'പേർളിയേയും ശ്രീനിഷിനേയും പോലെ വിവാഹിതരായേക്കാം, വിനയ് ഒന്നും മനസിൽ വെക്കാറില്ല'; പാർവതി
ബിഗ് ബോസ് സീസൺ ഫോറിലേക്ക് മൂന്നാമതായി വന്ന വൈൽഡ് കാർഡ് എൻട്രിയായിരുന്നു വിനയ് മാധവ്. മുമ്പും നിരവധി ടെലിവിഷൻ പരിപാടികളിൽ വിനയ് പങ്കെടുത്തിരുന്നു. എല്ലാം കൊണ്ടും വീട്ടിലെ ഒരു എന്റർടെയ്നറായി വിനയ് മാധവ് മാറികൊണ്ടിരിക്കുകയാണ്.
ഒമ്പതാം ആഴ്ചയിലെ നോമിനേഷൻ ലിസ്റ്റിലും വിനയിയുണ്ട്. വൈൽഡ് കാർഡായി വിനയിയും റിയാസും എത്തിയ ശേഷമാണ് ബിഗ് ബോസ് സീസൺ ഫോറിലെ കളികളെല്ലാം മാറി തുടങ്ങിയത്.
അതുവരെ തണുപ്പൻ ഗെയിം കളിച്ചവർ അടക്കം ഇപ്പോൾ ബുദ്ധി ഉപയോഗിച്ച് തുടങ്ങി. ഏഷ്യാനെറ്റിലെ മമ്മൂട്ടി ദി ബസ്റ്റ് ആക്ടർ പരിപാടിയിൽ അടക്കം വിനയ് ഭാഗമായിരുന്നു.
സഹോദരൻ വിനയ് മാധവിന്റെ ഗെയിമിനെ കുറിച്ചും വീട്ടിലെ ഇഷ്ടപ്പെട്ട മത്സരാർഥികളെ കുറിച്ചും ഒരു പ്രേക്ഷക എന്ന നിലയിലുള്ള അഭിപ്രായങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് നടി പാർവതി നമ്പ്യാർ. ഇന്ത്യ ഗ്ലിറ്റ്സ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് പാർവതി തുറന്ന് സംസാരിച്ചത്.
'ബിഗ് ബോസിലേക്ക് ക്ഷണം ലഭിച്ച വിവരം എൻട്രി ഉറപ്പാകുന്നത് വരെ വിനയ് പറഞ്ഞിരുന്നില്ല. പിന്നീട് പോകാനായപ്പോൾ യാത്ര പറയാൻ വിളിച്ചിരുന്നു. അപ്പോഴും ബിഗ് ബോസാണ് എന്ന ഓർമ വേണമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.'
'വിനയിയുടെ യഥാർഥ സ്വഭാവം തന്നെയാണ് ഹൗസിനുള്ളിലും കാണിക്കുന്നത്. തെറ്റ് കണ്ടാൽ തെറ്റാണെന്ന് പറയാൻ മടി കാണിക്കാറില്ല.'

'വിനയ് ക്യാമറയുണ്ട് എന്ന ചിന്താഗതിയോടെയാണ് വീട്ടിൽ നിൽക്കുന്നതെന്ന് തോന്നിയിട്ടില്ല. വിനയ്ക്ക് ഒരുപാടുനാൾ മറ്റുള്ളവർക്ക് മുമ്പിൽ നിന്ന് അഭിനയിച്ച് ശ്രദ്ധനേടാനൊന്നും കഴിയില്ല.'
'സിനിമയോട് ഭയങ്കര ഇഷ്ടമുള്ള വ്യക്തിയാണ്. പക്ഷെ മമ്മൂട്ടി ദി ബെസ്റ്റ് ആക്ടർ കഴിഞ്ഞ ശേഷം അവസരങ്ങൾ വരാഞ്ഞതിനാലാണ് ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. വിനയ് യഥാർഥത്തിൽ ഷെഫ് അല്ല.'
'പക്ഷെ നന്നായി ഭക്ഷണമുണ്ടാക്കും. നോൺ വെജിറ്റേറിയനാണ് കൂടുതലായും ഉണ്ടാക്കുന്നത്. ഞങ്ങൾക്കെല്ലാം അവൻ ഭക്ഷണമുണ്ടാക്കി തരാറുണ്ട്. വഴക്ക് കൂടുന്ന സമയത്ത് മാത്രമെ വിനയ്ക്ക് ദേഷ്യമുണ്ടാകൂ.'
'ശേഷം ആൾ കൂളാകും. റോബിനോട് വഴക്ക് കൂടുമ്പോൾ ആ നിമിഷത്തേക്ക് മാത്രമെ ഇരുവരും അത് കാര്യമായി എടുക്കുന്നുള്ളൂ.'

'അവിടെയുള്ള എല്ലാ മത്സരാർഥികളേയും എനിക്ക് ഇഷ്ടമാണ്. ആരോടും പ്രത്യേക താൽപര്യമില്ല. എല്ലാവരും അവരവരുടെ ഗെയിം അല്ലേ കളിക്കുന്നത്. പിന്നെ നമുക്ക് എങ്ങനെ കുറ്റം പറയാൻ കഴിയും.'
'റോബിൻ-ദിൽഷ വിഷയത്തിൽ ചിലപ്പോൾ ഇരുവർക്കും പരസ്പരം അട്രാക്ഷൻ തോന്നിക്കാണണം. അല്ലാതെ ലവ് സ്ട്രാറ്റജി ഉള്ളതായി തോന്നിയിട്ടില്ല. പുറത്ത് വരുമ്പോൾ ചിലപ്പോൾ അവർ വിവാഹിതരായേക്കാം അല്ലാത്തപക്ഷം അവർ സുഹൃത്തുക്കളായി തുടർന്നേക്കാം.'
'പേർളി-ശ്രീനിഷ് ജോഡി എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. ആ സീസൺ ഞാൻ കണ്ടിരുന്നു. അപ്പോഴുണ്ടായിരുന്നവരെല്ലാം എന്റെ സുഹൃത്തുക്കളാണ്. പേർളിയും ശ്രീനിഷും പിന്നീട് വിവാഹിതരായി മാത്രമല്ല അത്രയേറെ സുന്ദരമായ കുടുംബ ജീവിതമാണ് ഇരുവരും നയിക്കുന്നത്.'

'സാബു ചേട്ടനേയും ഇഷ്ടമായിരുന്നു. അതിനാൽ തന്നെ അദ്ദേഹം വിജയിക്കണമെന്നും ആഗ്രഹമുണ്ടായിരുന്നു. ഇപ്രാവശ്യം ഉള്ളവരിൽ വിനയ് ജയിക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ ഇപ്പോഴുള്ള മത്സരാർഥികളുടെ ഗെയിമുകളും രീതികളുമെല്ലാം അടിക്കടി മാറുന്നതായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.'
'പ്രവചിക്കാൻ കഴിയാത്ത അവസ്ഥയുണ്ട്. ബിഗ് ബോസിൽ മത്സരിക്കാൻ അവസരം ലഭിച്ചാൽ ഒന്നുകൂടി ഞാൻ ആലോചിക്കും. കാരണം പെട്ടന്ന് ദേഷ്യപ്പെടുകയോ സന്തോഷിക്കുകയോ ചെയ്യുന്ന വ്യക്തിയല്ലാത്തതിനാൽ അവിടെ നിൽക്കാൻ ബുദ്ധിമുട്ടായിരിക്കും.'
'അതേസമയം വിനയ്ക്ക് ഈ ഷോ നല്ലൊരു അവസരമായി തീരട്ടയെന്ന് പ്രാർഥിക്കുന്നു. അവന് വേണ്ടി വോട്ട് സംഘടിപ്പിക്കാൻ ഞാനും ശ്രമിക്കുന്നുണ്ട്' പാർവതി പറഞ്ഞു.


Click it and Unblock the Notifications