ഷോയിൽ പങ്കെടുത്തതില്‍ ഖേദിക്കുന്നു, ഇത് സഹിക്കാവുന്നതിലും അപ്പുറം, മാപ്പ് പറഞ്ഞ് രാജിനി ചാണ്ടി
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമാകുകയാണ് നടി രാജിനി ചാണ്ടി. മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് സീസൺ 2 ലെ മത്സരാർഥിയായിരുന്നു രാജിനി ചാണ്ടി. രണ്ട് ആഴ്ചകൾ പിന്നിട്ടപ്പോൾത്തന്നെ താരം ഷോയിൽ നിന്ന് പുറത്തായി. ഇതേസമയം, ബിഗ് ബോസ് ഹൗസിൽ നിന്ന് മടങ്ങി എത്തിയതിനു ശേഷം രാജിനി ചാണ്ടി വ്യാപക സൈബർ ആക്രമണത്തിന് ഇരയാവുകയുണ്ടായി.
ഷോയിൽ നിന്ന് പുറത്ത് വന്നതിനു ശേഷം മറ്റൊരു മത്സർഥിയായ രജിത് കുമാറിനെതിരെ നടത്തിയ പരാമർശമാണ് സൈബർ ആക്രമണത്തിന് ഇടയാക്കിയത്. രാജിനി ചാണ്ടിയുടെ വിവാദ പരാമർശങ്ങൾക്കെതിരെ കടുത്ത വിമർശനം സമൂഹിക മാധ്യമങ്ങളിൽ ഇപ്പോഴും ഉയരുന്നുണ്ട്. എന്തായാലും സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് രാജിനി ചാണ്ടി രംഗത്തു വന്നിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

എന്റെ പരാമര്‍ശങ്ങള്‍ നിങ്ങളെ വേദനിപ്പിച്ചുവെങ്കില്‍ ഞാന്‍ മാപ്പ് പറയുന്നു. സൈബര്‍ ആക്രമണങ്ങള്‍ പരിധി കടക്കുന്നു. അതെന്നെ വല്ലാതെ വേദനിപ്പിക്കുന്നു. എനിക്ക് മര്യാദയ്ക്ക് ഉറങ്ങാൻ പോലും കഴിയാത്ത അവസ്ഥയായി. എന്റെ പ്രായത്തെ എങ്കിലും ബഹുമാനിക്കണ്ടേ? അതിനു മാത്രം എന്ത് അപരാധമാണ് ഞാൻ ചെയ്തത് — രാജിനി ചാണ്ടി ചോദിക്കുന്നു. തന്നെ മാത്രമല്ല തന്റെ ഭർത്താവിനെ പോലും ചിലർ വെറുതെ വിടുന്നില്ലെന്നും താരം പറയുന്നു.
Recommended Video

ബിഗ് ബോസ് ഷോയ്ക്ക് ചേർന്നൊരു മത്സരാർഥിയല്ല ഞാൻ. ഒന്നും അറിയാതെയാണ് ഞാൻ ബിഗ് ബോസിൽ പങ്കെടുക്കാൻ പോയത്. ഒരു തമാശയായി മാത്രമാണ് ഞാന്‍ അതിനെ നോക്കി കണ്ടത്. ഈ പ്രായം എന്ന് പറയുന്നത് വെറും അക്കങ്ങള്‍ മാത്രമാണ് എന്ന് മറ്റുള്ളവര്‍ക്ക് ബോധ്യപ്പെടുത്തി കൊടുക്കാം എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. എല്ലാം എന്റെ തെറ്റാണ് രാജിനി ചാണ്ടി പറയുന്നു. ഷോയിൽ പങ്കെടുത്തതിൽ ഇപ്പോൾ ഖേദിക്കുന്നുണ്ടെന്നും താരം പറഞ്ഞു.

ഷോയിൽ പങ്കെടുക്കാൻ പോയതു കൊണ്ട് ഒരു രജനി ചിത്രം നഷ്ടപ്പെട്ടുവെന്നും രാജിനി ചാണ്ടി പറഞ്ഞു. ഷോ തുടങ്ങുന്നതിന് രണ്ട് ദിവസം മുൻപ് രജനികാന്തിനോടൊപ്പം അഭിനയിക്കാൻ താൽപര്യമുണ്ടോ എന്ന് ചോദിച്ച് ഒരു കോൾ വന്നിരുന്നു. എന്നാൽ അന്ന് എനിയ്ക്ക് അത് സ്വീകരിക്കാൻ കഴിഞ്ഞിരുന്നില്ല. അതിൽ എനിയ്ക്ക് വലിയ കുറ്റബോധമുണ്ടെന്നും രാജിനി ചാണ്ടി കൂട്ടിച്ചേർത്തു.

ബിഗ് ബോസ് ഹൗസിനുള്ളിൽ വെച്ചു തന്നെ രജിത് കുമാറിന്റെ പല നിലപാടുകളേയും രാജിനി ചാണ്ടി വിമർശിച്ചിരുന്നു. പ്രകടമായി ഭിന്നത പ്രകടിപ്പിക്കുകയും ചെയ്തു. രജിത്തിനോടൊപ്പം ജയിലിൽ കിടക്കാനും രാജിനി ചാണ്ടി തയ്യാറായിരുന്നില്ല. എന്നാൽ ബിഗ് ബോസിന് പുറത്ത് എത്തിയപ്പോഴും രജിത് കുമാറിന്റെ പല പ്രവർത്തികളേയും രാജിനി രൂക്ഷമായി വിമർശിച്ചിരുന്നു. ഇതാണ് സൈബർ ആക്രമണത്തിന് ഇടയാക്കിയത്.


Click it and Unblock the Notifications











