'എനിക്ക് ശരിക്കും വെള്ളം അലർജിയാണ്, ചെരുപ്പ് മനപൂർവം തരാതിരുന്നതാണെന്ന് ക്രൂ മെമ്പേഴ്സ് ഷോയ്ക്ക് ശേഷം പറഞ്ഞു'
ബിഗ് ബോസ് മലയാളം സീസൺ ആറിലെ മൂന്നാം സ്ഥാനക്കാരിയായിരുന്നു സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ ജാസ്മിൻ ജാഫർ. തുടക്കം മുതൽ അവസാനം വരെ ഏറ്റവും കൂടുതൽ കോണ്ടന്റ് ഷോയ്ക്ക് നൽകിയിട്ടുള്ള മത്സരാർത്ഥിയും ജാസ്മിനാണ്. ഗബ്രിയുമായുള്ള കോമ്പോ മാത്രമല്ല വ്യക്തി ശുചിത്വം പാലിക്കുന്നതിലെ വീഴ്ചയും സീസൺ ആറ് അവസാനിക്കും വരെ ജാസ്മിൻ ചർച്ചകളിൽ നിറയാൻ കാരണമായി. ഷോ അവസാനിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും ജാസ്മിനെ ആളുകൾ ഇപ്പോഴും പരിഹസിക്കുന്നത് ചായയിൽ തുമ്മിയ സംഭവം പറഞ്ഞാണ്.
ചെരുപ്പ് ധരിക്കാതെ ടോയ്ലെറ്റ് ഉപയോഗിക്കുന്നതിന്റെ പേരിലും അകത്തും പുറത്തും വലിയ രീതിയിൽ ജാസ്മിൻ വിമർശിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ ആദ്യമായി തന്റെ പേരിൽ ഉണ്ടായ വിവാദങ്ങൾക്കെല്ലാം കൃത്യമായ മറുപടി പറയുകയാണ് ജാസ്മിൻ. സൈന സൗത്ത് പ്ലസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

മാധ്യമങ്ങൾക്ക് ഇന്റർവ്യു കൊടുക്കാത്തതിന് പിന്നിലെ കാരണവും ബിഗ് ബോസ് താരം വെളിപ്പെടുത്തി. ഷോയുടെ ഹാങ് ഓവർ മാറി വരുന്നു. ഇന്റർവ്യു കൊടുക്കാത്തത് പേടിയായതുകൊണ്ടോ ചോദ്യങ്ങൾ അഭിമുഖീകരിക്കാൻ കഴിയാത്തതുകൊണ്ടോ അല്ല. പല ചാനലുകളിലും വന്നിട്ടുള്ള ക്ലിക്ക് ബൈറ്റ്സ് ഞാൻ കണ്ടിട്ടുണ്ട്. അവർ അവസാനം എവിക്ടായ മത്സരാർത്ഥിയോട് വരെ അവരുടെ വിശേഷങ്ങളെക്കാൾ എന്റെ കുറ്റങ്ങളാണ് ഏറെയും ചോദിച്ചിട്ടുള്ളത്.
ജാസ്മിനെ പത്ത് പറഞ്ഞാൽ വ്യൂസ് കിട്ടുമെന്ന രീതിയിൽ പെരുമാറിയവരുണ്ട്. അവർക്ക് ഞാൻ എന്തിന് ഇനിയും ഇന്റർവ്യു കൊടുക്കണം. അവർ എന്നെ വിറ്റ് തിന്നാവുന്നതിന്റെ മാക്സിമം വിറ്റ് തിന്നിട്ടുണ്ട്. ഇനിയും എന്തിന് എന്നെ തിന്നാൽ ഞാൻ അവർക്ക് നിന്ന് കൊടുക്കണം?. നാണമുണ്ടോ ഇന്റർവ്യു ചോദിച്ച് വാരനെന്ന് ഓപ്പണായി പല ചാനലുകാരോടും ഞാൻ ചോദിച്ചിട്ടുണ്ട്.
ചായയിൽ തുമ്മിയത് എന്റെ ഭാഗത്ത് നിന്ന് വന്നിട്ടുള്ള തെറ്റാണ്. അത് ഞാൻ അക്സപറ്റ് ചെയ്തിട്ടുമുണ്ട്. പിന്നെ എന്തൊക്കെ പറഞ്ഞാലും മനപൂർവം നമ്മൾ ചായയിൽ തുമ്മുകയോ തുപ്പുകയോ ചെയ്യില്ല. അറിയാതെ തുമ്മിയതാണ്. ആ ഫ്ലോയിൽ ചുമ്മാ പറഞ്ഞതാണ് ചായയ്ക്ക് ടേസ്റ്റ് കൂടട്ടേയെന്ന ഡയലോഗ്. എങ്ങനെ എക്സ്പ്ലയിൻ ചെയ്യുമെന്ന് അറിയില്ല.
പിന്നെ ഞാൻ സോറി പറഞ്ഞിട്ടുമുണ്ട്. എടുത്തോ പിടിച്ചോ എന്നുള്ള മറുപടി പറച്ചിലിന്റെ ഭാഗമായിരുന്നു അത്. ഈ ലോകത്ത് ആദ്യമായി നഖം കടിച്ച ബാത്ത് റൂമിൽ ചെരുപ്പില്ലാതെ പോയ വ്യക്തിയല്ല ഞാൻ. പക്ഷെ നമ്മളെ അങ്ങനെയാണ് പിക്ചർ ചെയ്യുന്നതെങ്കിൽ അതിൽ ഇനി നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല. നഖമല്ല നഖത്തിലെ തൊലിയാണ് ഞാൻ കടിച്ചത്.

വേദനയുള്ളതുകൊണ്ടാണ് കടിച്ചത്. അല്ലാതെ എനിക്ക് വേറെ ഓപ്ഷനില്ല. എനിക്ക് ടാസ്ക്ക് ചെയ്യേണ്ടതാണ്. വൃത്തിക്കുറവായി പറയുന്നവർക്ക് അത് പറയാം. ചെരുപ്പ് മനപൂർവം തരാതിരുന്നതാണെന്ന് ക്രൂ മെമ്പേഴ്സ് എന്നോട് ഷോയ്ക്ക് ശേഷം പറഞ്ഞു. പക്ഷെ എന്നെ മാത്രമാണ് ഇങ്ങനെ പോട്രേറ്റ് ചെയ്ത് കാണിച്ചത്. ഞാൻ മാത്രമല്ല അവിടെ ചില മത്സരാർത്ഥികൾ ചപ്പാത്തി മാവിൽ തുമ്മുകയും മൂക്ക് തുടച്ച ടിഷ്യുകൊണ്ട് പാത്രം തുടയ്ക്കുകയുമെല്ലാം ചെയ്തിട്ടുണ്ട്.
അതൊന്നും വലിയ രീതിയിൽ പോട്രേറ്റ് ചെയ്ത് പുറത്തേക്ക് ബിഗ് ബോസ് ടീം കാണിച്ചില്ല. എനിക്ക് നല്ല അലർജിയുണ്ട്. ഇരുപത്തിനാല് മണിക്കൂറും തുമ്മിക്കൊണ്ടാണ് ഞാൻ നടക്കുന്നത്. അതുകൊണ്ട് മൂക്കിൽ പിടിക്കുന്നത് ശീലമായി ആളുകൾ കരുതിയാലും ഒന്നും പറയാനില്ല. ശരിക്കും എനിക്ക് വെള്ളം അലർജിയാണ്.
കുളിച്ചാൽ ഉടൻ ഞാൻ തുമ്മാൻ തുടങ്ങും. ആശുപത്രിയിൽ കാണിച്ചിട്ടും മാറാത്തതാണ്. എനിക്ക് വൃത്തിയുണ്ടോ ഇല്ലയോ എന്നത് എന്നോട് ഇടപഴകുന്നവർക്ക് അറിയാം എന്നാണ് തന്റെ വൃത്തിയില്ലായ്മയുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ച് ജാസ്മിൻ പറഞ്ഞത്.


Click it and Unblock the Notifications