'സ്വവർഗാനുരാഗിയാണെന്ന് വെളിപ്പെടുത്തിയ ശേഷം സുഹൃത്തുക്കൾ മിണ്ടാറില്ല, റോബിനോട് ദേഷ്യപ്പെട്ടത് തെറ്റ്'; അശ്വിൻ!
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ പരിപാടി ബിഗ് ബോസ് മലയാളം നാലാം സീസൺ അവസാനത്തിലേക്ക് എത്തിയിരിക്കുകയാണ്. ന്യൂ നോർമൽ വ്യക്തിത്വങ്ങൾ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു കൂട്ടം ചെറുപ്പക്കാർ നാലാം സീസണിന്റെ ഭാഗമായിരുന്നു.
Recommended Video
അതൊക്കെ തന്നെയായിരുന്നു ബിഗ് ബോസ് മലയാളം സീസൺ നാലിനെ വ്യത്യസ്തമാക്കിയതും. തങ്ങളുടെ ലെസ്ബിയൻ ഐഡന്റിറ്റി തുറന്ന് പറഞ്ഞുകൊണ്ട് ബിഗ് ബോസ് ഹൗസിലെത്തിയവരാണ് അപർണ മൾബറിയും ജാസ്മിൻ മൂസയും.
പിന്നാലെ ഹൗസിലെത്തിയ ശേഷം താനൊരു സ്വവർഗാനുരാഗിയാണെന്ന് അശ്വിനും വെളിപ്പെടുത്തിയിരുന്നു. അപർണയും ജാസ്മിനുമായുള്ള സംഭാഷണത്തിനിടെയാണ് അശ്വിൻ തന്റെ സെക്ഷ്വൽ ഓറിയന്റേഷൻ ഹൗസിൽ വെച്ച് തുറന്ന് പ്രഖ്യാപിച്ചത്.
ഒരു മിനുട്ടിൽ ഏറ്റവും കൂടുതൽ മാജിക്കുകൾ ചെയ്ത് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിലും ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടിയ ആളാണ് അശ്വിൻ.
തിരുവനന്തപുര് വിതുരയിലെ ആനപ്പെട്ടിയിൽ 1998 മാർച്ച് എട്ടിനാണ് അശ്വിൻ ജനിക്കുന്നത്. അശ്വിന് അഞ്ച് വയസുള്ളപ്പോൾ അമ്മ ഉപേക്ഷിച്ചുപോയി. മനംനൊന്ത് അച്ഛൻ ജീവനൊടുക്കി.

അമ്മയേയും അച്ഛനെയും നഷ്ടപെട്ട അശ്വിനെ വളർത്തിയത് അച്ഛന്റെ അമ്മയായിരുന്നു. സാമ്പത്തിക പരാധീനതകൾ ഏറെ അലട്ടിയ അച്ഛമ്മയ്ക്ക് ബന്ധുക്കളും സഹായത്തിനെത്തിയിരുന്നു.
തൊഴിലുറപ്പ് ജോലിക്കും മറ്റ് ജോലികൾക്കും പോയി അച്ഛമ്മ അശ്വിനെ വളർത്തി. പിന്നീട് കഴിവുകൊണ്ട് മുന്നേറിയാണ് അശ്വിൻ ബിഗ് ബോസ് ഷോവരെ എത്തിയത്. ബിഗ് ബോസിൽ മത്സരാർഥിയായ ശേഷം അശ്വിന് വളരെ അധികം പ്രേക്ഷക പിന്തുണ ലഭിച്ചിരുന്നു.
ആദ്യത്തെ ആഴ്ചകളിൽ ആവേശഭരിതമായി കളിച്ചിരുന്ന അശ്വിൻ പിന്നീടങ്ങോട്ട് വീട്ടിൽ ഒതുങ്ങിപ്പോയി. ഹൗസിൽ ഇരുപത്തിയെട്ട് ദിവസം നിന്നശേഷമാണ് അശ്വിൻ എവിക്ടാക്കപ്പെട്ടത്.

മത്സരത്തിൽ നിന്നും പുറത്തായെങ്കിലും അശ്വിന് ജീവിതത്തിൽ നിരവധി സന്തോഷങ്ങൾ അടുത്തിടെ ലഭിച്ചിരുന്നു. തനിക്ക് തന്റെ അമ്മയെ തിരിച്ച് കിട്ടിയ സന്തോഷം അടുത്തിടെ സോഷ്യൽമീഡിയ വഴി അശ്വിൻ പങ്കുവെച്ചിരുന്നു.
സീസൺ ഫോർ ജൂലൈ മൂന്നിന് നടക്കാനിരിക്കെ ഈ സീസണിൽ എവിക്ടായവരെല്ലാം ഫിനാലെ കാണാൻ മുംബൈയിൽ എത്തിയിട്ടുണ്ട്. ഇപ്പോൾ അവരെല്ലാം മത്സരാർഥികൾക്കൊപ്പം ഒരു ദിവസം ഹൗസിൽ താമസിക്കാനും എത്തിയിട്ടുണ്ട്.
അതേസമയം ബിഗ് ബോസിൽ നിന്ന് പുറത്ത് വന്നശേഷമുള്ള തന്റെ മാറ്റങ്ങളെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ഫിലിമി ബീറ്റിന് നൽകിയ അഭിമുഖത്തിൽ അശ്വിൻ.

'വീണ്ടും ഹൗസിലേക്ക് പോകാനും ഗ്രാന്റ് ഫിനാലെയിൽ പങ്കെടുക്കാനും അവസരം ലഭിച്ചതിൽ സന്തോഷമുണ്ട്. എല്ലാവരുമായുമുള്ള സൗഹൃദം ശക്തമായത് ഹൗസിൽ നിന്നും പുറത്തിറങ്ങിയ ശേഷമാണ്. പിന്നെ അമ്മ എന്നെ തിരിച്ചറിഞ്ഞു.'
'മാത്രമല്ല സ്വവർഗാനുരാഗിയാണെന്ന് വെളപ്പെടുത്തിയ ശേഷം പല സുഹൃത്തുക്കളും എന്നോടുള്ള സൗഹൃദം അവസാനിപ്പിച്ചു. കൂടാതെ നിരവധി ചീത്തകോളുകളും മറ്റും വരാറുണ്ട്.'
'ഇപ്പോൾ ഒരു പങ്കാളിയെ കൂടെകൂട്ടാൻ ആഗ്രഹിക്കുന്നില്ല. അതിനുള്ള സമയമായിട്ടില്ല. റോബിനും ജാസ്മിനും എല്ലാം ഒന്നിച്ചുള്ള സൗഹൃദം കാണുമ്പോൾ സന്തോഷം തോന്നുന്നുണ്ട്.'

'റോബിൻ പഴഞ്ചൊല്ല് പറഞ്ഞപ്പോൾ അത്രത്തോളം പ്രശ്നങ്ങൾ സൃഷ്ടിച്ച് ദേഷ്യപ്പെടേണ്ടിയിരുന്നില്ലെന്ന് എനിക്ക് പിന്നീട് തോന്നിയിരുന്നു. ആ വീട്ടിലെ സാഹചര്യവും പ്രഷറും സ്ട്രെസ്സുമെല്ലാം ഒന്നിച്ച് വരുമ്പോൾ നമ്മൾ അങ്ങനെയായിപ്പോകും.'
'ഈ സീസണിലെ എല്ലാ മത്സരാർഥികൾക്കും കൊടുക്കാൻ സമ്മാനങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. മോഹൻലാൽ സാറിനോട് കൊടുക്കാനും സമ്മാനം കരുതിയിട്ടുണ്ട്. ഹൗസിലേക്ക് വീണ്ടും കേറാൻ സാധിക്കുന്നതിന്റെ സന്തോഷവുമുണ്ട്.'
'വീട്ടിലെ ചില ഏരിയകളൊക്കെ വിശദമായി ഇരുന്ന് ആസ്വദിക്കണം. ഹൗസിലുണ്ടായിരുന്നപ്പോൾ അതിന് സാധിച്ചിരുന്നില്ലല്ലോ' അശ്വിൻ കൂട്ടിച്ചേർത്തു.


Click it and Unblock the Notifications