കൈവിട്ട കളിക്ക് കര്‍ശന നടപടി! ബിഗ് ബോസിന്‍റെ കടുത്ത തീരുമാനത്തില്‍ മത്സരാര്‍ത്ഥികള്‍ക്ക് തിരിച്ചടി!
ബിഗ് ബോസ് സീസണ്‍ രണ്ട് അറുപതാം ദിനത്തിലേക്ക് എത്തിയിരിക്കുകയാണ്. വാശിയേറിയ പോരാട്ടങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. പരമാവധി പോയിന്റുകള്‍ നേടാനുള്ള ശ്രമത്തിലാണ് മത്സരാര്‍ത്ഥികള്‍. അപ്രതീക്ഷിത ട്വിസ്റ്റുകളും ഇതിനിടയില്‍ അരങ്ങേറുന്നുണ്ട്. ബിഗ് ബോസില്‍ സജ്ജീകരിച്ച കോടതിയില്‍ അരങ്ങേറിയത് നിസ്സാര കാര്യങ്ങളായിരുന്നില്ല. ബിഗ് ബോസില്‍ വന്നതിന് ശേഷം തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളും മനസ്സില്‍ കൊണ്ട് നടന്നിരുന്ന പ്രതികാരങ്ങളുമൊക്കെ തീര്‍ക്കാനായുള്ള ശ്രമത്തിലായിരുന്നു പലരും. മത്സരത്തിലെ നിലനില്‍പ്പിനായി എന്തും ചെയ്യുമെന്ന മാനസികാവസ്ഥയിലായിരുന്നു പല താരങ്ങളും.
പ്രവചനാതീതമായ കാര്യങ്ങളുമായാണ് ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്ക് മുന്നിലേക്ക് എത്താറുള്ളത്. ടാസ്‌ക്കില്‍ മാത്രമല്ല ആ വ്യത്യസ്തത തീരുമാനങ്ങളിലും പ്രകടമാവാറുണ്ട്. കൈവിട്ട കളി നിയന്ത്രിക്കാറുണ്ട് ബിഗ് ബോസ്. അത്തരത്തിലൊരു കാര്യമായിരുന്നു കഴിഞ്ഞ ദിവസം സംഭവിച്ചത്. കോടതി ടാസ്‌ക്ക് പൂര്‍വ്വാധികം ശക്തിയോടെ നടന്നിരുന്നു. സുജോയ്‌ക്കെതിരെ എലീനയുടെ പരാതിയും വാദങ്ങളുമായിരുന്നു ആദ്യം നടന്നത്. സുജോ-ഫുക്രു, വീണ-അഭിരാമി വഴക്കും ഇതിന് പിന്നാലെയായി നടന്നിരുന്നു. മത്സരാര്‍ത്ഥികളെ ലിവിങ് റൂമിലേക്ക് വിളിപ്പിച്ചതിന് പിന്നാലെയായാണ് ബിഗ് ബോസ് തീരുമാനം അറിയിച്ചത്.

കടുത്ത തീരുമാനം
മത്സരാര്‍ത്ഥികള്‍ക്ക് കടുത്ത തിരിച്ചടിയായ തീരുമാനവുമായാണ് ബിഗ് ബോസ് എത്തിയത്. അതുവരെ നേടിയ പോയിന്റും പോരടിച്ചതുമെല്ലാം ഒരുനിമിഷം കൊണ്ട് ഇല്ലാതാവുകയായിരുന്നു. ബിഗ് ബോസിന്റെ നിലനില്‍പ്പിനെയും മുന്നോട്ടുള്ള പോക്കിനും വിഘാതമായി വരുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങിയതെന്നും അതിനാലാണ് ഇത്തരത്തിലൊരു തീരുമാനവുമെന്നും ബിഗ് ബോസ് അറിയിച്ചിരുന്നു. വീക്കിലി ടാസ്‌ക്കും ബജറ്റ് പോയിന്റുകളുമൊക്കെ റദ്ദായ സംഭവം ഇതാദ്യമായിട്ടായിരുന്നു.

അംഗീകരിക്കാന്‍ കഴിയില്ല
വെള്ളരിപ്രാവുകള്‍ എന്ന പേരില്‍ നിങ്ങള്‍ക്ക് നല്‍കിയ വീക്ക്‌ലി ടാസ്‌കില്‍ തന്നെ സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. ഈ ടാസ്‌കില്‍ ഇന്നുവരെയുള്ള ദിവസങ്ങളില്‍ സംഭവിച്ചതെല്ലാം ഒരു മത്സരത്തിന്റെ അതേ മനോഭാവത്തില്‍ തന്നെയാണ് ബിഗ് ബോസ് കണ്ടിട്ടുള്ളത്. എന്നാല്‍ ഇന്നുണ്ടായ സംഭവങ്ങള്‍ ഒരിക്കലും അംഗീകരിക്കുവാന്‍ സാധിക്കുന്നതല്ലെന്ന് ബിഗ് ബോസ് ചൂണ്ടിക്കാണിച്ചിരുന്നു.

ചര്‍ച്ചയിലൂടെ പരിഹരിക്കാവുന്നത്
ശാരീരികമായ മത്സരം വേണ്ട ടാസ്‌ക്കുകളില്‍ ആരോഗ്യകരമായി അത് ചെയ്യാവുന്നതാണ്. ആശയപരമായ വാഗ്വാദങ്ങളും അനുവദനീയമാണ്. പക്ഷേ തരംതാണ രീതിയിലുള്ള അകാരണമായ വഴക്കുകള്‍ ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കാവുന്നതല്ല. വ്യക്തമായ ചര്‍ച്ചയിലൂടെ പരിഹരിക്കപ്പെടേണ്ട പല പ്രശ്‌നങ്ങളും നിങ്ങള്‍ വ്യക്തിപരമായി എടുത്ത് വഷളാക്കുകയാണ്.

ഗ്രൂപ്പിസത്തിന് വിമര്‍ശനം
ലക്ഷ്യത്തിലേക്ക് മത്സരബുദ്ധിയോടെ ഒറ്റയ്ക്ക് ജയിച്ച് മുന്നേറേണ്ടതിന് പകരം സംഘം ചേര്‍ന്നുള്ള രീതികളാണ് പലപ്പോഴും ഇവിടെ കണ്ടുവരുന്നത്. അത് നിങ്ങളുടെ മുന്നോട്ടുള്ള യാത്രയ്ക്ക് ചേര്‍ന്നതല്ല. പരസ്പരം മനസിലാക്കാനും പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍പ്പാക്കാനും വേണ്ടിയായിരുന്നു ഈ വീക്ക്‌ലി ടാസ്‌കിലൂടെ സമാധാനപരമായ ഒരാഴ്ച നിങ്ങള്‍ക്ക് നല്‍കിയത്.

ടാസ്ക്ക് റദ്ദാക്കുകയാണ്
പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോവാനുള്ള അവസരമായിരുന്നു ബിഗ് ബോസ് നല്‍കിയത്. പക്ഷേ അത് കാത്തുസൂക്ഷിക്കുന്നതില്‍ നിങ്ങള്‍ പരാജയപ്പെട്ടു. അതുകൊണ്ട് അടിയന്തിരമായി ഈ വീക്ക്‌ലി ടാസ്‌ക് ഇപ്പോള്‍ റദ്ദാക്കപ്പെട്ടിരിക്കുന്നു. ടാസ്‌ക് റദ്ദാക്കിയതുകൊണ്ടുതന്നെ അതിലൂടെ നിങ്ങള്‍ നേടിയ പോയിന്റുകളും ഈ ആഴ്ചയിലെ ലക്ഷ്വറി ബജറ്റും നിങ്ങള്‍ക്ക് നഷ്ടമായിരിക്കുന്നുവെന്നും ബിഗ് ബോസ് അറിയിച്ചിരുന്നു.
Recommended Video

നിശബ്ദദമായിരിക്കുക
ഇനിയുള്ള ബസര്‍ ശബ്ദം കേള്‍ക്കുമ്പോള്‍ മുതല്‍ അടുത്ത ബസര്‍ ശബ്ദം വരെയുള്ള സമയം നിങ്ങള്‍ ആരും ആരോടും ഒന്നും സംസാരിക്കാന്‍ പാടുള്ളതല്ല. ഈ സമയമെങ്കിലും തികഞ്ഞ സമാധാനം പാലിക്കാന്‍ നിങ്ങള്‍ ഓരോരുത്തരും ശ്രമിക്കുക.' ഈ അനൗണ്‍സ്‌മെന്റിന് പിന്നാലെ ബസര്‍ ശബ്ദിക്കുകയായിരുന്നു. അടുത്ത ബസര്‍ വരെ ഹൗസ് നിശബ്ദമായിരുന്നു.


Click it and Unblock the Notifications