ക്യാമറയ്ക്ക് മുന്നിൽ പരാതിയുമായി രജിത് കുമാർ, ഒറ്റ ചോദ്യം കൊണ്ട് വായടപ്പിച്ച് ബിഗ് ബോസ്
Recommended Video
ദിവസങ്ങൾ കഴിയുന്തോറും ബിഗ് ബോസ് ഹൗസിൽ സംഭവബഹുലമായ കാര്യങ്ങളാണ് അരങ്ങേറുന്നത്. ചിരിയും സന്തോഷവും നിറഞ്ഞു നിന്ന വീട്ടിലെ കളി ചിരികൾ മാറി മറിഞ്ഞിരിക്കുകയാണ്. അംഗങ്ങൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസം നാൾക്കുനാൾ വർധിച്ചു വരുകയും ചെയ്യുന്നുണ്ട്. ഈ ആഴ്ച ബിഗ് ബോസ് നൽകിയ ലക്ഷ്വറി ടാസ്ക്കാണ് ഹൗസിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചിരിക്കുന്നത് .
വീട്ടിലെ അംഗങ്ങൾ രണ്ട് ചേരികളിലേയ്ക്ക് തിരിഞ്ഞിരിക്കുകയാണ്. ബിഗ് ബോസ് ഹൗസിലെ ഒറ്റയാൾ പോരാളി എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഡോക്ടർ രജിത് കുമാറും പവനുമാണ് ഒരു ചേരിയിൽ , ബാക്കി അംഗങ്ങൾ ഇവർക്കെതിരെ ഒറ്റക്കെട്ടായി നിൽക്കുകയാണ്. നേരത്തെ തന്നെ ചേരി തിരിഞ്ഞുള്ള കളികൾ മത്സരാർഥികളുടെ ഭാഗത്ത് നിന്നുണ്ടായിരുന്നുവെങ്കിലും ഇപ്പോഴത് പ്രത്യക്ഷമായിരിക്കുകയാണ്.

എരി തീയിൽ എണ്ണ ഒഴിക്കും പോലെയായിരുന്നു ഈ ആഴ്ച അംഗങ്ങൾക്കായി നൽകിയ ലക്ഷ്വറി ടാസ്ക്ക്. ബിഗ് ബോസ് എറിഞ്ഞു നൽകുന്ന കോയിനുകൾ ശേഖരിക്കുകയും അത് ടാസ്ക്ക് കഴിയും വരെ മോഷണം പോകാതെ സൂക്ഷിക്കുകയും ചെയ്യണം. ഏത് തരത്തിൽ എപ്പോൾ വേണമെങ്കിലും കോയിനുകൾ മോഷണം പോകാമെന്നും ബിഗ് ബോസ് പ്രത്യേകം നിർദ്ദേശവും അംഗങ്ങൾക്കായി നൽകിയിരുന്നു. രസകരമായ ടാസ്ക്ക് ആയിരുന്നുവെങ്കിലും അംഗങ്ങൾക്കിടയിലുളള പ്രശ്നം വഷളാവാൻ ടാസ്ക്ക് കാരണമായി.

ഡോക്ടർ രജിത് കുമാറിന്റേയും പവന്റേയും കോയിനുകൾ മോഷണം പോകുകയായിരുന്നു. മഞ്ജു , വീണ, ജസ്ല, ആര്യ എന്നിവരായിരുന്നു കോയിൻ മോഷണത്തിന് പിന്നിൽ. തങ്ങളുടെ കോയിനുകൾ മോഷണം പോയി എന്ന് അറിഞ്ഞതോടെ പാവനും ഡോക്ടറും ബിഗ് ബോസ് ഹൗസിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുകയായിരുന്നു. അനീതിയാണെന്നും ഗെയിം താൽക്കാലികമായി നിർത്തിവെച്ചു എന്ന് പറഞ്ഞതു കൊണ്ടാണ് തങ്ങളുടെ കൈകളിൽ ഭഭ്രമായിരുന്ന കോയിനുകൾ എല്ലാവരും കാണുന്ന സ്ഥലത്ത് വെച്ചതെന്നും രജിത് കുമാർ വാദിച്ചു. എന്നാൽ അങ്ങനെയല്ല. ഡെയ്ലി ടാസ്ക്ക് നിർത്തിവെച്ചതിന്റെ കാര്യമാണ് ബിഗ് ബോസ് അറിയിച്ചതെന്ന് മറ്റുള്ളവർ തിരിച്ചും ഉന്നയിച്ചു. ഏറ്റവും ഒടുവിൽ പരാതി ബിഗ് ബോസിന് മുന്നിലേയ്ക്ക് പോകുകയായിരുന്നു.

ഹൗസിലെ രംഗം വഷളായതിനെ തുടർന്നാണ് പരാതിയുമായി ക്യാപ്റ്റൻ പാഷണം ഷാജി ബിഗ് ബോസിന്റെ മുന്നിൽ എത്തിയത്. ലക്ഷ്വറി ടാസ്ക്ക് നിർത്തിവെച്ചിട്ടുണ്ടോ ഇല്ലയോ എന്ന് ക്ലിയറായി പറഞ്ഞു തരണമെന്നും വീട്ടിലെ സ്ഥിതി മോശമാണെന്നും ബിഗ് ബോസിനെ അറിയിക്കുകയായിരുന്നു. എന്നാൽ ഷാജിയുടെ അഭ്യർഥനയ്ക്ക് മറുപടി നൽകാൻ ബിഗ് ബോസ് തയ്യാറായിരുന്നില്ല.

വഴക്കും ബഹളവും ഒരു വഴിയിലൂടെ തുടർന്നപ്പോൾ വീണ്ടും അംഗങ്ങൾക്ക് സന്ദേശവുമായി ബിഗ് ബോസ് എത്തുകയായിരുന്നു. അംഗങ്ങളെ ലിവിങ് റൂമിൽ വിളിപ്പിക്കുകയും തങ്ങളുടെ കൈകളിലുള്ള കോയിനുകളുടെ എണ്ണവും പോയിന്റും വീണ്ടും ചോദിച്ചു. അംഗങ്ങൾ എല്ലാവരും തങ്ങളുടെ കൈകളിലുള്ളത് പറഞ്ഞു. ഒടുവിൽ രജിത് കുമാറിന്റെ ഊഴം എത്തി. അദ്ദേഹത്തിന്റെ കൈകളിൽ ഉണ്ടായിരുന്ന പോയിന്റുകൾഹൗസിലുള്ള മറ്റ് സഹോദരങ്ങൾ മോഷ്ടിച്ചു എന്ന് പറഞ്ഞ് തുടങ്ങിയപ്പോൾ തന്നെ ബിഗ് ബോസിന്റെ നിർദ്ദേശം എത്തുകയായിരുന്നു. ഇപ്പോൾ കൈകളിൽ ഉള്ളത് പറയാനായിരുന്നു നിർദ്ദേശം. ഒന്നുമില്ലെന്ന് പറഞ്ഞ് രജിത് കുമാർ സീറ്റിൽ ഇരുന്നു. കൂടാതെ ഡോക്ടറിന്റേയോ പവന്റേയോ കോയിൻ മോഷണത്തെ കുറിച്ച് ഒരു വാക്കു പോലും ബിഗ് ബോസ് ചോദിക്കുകയും ചെയ്തില്ല. ഇത് ഡോക്ടറിൽ വിഷമം ഉണ്ടാക്കി എങ്കിലും മറ്റുള്ള അംഗങ്ങൾക്ക് സന്തോഷം നൽകുകയായിരുന്നു.


Click it and Unblock the Notifications