വീണ കരയുന്നത് കണ്ടപ്പോള്‍ തിരിച്ചുവരട്ടെ എന്നാഗ്രഹിച്ചു! ഇപ്പോള്‍ കളി പഠിച്ചുവെന്നും ഭര്‍ത്താവ്!
സിനിമയിലും സീരിയലിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരങ്ങളിലൊരാളാണ് വീണ നായര്‍. ബിഗ് ബോസ് സീസണ്‍ രണ്ടിലേക്ക് താരവും മത്സരിക്കാനെത്തുന്നുണ്ടെന്നറിഞ്ഞപ്പോള്‍ ആരാധകര്‍ സന്തോഷത്തിലായിരുന്നു. താരത്തിനെതിരെ രൂക്ഷവിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിരുന്നു. വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് പറഞ്ഞ് താരം വികാരധീനയായിരുന്നു. കണ്ണേട്ടനെക്കുറിച്ചും അമ്പോറ്റിയെക്കുറിച്ചുമൊക്കെ വീണ സംസാരിച്ചിരുന്നു. സങ്കടമുള്ള കാര്യങ്ങള്‍ പറഞ്ഞ് പ്രേക്ഷകരെ കൈയ്യിലെടുക്കാനുള്ള തന്ത്രമാണ് താരത്തിന്റെതെന്ന തരത്തിലായിരുന്നു വിമര്‍ശനങ്ങള്‍. വിമര്‍ശനങ്ങള്‍ പെരുകുന്നതിനിടയിലും വീണയെ പിന്തുണയ്ക്കുന്നവരുമുണ്ടായിരുന്നു.
ബിഗ് ബോസിലെത്തിയതിന് ശേഷമുള്ള വീണയെക്കുറിച്ചുള്ള തുറന്നെഴുത്തുമായി എത്തിയിരിക്കുകയാണ് ഭര്‍ത്താവായ ആര്‍ ജെ അമന്‍. അന്തസ്സായാണ് കണ്ണേട്ടന്‍ തന്നെ നോക്കുന്നതെന്നും ഭര്‍ത്താവിനെ ദൈവത്തെപ്പോലെ കാണുന്നയാളാണ് താനെന്നുമൊക്കെ വീണ വ്യക്തമാക്കിയിരുന്നു. വീണയുടെ പ്രൊഫഷണല്‍ ജീവിതത്തില്‍ താന്‍ ഇടപെടാറില്ലെന്നും അവള്‍ക്ക് മാനസികമായ പിന്തുണ ആവശ്യമാണെന്നും, ബിഗ് ബോസില്‍ നിന്നും തിരികെ ഞങ്ങളുടെ കുഞ്ഞുജീവിതത്തിലേക്ക് വരേണ്ട പെണ്ണാണെന്നുമുള്ള ഉത്തമബോധ്യത്തോടെയാണ് താന്‍ പോസ്റ്റ് ഇടുന്നതെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. വീണയുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലായിരുന്നു അമന്‍ കുറിപ്പ് പോസ്റ്റ് ചെയ്തത്. കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.

വീണയുടെ കണ്ണേട്ടന്‍
ആദ്യമേ പറയട്ടെ, ഈ പേജിന്റെ അഡ്മിനിൽ ഒരാളാണ് എഴുതുന്നത്. അഡ്മിനിൽ ഉപരി വീണയുടെ ഭർത്താവാണ് ഞാൻ. ബിഗ് ബോസ്സ് ഭാഷയിൽ പറഞ്ഞാൽ വീണയുടെ 'കണ്ണേട്ടൻ'. ആത്മാർത്ഥമായും, സ്നേഹത്തോടെയും, പരിഹാസത്തോടെയും പിന്നെ ഇങ്ങനൊന്നും അല്ലാതെ വള്ളിയും പുള്ളിയും കുനിപ്പും ഇട്ട് ആ പേരെന്നെ ഒരുപാട് ആൾക്കാർ വിളിച്ചു. ചിലത് സ്വീകരിച്ചു ചിലത് നിരസിച്ചു. കൂടുതലായി വിളി വന്നത് 2 ആഴ്ച്ച മുന്നേ ആയിരുന്നു. ഒരു വ്യാഴാഴ്ച.

ഇടപെട്ടിട്ടില്ല
ഈ പേജിലെ രണ്ടു വോട്ടഭ്യർത്ഥന പോസ്റ്റുകളിലെ കമെന്റുകൾ കണ്ട് എന്റെ സുഹൃത്തുക്കളുടെ വിളി വന്നപ്പോഴാണ് ന്റെ പൊന്ന് സാറെ ചുറ്റും നടക്കുന്നത് ഞാനും അറിഞ്ഞത്. അപ്പൊ തന്നെ പോസ്റ്റും ഡിലീറ്റ് ചെയ്ത് ഞാനും ഈ പേജിന്റെ അഡ്മിൻ ആകാൻ തീരുമാനിച്ചു. ഇതുവരെ വീണയുടെ പ്രൊഫഷണൽ കാര്യങ്ങളിൽ ഞാൻ ഇടപെട്ടിട്ടില്ല.
Recommended Video

കുഞ്ഞുജീവിതത്തിലേക്ക്
ഇതിപ്പോ അവൾക്ക് മാനസികമായ സപ്പോർട്ട് വേണം എന്ന് മനസ്സായിലായപ്പോൾ, ബിഗ് ബോസ് വീട്ടിൽ നിന്ന് തിരികെ ഞങ്ങളുടെ കുഞ്ഞു ജീവിതത്തിലേക്ക് വരേണ്ട പെണ്ണാണ് അവൾ എന്ന ഉത്തമ ബോധ്യത്തോടെ, ഈ പേജിൽ വരുന്ന മെസ്സേജുകൾക്കു ( ചിലതിന് ) മറുപടി നൽകി തുടങ്ങി. ആ മെസ്സേജുകളിൽ വീണക്ക് മാത്രമല്ല അസഭ്യവർഷം. എന്റെ കുടുംബത്തിനും. എന്തിനു 3 വയസ്സ് പ്രായമുള്ള ഞങ്ങളുടെ കുഞ്ഞിന് വരെ മെസേജ് (അല്പം മനോവിഷമം ഉണ്ടായത് അവിടെ മാത്രമാണ്). അങ്ങനെ ഈ പേജിന്റെ ഇന്‍ബോക്സ് നിറഞ്ഞു. സാവധാനം പലരുടെയും അമർഷം കെട്ടടങ്ങി. ചിലർ സഹതപിച്ചു. വെല്ലുവിളികൾ അവസാനിച്ചു.

എന്ത് വന്നാലും കരയരുതേ
ദാ ഇന്ന് 50 ദിവസം തികഞ്ഞു. ആദ്യ ദിവസങ്ങളിലെ വീണയുടെ കരച്ചിൽ കണ്ടു ഞാൻ മനസ്സുകൊണ്ട് ആഗ്രഹിച്ചു അവൾ തിരിച്ചു വന്നിരുന്നെങ്കിൽ എന്ന്. പിന്നെ കരഞ്ഞപ്പോൾ, ഡീ എന്ത് വന്നാലും നീ കരയരുതേ എന്ന് ആത്മഗതം. ഇപ്പോൾ കളികൾ അവളും മനസ്സിലാക്കുന്നു എന്ന് എല്ലാരേം പോലെ എന്റെയും മനസ്സ് പറയുന്നു. തുടർന്നും അങ്ങനെ ആവട്ടെ. ഈ 50 ദിവസം പിന്നിട്ടത് നിങ്ങളുടെ ഓരോരുത്തരുടേം വിലയിരുത്തൽ/സ്നേഹം കാരണം ആണ്. ദിവസേന അയക്കുന്ന വോട്ട്, അത് ഒന്നായാലും 50 ആയാലും നിങ്ങൾ മനസ്സറിഞ്ഞു നൽകിയതാണ്. ഈ സ്നേഹത്തിനു ഹൃദയം നിറഞ്ഞ നന്ദി.

വോട്ട് ചെയ്യാന്‍ മറക്കരുതേ
തുടർന്നും നിങ്ങളുടെ മനസ്സിൽ ഈ ഗെയിമിലൂടെ അവൾക്കു സ്ഥാനം ഉണ്ടെങ്കിൽ വോട്ട് ചെയ്യാൻ മറക്കരുതേ. ഒപ്പം വീണയുടെ കൂടെയുള്ള മറ്റു മത്സരാർത്ഥികൾക്ക് ഒരു പ്രേക്ഷകൻ എന്ന നിലയിൽ ഹൃദയം നിറഞ്ഞ ആശംസകളും നേരുന്നു. പിന്നെ ഒരു മത്സരത്തിലൂടെ മാത്രം ഒരാളെ വിലയിരുത്തരുതേ എന്ന് അപേക്ഷ . അതുപോലെ ഒരു ലാഭേച്ഛയും കൂടാതെ ആദ്യ ദിവസം മുതൽ ഇന്ന് വരെ കട്ടക്ക് കൂടെ നിന്ന കുറച്ചു പേരുണ്ട്, ഇതുവരെ നേരിൽ കണ്ടിട്ട് പോലും ഇല്ലാത്തവർ. വീണ തിരിച്ചു വരുന്ന ദിവസം ആ പേരുകൾ വെളിപ്പെടുത്തുമെന്നും ആര്‍ ജെ അമന്‍ കുറിച്ചിട്ടുണ്ട്.


Click it and Unblock the Notifications