അവരുടെ ഫ്ലാറ്റിന്റ കാർ പാർക്കിങ് ഏരിയയിൽ വെച്ചാണ് ഞാൻ മോനെ കണ്ടിരുന്നത്. ആ വീട്ടിൽ പോയി അവിടെ ഇരുന്ന് മോനൊപ്പം ടൈം സ്പെന്റ് ചെയ്യാൻ സാഹചര്യം ഇല്ലായിരുന്നു. മോന്റെ കസ്റ്റോഡിയൻഷിപ്പിന് വേണ്ടി കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു ഞാൻ. അതുപോലെ മുൻ ഭാര്യ പറയുന്നു അവർക്ക് ഞാൻ ഡിവോഴ്സ് കൊടുക്കുന്നില്ലെന്ന്. പക്ഷെ 2021 ഡിവോഴ്സ് പെറ്റീഷൻ ആദ്യം ഫയൽ ചെയ്തത് ഞാനാണ്. മോനെ കാണിക്കണമെന്ന് ആവശ്യപ്പെട്ട് പുള്ളിക്കാരിക്ക് ഞാൻ ദിവസവും നിരവധി മെസേജുകൾ അയക്കും. വിളിക്കും.
പക്ഷെ പുള്ളിക്കാരി ഫോൺ എടുക്കില്ല. പക്ഷെ കാശ് വരാൻ വൈകിയാൽ പുള്ളിക്കാരി വിളിക്കും, യുട്യൂബിൽ കമന്റിടും. ഞാൻ കുറച്ച് മാസം മുമ്പ് മോനെ പോയി കണ്ടിരുന്നു. അടുത്ത നിമിഷം അവിടെ നടന്നതും ഞാനും മോനും സംസാരിച്ചത് അടക്കമുള്ള കാര്യങ്ങൾ വേറൊരാൾ യുട്യൂബ് ചാനലിൽ വന്ന് ഇരുന്ന് പറയുന്നത് ഞാൻ കണ്ടു. അയാൾ എങ്ങനെ അവിടെ നടന്ന കാര്യങ്ങൾ അറിഞ്ഞു?.

എന്റെ ഇമേജ് നശിപ്പിക്കണം എന്നതാണോ പുള്ളിക്കാരിയുടെ ഉദ്ദേശം എന്നൊന്നും എനിക്ക് മനസിലാവുന്നില്ല. കാശ് കൃത്യമായി ചെന്നില്ലെങ്കിൽ വിളിക്കും. അല്ലാതെ മോനെ വീഡിയോ കോൾ ചെയ്യണമെന്ന് പറഞ്ഞാലൊന്നും പ്രതികരിക്കില്ല. കേസിന് പുള്ളിക്കാരി ഹാജരാകാറില്ല. പിന്നെ ലോകത്തില്ലാത്ത സെറ്റിൽമെന്റ് ചോദിച്ചാൽ ഡിവോഴ്സ് കൊടുക്കാൻ പറ്റുമോ?. ദൈവാനുഗ്രഹം കൊണ്ട് ഇപ്പോൾ ഡിവോഴ്സായി.
ആ സെറ്റിൽമെന്റ് കഴിഞ്ഞശേഷമാണ് അടുത്തിടെ മോനെ ഞാൻ നോക്കുന്നില്ലെന്ന് പറഞ്ഞ് പുള്ളിക്കാരി എനിക്ക് എതിരെ ആരോപണം ഉന്നയിച്ചത്. മോന്റെ സ്കൂൾ, ചികിത്സ എന്നതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും എന്നോട് അവർ പറയാൻ തയ്യാറില്ല. പുള്ളിക്കാരിയുടെ എക്സ്പറ്റേഷന് പറ്റിയ ഭർത്താവ് അല്ല ഞാൻ. അല്ലാതെ അവർക്ക് കുറ്റങ്ങളോ കുറവോ ഇല്ല. പലപ്പോഴും മോനെ കാണാൻ പറ്റാതെ തിരിച്ച് വന്നിട്ടുണ്ട്. ഞാൻ ആഗ്രഹിച്ചത് പോലെയല്ല ലൈഫ്. ഇതൊന്നും ഞാൻ ആഗ്രഹിച്ചിരുന്നില്ല. ദൈവം ആഗ്രഹിച്ചതുപോലെയാണ് എന്റെ ലൈഫ്.
വിവാഹം കഴിച്ച് നല്ലൊരു കുടുംബമായി ജീവിക്കുക എന്നതായിരുന്നു സ്കൂൾ കാലം മുതൽ എന്റെ സ്വപ്നം. ഇരുപത്തിമൂന്ന് വയസിലായിരുന്നു വിവാഹം. മുൻഭാര്യ എനിക്കൊപ്പം ആയിരുന്ന സമയത്ത് വീട്ടിലെ മേശയിലെ ഗ്ലാസ് പൊട്ടി എന്റെ കൈ മുറിഞ്ഞു. അന്ന് നിലത്ത് വീണ ചോരയുടെ ഫോട്ടോ പുള്ളിക്കാരി എടുത്തിരുന്നു. പിന്നീട് ഞാൻ ബിഗ് ബോസിൽ പോയി വന്നശേഷം ആ ഫോട്ടോ പുള്ളിക്കാരി ഞാൻ അവരെ കുത്തി എന്ന രീതിയിലാക്കി പ്രചരിപ്പിച്ചു എന്നും സിബിൻ പറയുന്നു.


Click it and Unblock the Notifications











