അങ്ങനെ ചെയ്തത് മോശമായെന്ന് ഫുക്രു! അത് തിരുത്തും! നോമിനേഷനിലെ തീരുമാനവും തെറ്റിപ്പോയി!
ബിഗ് ബോസ് വിശേഷങ്ങള്‍ പങ്കുവെച്ച് താരങ്ങള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ബിഗ് ബോസ് ഷോയും നിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. മോഹന്‍ലാല്‍ നേരിട്ടെത്തിയാണ് മത്സരാര്‍ത്ഥികളോട് ഈ തീരുമാനത്തെക്കുറിച്ച് പറഞ്ഞത്. ഒറ്റക്കെട്ടായി സന്തോഷത്തോടെ ഞങ്ങള്‍ പുറത്തുണ്ടാവുമെന്നായിരുന്നു മത്സരാര്‍ത്ഥികള്‍ പറഞ്ഞത്. ബിഗ് ബോസ് വിജയി എന്ന് പ്രേക്ഷകര്‍ വിലയിരുത്തിയ മത്സരാര്‍ത്ഥികളിലൊരാളായിരുന്നു ഫുക്രു. യഥാര്‍ത്ഥത്തിലുള്ള തന്നെയാണ് പ്രേക്ഷകര്‍ കണ്ടതെന്ന് താരം പറഞ്ഞിരുന്നു. സുനിത ദേവസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.
തന്റെ തീരുമാനം തെറ്റിയതിനെക്കുറിച്ചും മാറ്റാന്‍ ഉദ്ദേശിക്കുന്ന സ്വഭാവത്തെക്കുറിച്ചും ഫുക്രു തുറന്നുപറഞ്ഞിരുന്നു. രജിത് രേഷ്മയുടെ കണ്ണില്‍ മുളക് തേച്ച സംഭവം തെറ്റായെന്നും ഫുക്രു പറഞ്ഞിരുന്നു. രേഷ്മയുടെ കണ്ണിന് സുഖമില്ലാത്തതിനെക്കുറിച്ച് അദ്ദേഹത്തിന് അറിയാമായിരുന്നു. എന്നിട്ടും അങ്ങനെ ചെയ്തത് വലിയ തെറ്റാണ്. അത് ന്യായീകരിക്കാനാവില്ല. ബിഗ് ബോസിലായാലും പുറത്തായാലും ഇതാണ് തന്റെ നിലപാടെന്നും ഫുക്രു പറയുന്നു. രജിത് കുമാറുമായുള്ള വഴക്കിനെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു. അധികം ശ്രദ്ധിക്കാതെ സംസാരിച്ച കാര്യമാണ് സത്രീവിരുദ്ധതയായി ചൂണ്ടിക്കാണിക്കപ്പെട്ടത്. അതും താന്‍ തിരുത്തുമെന്നും താരം പറയുന്നു.

തെറ്റിപ്പോയെന്ന് തോന്നുന്നത്
ബിഗ് ബോസിലുണ്ടായിരുന്ന സമയത്ത് പ്രായം പരിഗണിക്കാതെ എല്ലാവരേയും ഊളെ, എടീ, തള്ളേ എന്നൊക്കെ വിളിച്ചിരുന്നു. ആ ചെയ്തത് മോശമായിപ്പോയെന്ന് കൂട്ടുകാരൊക്കെ പറഞ്ഞിട്ടുണ്ട്. അത് താന്‍ തിരുത്തും. അത്തരം വാക്കുകള്‍ ഉപയോഗിക്കുന്നത് കുറയ്ക്കും. ദേഷ്യം കുറച്ച് കുറയ്ക്കണമെന്നുമുണ്ട്. ക്ഷമിക്കാനും പെട്ടെന്നുള്ള പ്രതികരണം കുറച്ച് കുറയ്ക്കാനും ബിഗ് ബോസ് ജീവിതം പഠിപ്പിച്ചിട്ടുണ്ട്. അത് പോലെ തന്നെ ചൊറിയാന്‍ വരുന്നവരെ അവഗണിക്കാന്‍ കുറച്ചുകൂടി പഠിക്കാനുണ്ട്.

റേപ്പിസ്റ്റ് പ്രയോഗം
കോടതി ടാസ്‌ക്കിനിടയിലായിരുന്നു ഈ സംഭവം. ബിഗ് ബോസ് ഒരാളെ റേപ്പ് ചെയ്യാന്‍ പറഞ്ഞാല്‍ നീ ചെയ്യുമോയെന്നായിരുന്നു അഭിരാമിയും അമൃതയും ചോദിച്ചത്. അധികം ആലോചിക്കാതെ ബിഗ് ബോസ് പറഞ്ഞാല്‍ ചെയ്യുമെന്ന് മറുപടി നല്‍കുകയായിരുന്നു. അതേക്കുറിച്ച് വിശദീകരിക്കാനുള്ള അവസരമൊന്നും പിന്നെ കിട്ടിയില്ല. ഈ സംഭവത്തിന് ശേഷം അവര് റേപ്പിസ്റ്റ് എന്ന് വിളിക്കാന്‍ തുടങ്ങി. വല്ലാതെ വേദനിപ്പിച്ച സംഭവമായിരുന്നു അത്.

രേഷ്മയെ നോമിനേഷനിലേക്ക് വിട്ടത്
ടാസ്‌ക്ക് ലഭിക്കുമ്പോള്‍ ജയിക്കാനായി കളിക്കാറുണ്ട്. ദുഷ്ടനോ ചതിയനോ വൃത്തികെട്ടവനോ ഒന്നുമല്ല താന്‍. എന്നാല്‍ താന്‍ ചതിയിലൂടെയാണ് കളിച്ച് ജയിക്കുന്നതെന്നാണ് അവര്‍ പറയാറുള്ളത്. തനിക്ക് മനുഷ്യത്വമില്ലെന്നും പറഞ്ഞിരുന്നു. ഇങ്ങനെ വന്നപ്പോള്‍ ആത്മവിശ്വാസം നഷ്ടപ്പെടുകയായിരുന്നു. പുറത്തെ കാര്യങ്ങളെക്കുറിച്ചും അവര്‍ സംസാരിക്കുന്നുണ്ടായിരുന്നു. എലീനയുമായുള്ള ബന്ധത്തെയും അവര്‍ മോശമായി ചിത്രീകരിച്ചിരുന്നു. ഇതൊക്കെയായപ്പോള്‍ പുറമെ തനിക്ക് വലിയ നെഗറ്റീവാണെന്നാണ് കരുതിയത്. അങ്ങനെയാണ് രേഷ്മയോടെ നോമിനേഷന്‍ പോവുന്നതിനെക്കുറിച്ച് ചോദിച്ചത്. അവള്‍ അത് സമ്മതിക്കുകയുമായിരുന്നു.

രജിത്തുമായുള്ള വഴക്ക്
തുടക്കത്തില്‍ രജിത്തേട്ടനുമായി നല്ല സൗഹൃദമായിരുന്നു. പിന്നെ അതില്ലാതാവുകയായിരുന്നു. ആരേയും സംസാരിക്കാന്‍ അനുവദിക്കാറില്ല പുള്ളി. കോയിന്‍ ടാസ്‌ക്ക് നടക്കുന്നതിനിടയിലായിരുന്നു ഈ സംഭവം നടന്നത്. കോയിനെടുക്കാന്‍ എന്ന മട്ടില്‍ അദ്ദേഹം 2തവണ വീടിനകത്തേക്ക് ഓടുന്ന പോലെ കാണിച്ചിരുന്നു. മൂന്നാമത്തെ തവണയാണ് താന്‍ വാതില്‍ വലിച്ചത്. പുള്ളി വാതില്‍ അകത്തേക്ക് തള്ളി. അപ്പോള്‍ പുള്ളിയെ പിടിച്ചുതള്ളി. അതോടെ പുള്ളി മൈക്ക് വലിച്ചുപൊട്ടിക്കാന്‍ ശ്രമിച്ചു. അപ്പോഴാണ് വിരലിന് പരിക്ക് പറ്റിയത്. ഈ സംഭവത്തില്‍ ബിഗ് ബോസ് ഞങ്ങള്‍ക്ക് താക്കീത് നല്‍കിയിരുന്നു.

നിലപാടുകള്‍ തിരുത്തും
ഫുക്രു പറഞ്ഞ സ്ത്രീവിരുദ്ധ നിലപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങളും അഭിമുഖത്തിലുണ്ടായിരുന്നു. സത്യത്തില്‍ ഇത് ഞാന്‍ ശ്രദ്ധിച്ചിട്ടില്ല. ഇപ്പോഴാണി ശ്രദ്ധിക്കുന്നത്.. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ ഇനി അത്തരം നിലപാടുകളും തിരുത്തും. ഞാന്‍ സ്ത്രീകളെ അങ്ങനെ രണ്ടാംകിട ജന്മമായി കാണുന്നില്ല. തുല്യനീതിയിലും അവകാശത്തിലും വിശ്വസിക്കുന്നു. ഇപ്പോള്‍ പറയട്ടെ, ഒരു സ്ത്രീ അല്പവസ്ത്രം ധരിച്ചാല്‍ പുരുഷന് എന്തെങ്കിലും തോന്നുമെങ്കില്‍ അത് ആ നോക്കുന്ന പുരുഷന്റെ കുഴപ്പമാണ്. സ്ത്രീയുടെ കുഴപ്പമല്ല. ഇതൊരു എന്റര്‍ടെയിന്റ്‌മെന്റ് ഷോയാണ്. അവിടെ 75 ദിവസം ഞങ്ങളൊക്കെ ഗെയിം കളിച്ചു. ഇതൊക്കെ ഒരു ഗെയിമിന്റെ സ്പിരിറ്റില്‍ എല്ലാവരും എടുക്കണമെന്നും ഫുക്രു പറഞ്ഞിരുന്നു.

രഘുവിനെക്കുറിച്ചുള്ള മതിപ്പ് പോയി
ബാത്ത് റൂമിന്റെ ആ വാഷ് ബേസിനൊക്കെ ഉള്ള ഏരിയയില്‍ ഇട്ടിരിക്കുന്ന സോഫയിലാണ് എലീനയും ഞാനും ഇരിക്കാറുള്ളത്. ബിഗ് ബോസിലെ കാമറകള്‍ കാണാത്തതോ കാണാന്‍ പറ്റാത്തതോ ആയ ഒന്നും ഞങ്ങള്‍ ചെയ്തിട്ടില്ല. ബാത്ത് റൂം എന്നവര്‍ തെറ്റിദ്ധരിപ്പിക്കുന്ന പോലെ പറഞ്ഞതാവും. രഘു അങ്ങനെ പറഞ്ഞെങ്കില്‍ അത് മോശമായിപ്പോയി. എനിക്ക് പുള്ളിയെക്കുറിച്ചു കുറച്ചു മതിപ്പുണ്ടായിരുന്നു. രഘുവിനെക്കുറിച്ചുള്ള മതിപ്പ് പോയ ഒരു സംഭവം ഷോ തീരുന്ന അന്നും ഉണ്ടായി. ദയ ചേച്ചിയുമായി വഴക്കിട്ടപ്പോ രഘു പെരുമാറിയ രീതി. കൂവുകയും ബഹളം വക്കുകയും ഒക്കെ ചെയ്യുന്ന രഘുവിനെ കണ്ടു ഞാന്‍ അത്ഭുതപ്പെട്ടു. ഇതാണോ യഥാര്‍ത്ഥ രഘുവെന്നും ഫുക്രു പറഞ്ഞിരുന്നു.


Click it and Unblock the Notifications