'ആ വീഡിയോകൾ മാനിപുലേറ്റഡാണ്, വീട്ടിൽ തിരികെ വന്നപ്പോൾ അമ്മമാരെല്ലാം വന്ന് കെട്ടിപിടിച്ച് കരഞ്ഞു'; ബ്ലെസ്ലി!
ബിഗ് ബോസ് മലയാളം സീസൺ ഫോർ അവസാനിച്ച് രണ്ട് മാസം പിന്നിടുമ്പോൾ നാലാം സീസണിൽ മത്സരാർഥികളായി എത്തിയ താരങ്ങളെല്ലാം ജീവിതം ആഘോഷിക്കുകയാണ്. ബിഗ് ബോസ് ഫെയിം കാരണം ഉദ്ഘാടനവും ഷൂട്ടിങും അഭിമുഖങ്ങളും യാത്രകളുമായി താരങ്ങൾ തിരക്കിലാണ്.
ബിഗ് ബോസിലൂടെ ജീവിതം മാറി മാറിഞ്ഞവരിൽ പ്രധാനിയാണ് ഗായകനായ ബ്ലെസ്ലി. ബിഗ് ബോസ് സീസൺ ഫോറിൽ രണ്ടാം സ്ഥാനം ബ്ലെസ്ലിക്കായിരുന്നു. ഒന്നാം സ്ഥാനം ദിൽഷയ്ക്കാണ് ലഭിച്ചത്.
മൂന്നാം സ്ഥാനത്ത് റിയാസായിരുന്നു ഉണ്ടായിരുന്നത്. തുടക്കം മുതൽ ബ്ലെസ്ലി ആരാധകരെ സമ്പാദിച്ച് തുടങ്ങിയിരുന്നു. കാരണം അത്ര മനോഹരമായി ഗെയിം കളിക്കുകയും ലൂപ് ഹോൾ കണ്ടെത്തി ഗെയിം കളിക്കുകയും ചെയ്യുന്ന മത്സരാർഥിയായിരുന്നു ബ്ലെസ്ലി.
കൂടാതെ അധികം പ്രകോപിതനാകാതെ ഉരുളയ്ക്ക് ഉപ്പേരിപോലെ മറുപടി പറയുന്നതിലും ബ്ലെസ്ലി കേമനായിരുന്നു. തെറ്റുകൾ ചൂണ്ടി കാണിച്ച് കൊടുത്താൽ തിരുത്തി മുന്നോട്ട് പോകുന്നതിലും ആളുകളെ അംഗീകരിക്കുന്നതിലും ബ്ലെസ്ലി മുന്നിലായിരുന്നു.

നാലാം സീസണിൽ ഏറ്റവും കൂടുതൽ ആരാധകരെ സമ്പാദിച്ചത് രണ്ട് മത്സരാർഥികളാണ്. അതിൽ ഒരാൾ ബ്ലെസ്ലിയും മറ്റെയാൾ റോബിനുമായിരുന്നു. റോബിൻ പുറത്തായപ്പോൾ ജനപിന്തുണയുടെ കാര്യത്തിൽ ബ്ലെസ്ലി മുന്നിലായി.
ഗ്രാന്റ് ഫിനാലെയ്ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് കാര്യങ്ങൾ മാറി മറിഞ്ഞത്. ബ്ലെസ്ലിയെ മോശമായി ചിത്രീകരിക്കുന്ന നിരവധി വീഡിയോകൾ ഗ്രാന്റ് ഫിനാലെയോട് അടുത്തപ്പോൾ വ്യാപകമായി സോഷ്യൽമീഡിയയിൽ പ്രചരിച്ചു.
ഇതിന്റെ പേരിൽ ബ്ലെസ്ലിക്ക് ലഭിക്കേണ്ടിയിരുന്ന പിന്തുണയിൽ കുറവുണ്ടാവുകയും പ്രേക്ഷകർ മറ്റ് ഫൈനലിസ്റ്റുകൾക്ക് വോട്ട് നൽകുന്ന തലത്തിലേക്ക് കാര്യങ്ങൾ പോവുകയും ചെയ്തു.

ഗ്രാന്റ് ഫിനാലെയോട് അടുത്തപ്പോൾ നേരത്തെ ഗെയിമിൽ നിന്ന് പുറത്തായ മത്സരാർഥികൾ തിരികെ വീട്ടിലേക്ക് പ്രവേശിച്ചിരുന്നു. ഫൈനലിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു.
അങ്ങനെ അകത്ത് പ്രവേശിച്ചവരിൽ ഉൾപ്പെട്ട ജാസ്മിൻ ബ്ലെസ്ലിയോട് പുറത്ത് നടക്കുന്ന കാര്യങ്ങൾ വിവരിച്ചതോടെ ബ്ലെസ്ലിയും സങ്കടത്തിലായിരുന്നു.
ഫിനാലെ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം തനിക്ക് എതിരെ നടന്ന ഡീഗ്രേഡിങിൽ ബ്ലെസ്ലി മറുപടിയൊന്നും പറഞ്ഞിരുന്നില്ല. ബിഗ് ബോസിൽ നടന്നത് അവിടെ ഉപേക്ഷിച്ചാണ് പുറത്ത് വന്നത് എന്നാണ് ബ്ലെസ്ലി അന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഇപ്പോഴിത സംവിധായകൻ ടോം ഇമ്മട്ടിയുമായുള്ള സൗഹൃദ സംഭാഷണത്തിനിടെ അന്ന് തനിക്ക് എതിരെ പ്രചരിച്ച വീഡിയോകളെ കുറിച്ച് ബ്ലെസ്ലി സംസാരിച്ചിരിക്കുകയാണ്. 'ഞാൻ മനസാവാചാ കർമണ അറിഞ്ഞിട്ടില്ല.'
'ആൾക്കാർക്ക് തെറ്റായ സന്ദേശം കൊടുക്കണമെന്ന ഉദ്ദേശത്തോടെയല്ല ഞാൻ പോയത്. ആക്ച്വലി ആ വീഡിയോകളെല്ലാം മാനിപുലേറ്റഡാണ്.'
'സ്പീഡ് കൂട്ടിയും കുറച്ചുമൊക്കെയാണ് ചെയ്ത് വെച്ചിരിക്കുന്നത്. കണ്ടാൽ മനസിലാകും. ഉള്ളിലായിരുന്നപ്പോൾ അറിയില്ലായിരുന്നു. ഞാൻ കാരണം തെറ്റായ സന്ദേശം പുറത്തുപോയോന്ന് ആലോചിച്ചായിരുന്നു സങ്കടം.'

'എന്നെ അനുകരിച്ച് ആരും തെറ്റായ വഴിക്ക് പോവരുതെന്ന് ഉണ്ടായിരുന്നു. അങ്ങനൊന്നും ഞാൻ കൈയ്യിൽ തൊട്ടിട്ട് പോലുമില്ല. അങ്ങനൊരു ഉദ്ദേശവുമില്ലായിരുന്നു. തെറ്റായ ഉദ്ദേശമായിരുന്നുവെങ്കിൽ പല സ്ഥലങ്ങളിലും ഞാൻ ഇൻട്രസ്റ്റ് കാണിക്കുമായിരുന്നു. ആ കുട്ടിയും ചിന്തിച്ചിട്ടില്ല. തെറ്റിദ്ധാരണ ജനകമായ വീഡിയോകളായിരുന്നു.'
'ആരാണ് അത് ചെയ്തതെന്ന് അറിയില്ല. അങ്ങനൊരു വികാരമോ ചിന്തയോ എനിക്ക് ഉണ്ടായിരുന്നില്ല. തെറ്റിദ്ധരിക്കപ്പെട്ടപ്പോൾ സങ്കടമായി. റോബിനുമായി ഫ്രണ്ട്ഷിപ്പായിരുന്നു.'
'ചില ഉമ്മമാരൊക്കെ എന്നെ കാണാൻ വീട്ടിൽ വരുമ്പോൾ കെട്ടിപിടിച്ച് കരയാറുണ്ട്. ഞങ്ങൾ നിനക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടുവെന്നൊക്കെ പറഞ്ഞിരുന്നു. അവരുടെ സങ്കടം കാണുമ്പോൾ ഷോ ജയിക്കാത്തതിൽ സങ്കടം തോന്നി. ഇത്രത്തോളം ആളുകൾ എനിക്ക് വേണ്ടി കഷ്ടപ്പെടുന്നുവെന്ന് അറിയില്ലായിരുന്നു' ബ്ലെസ്ലി പറഞ്ഞു.


Click it and Unblock the Notifications











