എന്റെ ജീവിതത്തില്‍ കുറേ പേര്‍ വന്ന് പൂണ്ട് വിളയാടിട്ട് പോയി; അവര്‍ തകര്‍ത്തത് എന്റെ സ്വപ്‌നങ്ങളെന്ന് സൂര്യ
നടിയും അവതാരകയും മോഡലുമൊക്കെയായ സൂര്യ ജെ മേനോന്‍ മലയാളികള്‍ക്ക് പ്രിയങ്കരിയാണ്. ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാം സീസണില്‍ പങ്കെടുക്കാന്‍ എത്തിയതോടെയാണ് സൂര്യ ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സിനിമകളില്‍ ചെറിയ വേഷത്തില്‍ അഭിനയിച്ചിട്ടുള്ള സൂര്യ വിജെ ആയിട്ടും ജോലി നോക്കിയിരുന്നു.
ബിഗ് ബോസിലെ ബാലാമണി എന്ന പേരിലാണ് നടി അറിയപ്പെട്ടിരുന്നത്. മാത്രമല്ല മണിക്കുട്ടനോട് തോന്നിയ ഇഷ്ടം തുറന്ന് പറഞ്ഞതിന്റെ പേരില്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ നേരിടേണ്ടിയും വന്നു. മത്സരത്തില്‍ നിന്നും പുറത്ത് വന്നതിന് ശേഷവും നടി സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായത് ഇതിന്റെ പേരിലായിരുന്നു.

പുതിയതായി ഒരു സിനിമ ചെയ്യുകയാണെന്ന് പറഞ്ഞതിനും നടി ആക്രമിക്കപ്പെട്ടിരുന്നു. പലരും കളിയാക്കലും പരിഹാസവുമായി വന്നതോടെ തകര്‍ന്ന അവസ്ഥയിലേക്ക് എത്തി. എന്നാല്‍ ജീവിതത്തില്‍ താനൊരു സ്വപ്‌നം നേടിയെടുത്തതിന്റെ സന്തോഷമാണ് സൂര്യയിപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയ പേജിലൂടെയാണ് തന്റെ സിനിമയെന്ന സ്വപ്‌നം നിറവേറ്റപ്പെട്ടുവെന്ന കാര്യം സൂര്യ വെളിപ്പെടുത്തിയത്.
'2021 -ല്‍ തുടങ്ങിയ എന്റെ സ്വപ്നം ആയിരുന്നു ഞാന്‍ എഴുതി അഭിനയിക്കുന്ന നറുമുഗൈ എന്ന സിനിമ. ബിഗ് ബോസ് ഒരു ഗെയിം ഷോ ആണെന്ന് പോലും ഓര്‍ക്കാതെ എന്റെ ജീവിതത്തിലും കരിയറിലും കുറേ പേര്‍ വന്നു പൂണ്ടു വിളയാടിയിട്ട് പോയി. അവര്‍ അറിഞ്ഞിരുന്നില്ല എന്റെ സ്വപ്നങ്ങളെ ആണ് അവര്‍ തകര്‍ത്തെറിഞ്ഞത് എന്ന്.
പടം ചെയ്യാന്‍ തയ്യാറായി വന്ന പ്രൊഡ്യൂസര്‍ ചേച്ചിയെ പോലും അവര്‍ വെറുതെ വിട്ടില്ല. സൈബര്‍ അറ്റാക്കിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ ഞാന്‍ ചേച്ചിയോട് പറഞ്ഞു ഈ പടം ചേച്ചി ചെയ്യണ്ട, ചേച്ചിക്ക് എങ്കിലും മനസമാധാനം കിട്ടണം എന്ന്. പല രാത്രികളിലും എന്റെ സ്വപ്നങ്ങളെ ഓര്‍ത്തു ഞാന്‍ കരഞ്ഞു ഉറങ്ങിയിട്ടുണ്ട്. പക്ഷെ എന്റെ സ്വപ്നത്തെ വിട്ടു കൊടുക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല.
പരിശ്രമിച്ചു കൊണ്ടേ ഇരുന്നു. പടം നടക്കാത്തതിന്റെ എന്റെ യൂട്യൂബിലും ഇന്‍സ്റ്റാഗ്രാമിലും പരിഹാസ കമന്റുകള്‍ വന്നു കൊണ്ടേയിരുന്നു. എല്ലാം സഹിച്ചും ക്ഷമിച്ചും എന്റെ സ്വപ്നത്തിനായി ഞാന്‍ പൊരുതി കൊണ്ടേ ഇരുന്നു. ഇന്ന് എന്റെ പടത്തിന്റെ പാക്ക് അപ്പ് ഡേ ആണ്. എന്റെ സ്വപ്നം സര്‍വേശ്വരന്‍ നടത്തി തന്നു.

എന്നെ സ്‌നേഹിച്ച്, ബിഗ് ബോസ് മുതല്‍ എന്റെ കൂടെ നിന്ന എല്ലാര്‍ക്കും ഞാന്‍ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു. നമ്മുടെ മനസ്സില്‍ നന്മ ഉണ്ടെങ്കില്‍ ദൈവാനുഗ്രഹം നമ്മുടെ കൂടെ ഉണ്ടാകും. സ്വപ്നങ്ങള്‍ അത് കാണാന്‍ മാത്രം ഉള്ളതല്ല, അത് നേടാന്‍ ഉള്ളതാണ്. ഈ പടം വിജയം ആയാലും പരാജയം ആയാലും ഈ പടം നടന്നപ്പോള്‍ തന്നെ ബിഗ് ബോസിന്റെ പേരില്‍ എന്നെ വേദനിപ്പിച്ച എല്ലാവരുടെയും മുമ്പില്‍ ഞാന്‍ വിജയിച്ചു കഴിഞ്ഞു...' എന്നുമാണ് സൂര്യ മേനോന്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.
സൂര്യ തന്നെ രചന നിര്‍വഹിച്ച്, നായികയായി അഭിനയിക്കുന്ന ചിത്രമാണ് നറുമുഗൈ. സിനിമയ്ക്കും സൂര്യയ്ക്കും പിന്തുണ നല്‍കി കൊണ്ടാണ് ആരാധകരും എത്തിയിരിക്കുന്നത്. 'പലരും നമ്മളെ താഴ്ത്തി പറഞ്ഞ് കൊണ്ടിരിക്കും. അതൊക്കെ അവര്‍ക്ക് നിങ്ങളുടെ അത്രയും എത്താന്‍ പറ്റാത്തത് കൊണ്ടായിരിക്കും. സ്വപ്‌നങ്ങളിലേക്ക് എത്താനുള്ള തടസ്സങ്ങളായി മാത്രമേ ഇതിനെ കാണേണ്ടതുള്ളു. എന്തായാലും സൂര്യ തന്റെ ലക്ഷ്യത്തിലേക്ക് എത്തിയതില്‍ ഒത്തിരി സന്തോഷമുണ്ടെന്നാണ്', ഒരു ആരാധകന്‍ പറയുന്നത്.
ഇന്ന് ചേച്ചി ഇത്രയും എത്തി നില്‍ക്കുന്നത് കാണുമ്പോള്‍ തന്നെ ഒരുപാട് സന്തോഷമുണ്ട്. ബിഗ് ബോസില്‍ ആയിരുന്ന സമയത്ത് ഹേറ്റ് കമന്റുകള്‍ പലരും ഇട്ടിട്ടുണ്ട്. പക്ഷേ ഷോ കഴിഞ്ഞപ്പോള്‍ സപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. സൂര്യയ്ക്ക് എതിരേ നടന്ന ഡീഗ്രേഡിങ് ഒക്കെ ഇപ്പോള്‍ അഭിമാനമായി മാറും. കാരണം പുതിയ സീസണിലുള്ളവരെ വച്ച് നോക്കുമ്പോള്‍ സൂര്യയുടെ ഈ നേട്ടം അഭിനന്ദനാര്‍ഹമാണ്.
ബിഗ് ബോസ് സീസണ്‍ നാലില്‍ നിന്നും പുറത്തിറങ്ങിയ ജാസ്മിന്‍, റിയാസ്, തുടങ്ങിയ മത്സരാര്‍ഥികളില്‍ പലരും ഇപ്പോഴും ബിഗ് ബോസിലെ പ്രശ്‌നങ്ങള്‍ കൊണ്ട് നടക്കുകയാണ്. ബിഗ് ബോസ് ആരാധകര്‍ ആയാലും ബിഗ് ബോസ് മത്സരാര്‍ഥികളായാലും അതൊരു ഗെയിം ഷോ മാത്രം ആയി കാണുന്നില്ല എന്നതാണ് വസ്തു... തുടങ്ങി നിരവധി കമന്റുകളാണ് സൂര്യയുടെ പോസ്റ്റിന് താഴെ വരുന്നത്.


Click it and Unblock the Notifications