സുജോ ഉപദ്രവിച്ചു, ടാസ്ക്കില്‍ പങ്കെടുക്കാതെ ഫുക്രു! നിയമം തെറ്റിച്ച താരത്തെ കാത്തിരിക്കുന്നത്?
ബിഗ് ബോസ് മലയാളത്തിലെ പ്രധാനപ്പെട്ട മത്സരാര്‍ത്ഥികളാണ് ഫുക്രു. ടിക് ടോക്കിലൂടെ ശ്രദ്ധേയനായി മാറിയ താരത്തിന് ശക്തമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബിഗ് ഹൗസിലെ പ്രായം കുറഞ്ഞ മത്സരാര്‍ത്ഥികളിലൊരാള്‍ കൂടിയാണ് ഈ താരം. ഈയാഴ്ചത്തെ ക്യാപ്റ്റന്‍ ഫുക്രുവാണ്. കടുത്ത മത്സരത്തിനൊടുവിലായാണ് ഫുക്രുവിന് ഈ സ്ഥാനം ലഭിച്ചത്. ബിഗ് ബോസ് ഫിനാലെയിലേക്കെത്തുന്ന മത്സരാര്‍ത്ഥികളിലൊരാള്‍ തന്നെയാണ് ഫുക്രുവെന്നാണ് പ്രേക്ഷകരും മത്സരാര്‍ത്ഥികളും ഒരുപോലെ പറയുന്നത്. കഴിഞ്ഞ ദിവസത്തെ ടാസ്‌ക്കില്‍ മികച്ച പ്രകടനമായിരുന്നു താരം പുറത്തെടുത്തത്. എന്നാല്‍ ടാസ്‌ക്കും പോയിന്റുമെല്ലാം ബിഗ് ബോസ് റദ്ദാക്കുകയായിരുന്നു.
തന്റേതായ സ്ട്രാറ്റജിയുമായാണ് ഫുക്രു നീങ്ങുന്നത്. വിജയത്തിനായി ഏതറ്റവും പോവുന്നയാളാണ് താനെന്നും താരം ഇതിനകം തന്നെ തെളിയിച്ചിരുന്നു. കഴിഞ്ഞ ദിവസം സുജോ മാത്യുവുമായി താരം വഴക്കിട്ടിരുന്നു. വഴക്കിന് പിന്നാലെയായി ടാസ്‌ക്കില്‍ നിന്നും താരം വിട്ടുനിന്നിരുന്നു. കോടതി ടാസ്‌ക്കില്‍ നേടിയ പോയിന്റുകള്‍ അസാധുവാണെന്ന് മനസ്സിലായതിന്റെ നിരാശയിലാണോ താരം പങ്കെടുക്കാതിരുന്നതെന്നുള്ള സംശയത്തിലായിരുന്നു പ്രേക്ഷകര്‍. സുജോ തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്ന വാദങ്ങളും ഇതിനിടയില്‍ ഫുക്രു ഉയര്‍ത്തിയിരുന്നു. ബിഗ് ബോസിനോട് ഇതേക്കുറിച്ച് പരാതി പറഞ്ഞുവെങ്കിലും നടപടികളൊന്നുമുണ്ടായിരുന്നില്ല.

ഫുക്രുവും സുജോയും
ടാസ്‌ക്കിനിടയിലും അല്ലാതെയുമൊക്കെയായി ഇടയ്ക്ക് വഴകിട്ടുന്നവരാണ് ഫുക്രുവും സുജോയും. ബിഗ് ബോസ് ഹൗസിലെ ജിമ്മനായാണ് സുജോ മാത്യുവിനെ വിശേഷിപ്പിക്കാറുള്ളത്. സ്‌കോര്‍ ബോര്‍ഡില്‍ ഒന്നാം സ്ഥാനത്താണ് സുജോ. സുജോയെ കടത്തിവെട്ടാനുള്ള അവസരം മുതലെടുത്ത് വെള്ളരിപ്രാവുകള്‍ ടാസ്‌ക്കില്‍ പരമാവധി പോയിന്റ് സ്വന്തമാക്കുകയായിരുന്നു ഫുക്രു. മികച്ച പ്രകടനമാണ് പുറത്തെടുത്തതെങ്കിലും അതെല്ലാം പാഴായിപ്പോവുകയായിരുന്നു. ടാസ്‌ക്ക് റദ്ദാക്കിയതോടെ എല്ലാവരും ഞെട്ടലിലായിരുന്നു.

സുജോയെ പ്രകോപിപ്പിച്ചു
പെട്ടെന്ന് പ്രകോപിതനാവുന്നയാളാണ് സുജോ മാത്യു. സുജോയുടെ ഈ സ്വഭാവം ഫുക്രുവിന് കൃത്യമായി അറിയാമായിരുന്നു. കായികബലം വേണ്ടിവരുന്ന ടാസ്‌ക്കുകളാണ് ഇനി വരാനിരിക്കുന്നതെങ്കില്‍ ഫുക്രുവിന് സുജോ കടുത്ത വെല്ലുവിളിയാവുമെന്നത് വ്യക്തമായ കാര്യമാണ്. സുജോയെ പ്രകോപിപ്പിച്ച് പിന്നീട് താനൊന്നുമറിഞ്ഞില്ലേയെന്ന മട്ടില്‍ തുടരുകയായിരുന്നു ഫുക്രു. ഇവരുടെ വഴക്ക് കൈയ്യാങ്കളിയിലേക്ക് നീങ്ങുമെന്ന് കണ്ടപ്പോഴാണ് മറ്റുള്ളവര്‍ ഇടപെട്ടത്.
Recommended Video

നിരാശനായ ഫുക്രു
വെള്ളരിപ്രാവുകള്‍ ടാസ്‌ക്കില്‍ സുജോയേക്കാള്‍ ഏറെ മുന്നിലായിരുന്നു ഫുക്രു. സുജോയെ വെട്ടിച്ച് തനിക്ക് ഒന്നാം സ്ഥാനം ലഭിക്കുമെന്നുള്ള ധാരണയിലായിരുന്നു താരം. എന്നാല്‍ അതിനിടയിലാണ് ബിഗ് ബോസ് ഈ ടാസ്‌ക്കും പോയിന്റുകളും ലക്ഷ്വറി ബഡ്ജറ്റ് ടാസ്‌ക്കും റദ്ദാക്കിയെന്ന് അറിയിച്ചത്. ഈ തീരുമാനം കേട്ടതോടെ ഫുക്രു കടുത്ത നിരാശയിലായിരുന്നു. കഷ്ടപ്പെട്ട് നേടിയ പോയിന്റുകള്‍ ഉപയോഗശൂന്യമായതിന്റെ നിരാശയായിരുന്നു താരത്തിന്.

ടാസ്‌ക്കിലെ പിന്‍മാറ്റം
സുജോ തന്നെ ഫിസിക്കലി അറ്റാക്ക് ചെയ്തുവെന്ന് ഫുക്രു വിളിച്ച് പറയുന്നുണ്ടായിരുന്നു. വെറുതെ നിന്ന ഒരാളെ ആക്രമിക്കുകയായിരുന്നു സുജോ. ഈ വിഷയത്തില്‍ ഇടപെടണം ബിഗ് ബോസെന്നും ഫുക്രു പറഞ്ഞിരുന്നു. ഇതിന് നടപടികളൊന്നുമുണ്ടായിരുന്നില്ല. ഇതിന് ശേഷമായിരുന്നു സ്‌പോണ്‍സേര്‍ഡ് ടാസ്‌ക്ക് നടന്നത്. താന്‍ പങ്കെടുക്കുന്നില്ലെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു ഫുക്രു.

ആദ്യത്തെ സംഭവം
ബിഗ് ബോസ് സീസണ്‍ രണ്ടില്‍ ഇതാദ്യമായാണ് ഇത്തരത്തിലൊരു സംഭവം നടക്കുന്നത്. താന്‍ ഈ ടാസ്‌ക്കില്‍ പങ്കെടുക്കുന്നില്ലെന്ന് പറഞ്ഞ് മാറിനില്‍ക്കുകയായിരുന്നു ഫുക്രു. ശാരീരികമായ ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് ടാസ്‌ക്കില്‍ ചിലര്‍ പങ്കെടുക്കാതിരുന്ന സംഭവം നേരത്തെയുണ്ടായിട്ടുണ്ട്. ബിഗ് ബോസിലെ നിയമങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച ഫുക്രുവിനെതിരെ എന്ത് നടപടിയായിരിക്കും ഉണ്ടാവുകയെന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. വാരാന്ത്യത്തില്‍ മോഹന്‍ലാല്‍ ഇതേക്കുറിച്ച് ചോദിച്ചേക്കുമെന്നുള്ള വിലയിരുത്തലുകളും പുറത്തുവന്നിട്ടുണ്ട്.


Click it and Unblock the Notifications