twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വാപ്പ ആദ്യമായി അച്ഛനായ ദിവസം; നര വീണ മകനെ കുറിച്ച് അവരെന്താകും ഓര്‍മ്മിക്കുന്നതെന്ന് കിടിലം ഫിറോസ്

    |

    ബിഗ് ബോസില്‍ മത്സരാര്‍ഥിയായി വന്നതിന് ശേഷമാണ് കിടിലം ഫിറോസിനെ കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ പുറത്ത് വരുന്നത്. ആര്‍ജെയും സാമൂഹ്യ പ്രവര്‍ത്തകനുമൊക്കെയായ കിടിലം ഫിറോസ് തന്റെ ജന്മദിനം ആഘോഷിക്കുകയാണ് ഇന്ന്. 1982 ഡിസംബര്‍ ഇരുപത്തിയേഴിന് ജനിച്ച ഫിറോസിന്റെ മുപ്പത്തിയൊന്‍പതാം ജന്മദിനമാണിന്ന്. കഴിഞ്ഞ വന്ന ജീവിതത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം പങ്കുവെച്ച എഴുത്താണ് ഇപ്പോള്‍ ശ്രദ്ദേയമാവുന്നത്.

    ഉമ്മ ആദ്യമായി അമ്മയായ, വാപ്പ ആദ്യമായി അച്ഛനായ ദിവസം

    ''പ്രിയപ്പെട്ട എന്റെ മാലാഖക്കുഞ്ഞുങ്ങളെ, നിങ്ങള്‍ക്ക് പപ്പയുടെ ഭാഷ മനസിലാകുമ്പോള്‍ വായിക്കുവാന്‍ ഇതിവിടെ കുറിച്ചിടട്ടെ. 'ഒരു മനുഷ്യന്‍ അവന്റെ വഴികളില്‍ തിരിഞ്ഞു നോക്കാന്‍ വെറുതെയെങ്കിലും ശ്രമിച്ചു നോക്കുന്ന ഒരു ദിവസമാകണം ജന്മ ദിവസം എന്ന് ചിന്തിക്കാറുണ്ട് എല്ലാക്കൊല്ലവും ഈ ദിവസത്തില്‍. ഡിസംബര്‍ 27, ഉമ്മ ആദ്യമായി അമ്മയായ, വാപ്പ ആദ്യമായി അച്ഛനായ ദിവസം. കൊല്ലം ഇത്ര പിന്നിടുമ്പോള്‍ അവര്‍ക്കെന്താകും എന്നെയോര്‍ത്ത് തോന്നുക? അതിനപ്പുറം ഞാന്‍ മറ്റൊരാള്‍ക്കെന്തു തോന്നും എന്ന് ചിന്തിക്കല്‍ വളരെ വളരെ വിരളമാണ്. ഉമ്മയും വാപ്പയും ഒഴികെ എന്റെ നല്ലതിനും ചീത്തയ്ക്കും മറ്റൊരാള്‍ക്കും ഗുണവും പഴിയും കേള്‍ക്കാനുമിടയില്ല.

    കാര്യമെന്തായാലും എനിക്കതില്‍ ഒരു ബന്ധവുമില്ല

    ഓര്‍മ്മവച്ച നാള്‍ മുതല്‍ ഇന്നു വരെ നല്‍കലുകളായിരുന്നു പിറന്നാളുകള്‍. സ്വീകരിക്കല്‍ ഹൃദയത്തിന്റെ ജീവബിന്ദുക്കളില്‍ നിന്ന് മാത്രം. അതും അറിയാതെ എന്നിലേക്കെത്തിക്കുമ്പോള്‍ മാത്രം. കുട്ടിക്കാലം മുഴുവന്‍ പിറന്നാളോര്‍മ്മകളില്‍ ഉമ്മ ആഹാരം ഉണ്ടാക്കി കുടുംബത്തിനും പായസമുണ്ടാക്കി അയല്‍വക്കത്തും പാലും പഴവും ചേര്‍ത്ത ഒരു രുചിക്കൂട്ട് നാട്ടുകാര്‍ക്കും വിളമ്പുന്നത് കണ്ടു വളര്‍ന്നു. അന്ന് ചിന്തിക്കും ,എന്റെ പിറന്നാളിന് ഉമ്മയെന്തിനാകും എല്ലാവര്‍ക്കും വിളമ്പുന്നത്? കാര്യമെന്തായാലും എനിക്കതില്‍ ഒരു ബന്ധവുമില്ല. വാപ്പ ഗള്‍ഫ് ജീവിതം നിര്‍ത്തി എത്തിയ ശേഷം പിറന്നാളോര്‍മ്മകളില്‍ മുഴുവന്‍ ഒപ്പം പഠിച്ച ആത്മാര്‍ഥ സുഹൃത്തുക്കളാണ്. അവരെ വീട്ടില്‍ വിളിച്ചു വരുത്തി ഊട്ടും. ഉമ്മ വക പാലും പഴവും പതിവ് പായസവും വേറെ. വാപ്പ വന്നശേഷം യത്തീം ഖാനകളില്‍ ഭക്ഷണം നല്‍കുന്ന പരിപാടിയും ആദ്യമായി ഞാന്‍ പരിചയപ്പെട്ടു! അന്നാണത് മനസിലാകുന്നത്.

     ഈ നല്‍കലിന്റെ ലഹരി ആദ്യമായി എന്നെ കീഴടക്കിയ ദിവസം

    നമ്മള്‍ ജനിച്ചതിന്റെ കാരണത്തില്‍ മറ്റൊരാള്‍ മനസ് നിറയെ ആഹരിക്കുക എത്ര മനോഹരമാണത്. പക്ഷേ അതിലും എനിക്ക് പങ്കില്ല. കോളേജ് കാലത്തെ പിറന്നാളുകള്‍ പലതും യാത്രകളായിരുന്നു. പല സംസ്ഥാനങ്ങളില്‍ വച്ച് സൗഹൃദക്കൂട്ടങ്ങള്‍ പേരിനും പൊലിപ്പിച്ചും കളിപ്പിച്ചും തെളിയിച്ചും ഒക്കെ നടന്നവ. പിറന്നാളുകള്‍ക്ക് ഞാന്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഉമ്മ വക നന്മയുടെ, സ്‌നേഹത്തിന്റെ പാലും പഴവും ഏതൊക്കെയോ മനസുകളിലേക്കെത്തുന്ന രുചി ഓരോ പിറന്നാളിനും ഒപ്പമുണ്ടായിരുന്നു! കുടുംബമായപ്പോള്‍, തിരുവനന്തപുരത്തേക്ക് കാലമെന്നെ പറിച്ചു നട്ടപ്പോള്‍ ആദ്യമായി ഒരു പിറന്നാളിന് ഉമ്മ പനിവന്നു കിടപ്പിലായ സമയത്താണ് ഞാനാദ്യമായി ഒറ്റയ്ക്ക് ഭക്ഷണം വാങ്ങി നല്‍കാന്‍ ശ്രമിച്ചത്. പാലും പഴവും ഒരുപക്ഷേ മുടങ്ങിയാലോ! 2007 കാലത്ത് അന്ന് 500 രൂപയ്ക്ക് കിട്ടാവുന്നത്ര തട്ടു ദോശയും പൊതിഞ്ഞു രാത്രിയില്‍ തമ്പാനൂര്‍ പരിസരത്തു കൊണ്ടുപോയി തെരുവിലുറങ്ങുന്നവര്‍ക്കു നല്‍കി വീടെത്തി ഉറങ്ങിയ ദിവസമാണ് ഈ നല്‍കലിന്റെ ലഹരി ആദ്യമായി എന്നെ കീഴടക്കിയത്!

    എന്താണോ കണ്ടു വളരുന്നത്, അതിലെ നല്ലത് വേര്‍തിരിക്കുക.

    അന്നും പനിച്ചൂട് പറ്റിയ ഒരു തൂക്കുപാത്രത്തില്‍ ഉമ്മയുടെ സ്‌നേഹം പാലും പഴവുമായി മുന്നിലെത്തിയിരുന്നു! പിന്നെ നിങ്ങള്‍ വന്നു. നിങ്ങളുടെ കഴിഞ്ഞുപോയ ഓരോ പിറന്നാളുകള്‍ക്കും പപ്പ വിളമ്പിക്കൊണ്ടേയിരുന്നു. നിങ്ങളുടെ മാത്രം ജന്മദിനത്തിന് അല്ല, എന്നോടൊപ്പം ജീവിതത്തില്‍ വന്നു ചേര്‍ന്ന ജീവബിന്ദുക്കളുടെ പിറന്നാളുകള്‍ക്ക്! ഒരുപാട് ഒരുപാട് ഒരുപാട് അറിയാവുന്നതും അറിയാത്തവരും ആയുള്ള നൂറുകണക്കിന് മനുഷ്യരുടെ പിറന്നാളുകള്‍ക്ക്! ഈ കുറിപ്പ് പക്ഷേ നല്‍കിയതിനൊന്നിലും എനിക്ക് പങ്കില്ല എന്ന് പറയാനാണ്! കണ്ടു വളര്‍ന്ന ശീലമാണ് നമ്മള്‍ പകര്‍ത്തുക! എന്താണോ കണ്ടു വളരുന്നത്, അതിലെ നല്ലത് വേര്‍തിരിക്കുക. അത് ചെയ്യുക.

    വിദേശ രാജ്യങ്ങളില്‍ റേഡിയോ കാലം കടന്നു

    ആരെന്തു പറഞ്ഞാലും അതിനൊരു മനോഹരമായ ചിരി മാത്രം നല്‍കുക. ഇക്കഴിഞ്ഞ നാളുകളില്‍, കടന്നു വന്ന വര്‍ഷങ്ങളില്‍ ഞാനാഗ്രഹിച്ചതെല്ലാം സംഭവിച്ചു. എനിക്കതിശയമാണ്, പലപ്പോഴും ആഗ്രഹിക്കുന്നത് സംഭവിക്കുന്നത് ഒരു ആധിയുമാണ്. പഠിക്കുമ്പോള്‍ കലാ പ്രതിഭയാകണം എന്നാഗ്രഹിച്ചു -ആയി. മോശമല്ലാത്ത അക്കാഡമിക് റിസള്‍ട്ട് ആഗ്രഹിച്ചു -ആയി. മാധ്യമ ജോലി വേണം -ഏഷ്യാനെറ്റില്‍ തുടങ്ങി, മറ്റെല്ലാ TV ചാനലും തൊട്ടു 92.7 BIG FM ഇല്‍ RJ ആയി തുടങ്ങി മറ്റു രണ്ടു വിദേശ രാജ്യങ്ങളില്‍ റേഡിയോ കാലം കടന്നു തിരികെ BIG FM ന്റെ പ്രോഗ്രാമിങ് ഹെഡ് ആയി മാറാനായി. ഒരു ചാരിറ്റി ഓര്‍ഗനൈസേഷന്‍ വേണമെന്ന ആഗ്രഹം സാധിച്ചു - 'ചിറക് ' പറന്നു വന്നു എന്നിലേയ്ക്ക്.

    സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹിച്ചു, അതും നടന്നു

    സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹിച്ചു -മാര്‍ച്ച് രണ്ടാം വ്യാഴം എന്ന ചിത്രത്തില്‍ നായകനായി, പോരാഞ്ഞു സാക്ഷാല്‍ മമ്മുക്കയ്ക്കും ലാലേട്ടനും ഒപ്പം ഉള്‍പ്പെടെ പത്തോളം ചിത്രങ്ങളില്‍ അഭിനയിക്കാനായി. പുസ്തകം എഴുതണം, പ്രസിദ്ധീകരിക്കണം എന്നാഗ്രഹിച്ചു - 'പ്രണയത്തിന്റെ കൈപുസ്തകം 'പുറത്തിറങ്ങി. ടിവി യില്‍ ഒരു വലിയ ഷോ ചെയ്യണം എന്നാഗ്രഹിച്ചു -ലോകത്തിലെ തന്നെ ഏറ്റവും വലിയ മലയാളം ടീവി റിയാലിറ്റി ഷോയിലെ ഭാഗമാകാനായി. മറ്റുള്ളവര്‍ ചെയ്യാത്ത ആശയങ്ങള്‍ മാധ്യമ മേഖലയില്‍ ചെയ്യാന്‍ ആഗ്രഹിച്ചു -ലിംകാ റെക്കോര്‍ഡുകള്‍ക്കും, പുരസ്‌കാരങ്ങള്‍ക്കും അര്‍ഹനാകാനായി.

    നമുക്ക് നല്ലതുണ്ടാകാന്‍ ഒരുപാടു പേര് ഒരുമിച്ചു ആഗ്രഹിക്കും

    മറ്റുള്ളവരെ നമ്മളാല്‍ കഴിയും വിധം സഹായിക്കണം എന്നാഗ്രഹിച്ചു -SANADHALAYAM എന്ന മഹനീയ ഇടം പ്രിയപ്പെട്ടവരൊക്കെ ചേര്‍ന്നു സാധിച്ചു തന്നു. ആഗ്രഹിക്കുന്നതൊക്കെ നടക്കുന്നതിനു കരണമെന്താകും? അതിനുള്ള കാരണം എനിക്ക് ഇന്നറിയാം. നമുക്കായി നമ്മള്‍ പ്രാര്‍ത്ഥിക്കുക എന്നതല്ല ഉത്തരം. നമുക്ക് നല്ലതുണ്ടാകാന്‍ ഒരുപാടു പേര് ഒരുമിച്ചു ആഗ്രഹിക്കുന്നതിനു കാരണമാകുക എന്നതാണ്. അത് വളരെ പെട്ടെന്ന് ഉണ്ടാകണമെന്നില്ല. അതുണ്ടാക്കാന്‍ കാലമെത്ര എടുത്തും പ്രവര്‍ത്തിച്ചു കൊണ്ടേയിരിക്കുക എന്നതാണ്. ഉമ്മയുടെ പാലും പഴവും പോലെ. ഇന്ന് പപ്പയുടെ പിറന്നാള്‍ ദിവസം, ശലഭം ചിറകടിക്കുന്ന ഈ ദിവസം, പൂമ്പാറ്റ തേനൂട്ടുന്ന പോലെ പപ്പയുടെ ഹൃദയത്തിന്റെ അറകള്‍ എത്രമാത്രം പേര്‍ക്കാണ് ഭക്ഷണം നല്‍കുന്നത് എന്ന ചിന്ത വല്ലാതെ മനസ് നിറക്കുന്നു.

    എനിക്ക് പങ്കില്ലാതെ ഒരുപാട് പേർ സഹായിക്കുന്നു

    വല്ലാത്തൊരു മാനസിക നിലയാണത്. അഭിമാനം സന്തോഷത്തില്‍ കുതിര്‍ന്നു സങ്കടം വരുന്ന ഒരു നിറവ്. സനാഥാലയത്തില്‍ കാന്‍സര്‍ പോരാളികള്‍ ചിറകിന്റെ വക ഭക്ഷണം ഉണ്ടാകുകയാവും ഇപ്പോള്‍ അവര്‍ക്കു കഴിക്കാനും മറ്റുള്ളവരെ ഊട്ടാനും, എനിക്കൊരു ബന്ധവുമില്ല. BIG FRIENDS 300 ലേറെ ചപ്പാത്തിക്ക് മാവു കുഴക്കുന്നുണ്ടാകണം -കാരുണ്യ എന്ന മഹാ ഭവനത്തില്‍ അവിടുത്തെ അമ്മമാര്‍ക്ക് വിളമ്പാന്‍ എനിക്കൊരു പങ്കുമില്ല. ഇത് നിങ്ങള്‍ വായിക്കുന്ന സമയം -Voice of Kidilam എന്ന പ്രിയപ്പെട്ട മനസുകളുടെ വകയായി ഭിന്നശേഷിക്കാരായ മക്കള്‍ ഭക്ഷണത്തിനു മുന്നില്‍ ഇരിക്കുകയാകും. എനിക്കതിലും പങ്കില്ല.

    Recommended Video

    എന്തിന് മണികുട്ടന് ജയം ? കിടിലനാണ് വിജയിയെന്ന് ഗായത്രി
    നമുക്കായി മറ്റുള്ളവര്‍ നല്‍കാന്‍ തുടങ്ങുന്ന കാലത്തും നിര്‍ത്താതെ നല്‍കുക

    കഴിഞ്ഞ പതിനാല് ദിവസങ്ങളിലായി VOK പതിനാല് ജില്ലകളില്‍ 14 മന്ദിരങ്ങളില്‍ ആയിരക്കണക്കിന് പേര്‍ക്ക് മനസറിഞ്ഞു ഭക്ഷണം വിളമ്പി അതില്‍പോലും എനിക്ക് പങ്കില്ല. എല്ലാറ്റിന്റെയും യഥാര്‍ത്ഥ പങ്ക് ഒരു ഗ്ലാസ് പാലും പഴവും കുറുക്കി പഞ്ചസാര ചേര്‍ത്ത ഒരു വിഭവത്തിനാണ് എന്നെ ഞാനറിയാതെ നല്‍കാന്‍ പഠിപ്പിച്ച, നല്‍കുന്നത് ഒറ്റക്കാകാതെ മറ്റുള്ളവരെ കൊണ്ട് കൂടി നല്‍കിക്കാന്‍ പഠിപ്പിച്ച, നല്‍കുവോളം ലഭിക്കും എന്നെനിക്ക് കാണിച്ചു പഠിപ്പിച്ചു തന്ന ഉമ്മയുടെ ആ പിറന്നാള്‍ വിഭവമാണ് എല്ലാറ്റിലും ബന്ധപ്പെട്ടു നില്‍ക്കുന്ന പൊരുള്‍. പ്രിയപ്പെട്ട മാലാഖക്കുഞ്ഞുങ്ങളെ, നല്ലത് വരും. മോശം വരും, അഭിനന്ദനങ്ങള്‍ വരും, വിമര്‍ശനങ്ങള്‍ വരും, വരുന്നതെന്തായാലും ഏറ്റെടുക്കുക. ചിരിക്കുക.
    മനസിന് ശരി എന്ന് തോന്നുന്നത് എന്താണോ അത് ചെയ്യുക, നല്‍കുക! മുടങ്ങാതെ അത് ചെയ്യുക .

    നമുക്കായി മറ്റുള്ളവര്‍ നല്‍കാന്‍ തുടങ്ങുന്ന കാലത്തും നിര്‍ത്താതെ നല്‍കുക. ഒരിക്കലും മുടങ്ങാതെ നല്‍കാന്‍ നമ്മളോര്‍തിരിക്കപ്പെടും എന്ന വിശ്വാസം ഉറയ്ക്കും വരെയും തുടരുക. അത്രമേല്‍ സ്‌നേഹം, കരുതല്‍, ആഗ്രഹങ്ങള്‍ സാധിക്കല്‍ ഒക്കെ തിരികെ ലഭ്യമാകട്ടെ. തലമുറകളോളം, ഇനി സോഷ്യല്‍ മീഡിയയില്‍ ദിവസങ്ങള്‍ക്കു മുന്‍പേ മുതല്‍ ആശംസകളറിയിച്ചവരോട്, എനിക്കിതില്‍ ഒരു ബന്ധവുമില്ല. ഉമ്മ ആദ്യമായി ഉമ്മയായതിന്റെ വാര്‍ഷിക ദിനം! വാപ്പ ആദ്യമായി വാപ്പയായതിന്റെ വാര്‍ഷികം, നര വീണു തുടങ്ങിയ ഈ മകനെയോര്‍ത്ത് അവരെന്താകും ചിന്തിക്കുന്നുണ്ടാകുക. ആ ചിന്തകള്‍ ആറ്റിക്കുറുക്കിയ ഒരു ഗ്ലാസ് പാലും പഴവും ഉറപ്പായും വീട്ടിലുണ്ടാകും ഇന്ന്. നാട്ടില്‍ പോയി വരാം. അവരെയൊന്ന് കാണണം, തിരികെ എന്റെ ലോകത്തേക്ക്, 92.7 BIG FM ന്റെ ജോലി തിരക്കുകളിലേക്ക്, സനാഥാലയത്തിന്റെ സമാധാനത്തിലേക്ക് കുടുംബത്തിന്റെ പൂന്തോട്ടത്തിലേക്ക് മടങ്ങിപ്പോണം. ആശംസയറിയിച്ച ഓരോരുത്തരോടും ഇഷ്ടം നന്ദി പരക്കട്ടെ പ്രകാശം...

    English summary
    Bigg Boss Malayalam Season 3 Fame Kidilam Firoz Pens A Note About His Father Goes Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X