നടന്‍ അബു സലീമിനെ ആന തട്ടിത്തെറിപ്പിച്ചു; ചന്ദ്രോത്സവം ലൊക്കേഷനിലുണ്ടായ അപകടത്തെ കുറിച്ച് സുരേഷ് കൃഷ്ണന്‍
ബിഗ് ബോസില്‍ നിന്നും തുറന്ന് പറയാന്‍ അധികം അവസരം കിട്ടിയിട്ടില്ലെന്ന് പറയുകയാണ് സുരേഷ് കൃഷ്ണനിപ്പോള്‍. സ്വന്തം വ്യക്തി ജീവിതത്തെ കുറിച്ച് പറയാനുള്ള ടാസ്‌കില്‍ താനടക്കം ചിലര്‍ക്ക് മാത്രം ചാന്‍സ് തന്നില്ല. എന്നാല്‍ പറയാനുള്ളത് ഒരു അഭിമുഖത്തില്‍ വെളിപ്പെടിത്തിയിരിക്കുകയാണ് താരമിപ്പോള്‍.
അറിയാതെയോ അറിഞ്ഞോ താന്‍ പറയുന്ന ചില കാര്യങ്ങള്‍ പ്രവചനമായി മാറുന്നതിനെ കുറിച്ചാണ് ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സുരേഷ് പറയുന്നത്. മോഹന്‍ലാലിന്റെ ചന്ദ്രോത്സവം എന്ന സിനിമയുടെ ഷൂട്ടിങ്ങ് സെറ്റിലുണ്ടായ വലിയൊരു അപകടത്തെ കുറിച്ച് കൂടി സുരേഷ് വെളിപ്പെടുത്തുന്നു.

താന്‍ പ്രവചിക്കുന്നത് തെറ്റാറില്ലെന്ന് പലരും പറഞ്ഞിരുന്നു. കാരണം ഒരാഴ്ച മുന്‍പ് ഞാനും പരീക്കുട്ടിയും പുറത്താവുമെന്ന് ഞാന്‍ പറഞ്ഞിരുന്നു. ആദ്യം അവന്‍ പോകുമെന്നും പിന്നാലെ ഔട്ടാവുമെന്നും. അത് സത്യമായി. ചില കാര്യങ്ങള്‍ എനിക്കങ്ങനെ തോന്നും.അതില്‍ പ്രധാനം ആനയാണ്. നമ്മള്‍ യാത്ര ചെയ്യുമ്പോള്‍ ഒരു പത്ത് കിലോമീറ്റര്‍ അപ്പുറത്ത് ആന ഉണ്ടെങ്കില്‍ എനിക്ക് അറിയാന്‍ പറ്റും. അത് എന്താണെന്ന് അറിയില്ല.

ചന്ദ്രോത്സവം സിനിമയുടെ സംവിധായകന്‍ രഞ്ജിത്തും മോഹന്‍ലാലുമെല്ലാം എന്റെ സുഹൃത്തുക്കളാണ്. ഒരു പത്ത് ദിവസം വന്ന് നില്‍ക്കടാ എന്ന് എല്ലാവരും പറഞ്ഞു. അങ്ങനെ ഞാന്‍ ചെല്ലുന്ന അന്ന് ഒരു പത്ത് ആനയെ നിരത്തി നിര്‍ത്തി ചിത്രീകരിച്ച് കൊണ്ടിരിക്കുകയാണ്. അബു സലീമാണ് ആന പാപ്പാനായി അഭിനയിക്കുന്നത്. ഞാനും സായി കുമാര്‍ ചേട്ടനും കസേരയില്‍ ഇരുന്ന് സംസാരിക്കുകയാണ്. പെട്ടെന്ന് ആ രണ്ടാമത് നില്‍ക്കുന്ന ആനയും അവസാനം നില്‍ക്കുന്നതും ലേശം കുഴപ്പമാണെന്ന് പറഞ്ഞു.

ലോകത്തുള്ള മനുഷ്യരുടെയെല്ലാം കുറ്റം പറഞ്ഞ് കഴിഞ്ഞു. ഇനിയിപ്പോ ആനയും ആയോ എന്ന് സായിയേട്ടന്‍ ചോദിച്ചു. അല്ല ചേട്ടാന്ന് ഞാനും പറഞ്ഞു. പിന്നെ നോക്കുമ്പോള്‍ രണ്ടാമത് നില്‍ക്കുന്ന ആനയുടെ അടുത്താണ് ക്യാമറ കൊണ്ട് വച്ചിരിക്കുന്നത്. രഞ്ജിത്തേട്ടനോട് ഞാന്‍ പോയി പറഞ്ഞു ആ ക്യാമറ എടുത്ത് വെക്ക് ആന ലേശം കുഴപ്പമാണെന്ന്. അങ്ങനെ ക്യാമറ പത്ത് അടി മാറ്റി വച്ചു.

പക്ഷേ ആക്ഷന്‍ എന്ന് പറഞ്ഞതും ആന അബു സലീമിനെ അടിച്ച് പറപ്പിച്ചു. പിന്നെ ക്യാമറ പിടിക്കാന്‍ നോക്കിയപ്പോഴെക്കും അത് എത്തുന്നില്ല. അടുത്തായിരുന്നെങ്കില്‍ ക്യാമറമാനെയും സംവിധായകനെയും പിടിച്ചേനെ. അങ്ങനെ എല്ലാവരെയും വീടിന് അകത്ത് കയറ്റി വാതിലടച്ചു. ഇതിനെ തളച്ചതിന് ശേഷം നോക്കിയപ്പോള്‍ അവസാനം നില്‍ക്കുന്ന ആനയായിരുന്നു അത്. ആനയെ കാണുമ്പോള്‍ ഒരുപാട് സ്ഥലത്ത് ഞാനീ അനുഭവം പറഞ്ഞിട്ടുണ്ട്. ലാലേട്ടനടക്കം ഒരുപാട് പേര്‍ക്ക് ഇതേ കുറിച്ച് അറിയാം.

ഇതുപോലെ എനിക്കെന്തെങ്കിലും അപകടം ഉണ്ടാവുന്നതിന് തൊട്ട് മുന്‍പ് ലാലേട്ടന്‍ വിളിക്കും. അങ്ങനെ ഒരിത് ഞാനും പുള്ളിയുമായിട്ട് ഉണ്ട്. ലാലേട്ടനൊരു സിക്‌സ്ത് സെന്‍സുള്ള ആളാണ്. രണ്ട് മൂന്ന് തവണ എനിക്കെന്തെങ്കിലും അസുഖം വന്ന് ആശുപത്രിയിലായി കഴിഞ്ഞാല്‍ ആദ്യം വരുന്ന വിളി ലാലേട്ടന്റേതാണ്. മൂന്ന് വര്‍ഷം മുന്‍പ് മുംബൈയില്‍ നിന്നും ഫ്‌ളൈറ്റില്‍ യാത്ര ചെയ്യുകയാണ്. എന്റെ അടുത്ത് രണ്ട് സുഹൃത്തുക്കളുണ്ട്. ഫ്‌ളൈറ്റ് ലാന്‍ഡ് ചെയ്യുന്നതിന് പതിനഞ്ച് മിനുറ്റ് മുന്‍പ് ക്രാഷ് ലാന്‍ഡിങ്ങാണ് പിടിച്ചിരുന്നോളാന്‍ ഞാന്‍ പറഞ്ഞു. പക്ഷേ ഫ്‌ളൈറ്റ് ലാന്‍ഡ് ചെയ്തു. അപ്പോള്‍ അവര്‍ എന്നെ കളിയാക്കി.
Recommended Video

പെട്ടെന്നാണ് വിമാനം അഞ്ച് തവണ പൊങ്ങി താഴ്ന്ന് നിരങ്ങി റണ്‍വേയ്ക്ക് പുറത്ത് പോകുന്നത്. മണ്ണില്‍ താഴ്ന്നാണ് അത് നിന്നത്. പുറത്തിറങ്ങി ഫ്‌ളൈറ്റിന്റെ ഫോട്ടോ എടുക്കാന്‍ വേണ്ടിയാണ് ഫോണ്‍ സ്വിച്ച് ഓണ്‍ ചെയ്യുന്നത്. അന്നേരം ലാലേട്ടന്‍ വിളിക്കുന്നു. ഒന്നര മണിക്കൂറായി ഞാന്‍ നിന്നെ വിളിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഈ സമയത്ത് ഞാന്‍ ഫ്‌ളൈറ്റിലാണ്. നിനക്ക് എന്തെങ്കിലും അപകടം പറ്റിയോന്ന് അദ്ദേഹം ചോദിച്ചു. ഞാന്‍ ഉണ്ടായത് പറഞ്ഞു. ഒന്നര മണിക്കൂറായി നിനക്ക് എന്തോ അപകടം വരുന്നതായി എനിക്ക് തോന്നിയെന്ന് ലാലേട്ടന്‍ പറഞ്ഞു. അതിനാണ് നിന്നെ വിളിച്ചോണ്ട് ഇരുന്നത്.


Click it and Unblock the Notifications