എല്ലാവരുടേയും സ്നേഹം നേടി അപർണ പടിയിറങ്ങി, കണ്ണുനിറഞ്ഞ് ബ്ലെസ്ലി, സ്നേഹ സമ്മാനമായി വള നൽകി വിനയ്!
ബിഗ് ബോസ് വീട്ടിൽ നിന്ന് അമ്പത്തിയേഴാം ദിവസം ഒരു മത്സരാർഥി കൂടി പടിയിറങ്ങിയിരിക്കുന്നു അപർണ മൾബറി. ബിഗ് ബോസ് മലയാളത്തിന്റെ ഭാഗമായ ആദ്യ വിദേശിയാണ് അപർണ. ബിഗ് ബോസ് ടൈറ്റിൽ ജയിക്കണമെന്ന ആഗ്രഹത്തോടെയാണ് അപർണ എത്തിയത്.
അപർണ പടിയിറങ്ങിയപ്പോൾ ഇതുവരെ കരഞ്ഞിട്ടില്ലാത്ത ബ്ലെസ്ലി പോലും കരഞ്ഞു. ബ്ലെസ്ലി മാത്രമല്ല സുചിത്രയൊഴികെ വീട്ടിലെ മറ്റെല്ലാവരും തന്നെ അപർണയുടെ വിടവാങ്ങലിൽ കരഞ്ഞു.
ഇപ്പോൾ വീട്ടിലുള്ള മത്സരാർഥികളിൽ നിന്നോ പ്രേക്ഷകരിൽ നിന്നോ വെറുപ്പ് സമ്പാദിക്കാതെയാണ് അപർണ പോകുന്നത്.
എല്ലാവരോടും നന്നായി പെരുമാറുകയും എല്ലാവരേയും കേൾക്കാൻ തയ്യാറാവുകയും ഗെയിമുകൾ തന്നാൽ കഴിയും വിധം നൂറ് ശതമാനം നൽകി കളിക്കുകയും ചെയ്തിരുന്ന മത്സരാർഥി കൂടിയായിരുന്നു. വീട്ടിലാരുമായും ഒത്തുപോകാൻ അപർണയ്ക്ക് നിഷ്പ്രയാസം സാധിക്കുമായിരുന്നു.
ഇത്തവണ വളരെ രസകരമായ ഒരു ഗെയിമിലൂടെയായിരുന്നു മത്സരാർഥികളുടെ പ്രേക്ഷക വിധി ബിഗ് ബോസ് പ്രഖ്യാപിച്ചത്. ട്രഷർ ഹണ്ട് പോലുള്ളൊരു ടാസ്ക്കായിരുന്നു നൽകിയത്. ലക്ഷ്‍മി പ്രിയയോടും വിനയ്‍യോടുമാണ് ആദ്യം ഗെയിമിൽ പങ്കെടുക്കാൻ പറഞ്ഞത്.
ആരോടെങ്കിലും ഗഫൂർക്ക ദോസ്‍ത് എന്ന് പറഞ്ഞാൽ മതി എന്ന സൂചനയായിരുന്നു വിനയ്‍യ്ക്കും ലക്ഷ്‍മി പ്രിയയ്‍ക്കും ആദ്യം കിട്ടിയത്.

അത് നോക്കി സ്വിമ്മിംഗ് പൂളിലെത്തിയ ഇരുവർക്കും അടുത്ത സൂചന കിട്ടി. എന്നെ കൊല്ലാതിരിക്കാൻ പറ്റുമോ ഇല്ല അല്ലേ എന്നായിരുന്നു സൂചന.
ജയിലിൽ എത്തിയ ഇരുവർക്കും കിട്ടിയ അടുത്ത സൂചന റൺ ബേബി റൺ എന്നായിരിന്നു. ത്രഡ് മില്ലിൽ എത്തിയ ഇരുവർക്കും അടുത്ത സൂചന കിട്ടി.
വീണ്ടും സൂചനകൾക്ക് പിന്നാലെ സഞ്ചരിച്ച് ഇരുവരും മരത്തിന്റെ ചുവട്ടിൽ എത്തി അവിടെ നിന്നും കവർ തുറന്നപ്പോൾ ഇരുവരും സേവ്‍ഡ് എന്ന് എഴുതിയ കാർഡ് കിട്ടുകയും ചെയ്‍തു.
റോബിനും ധന്യക്കുമായിരുന്നു അടുത്ത ഊഴം. സൂചനകൾക്ക് അനുസരിച്ച് അടുപ്പിന് അടുത്ത് ചെന്നപ്പോൾ റോബിനും ധന്യക്കും ഉത്തരം കിട്ടി. ഇരുവരും സേവായി.

എവിക്ഷൻ പട്ടികയിൽ പിന്നീട് ബാക്കിയുള്ളത് അപർണയും ദിൽഷയുമായിരുന്നു. ഇരുവർക്കും ഒരു കാർഡ് നൽകി അത് ഉരച്ചുനോക്കാൻ പറഞ്ഞു. ദിൽഷയുടെ കാർഡിൽ സേവ്‍ഡ് എന്നും അപർണയുടേതിൽ എലിമിനേറ്റഡെന്നുമായിരുന്നു എഴുതിയത്.
കണ്ണ് നിറഞ്ഞുകൊണ്ടാണ് പ്രേക്ഷക വിധി അപർണ വായിച്ചത്. പോകുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നും അപർണ പറഞ്ഞു. അപർണയുമായി നല്ലൊരു ആത്മബന്ധം സൂക്ഷിച്ചിരുന്ന ബ്ലെസ്ലി അപർണ പോയപ്പോൾ കരഞ്ഞു.
ഇവിടെ നിന്ന് പോകുമ്പോൾ കൈയ്യിലുള്ള ഒരു സാധനം ആർക്കെങ്കിലും കൊടുക്കാൻ അവസരം കിട്ടിയാൽ ആർക്ക് കൊടുക്കുമെന്ന് മോഹൻലാൽ ചോദിച്ചപ്പോൾ എട്ട് വർഷമായി താൻ സൂക്ഷിക്കുന്ന വള അപർണയ്ക്ക് കൊടുക്കുമെന്ന് വിനയ് വാക്ക് പറഞ്ഞിരുന്നു. വാക്ക് തെറ്റിക്കാതെ വിനയ് അത് പാലിക്കുകയും ചെയ്തു.
Recommended Video

ആരോടും വിദ്വേഷമില്ലാത്ത എല്ലാവരോടും നന്നായി പെരുമാറുന്ന പെൺകുട്ടി ഏറ്റവും നല്ല മത്സരാർത്ഥിയായിട്ടും നല്ല മലയാളിയായിട്ടും സ്‌നേഹം വാരിക്കോരി കൊടുത്തിട്ടും അവർക്ക് ബിഗ് ബോസ് വീടിന്റെ പടിയിറങ്ങേണ്ടി വന്നുവെന്നാണ് മോഹൻലാൽ അപർണയെ കുറിച്ച് പറഞ്ഞത്.
'അമ്പത്തിയാറ് ദിവസം വീട്ടിലുണ്ടായിരുന്നു. അടിപൊളി എക്സ്പീരിയൻസായിരുന്നു. ഒരുപാട് സുഹൃത്തുക്കളെ കിട്ടി. ഞാൻ ഇത് തീരെ പ്രതീക്ഷിച്ചിരുന്നില്ല എന്നത് സത്യം തന്നെയാണ്. രണ്ടാഴ്ച കൂടിയെങ്കിലും വീട്ടിൽ നിൽക്കാൻ സാധിക്കുമെന്ന് വിചാരിച്ചിരുന്നു.'
'ഇവിടെ പോകുന്നതിൽ വിഷമമുണ്ടെങ്കിലും കുടുംബത്തിലേക്കാണല്ലോ പോകാൻ പോകുന്നതെന്ന് ഓർത്ത് സന്തോഷമുണ്ട്' അപർണ പ്രതികരിച്ചു.


Click it and Unblock the Notifications