ബിഗ് ബോസിനെ കുറിച്ച് കിടിലം ഫിറോസിന്‌റെ ആദ്യ പ്രതികരണം പുറത്ത്, പങ്കുവെച്ച് വ്‌ളോഗര്‍ രേവതി
ബിഗ് ബോസ് മല്‍സരാര്‍ത്ഥികള്‍ നാട്ടില്‍ എത്തിയതിന്‌റെ വീഡിയോസും ചിത്രങ്ങളുമെല്ലാം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മണിക്കുട്ടനും രമ്യയും തിരുവനന്തപുരത്തും ബാക്കി എല്ലാവരും കൊച്ചി ഏയര്‍പോര്‍ട്ടിലുമാണ് വന്നിറങ്ങിയത്. ഇവരെ സ്വീകരിക്കാനായി കുടുംബവും സുഹൃത്തുക്കളുമെല്ലാം എത്തിയിരുന്നു. എല്ലാവരും പരസ്പരം ആലിംഗനം ചെയ്തും പരിചയപ്പെട്ടതിനും ശേഷമാണ് ഏയര്‍പോര്‍ട്ടില്‍ നിന്നും പോയത്. അതേസമയം ഷോ ഇനിയും അവസാനിച്ചിട്ടില്ലാത്തതിനാല്‍ വളരെ കുറച്ച് പേര്‍ മാത്രമാണ് പുറത്തിറങ്ങിയ ശേഷം പ്രതികരിച്ചത്.
സ്റ്റൈലിഷ് ചിത്രങ്ങളുമായി നടി സോനം ബജ്‌വ, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം
നാട്ടില്‍ എത്തിയ ശേഷം മല്‍സരാര്‍ത്ഥികളുടെ പ്രതികരണങ്ങള്‍ക്കായെല്ലാം ആകാംക്ഷകളോടെയാണ് പ്രേക്ഷകര്‍ കാത്തിരുന്നത്. അതേസമയം ബിഗ് ബോസിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളായ കിടിലം ഫിറോസിന്‌റെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നിരുന്നു. വ്‌ളോഗര്‍ രേവതിയാണ് കിടിലത്തെ വിളിച്ച് സംസാരിച്ചതിന്‌റെ വോയിസ് ക്ലിപ്പ് യൂടൂബില്‍ പങ്കുവെച്ചിരിക്കുന്നത്.

ഇതുവരെ സപ്പോര്‍ട്ട് ചെയ്ത എല്ലാവര്‍ക്കും ഫിറോസ് ഫോണ്‍ കോളില്‍ നന്ദി പറയുന്നുണ്ട്. "നിങ്ങളുടെ റിവ്യൂ ഒകെ കഴിഞ്ഞ രണ്ട് സീസണിലും കണ്ട ആളാണ് ഞാന്‍. എന്താണോ അവിടെ സംഭവിച്ചത് അതിനെ നല്ല രീതിയില്‍ കണ്ടിട്ടുണ്ടാവും, വിമര്‍ശിച്ചിട്ടുണ്ടാവും, നിരൂപണം നടത്തിയിട്ടുണ്ടാവും. നല്ലതിനെ നല്ലതെന്നും മോശമായതിനെ മോശം എന്നും പറഞ്ഞിട്ടുണ്ടാവും.

അപ്പോ അതില് സപ്പോര്‍ട്ട് ചെയ്തവര്‍ക്കും വിമര്‍ശിച്ചവര്‍ക്കും നിരൂപണം നടത്തിയവര്‍ക്കും നല്ല അഭിപ്രായം പറഞ്ഞവര്‍ക്കും തിരുത്താന്‍ ശ്രമിച്ചവര്‍ക്കും എന്‌റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. പിന്നെ അതൊരു ഗെയിം ഷോയാണ്. അതില്‍ എന്നാല്‍ കഴിയുന്നത് പോലെ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. ഞങ്ങള്‍ ഷോയില്‍ നിന്നിറങ്ങിയ ഏട്ട് പേരും സത്യത്തില്‍ ആത്മാര്‍ത്ഥ സുഹൃത്തുക്കളാണ്, കഴിഞ്ഞ 96 ദിവസങ്ങളായിട്ട്.

എല്ലാവരെയും സപ്പോര്‍ട്ട് ചെയ്യണം. വിമര്‍ശനങ്ങളോടൊക്കെ ബഹുമാനവും സ്‌നേഹവും മാത്രം. തിരുത്താന്‍ പറ്റുന്നതൊക്കെ തിരുത്താന്‍ ശ്രമിക്കാം. എനിക്ക് ശരി എന്ന് തോന്നുന്നതിനെ നിലനിര്‍ത്തുകയും അല്ലാത്തതിനെ നമുക്ക് മാറ്റുകയും ചെയ്യാം. എന്തായാലും സപ്പോര്‍ട്ട് ചെയ്തതിന്, ഇത്രയും ദിവസം ഞങ്ങള്‍ ഏട്ട് പേരെയും സപ്പോര്‍ട്ട് ചെയ്തതിന് ഒരുപാട് സന്തോഷം. പിന്നെ അര്‍ഹതപ്പെട്ട ആരോ ഒരാള്‍ വിജയിയായി കാത്തിരിപ്പുണ്ട്. കിടിലം ഫിറോസ് പറഞ്ഞു.

അതേസമയം ബിഗ് ബോസില്‍ ഇത്തവണ വിജയസാധ്യകളുളള മല്‍സരാര്‍ത്ഥിയാണ് കിടിലം ഫിറോസ്. ഷോയുടെ തുടക്കം മുതല്‍ വേറിട്ട ഗെയിം സ്ട്രാറ്റര്‍ജിയുമായാണ് അദ്ദേഹം മുന്നേറിയത്. തനിക്ക് എതിരാളികള്‍ എന്ന് തോന്നുവര്‍ക്കെതിരെ കളിക്കുക എന്നതായിരുന്നു കിടിലത്തിന്‌റെ തന്ത്രം. ഇടയ്ക്ക് ഡിംപലിനെതിരായ പരാമര്‍ശങ്ങളില്‍ വിമര്‍ശിക്കപ്പെട്ടെങ്കിലും പിന്നീട് തിരുത്തി മുന്നോട്ടുപോവാന്‍ കിടിലം തയ്യാറായിരുന്നു. കൃത്യമായ നിലപാടുകളും അഭിപ്രായങ്ങളും എപ്പോഴും പറയാറുളള മല്‍സരാര്‍ത്ഥി കൂടിയായിരുന്നു കിടിലം ഫിറോസ്.


Click it and Unblock the Notifications











