For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കനത്തൊരു തുകയില്ലാതെ കല്യാണം നടക്കില്ല, അത്ഭുതപ്പെടുത്തിയ രണ്ട് പുരുഷന്മാരെ കുറിച്ച് കിടിലം ഫിറോസ്

  |

  ആര്‍ജെയും സാമൂഹ്യ പ്രവര്‍ത്തകനുമാണ് കിടിലം ഫിറോസ്. ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാം പതിപ്പിലെ ശക്തനായ മത്സരാര്‍ഥി കൂടി ആയിരുന്നു ഫിറോസ്. ഗ്രാന്‍ഡ് ഫിനാലെ ഇതുവരെ നടത്തിയിട്ടില്ലെങ്കിലും വിജയസാധ്യത ഏറെയുള്ള മത്സരാര്‍ഥിയാണ് താരം. പുറത്ത് വന്നതിന് ശേഷം തന്റെ വിശേഷങ്ങളും അനുഭവങ്ങളുമൊക്കെ ആരാധകരുമായി പങ്കുവെക്കുന്നത് പതിവാണ്. അത്തരത്തില്‍ താന്‍ ദുബായില്‍ ജോലി ചെയ്തിരുന്ന കാലത്ത് നടന്ന ചില സംഭവങ്ങള്‍ പറയുകയാണ് താരമിപ്പോള്‍.

  കിഷോറിനെ ആദ്യം കാണുന്നത്; ഒരിക്കല്‍, ദുബായില്‍ ഒരു വല്ലാത്ത ദുരിതകാലത്ത് അബ്ദു എന്ന സുഹൃത്ത് ഏര്‍പ്പാടാക്കി തന്ന ഒരു കുഞ്ഞു മുറിയില്‍ മരുഭൂമിയിലെ ചൂടില്‍ ശീതീകരണ സംവിധാനങ്ങളൊന്നും ഇല്ലാത്ത ഒരു കുടുസ്സ് കൂട്ടില്‍ കുറച്ചേറെ നാള്‍ താമസിക്കുന്ന കാലം. ബില്‍ഡിങ്ങിനു താഴെ പാര്‍ക്ക് ചെയ്യുന്ന കാറുകള്‍ കഴുകി കിട്ടുന്ന ചെറിയ വരുമാനത്തില്‍ സക്കീറിക്കാന്റെ കടയിലെ കാലിച്ചായയും കുടിച്ചു കഴിഞ്ഞ കാലത്തിന്റെ വസന്തവും ഓര്‍ത്തിരിക്കുമ്പോളാണ് ഒരു ചെറുപ്പക്കാരന്‍ കടയുടെ മുന്‍പില്‍ വന്നു നിന്നത്. വെളുത്തു മെലിഞ്ഞു ഉയരമുള്ള നടന്നു വിയര്‍ത്തു ക്ഷീണിച്ച ഒരു 25 വയസു തോന്നിക്കുന്ന ചെക്കന്‍.

  എന്തോ ശങ്കയോടെ അയാള്‍ പോക്കറ്റില്‍ നിന്ന് പേഴ്സ് എടുത്തു തുറന്ന് നോക്കി. പതിയെ മടക്കി പോക്കറ്റിലിട്ടു. ഒന്നുകൂടി സക്കീറിക്കാന്റെ ഷവര്‍മത്തട്ടിലേക്ക് നോക്കിയിട്ട് മുന്നോട്ട് തലകുനിച്ചു നടന്നു. എന്തോ, ഞാനും ഇറങ്ങി പുറകേ നടന്നു. ഒപ്പം നടന്നെത്തിയപ്പോള്‍ മുഖത്ത് നോക്കി ചിരിച്ചു. ഞാന്‍ ചോദ്യങ്ങളുമായി ഒപ്പം ചേര്‍ന്നു. കിഷോര്‍ എന്നാണ് പേര്. നോര്‍ത്ത് ഇന്ത്യയില്‍ നിന്ന് ജോലി അന്വേഷിച്ചു വന്നതാണ്. ദിവസവും ഓരോ ഇടങ്ങളില്‍ പോയി നേരിട്ട് അന്വേഷിക്കുന്നുണ്ട്. കെട്ടിക്കാനൊരു പെങ്ങളുണ്ട്. അവള്‍ക്കായി എന്തെങ്കിലും ഉണ്ടാക്കണം. പറഞ്ഞുറപ്പിച്ച പയ്യന്‍ ഒരു ഓട്ടോമൊബൈല്‍ കമ്പനി മാനേജര്‍ എങ്ങാണ്ടാണ്.

  കനത്തൊരു തുക ഇല്ലാതെ കല്യാണം നടക്കില്ല! അച്ഛന്‍ മരണപ്പെട്ടു. അമ്മയും പെങ്ങളുമാണ് വീട്ടില്‍. ഇവിടെ വിസിറ്റിംഗ് വിസയില്‍ വന്നതാണ്. സുഹൃത്തിന്റെ മുറിയില്‍ ആയിരുന്നു താമസം. രണ്ടു ദിവസമായി അവന്‍ നാട്ടില്‍ പോയിട്ട്. ഒരാഴ്ച്ച കഴിഞ്ഞു വരും വരെ മന്‍ഖൂല്‍ ഉള്ള ഒരു ഒഴിഞ്ഞ കാര്‍ഷെഡില്‍ താമസം ശരിയാക്കിയിട്ടാണ് സുഹൃത്ത് പോയത്. അങ്ങോട്ടേക്കുള്ള യാത്രയാണ്. ഞാനവനെയും കൊണ്ട് തിരികെ നടന്നു. സക്കീറിക്കാന്റെ കടയില്‍ നിന്ന് പറ്റില്‍ രണ്ട് ബറോട്ടയും കറിയും പകുത്തു. ഒപ്പം ഒരുപാട് നാളുകളായി പരിചയമുള്ള രണ്ടുപേരെ പോലെ സൗഹൃദവും പകുത്തു പിരിഞ്ഞു. കണ്ണുകളില്‍ നോക്കിച്ചിരിച്ചു മടങ്ങി കിഷോറിനെ രണ്ടാമത് കാണുന്നത്!

  കൊല്ലം രണ്ടോളം കഴിഞ്ഞു. ദുബായ് മീഡിയ സിറ്റിയില്‍ ഒരു മീഡിയ ട്രെയിനറുടെ വമ്പന്‍ ഓഫിസില്‍ ഞാന്‍ ജോലി നോക്കുന്ന സമയം. സഫിക്കയുടെ ക്ലാപ്‌സ് എന്ന ഇവന്റ് കമ്പനിയുടെ ക്രീയേറ്റീവ് ഹെഡുമാണ് ഞാനപ്പോള്‍. ഇടക്കാലത്തെ ദുരിതം മാറി പച്ചപിടിച്ചു തുടങ്ങിയ സമയമാണ് .അബുദാബിയില്‍ ഒരു ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ ബ്രിടീഷുകാരിയായ മീഡിയ ട്രെയിനറുടെ അസിസ്റ്റന്റായി മാളു എന്ന പ്രിയ പെങ്ങള്‍ക്കൊപ്പം ട്രെയിനിങ് ക്ലാസ്സില്‍ നില്‍ക്കുമ്പോളാണ് കിഷോറിനെ രണ്ടാമത് കാണുന്നത്. അവിടെ സ്വീപ്പര്‍ തസ്തികയില്‍ ആണ് ചെക്കന്‍. ഒന്നുകൂടി ഒന്ന് കൊഴുത്തു. കണ്ണുകളിലെ സ്‌നേഹവും ഇഷ്ടവും അതുപോലെ തന്നെയുണ്ട്. പെങ്ങളുടെ കല്യാണം കഴിഞ്ഞു. നല്ല നിലക്ക് കടം മേടിച്ചും ലോണെടുത്തും സ്ത്രീധനവും കൊടുത്തു.

  ശമ്പളം തീരെ കുറവാണെങ്കിലും ഖുബ്ബൂസ് കുതിര്‍ത്തു തിന്നു മിച്ചം പിടിച്ച പണം നാട്ടിലയച്ചു കടം കുറേശ്ശെ വീട്ടുന്നുണ്ട്. അന്നും ഞങ്ങള്‍ ഒരുമിച്ചിരുന്നു ചായ കുടിച്ചു. കുറേ സംസാരിച്ചു പിരിഞ്ഞു. കിഷോറിനെ മൂന്നാമത് കാണുന്നത്! അതേ ഹോട്ടലില്‍ ക്ലാപ്‌സ് ഇവെന്റ്‌സ് ന്റെ ഒരു പരിപാടിക്ക് സുരാജേട്ടന്‍ അതിഥിയായി വരുന്ന സമയം. അദ്ദേഹം അവിടെയാണ് താമസവും. നാഷണല്‍ അവാര്‍ഡ് കിട്ടി നില്‍ക്കുന്ന സമയമാണ്. സഫിക്കയും സുരാജേട്ടനും സംസാരിച്ചിരുന്ന സമയത്തു ഞാന്‍ കിഷോറിനെ അന്വേഷിച്ചിറങ്ങി. അവന്‍ വല്ലാത്തൊരു അവസ്ഥയിലായിരുന്നു! രണ്ടാഴ്ച മുന്‍പ് പെങ്ങള്‍ മരണപ്പെട്ടു! പാചകത്തിനിടയില്‍ വസ്ത്രത്തിലേക്ക് തീ പടര്‍ന്നായിരുന്നു മരണം.

  നാട്ടില്‍ പോകാന്‍ ലീവും കിട്ടിയില്ല. അമ്മ അലമുറയിട്ട് കരഞ്ഞു കിടപ്പാണ്. പെങ്ങളുടെ കൈക്കുഞ്ഞിനെ പെങ്ങളുടെ ഭര്‍ത്താവ് അമ്മയുടെ അടുത്ത് കൊണ്ടാക്കി എങ്ങോ പോയി എന്ത് ചെയ്യണം എന്നറിയില്ല എനിക്കും എന്ത് പറയണം എന്നറിയില്ലായിരുന്നു എന്തൊക്കെയോ പറഞ്ഞാശ്വസിപ്പിച്ചു മൊബൈല്‍ നമ്പറും കൊടുത്തു ഞാന്‍ പിരിഞ്ഞു. പിന്നെ ഞാന്‍ നാട്ടില്‍ 92.7 BIG FM ന്റെ പ്രോഗ്രാമിങ് ഹെഡ് ആയി ചുമതലയേറ്റു .പോകും മുന്‍പും വന്നു ജോലിയില്‍ പ്രവേശിച്ചപ്പോഴും ഒക്കെ വാട്‌സാപ്പില്‍ കിഷോര്‍ വിശേഷങ്ങള്‍ അറിയിച്ചു കൊണ്ടിരുന്നു.

  എന്റെ ചിന്തയില്‍ ഒരു മണിക്കൂറില്‍ ഒരു പെണ്‍കുട്ടി വീതം സ്ത്രീധനത്തിന്റെ പേരില്‍ മരണപ്പെടുന്ന നമ്മുടെ ഇന്ത്യയില്‍, അന്വേഷണം നടക്കാതെ പോയ ഒരു സ്ത്രീധനക്കൊലപാതകം തന്നെയായിരുന്നു അവന്റെ പെങ്ങളുടേത് എന്നതായിരുന്നു. പക്ഷേ കഥയൊക്കെ മാറി. പെങ്ങളുടെ ഭര്‍ത്താവ് ഗള്‍ഫിലേക്ക് ചേക്കേറി. കിഷോറാകട്ടെ ജോലി ഉപേക്ഷിച്ചു അമ്മയ്ക്കും മരണപ്പെട്ട സഹോദരിയുടെ വാവയ്ക്കും ഒപ്പം താമസം തുടങ്ങി. നാട്ടിലെ ഒരു ചെറിയ കമ്പനിയില്‍ ജോലിക്കു കയറി.കടം വീടാനുള്ള ലോണ്‍ ഇടയ്ക്കു മുടങ്ങിയും പിന്നെയും അടഞ്ഞും ഒക്കെ ഇഴഞ്ഞിങ്ങനെ പോയി.

  വിശേഷങ്ങള്‍ ഇടയ്ക്കു കിഷോര്‍ വിളിച്ചറിയിക്കും. കാലങ്ങള്‍ പിന്നെയും കടന്നൊരുനാള്‍ അവനെന്നെ വിളിച്ചത് ഒരു സന്തോഷം അറിയിക്കാനാണ്.
  മരണപ്പെട്ട സഹോദരിയുടെ ഭര്‍ത്താവിന്റെ ഒരു നന്മ പറയുവാന്‍! ജോലിക്കു കയറിയ അന്നു മുതല്‍ മകള്‍ക്കുള്ള ചിലവ് കൂടാതെ പെങ്ങളുടെ ഭര്‍ത്താവ് മാസാമാസം അയാള്‍ക്ക് കിട്ടുന്ന തുകയില്‍ നിന്ന് ഒരു വിഹിതം മാറ്റിവച്ചു സ്വരുക്കൂട്ടിയ തുക കിഷോറിന് അയച്ചു കൊടുത്തു! സഹോദരിയുടെ വിവാഹം നടത്താന്‍ ഒരു ചെറുപ്പക്കാരന്‍ മണലാരണ്യത്തില്‍ കഷ്ടപ്പെട്ടുണ്ടാക്കിയത് എത്രയോ, അത്രയും തുക മറ്റൊരു ചെറുപ്പക്കാരന്‍ മരുഭൂമിയിലെ വിയര്‍പ്പില്‍ നിന്നു തന്നെ അയച്ചു കൊടുത്തു.

  അതിശയത്തോടെയാണ് ഞാനതു കേട്ടത്! അത്ഭുതപ്പെടുത്തിയ രണ്ടു പുരുഷന്മാര്‍! ഈ അനുഭവക്കുറിപ്പ് ഇപ്പൊ പറയാന്‍ ഒരു കാരണമുണ്ട്. ഇന്നലെ കേട്ട ഒരു പെങ്ങളുടെ സങ്കട കഥയില്‍, ലക്ഷങ്ങള്‍ മേടിച്ചു കെട്ടിയിട്ട് അയാളുടെ ഉപദ്രവം സഹിക്കാനാകാതെ വിവാഹമോചനം നേടിയപ്പോള്‍ മേടിച്ച സ്ത്രീധനത്തിന്റെ ഒരംശം പോലും തിരിച്ചു കൊടുക്കാതെ അവന്‍ ആട്ടി വിട്ടത്രേ.

  കോടതി പറഞ്ഞ ജീവനാംശം മുടങ്ങുമ്പോള്‍ ചോദിച്ചാല്‍ കേട്ടാലറയ്ക്കുന്ന ചീത്ത വിളിക്കുന്നത്രെ. കുഞ്ഞിന് കാണണം എന്ന് ആവശ്യം പറഞ്ഞാല്‍ സ്വന്തം കുഞ്ഞിന്റെ പിതൃത്വത്തില്‍ ആരോപണം നടത്തി പരിഹസിക്കുമത്രേ. എന്തോ ഉള്ളില്‍ പ്രകാശമുള്ള രണ്ടു പുരുഷന്മാര്‍ നിറഞ്ഞു നില്‍ക്കുകയാണ്! വെളുത്തു മെലിഞ്ഞു ഉയരമുള്ള ഒരു നോര്‍ത്ത് ഇന്ത്യക്കാരന്‍ കിഷോറും, ഭാര്യ മരണപ്പെട്ടിട്ടും അവളോട് മേടിച്ച സ്ത്രീധനം തിരികെ നല്‍കാന്‍ പണിയെടുത്തു സ്വരുക്കൂട്ടിയ ഒരു ഭര്‍ത്താവും!

  Body shaming on Anoop Krishnan's fiancee after their engagement video was out | FilmiBeat Malayalam

  ചില കഥകള്‍ മനസ്സില്‍ തൊടും. അങ്ങനെ തൊട്ട ഈ പുരുഷന്മാര്‍, അങ്ങനെയല്ലാത്ത ഒരുപാട് പുരുഷന്മാര്‍ക്ക് മാതൃക ആയി മാറിയിരുന്നെങ്കില്‍! സ്ത്രീധനം എന്ന ആചാരത്തിനായി ലക്ഷോപലക്ഷം സഹോദരങ്ങള്‍ക്ക് ,പിതാക്കന്മാര്‍ക്ക് ഇടനെഞ്ചിടറി അധ്വാനിക്കേണ്ടി വരാതിരുന്നെങ്കില്‍! സ്ത്രീധനം മേടിക്കില്ല /നല്‍കില്ല എന്ന് ഉറച്ചു തീരുമാനമെടുക്കുന്ന ഒരു ജനത നമുക്കിടയില്‍ ആകാശമായെങ്കില്‍ ശുഭദിനം ലോകമേ പരക്കട്ടെ പ്രകാശം... ഫിറോസ് എ അസീസ്

  English summary
  Bigg Boss Malayalam Season 3: Kidilam Firoz Opens Up About Two Gentlemen Who Surprised Him The Most
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X