'എന്നെ മനസിലാക്കിയത് നവീനാണ്, ഞാൻ ഒരുപാട് മിസ് ചെയ്യും, റോബിന് അധിക കാലമില്ല'; അശ്വിൻ പറഞ്ഞത്
കഴിഞ്ഞ ദിവസം ബിഗ് ബോസ് മലയാളം നാലാം സീസണിലെ മൂന്നാമത്തെ എലിമിനേഷനും നടന്നിരിക്കുകയാണ്. വീക്കെൻഡ് എപ്പിസോഡ് ആരംഭിക്കുന്നതിന് തലേന്ന് വൈൽഡ് കാർഡ് എൻട്രിയായി എത്തിയ മണികണ്ഠൻ സ്വമേധന ഷോയിൽ നിന്നും ക്വിറ്റ് ചെയ്തതിനാൽ എല്ലാവരും ഇത്തവണ എലിമിനേഷൻ ഉണ്ടാവില്ലെന്ന് കരുതിയാണ് ഇരുന്നത്. പ്രേക്ഷകരിലും അത്തരത്തിലൊരു ചിന്തയുണ്ടായിരുന്നു. ആരോഗ്യപ്രശ്നങ്ങൾ അധികമായതിനാലാണ് വന്ന് ഒരാഴ്ച തികയും മുമ്പ് മണികണ്ഠൻ തോന്നയ്ക്കൽ വീടിനോട് വിട പറഞ്ഞത്.
ബ്ലെസ്ലി, അശ്വിൻ, സൂരജ്, റോബിൻ എന്നിവരായിരുന്നു എവിഷനിൽ വന്നിരുന്നത്. മത്സരാർത്ഥികളോട് കുശലം ചോദിച്ച ശേഷമായിരുന്നു മോഹൻലാൽ എവിഷൻ പ്രഖ്യാപിച്ചത്. നാല് പേരിൽ നിന്നും അശ്വിനാണ് പുറത്തായത്. കുറച്ച് കൂടി ആക്ടീവ് ആകണമെന്ന് താൻ പലതവണ പറഞ്ഞതായിരുന്നില്ലേയെന്ന് ചോദിച്ചുകൊണ്ടാണ് എലിമിനേറ്റഡായ വിവരം അശ്വിനോട് മോഹൻലാൽ പറഞ്ഞത്. മോഹൻലാലിന് മാത്രമല്ല അശ്വിനൊപ്പം വീട്ടിൽ താമസിക്കുന്ന മറ്റ് മത്സരാർഥികൾക്കും പ്രേക്ഷകർക്കും അശ്വിൻ ആക്ടീവാകുന്നില്ലെന്ന പരാതി ഉണ്ടായിരുന്നു.

നാലാം സീസണിൽ ആദ്യം പുറത്തായത് മോഡലും നടിയുമായ ജാനകി സുധീറായിരുന്നു. രണ്ടാമത്തെ ആഴ്ച എവിക്ഷന് പകരം സീക്രട്ട് റൂം ടാസ്ക്കായിരുന്നു. ശേഷം മൂന്നാമത്തെ ആഴ്ചയിലാണ് രണ്ടാമത്തെ മത്സരാർഥി വീട്ടിൽ നിന്നും പുറത്തായത്. അത് ശാലിനി നായർ ആയിരുന്നു. ശാലിനി പോയപ്പോഴാണ് മണികണ്ഠൻ വൈൽഡ് കാർഡായി വീട്ടിലേക്ക് എത്തിയത്. ഒരാഴ്ച തികയ്ക്കാനാവാതെ മണികണ്ഠനും പ്രേക്ഷക തീരുമാന പ്രകാരം അശ്വിനും പടിയിറങ്ങിയിരിക്കുകയാണ്. അപ്രതീക്ഷിതമായിരുന്നു എന്ന തരത്തിൽ തന്നെയാണ് അശ്വിനും പുറത്തായി എന്ന കാര്യത്തെ സ്വീകരിച്ചത്.

വീടിനോട് വിട പറയുന്നതിന് മുമ്പ് എല്ലാവരെ കുറിച്ചും തനിക്ക് പറയാനുള്ളത് അശ്വിൻ പറഞ്ഞിരുന്നു. 'ഇത്രയും പെട്ടന്ന് പുറത്തുപോകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ കഴിയും വിധം നന്നായി കളിച്ചുവെന്നാണ് എനിക്ക് തോന്നിയത്. ലക്ഷ്മി ചേച്ചിയുടെ സ്‌നേഹം മിസ് ചെയ്യും. ഡെയ്‌സി, അഖിൽ, അപർണ, ധന്യ, റോൺസൺ, സൂരജ്, ബ്ലസ്ലി, റോബിൻ, നിമിഷ എല്ലാവരോടും സ്‌നേഹം മാത്രം. ആരും എന്നെ വെറുക്കരുത്. നിങ്ങളുടെ സ്‌നേഹം എനിക്കെന്നും വേണം. ഒരു മാജിക് പോലെ ഷോയിലേക്ക് വന്നു. എന്റെ ജീവിതത്തിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ പ്ലാറ്റ്‌ഫോമാണ്. ഒരുപാട് പഠിക്കാൻ പറ്റി. കുറച്ചുപേർക്കെങ്കിലും എന്റെ ജീവിതം പ്രചോദനമാകുമെന്നാണ് കരുതുന്നത്. എല്ലാരോടും പോസിറ്റീവ് പറയണമെന്ന് തീരുമാനിച്ചിരുന്നു.'

'നവീൻ ചേട്ടനെ മിസ് ചെയ്യും എന്നെ പേഴ്‌സണലായി മനസിലാക്കിയ വ്യക്തിയാണ്. ജാസ്മിൻ, നിമിഷ ഇവരേയും മിസ് ചെയ്യും. റോൺസൺ, ബ്ലസ്ലി, ധന്യ, നവീൻ, അഖിൽ ഇവരായിരിക്കും ടോപ് ഫൈവിൽ വരാൻ പോവുന്നത്. ഡോക്ടർ റോബിന് അവിടെ അധികം പിടിച്ച് നിൽക്കാനാവുമെന്ന് തോന്നുന്നില്ല' അശ്വിൻ പറഞ്ഞു. കൂടാതെ മനോഹരമായ ഗാനവും അശ്വിൻ ആലപിച്ചു. ബിഗ് ബോസ് പരിപാലിക്കാൻ നൽകിയ ചെടി നവീന് കൈമാറുകയും ചെയ്തിരുന്നു അശ്വിൻ. ആദ്യത്തെ ആഴ്ചയിൽ തന്നെ വീടിന്റെ ക്യാപ്റ്റനായി കഴിവ് തെളിയിക്കുകയും ശേഷം അതേ ആഴ്ച തന്നെ ജയിൽ പോവുകയും ചെയ്തിരുന്നു അശ്വിൻ.
Recommended Video

തുടക്കത്തിൽ വളരെ ആക്ടീവായിരുന്ന അശ്വിൻ എന്തുകൊണ്ടാണ് ഉൾവലിയുന്നതെന്ന് പ്രേക്ഷകരും ചിന്തിച്ചിരുന്നു. കഴിഞ്ഞ ആഴ്ച മോഹൻലാൽ മുന്നറിയിപ്പ് നൽകിയ ശേഷം ചെറിയ രീതിയിലൊക്കെ അശ്വിൻ രംഗത്ത് വന്നെങ്കിലും വലിയ പ്രകടനങ്ങളൊന്നും അശ്വിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നില്ല. ചെറുപ്പത്തിൽ തന്നെ നിരവധി നേട്ടങ്ങൾ സ്വന്തമാക്കി കരുത്തുറ്റ പോരാട്ടത്തിലൂടെ പ്രതിഭ തെളിയിച്ച വ്യക്തിയാണ് അശ്വിൻ. ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്‍സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. ഒരു മിനിറ്റിൽ ഏറ്റവുമധികം മാജിക് ചെയ്‍തുകൊണ്ടാണ് അശ്വിൻ ഈ അപൂർവ നേട്ടം സ്വന്തം പേരിൽ കുറിച്ചത്. വലിയ സ്വപ്നങ്ങളോടെയാണ് ബിഗ് ബോസിലേക്ക് വന്നതെന്ന് അശ്വിൻ ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു.


Click it and Unblock the Notifications