മോഹൻലാൽ വാക്കുപാലിച്ചു, ബിഗ് ബോസിൽ ട്വൽത്ത് മാൻ, ക്യാപ്റ്റൻ ബ്ലെസ്ലിയുടെ പരിഷ്കാരങ്ങളിൽ അടിമുടി മാറി ഹൗസ്!
ബിഗ് ബോസ് മലയാളം അമ്പത്തിയെട്ടാം ദിവസത്തിൽ എത്തിനിൽക്കുകയാണ്. ക്യാപ്റ്റൻസി കൈമാറൽ, പുതിയ ക്യാപ്റ്റന്റെ ഭരണപരിഷ്കാരങ്ങൾ, നോമിനേഷൻ തുടങ്ങി ഒട്ടനവധി കാര്യങ്ങൾ ഏറ്റവും പുതിയ എപ്പിസോഡിൽ നടന്നു.
എപ്പിസോഡ് തുടങ്ങിയത് തന്നെ മോഹൻലാലിന്റെ പുതിയ ഒടിടി റിലീസായ ട്വൽത്ത് മാൻ മത്സരാർഥികൾക്കായി സ്ട്രീം ചെയ്തുകൊണ്ടായിരുന്നു. വീക്കെൻഡ് എപ്പിസോഡിൽ സിനിമയുടെ പ്രമോഷന് ജീത്തു ജോസഫ് എത്തിയപ്പോൾ തന്നെ ട്വൽത്ത് മാൻ മത്സരാർഥികൾക്ക് വേണ്ടി സ്ട്രീം ചെയ്യുമെന്ന് മോഹൻലാൽ വാഗ്ദാനം നൽകിയിരുന്നു.
ആ വാഗ്ദാനം പാലിക്കപ്പെട്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ ദിവസമാണ് ട്വൽത്ത് മാൻ എന്ന മോഹൻലാലിന്റെ ത്രില്ലർ സിനിമ ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്ത് തുടങ്ങിയത്. ഞായറാഴ്ച വൈകിട്ട് 5.30യ്ക്കാണ് മത്സരാർഥികൾക്കായി ബിഗ് ബോസ് സിനിമാ പ്രദർശനം സംഘടിപ്പിച്ചത്.
ജീത്തു ജോസഫ് പ്രമോഷനായി എത്തിയപ്പോൾ ട്വൽത്ത് മാൻ സിനിമയുടെ ഭാഗമായി ഒരു പ്രത്യേക ടാസ്കും മത്സരാർഥികൾക്ക് നൽകിയിരുന്നു. ബിഗ് ബോസ് വേദിയിൽ എത്തിയ ജീത്തു ട്വൽത്ത് മാനെ ദൃശ്യവുമായി താരതമ്യം ചെയ്യരുതെന്ന് പ്രേക്ഷകരോടും അഭ്യർഥിച്ചിരുന്നു.
അമ്പത് ദിവസങ്ങൾക്ക് ശേഷം ആദ്യമായി ഒരു സിനിമ കാണുന്നതിൻറെ ആവേശത്തിലായിരുന്നു മത്സരാർഥികൾ. ഏറെ ആവേശത്തോടെ കൈയടിച്ച് വിസിൽ മുഴക്കിയാണ് എല്ലാവരും സിനിമ കണ്ടത്.

നവാഗതനായ കെ.ആർ കൃഷ്‍ണകുമാറാണ് ട്വൽത്ത് മാന്റെ രചന നിർവഹിച്ചിരിക്കുന്നത്. സ്വന്തം തിരക്കഥയിലല്ലാതെ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദ്യ മോഹൻലാൽ ചിത്രവുമാണ് ട്വൽത്ത് മാൻ.
ഉണ്ണി മുകുന്ദൻ, അനുശ്രീ, അദിതി രവി, ലിയോണ ലിഷോയ്, വീണ നന്ദകുമാർ, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്, ശാന്തി പ്രിയ, പ്രിയങ്ക നായർ, ശിവദ, അനു സിത്താര, രാഹുൽ മാധവ്, അനു മോഹൻ, ചന്ദുനാഥ്, നന്ദു, പ്രദീപ് ചന്ദ്രൻ തുടങ്ങിയവരും സിനിമയിൽ അഭിനയിച്ചിരുന്നു.
സിനിമക്ക് ശേഷം ക്യാപ്റ്റൻസി കൈമാറ്റമായിരുന്നു. കഴിഞ്ഞ ആഴ്ചയിലെ ക്യാപ്റ്റനായിരുന്ന അഖിൽ ക്യാപ്റ്റന്റെ ബാൻഡ് ഊരി ബ്ലെസ്ലിക്ക് കൈമാറി. ശേഷം ബ്ലെസ്ലി ഹൗസിലെ ജോലികൾക്കായി ആളുകളെ തിരിച്ചു. അതേസമയം ബ്ലെസ്ലിയുടെ ചില ഭരണ പരിഷ്കാരങ്ങൾ എല്ലാവർക്കും ദഹിച്ചിട്ടില്ല.

ദിവസവും മത്സരാർഥികൾ എല്ലാം പങ്കെടുക്കുന്ന രണ്ട് മീറ്റിങുകൾ സംഘടിപ്പിക്കണമെന്ന് ബ്ലെസ്ലി പറഞ്ഞു. റോബിൻ പറഞ്ഞ നിർദേശമാണ് ഇതെന്നും തനിക്ക് അത് നന്നായി തോന്നിയെന്നും ബ്ലെസ്ലി വിശദീകരിച്ചു.
സുചിത്രയ്ക്ക് ബെഡ്റൂം വൃത്തിയാക്കാനുള്ള ജോലിയാണ് നൽകിയത്. എന്നാൽ അതിലും ചില പരിഷ്കാരങ്ങൾ ബ്ലെസ്ലി നടത്തിയത് സുചിത്രയ്ക്ക് ഇഷ്ടപ്പെട്ടില്ല. ക്യാപ്റ്റനായതുകൊണ്ട് പൊട്ടിതെറിക്കാൻ കഴിയാത്തതിനാൽ കുറച്ച് നേരം സുചിത്ര തർക്കിച്ചു.
ഹൗസിലെ ബ്ലെസ്ലിയുടെ ആദ്യ ക്യാപ്റ്റൻസിയാണ്. പലർക്കും അത് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. അതിനാൽ തന്നെ വരും ദിവസങ്ങളിൽ പൊട്ടിതെറികൾ വീട്ടിൽ സംഭവിച്ചേക്കും.
Recommended Video

പിന്നീട് നടന്നത് ഈ ആഴ്ചയിലെ നോമിനേഷൻ പ്രക്രിയയായിരുന്നു. ഇത്തവണയും ബിഗ്ബോസ് അത് വ്യത്യസ്തമായ രീതിയിലാണ് നടത്തിയത്.
കഴിഞ്ഞ തവണ കൺഫെഷൻ റൂമിൽ എത്തുന്ന രണ്ടുപേർ ചേർന്ന് ഒരാളെ തീരുമാനിക്കുന്ന രീതി ആയിരുന്നെങ്കിൽ ഇക്കുറി അത് മൂന്നുപേർ വീതം ഇരുന്ന് ചർച്ച ചെയ്ത് ഒരാളെ തീരുമാനിക്കുന്ന രീതിയിലായിരുന്നു.
ക്യാപ്റ്റൻ ബ്ലെസ്ലിയെ ആർക്കും നോമിനേറ്റ് ചെയ്യാൻ പറ്റില്ലെന്നും അതേസമയം ബ്ലെസ്ലിക്ക് നോമിനേഷൻ പ്രക്രിയയിൽ പങ്കെടുക്കാവുന്നതാണെന്നും ബിഗ് ബോസ് അറിയിച്ചു.
ശേഷം നോമിനേഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് സുചിത്ര, സൂരജ്, അഖിൽ, വിനയ് എന്നിവരായിരുന്നു. സുചിത്ര ആദ്യമായാണ് നോമിനേഷനിൽ വരുന്നത്.


Click it and Unblock the Notifications