രജിത് കുമാര്‍ കോടീശ്വരനിലേക്കോ? ബിഗ് ബോസ് ഫിനാലെയുടെ അന്ന് വന്നാല്‍ ചരിത്രമാവുമെന്ന് പരീക്കുട്ടിയും!
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നായിരുന്നു ബിഗ് ബോസ്. കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ താല്‍ക്കാലികമായി ബിഗ് ബോസ് നിര്‍ത്തിവെക്കുകയാണെന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ് ഇപ്പോള്‍. പരിപാടിയുടെ നിര്‍മ്മാതാക്കളായ എന്‍ഡമോള്‍ ഷൈന്‍ ഇന്ത്യയാണ് ഫേസ്ബുക്കിലൂടെ ഇതേക്കുറിച്ച് വ്യക്തമാക്കിയത്. താല്‍ക്കാലികമായി പരിപാടി നിര്‍ത്തിവെക്കുകയാണോ അതോ എന്നന്നേക്കുമായി അവസാനിപ്പിക്കുന്നതാണോയെന്ന് ചോദിച്ച് പ്രേക്ഷകരും എത്തിയിരുന്നു. വൈകാതെ തന്നെ കൃത്യമായ വിവരങ്ങള്‍ പുറത്തുവിടുമെന്നാണ് ചാനല്‍ അധികൃതര്‍ അറിയിച്ചിട്ടുള്ളത്.
ബിഗ് ബോസിലെ മത്സരാര്‍ത്ഥികളിലൊരാളായിരുന്ന ഡോക്ടര്‍ രജിത് കുമാര്‍ അടുത്തിടെയായിരുന്നു പരിപാടിയില്‍ നിന്നും പുറത്തേക്ക് പോയത്. ഇതിന് പിന്നാലെയായി പരിപാടിക്കും അവതാരകനായ മോഹന്‍ലാലിനുമെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. കൊറോണ കാരണമല്ല തങ്ങളുടെ പരാതികള്‍ കാരണമാണ് ബിഗ് ബോസ് നിര്‍ത്തിവെക്കുന്നതെന്ന അവകാശവാദവുമായാണ് ചിലരെത്തിയിട്ടുള്ളത്. ബിഗ് ബോസില്‍ നിന്നും പുറത്തേക്കെത്തിയ രജിത് കുമാറിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. ബിഗ് ബോസില്‍ നിന്നും പുറത്തുവന്ന അദ്ദേഹം കോടീശ്വരനിലേക്കെത്തിയാല്‍ എങ്ങനെയുണ്ടാവും, അത്തരത്തിലുള്ള പോസ്റ്റ് ഷെയര്‍ ചെയ്ത് എത്തിയിരിക്കുകയാണ് പരീക്കുട്ടി.

കോടീശ്വരനിലേക്ക്
ബിഗ് ബോസില്‍ നിന്നും പുറത്തായ രജിത് കുമാര്‍ കോടീശ്വരന്‍ പരിപാടിയില്‍ പങ്കെടുക്കണമെന്ന് ഫാന്‍സ് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ചാനലിന്റെ ഫേസ്ബുക്ക് പേജില്‍ ഇത്തരത്തിലുള്ള കമന്റുകളായിരുന്നു ആരാധകര്‍ പോസ്റ്റ് ചെയ്തത്. സുരേഷ് ഗോപി അവതാരകനായെത്തുന്ന പരിപാടിയിലേക്ക് രജിത് കുമാറിനെ ക്ഷണിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ആരാധകര്‍. മികച്ച സ്വീകാര്യതയാണ് നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍ പരിപാടിക്കും ലഭിക്കുന്നത്. സുരേഷ് ഗോപിയുടെ വേറിട്ട അവതരണ രീതിയാണ് പരിപാടിയുടെ പ്രധാന സവിശേഷതകളിലൊന്ന്.

ഇനി സുരേഷ് ഗോപിക്കൊപ്പം
ബിഗ് ബോസില്‍ നിന്നും രജിത് കുമാറിനെ മാറ്റിയതിന് പിന്നാലെയായി അദ്ദേഹത്തിന്റെ ആരാധകര്‍ പരിപാടി ബഹിഷ്‌ക്കരിച്ചിരുന്നു. മോഹന്‍ലാലിനൊപ്പമല്ല ഇനി ഞങ്ങള്‍ സുരേഷ് ഗോപിക്കൊപ്പമാണെന്നും അവര്‍ പ്രഖ്യാപിച്ചിരുന്നു. സ്‌കൂള്‍ ടാസ്‌ക്കിനിടയില്‍ രേഷ്മയുടെ കണ്ണിലേക്ക് രജിത് പച്ചമുളക് തേച്ചിരുന്നു. ഈ സംഭവത്തിന് പിന്നാലെയായാണ് ബിഗ് ബോസ് അദ്ദേഹത്തെ മാറ്റിനിര്‍ത്തിയത്. രജിത് കുമാര്‍ തിരിച്ചുവരാതെ പരിപാടി കാണേണ്ടെന്നാണ് തങ്ങളുടെ തീരുമാനമെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു.

പരീക്കുട്ടിയുടെ പോസ്റ്റ്
ബിഗ് ബോസ് സീസണ്‍ രണ്ടിലെ മത്സരാര്‍ത്ഥികളിലൊരാളായിരുന്ന പരീക്കുട്ടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ബിഗ് ബോസുമായി ബന്ധപ്പെട്ടൊരു ട്രോള്‍ ഷെയര്‍ ചെയ്താണ് താരമെത്തിയത്. പൊളിസാധനമാണ് ഇതെന്നും പരീക്കുട്ടി കുറിച്ചിട്ടുണ്ട്. നിരവധി പേരാണ് അദ്ദേഹത്തിന്‍രെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുള്ളത്.

ചരിത്രം പിറക്കും
ബിഗ് ബോസ് ഫിനാലെയുടെ അന്ന് തന്നെയുള്ള കോടീശ്വരന്‍ എപ്പിസോഡിലേക്ക് രജിത് കുമാര്‍ എത്തിയാല്‍ എങ്ങനെയുണ്ടാവും, അങ്ങനെയെങ്കില്‍ അവിടെ ചരിത്രം പിറക്കും. ഈ ട്രോളായിരുന്നു പരീക്കുട്ടി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. അദ്ദേഹം കോടീശ്വരനിലേക്ക് വന്നാല്‍ ലഭിക്കുന്ന പൈസ പാവപ്പെട്ടവര്‍ക്ക് നല്‍കുമെന്നും ഈ പോസറ്റ് എല്ലാവരും ഷെയര്‍ ചെയ്യണമെന്നായിരുന്നു ഒരാളുടെ കമന്റ്. അത്തരമൊരു അവസരത്തിനായാണ് തങ്ങള്‍ കാത്തിരിക്കുന്നതെന്ന കമന്റുകളും പോസ്റ്റിന് കീഴിലുണ്ട്.

സ്വീകരിക്കാനെത്തി
കണ്ണിന് അസുഖം ബാധിച്ചതിനെത്തുടര്‍ന്നായിരുന്നു പരീക്കുട്ടി ബിഗ് ബോസില്‍ നിന്നും പുറത്തായത്. ഇടയ്ക്ക് രജിത്തുമായി വഴക്കിട്ടിരുന്നുവെങ്കിലും പിന്നീട് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായി മാറുകയായിരുന്നു പരീക്കുട്ടി. നല്ലൊരു സഹോദരനെയാണ് തനിക്ക് നഷ്ടമാവുന്നതെന്നായിരുന്നു എലിമിനേഷന്‍ സമയത്ത് രജിത് കുമാര്‍ പരീക്കുട്ടിയെക്കുറിച്ച് പറഞ്ഞത്. പുറത്തിറങ്ങിയാല്‍ താന്‍ പരീക്കുട്ടിയെ കാണാന്‍ പോവുമെന്നും രജിത് കുമാര്‍ പറഞ്ഞിരുന്നു. ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയ രജിത് കുമാറിനെ സ്വീകരിക്കാനായി പരീക്കുട്ടിയും എത്തിയിരുന്നു.

വിമര്‍ശനങ്ങളും
രജിത് കുമാര്‍ അദ്ദേഹത്തിന്റെ വഴിക്ക് ജീവിച്ച് പൊക്കോട്ടെ, ഇത്രയുമധികം ഫാന്‍സ് പിന്തുണ അദ്ദേഹത്തിന് ആവശ്യമില്ലെന്നായിരുന്നു ഒരാളുടെ കമന്റ്. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി എല്ലാവരും ശ്രമിക്കുമ്പോള്‍ ഇത്തരത്തിലുള്ള പോസ്റ്റുമായി വരാന്‍ നാണമില്ലേയെന്ന വിമര്‍ശനവും പോസ്റ്റിന് കീഴിലുണ്ട്. ബിഗ് ബോസ് ഫൈനല്‍ ഞായറാഴ്ചയാവില്ലേയെന്നും കോടീശ്വരന്‍ വ്യാഴം വരേയല്ലേയുള്ളൂവെന്നുമായിരുന്നു മറ്റൊരാള്‍ ചൂണ്ടിക്കാണിച്ചത്.


Click it and Unblock the Notifications