പുറത്താണ് പൊളിറ്റിക്‌സ്! നീതിപൂര്‍വ്വമല്ല ഈ പുറത്താക്കല്‍! ബിഗ് ബോസ് ജീവിതത്തെക്കുറിച്ച് രേഷ്മ!
ബിഗ് ബോസ് സീസണ്‍ രണ്ടില്‍ മത്സരിക്കാനെത്തിയതോടെയാണ് രേഷ്മ രാജനെക്കുറിച്ച് പ്രേക്ഷകര്‍ കൂടുതല്‍ മനസ്സിലാക്കിയത്. വിവിധ മേഖലകളിലായി കഴിവ് തെളിയിച്ച വ്യത്യസ്തരായ 17 പേരുമായാണ് ഇത്തവണ ബിഗ് ബോസ് എത്തിയത്. സ്വന്തം നിലപാട് കൃത്യമായി വ്യക്തമാക്കി മുന്നേറിയ താരങ്ങളിലൊരാളായിരുന്നു രേഷ്മ. കഴിഞ്ഞ ദിവസമാണ് താരം പരിപാടിയില്‍ നിന്നും പുറത്തായത്. എലിമിനേഷനില്‍ പുറത്തേക്ക് പോവുന്നത് രേഷ്മയാണെന്ന സൂചന പ്രമോ വന്നപ്പോള്‍ വ്യക്തമായിരുന്നു. പ്രത്യേകിച്ച് മുഖവരുകളൊന്നുമില്ലാതെയായിരുന്നു മോഹന്‍ലാല്‍ രേഷ്മയെ പുറത്തേക്ക് വിളിച്ചത്.
രേഷ്മയ്ക്ക് ബാഗൊക്കെ പാക്ക് ചെയ്ത്, എല്ലാവരോടും യാത്ര പറഞ്ഞ് സെല്‍ഫിയും എടുത്ത് തനിക്കരികിലേക്ക് വരാമെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. പ്രതീക്ഷിച്ച കാര്യം കേട്ടതിന്റെ ആശ്വാസമായിരുന്നു രേഷ്മയുടെ മുഖത്ത്. ഇത് താന്‍ പ്രതീക്ഷിച്ചിരുന്നതാണെന്നായിരുന്നു രേഷ്മ മറ്റുള്ളവരോട് പറഞ്ഞത്. ഇത് താന്‍ പറഞ്ഞിരുന്നതല്ലേയെന്നായിരുന്നു സാന്‍ഡ്രയുടെ ചോദ്യം. എല്ലാവരേയും കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞാണ് താരം മോഹന്‍ലാലിന് അരികിലേക്ക് എത്തിയത്. ബിഗ് ബോസ് അനുഭവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ കൃത്യമായ മറുപടിയായിരുന്നു താരം നല്‍കിയത്. മുളക് തേച്ചതുകൊണ്ടല്ല രേഷ്മ പുറത്തേക്ക് പോവുന്നതെന്നായിരുന്നു മോഹന്‍ലാല്‍ താരത്തോട് പറഞ്ഞത്.

രജിത്തിന് പിന്നാലെ രേഷ്മയും പുറത്ത്
സ്‌കൂള്‍ ടാസ്‌ക്കിനിടയില്‍ രേഷ്മയുടെ കണ്ണിലേക്ക് രജിത് പച്ചമുളക് തേച്ചിരുന്നു. ക്ലാസിലെ ഏറ്റവും വികൃതിക്കാരനായ കുട്ടിയാവുന്നതിന് വേണ്ടിയാണ് താന്‍ ഇങ്ങനെ ചെയ്തത് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഈ സംഭവത്തെത്തുടര്‍ന്ന് ബിഗ് ബോസ് താരത്തെ താല്‍ക്കാലികമായി വീട്ടില്‍ നിന്നും മാറ്റിയിരുന്നു. വാരാന്ത്യത്തിലെ എപ്പിസോഡിനായി എത്തിയ മോഹന്‍ലാലായിരുന്നു അന്തിമ തീരുമാനങ്ങളെക്കുറിച്ച് വ്യക്തമാക്കിയത്. രേഷ്മയുടെ മാതാപിതാക്കളുമായി രജിത് സംസാരിച്ചിരുന്നു. രേഷ്മയോട് ക്ഷമാപണവും നടത്തിയതിന് ശേഷമായരുന്നു രജിത് പുറത്തേക്ക് പോയത്. രജിത്തിന് പിന്നാലെയായി രേഷ്മയും പുറത്തായിരിക്കുകയാണ് ഇപ്പോള്‍.
Recommended Video

അടിയുണ്ടാക്കിയ രംഗങ്ങള്‍ മാത്രം
അരികിലേക്കെത്തിയ രേഷ്മയോട് മോഹന്‍ലാല്‍ ബിഗ് ബോസ് ജീവിതത്തെക്കുറിച്ചായിരുന്നു ചോദിച്ചത്. ഇതുവരെയുള്ള യാത്രയുടെ ചെറിയൊരു വീഡിയോയും അദ്ദേഹം കാണിച്ചിരുന്നു. താന്‍ വഴക്കിടുന്ന കാര്യങ്ങള്‍ മാത്രമാണോ കാണിച്ചതെന്നായിരുന്നു താരം വീഡിയോ കണ്ടപ്പോള്‍ ചോദിച്ചത്. അങ്ങനെയല്ല, ഇത് ചെറിയൊരു ഭാഗം മാത്രമാണെന്നുമായിരുന്നു മോഹന്‍ലാലിന്റെ മറുപടി. തനിക്ക് നീതി ലഭിച്ചുവെന്ന് തോന്നുന്നില്ലെന്നായിരുന്നു പിന്നീട് താരം പറഞ്ഞത്.

പുറത്തെ പൊളിറ്റിക്സ്
എനിക്ക് തോന്നുന്നു, അകത്ത് നടക്കുന്ന പൊളിറ്റിക്‌സിനേക്കാള്‍ വലിയ പൊളിറ്റിക്‌സ് ആണ് പുറത്ത് നടക്കുന്നതെന്ന്. അല്ലെങ്കില്‍ ഈയാഴ്ച, എന്റെ കണ്ണില്‍ മുളക് തേച്ചിട്ട് ഞാന്‍ തന്നെ പുറത്ത് പോകുന്നത്. ആദ്യമായിട്ടായിരിക്കും ഇങ്ങനെ ഒരു സംഭവമെന്നും രേഷ്മ പറഞ്ഞിരുന്നു. രജിത് വിഷയം രേഷ്മയെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന വിലയിരുത്തലുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ബിഗ് ബോസ് വീട്ടിലുള്ളവരും ഇതേക്കുറിച്ച് പറഞ്ഞിരുന്നു.

നീതിപൂര്‍വ്വമല്ല
ബിഗ് ബോസില്‍ നിന്നും പുറത്തായതിനെക്കുറിച്ച് രേഷ്മ കൃത്യമായി പ്രതികരിച്ചിരുന്നു. നീതിപൂര്‍വ്വമുള്ള തീരുമാനമാണ് ഇതെന്ന് തോന്നുന്നില്ലെന്നായിരുന്നു താരം പറഞ്ഞത്. അത് നീതിയാണെന്ന് എനിക്ക് തോന്നുന്നില്ല. പക്ഷേ ഇത് ഞാന്‍ സ്വീകരിക്കുന്നു. കാരണം അതിനുള്ളില്‍ വൈകാരികമായോ മറ്റ് രീതിയിലോ ഒരാളോടും എനിക്കിപ്പോള്‍ അടുപ്പമില്ല. തീരെ അടുപ്പമില്ല ആരോടുമെന്നും രേഷ്മ പറഞ്ഞിരുന്നു.

മനസ്സുകൊണ്ട് ആഗ്രഹിച്ചിരുന്നു
ഒരു സുഹൃത്ത് എന്നുപറയാന്‍ ആരുമില്ല. കാര്യങ്ങള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ പങ്കുവെക്കാന്‍ ആരുമില്ല. അതിനാല്‍ ഞാന്‍തന്നെ മനസുകൊണ്ട് ആഗ്രഹിച്ചിട്ടുണ്ടായിരുന്നു ഈയാഴ്ച അങ്ങ് പോയിരുന്നെങ്കില്‍ സമാധാനമായി വീട്ടില്‍ പോയിട്ട് എന്തെങ്കിലും ചെയ്യാമല്ലോ എന്ന്. കാരണം പുറത്തിറങ്ങിയാല്‍ നമുക്ക് ചെയ്യാന്‍ കുറേ കാര്യങ്ങളുണ്ട്. വെറുതെ ഇതിനകത്ത് കുടുങ്ങി കിടക്കേണ്ട കാര്യമില്ലല്ലോ എന്ന്. അതിനാല്‍ എനിക്ക് കുറ്റബോധമൊന്നുമില്ല. സന്തോഷത്തോടെ പോകുന്നു.

മോഹന്‍ലാലിന്‍റെ തിരുത്ത്
ഒരു കാര്യം ഞാന്‍ പറഞ്ഞോട്ടെ, കണ്ണില്‍ മുളക് തേച്ചതുകൊണ്ടല്ല രേഷ്മ പുറത്ത് പോകുന്നത്. ഇത് വലിയ ഓഡിറ്റ് ഉള്ള കാര്യമാണ്. സുതാര്യമായ വോട്ടിംഗ് സിസ്റ്റം ഉണ്ട്. രേഷ്മയ്ക്കായിരുന്നു ഈ പ്രാവശ്യം വോട്ടുകള്‍ കുറവ്. ആ സംഭവം ഉണ്ടായാലും ഇല്ലെങ്കിലും രേഷ്മ തന്നെ ആയിരുന്നു പുറത്ത് പോകേണ്ടിയിരുന്നത്. ആ ഒരു തെറ്റായ ധാരണ വച്ചുകൊണ്ട് രേഷ്മ പോകുന്നത് എന്നെ സംബന്ധിച്ചും ബിഗ് ബോസ് ഫാമിലിയെ സംബന്ധിച്ചും ബിഗ് ബോസ് ഷോയെ സംബന്ധിച്ചും തെറ്റായ ഒരു കാര്യമായതുകൊണ്ട് പറഞ്ഞു എന്നേയുള്ളൂ. എല്ലാ ആശംസകളും. കാണാം, ഭാവുകങ്ങള്‍ എന്നും പറഞ്ഞായിരുന്നു അദ്ദേഹം രേഷ്മയെ യാത്രയാക്കിയത്.


Click it and Unblock the Notifications