അർഹതയ്ക്കുള്ള അംഗീകാരം, ഒമ്പതാം ആഴ്ചയിലെ ക്യാപ്റ്റനായി ബ്ലെസ്ലി, കലിയടങ്ങാതെ റിയാസ്!
ഓരോ ആഴ്ചയിലേയും ഏറ്റവും വലിയ ഹൈലൈറ്റ് വീക്കിലി ടാസ്ക്കും ക്യാപ്റ്റൻസി ടാസ്ക്കുമാണ്. വീക്കിലി ടാസ്ക്കിൽ നന്നായി ഗെയിം കളിച്ച് മുന്നേറുന്നവർക്കാണ് ക്യാപ്റ്റൻസി ടാസ്ക്കിൽ പങ്കെടുക്കാൻ സാധിക്കുക.
അങ്ങനെ ഇത്തവണ ക്യാപ്റ്റൻസി ടാസ്ക്കിൽ മത്സരിക്കാൻ അവസരം ലഭിച്ചത് ബ്ലെസ്ലിക്കും റോബിനും റിയാസിനുമാണ്. വീട്ടിലെ മറ്റ് അംഗങ്ങൾ ചേർന്നാണ് മൂന്ന് പേരുടേയും പേരുകൾ ക്യാപ്റ്റൻസി ടാസ്ക്കിലേക്ക് നിർദേശിച്ചത്.
വ്യത്യസ്തമായ ക്യാപ്റ്റൻസി ടാസ്ക്കാണ് ഇത്തവണ ബിഗ് ബോസ് നൽകിയത്.
മത്സരാർഥികൾ ആദ്യം ഇഷ്ടമുള്ള നിറത്തിലുള്ള സ്റ്റിക്കി നോട്ടുകൾ തെരഞ്ഞെടുക്കുക. ശേഷം അവ തന്നിരിക്കുന്ന ബോർഡിന്റെ എല്ലാ വശങ്ങളിലും ഒട്ടിക്കുക.
മൂന്ന് പേരും മൂന്ന് കളറുകൾ വീതമാണ് തെരഞ്ഞടുത്തത്. ക്യാപ്റ്റൻസി ടാസ്ക്കിനായി മത്സരിക്കുന്നവർക്ക് സഹായത്തിനായി മൂന്ന് പേരെയും നൽകിയിരുന്നു. അവരുടെ കൂടെ സഹായത്തോടെയാണ് ബ്ലെസ്ലിയും റിയാസും റോബിനും മത്സരിച്ചത്.
വിധി കർത്താവ് സുചിത്രയായിരുന്നു.

മത്സരം കഴിഞ്ഞ ശേഷം ഏറ്റവും കൂടുതൽ തെളിഞ്ഞ് കാണുന്നത് ആര് പതിപ്പിച്ച സ്റ്റിക്കി നോട്ടുകളാണോ അവരായിരിക്കും വിജയി. അങ്ങനെ വിലയിരുത്തിയപ്പോൾ സുചിത്ര ബ്ലെസ്ലി എന്ന പേരിലേക്കാണ് എത്തിച്ചേർന്നത്.
റോബിനും റിയാസും മത്സരത്തിനിടെ നിയമങ്ങൾ തെറ്റിക്കുന്നത് തന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും എല്ലാം പരിഗണിക്കുമ്പോൾ ബ്ലെസ്ലി മാത്രമാണ് നന്നായി ഗെയിം കളിച്ചതെന്നും അതിനാൽ ബ്ലെസ്ലിയെ വിജയിയായി പ്രഖ്യാപിക്കുന്നുവെന്നുമാണ് സുചിത്ര പറഞ്ഞത്.
എന്നാൽ വിധികർത്താവിന്റെ തീരുമാനം അംഗീകരിക്കാൻ റിയാസും ജാസ്മിനും തയ്യാറായില്ല. അതിന്റെ പേരിൽ റോബിനും റിയാസും ജാസ്മിനും ദിൽഷയും തമ്മിൽ വഴക്കുണ്ടായി.

അഖിലും സൂരജും ധന്യയുമാണ് ബ്ലെസ്ലിക്ക് വേണ്ടി പിന്തുണയായി ഒപ്പം കളിച്ചത്. സുചിത്ര പക്ഷാപാതപരമായ തീരമാനം എടുക്കാൻ കാരണം അഖിലിനോടും സൂരജിനോടുമുള്ള സൗഹൃദമാണെന്നും റിയാസ് പരസ്യമായി പറഞ്ഞു.
വിധി കർത്താവ് വിധി പ്രഖ്യാപിച്ച ശേഷം റിയാസും ജാസ്മിനുമെല്ലാം ചേർന്ന് മത്സരാർഥികളുടെ സ്റ്റിക്കി നോട്ടുകൾ എണ്ണിയിരുന്നു. അപ്പോഴും എണ്ണത്തിൽ കുറവ് റിയാസിന്റെ സ്റ്റിക്കി നോട്ടുകൾ ആയിരുന്നു.
സുചിത്ര ആദ്യം വിധി പ്രഖ്യാപിച്ചപ്പോൾ എണ്ണം തിട്ടപ്പെടുത്തി വിജയിയെ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട റിയാസിന്റെ സ്റ്റിക്കി നോട്ടുകളുടെ എണ്ണം കണക്കിലെടുത്തപ്പോഴും വളരെ പിന്നിലായിരുന്നു.

ബ്ലെസ്ലിയുടെ ആദ്യത്തെ ക്യാപ്റ്റൻസിയാണിത്. റിയാസ്, ജാസ്മിൻ തുടങ്ങി കുറച്ച് പേരൊഴികെ ബാക്കി എല്ലാവരും ബ്ലെസ്ലിക്ക് ക്യാപ്റ്റൻസി കിട്ടിയതിന്റെ സന്തോഷത്തിലാണ്. വീട്ടിലെ ഏറ്റവും നല്ല മൈൻഡ് ഗെയിമർ ബ്ലെസ്ലിയാണെന്നത് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുകയാണ്.
ക്യാപ്റ്റൻ കൂൾ ബ്ലെസ്ലിയുടെ ക്യാപ്റ്റൻസി കാണാൻ കാത്തിരിക്കുന്നുവെന്നാണ് പ്രേക്ഷകരും കുറിച്ചത്. ക്യാപറ്റൻസി ടാസ്ക്കിൽ വിജയം നേടിയപ്പോൾ കുട്ടിക്കരണം മറിഞ്ഞാണ് ബ്ലെസ്ലി ആഹ്ലാദപ്രകടനം നടത്തിയത്.
എല്ലാം ചിന്തിച്ച് മാത്രം ചെയ്യുകയും പ്രവർത്തിക്കുകയും ചെയ്യുന്ന മത്സരാർഥി കൂടിയാണ് ബ്ലെസ്ലി. തോറ്റതിന്റെ ദേഷ്യത്തിൽ കനം കൂടിയ ചീത്ത വാക്കുകൾ ഉൾപ്പടെ റിയാസ് ബ്ലൈസ്ലിയെ വിളിച്ചിരുന്നു.

ആദ്യം ഒന്നാം സ്ഥാനത്തിനായി റോബിൻ തർക്കിച്ചെങ്കിലും തന്റെ കളികളിൽ തെറ്റുകൾ സംഭവിച്ചിട്ടുണ്ടെന്ന് മനസിലായപ്പോൾ റോബിൻ ബ്ലെസ്ലിക്ക് വേണ്ടി സംസാരിച്ചിരുന്നു.
അപ്പോഴും ജാസ്മിൻ അടക്കം വിധി കർത്താവായ സുചിത്രയെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിച്ചത്. ഇന്നലെ വരെ ഉറങ്ങി കിടന്നിരുന്ന ബിഗ് ബോസ് വീട് ക്യാപ്റ്റൻസി ടാസ്ക്ക് കഴിഞ്ഞതോടെ വീണ്ടും പഴയ പോലെ ഉണർന്ന് സജീവമായിരിക്കുകയാണ്.
ഇപ്പോൾ വീട്ടിലുള്ള പതിമൂന്ന് മത്സരാർഥികളിൽ ഏറ്റവും കൂടുതൽ ജനപിന്തുണയുള്ള മത്സരാർഥികളിൽ ഒരാളും ബ്ലെസ്ലിയാണ്. അതേസമയം ഈ ആഴ്ചയിലെ പുറത്ത് പോകാനുള്ളവരുടെ നോമിനേഷൻ ലിസ്റ്റിലും ബ്ലെസ്ലിയുണ്ട്.


Click it and Unblock the Notifications