'കടയിൽ പോയി അണ്ടർവെയർ വാങ്ങാൻ പറ്റാത്തയവസ്ഥ, ബാംഗ്ലൂരിൽ ലിവിങ് ടുഗെതറായിരുന്നു, കല്യാണത്തിന് അച്ഛൻ വന്നില്ല'
ബിഗ് ബോസ് മലയാളം സീസൺ ആറിൽ വൈൽഡ് കാർഡായി കയറി മികച്ച പ്രകടനം കാഴ്ചവെക്കുന്ന മത്സരാർത്ഥിയാണ് സോഷ്യൽമീഡിയയിൽ സീക്രട്ട് ഏജന്റ് എന്ന പേരിൽ അറിയപ്പെടുന്ന സായ് കൃഷ്ണ. മലപ്പുറത്തുകാരനായ സായ് യുട്യൂബിൽ റിയാക്ഷൻ വീഡിയോകൾ ചെയ്താണ് ശ്രദ്ധിക്കപ്പെട്ടത്. ഇന്ന് എട്ട് ലക്ഷത്തിന് അടുത്ത് സബ്സ്ക്രൈബേഴ്സുള്ള യുട്യൂബ് ചാനലാണ് സായിയുടേത്. യുട്യൂബർ എന്നതിലുപരി പ്രൊഫഷണൽ ക്രിക്കറ്ററുമായ സായ് ഹൗസിൽ എത്തിയ ആദ്യ ആഴ്ചയിൽ ഒരു തണുപ്പൻ പ്രകടനമായിരുന്നു കാഴ്ചവെച്ചത്.
എന്നാൽ ഇപ്പോൾ സായിയും എല്ലാ വിഷയത്തിലും ഇടപെട്ട് സംസാരിക്കാനും നിലപാടുകൾ ശക്തമായി പറയാനും തുടങ്ങിയിട്ടുണ്ട്. തുടക്കത്തിൽ തണുപ്പൻ പ്രകടനമായിരുന്നു സായിയുടേത് എന്നതുകൊണ്ട് തന്നെ പ്രേക്ഷകർ നിരാശയിലായിരുന്നു. എന്നാലിപ്പോൾ പ്രേക്ഷകർക്ക് വീണ്ടും സായിയിൽ പ്രതീക്ഷ വന്നിട്ടുണ്ട്. അതേസമയം ഇപ്പോഴിതാ മത്സരാർത്ഥികളുടെ ജീവിതം പറയുന്നൊരു സെഗ്മെന്റിൽ തന്റെ ഇതുവരെയുള്ള ജീവിത കഥ പങ്കിട്ടിരിക്കുകയാണ് സായ് കൃഷ്ണ.

താരത്തിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... 'അച്ഛൻ, അമ്മ, അനിയത്തി, അമ്മമ്മ, മുത്തച്ഛൻ, മാമൻ തുടങ്ങി അങ്ങനെ വലിയൊരു കുടുംബത്തിലാണ് എന്റെ ലൈഫ് തുടങ്ങിയത് തന്നെ. വയറ് നിറച്ച് കുത്തി നിറച്ച് ഭക്ഷണം തന്നാണ് എന്നെ വളർത്തിയത്. അതുകൊണ്ട് തന്നെ ഏഴാം ക്ലാസിൽ എത്തിയപ്പോഴേക്കും എന്റെ ശരീര ഭാരം നൂറ് കിലോ കഴിഞ്ഞു.'
'സത്യം പറഞ്ഞാൽ കടയിൽ പോയി ഒരു അണ്ടർവെയർ വാങ്ങാൻ പറ്റില്ല. ആ അവസ്ഥയായിരുന്നു. ഒരു വഴിയുമില്ല. കടയിൽ ചെല്ലുമ്പോഴൊക്കെ ജോഡി ഷെയ്മിങ് കമന്റുകളായിരുന്നു. പിന്നെ ബോഡി ഷെയ്മിങ് എന്താണെന്ന് അന്നൊന്നും അറിയില്ലല്ലോ. അതുപോലെ സ്കൂൾ ടൈമിൽ നന്നായി ക്രിക്കറ്റ് കളിക്കുമായിരുന്നു. പിന്നെ വീട്ടിൽ നിന്നും എല്ലാ ഫ്രീഡവും തന്നിരുന്നു. ലൈഫ് സുഖമായിരുന്നു.'
'പക്ഷെ അങ്ങനൊരു സുഖത്തിനിടയിലും എനിക്കൊരു സുഖമില്ലാത്ത അവസ്ഥയുണ്ടായിരുന്നു. എനിക്ക് പേഴ്സണലി ഒരു സുഖവുമുണ്ടായിരുന്നില്ല. അതിനിടയിൽ 110 കിലോയിൽ നിന്നും എന്റെ ശരീര ഭാരം 40 കിലോയിലേക്ക് എത്തി. അതിന്റെ ഫലമായി ഇപ്പോഴും എന്റെ സ്കിന്ന് ഫിക്സായിട്ടില്ല തുടങ്ങി കുറേ പ്രശ്നങ്ങളുണ്ടായിരുന്നു. പിന്നെ വീട്ടിൽ നിന്നും വിട്ട് അമ്മയോടൊപ്പം ബാംഗ്ലൂരിൽ പോയി.'
'അവിടെയാണെങ്കിൽ എന്തെങ്കിലും തക്കിട തരികിട കാണിച്ച് കോളജ് പൂർത്തിയാക്കി പോരാൻ പറ്റുമെന്ന് എനിക്ക് അറിയാമായിരുന്നു. പിന്നെ കുറേക്കാലം ബാംഗ്ലൂരിൽ ക്രിക്കറ്റ് കളിച്ച് നടന്നു. വീട്ടുകാരും എനിക്കൊപ്പം അവിടെ ഉണ്ടായിരുന്നു. അതിനിടയിൽ ഭാര്യ സ്നേഹ അവിടെ ജോലിക്കായി വന്നു. പിന്നെ ഞങ്ങൾ ഏറെക്കാലം അവിടെ ലിവിങ് റിലേഷനിലായിരുന്നു.'

'ഇപ്പോൾ ഇത് സ്നേഹയുടെ അമ്മ കേട്ട് കഴിഞ്ഞാൽ നാളെ അമ്പലത്തിലേക്ക് ഓടും. പക്ഷെ കുഴപ്പമില്ല കാരണം ലൈഫിന്റെ ഏതെങ്കിലും സ്റ്റേജിൽ ഇതൊക്കെ പറഞ്ഞേ പറ്റു. പിന്നെ കൊറോണയായപ്പോൾ ഞങ്ങൾ അവിടെ നിന്നും നാട്ടിലേക്ക് എത്തി. പിന്നീട് അങ്ങോട്ട് കല്യാണത്തിന്റെ പ്രശ്നങ്ങളായിരുന്നു. സ്നേഹയുടെ വീട്ടിൽ നിന്നും കല്യാണം കഴിച്ചേ പറ്റുവെന്നുള്ള രീതിയിൽ പ്രഷർ വന്നു. പക്ഷെ എന്റെ വീട്ടിൽ പറഞ്ഞപ്പോൾ നീ കണ്ടുപിടിച്ചതല്ലേ നീ കെട്ടിക്കോ എന്നുള്ള രീതിയായിരുന്നു.'
'അച്ഛനോട് നേരത്തെ ഞാൻ സംസാരിക്കാറുണ്ടായിരുന്നില്ല. കല്യാണം ആകുമ്പോൾ അച്ഛനെ വിളിച്ചേ പറ്റു. അങ്ങനെ ഞാൻ വിളിച്ചു. കല്യാണത്തിന് വരുമോയെന്ന് ചോദിച്ചപ്പോൾ വരില്ലെന്ന് പറഞ്ഞു. നീ നിന്റെ കയ്യിൽ എന്തെങ്കിലും കാശുണ്ടേൽ കല്യാണം നടത്തിക്കോളൂ... അല്ലെങ്കിൽ ഞാൻ നിന്നെ പഠിപ്പിക്കാൻ മുടക്കിയ കുറച്ച് പൈസയുണ്ട് അത് തിരികെ കിട്ടുകയാണെങ്കിൽ കുഴപ്പമില്ലെന്ന ലൈനിലായിരുന്നു അച്ഛൻ.'
'പിന്നെ എങ്ങനെയൊക്കയോ കല്യാണം നടന്നു. അതിനൊക്കെ ശേഷമാണ് യുട്യൂബ് തുടങ്ങിയത്. അതിനുശേഷം എന്റെ ലൈഫ് സെറ്റിലായി. രണ്ട് കൊല്ലം കൊണ്ട് ഞാൻ വിചാരിക്കാത്തതിലും അപ്പുറം കാശ് യുട്യൂബിൽ നിന്നും എനിക്ക് കിട്ടി തുടങ്ങി', എന്നാണ് സായ് പറഞ്ഞത്. സായ് ബിഗ് ബോസിലേക്ക് വന്നതോടെ ഭാര്യ സ്നേഹയാണ് സായിയുടെ ചാനലിൽ ഇപ്പോൾ റിയാക്ഷൻ വീഡിയോകൾ ചെയ്യുന്നത്.


Click it and Unblock the Notifications