നിമിഷയുടെ രണ്ടാം വരവ് ആരുടെ കഴുത്തിലെ കയർ മുറുക്കും? ആശങ്കയും സംശയങ്ങളും പങ്കുവെച്ച് മത്സരാർഥികൾ!
മറ്റ് ഭാഷകളിലെ ബിഗ് ബോസ് സീസണുകളോട് കിടപിടിക്കുന്ന തരത്തിലാണ് ബിഗ് ബോസ് മലയാളം നാലാം സീസൺ ഒരുക്കിയിരിക്കുന്നത്. നേരത്തെ സംപ്രേഷണം ചെയ്തിട്ടുള്ള മൂന്ന് സീസണുകളിൽ നിന്നും ഒട്ടനവധി വ്യത്യാസങ്ങൾ നാലാം സീസണിലെ ഗെയിമുകളിലും മൊത്തത്തിലുള്ള ബിഗ് ബോസ് വീടിന്റെ സ്വഭാവത്തിലും കാണാനാകും. ഇനിയും നിരവധി സർപ്രൈസുകൾ പ്രേക്ഷകർക്കായി വീട്ടിൽ ഒരുക്കിയിട്ടുണ്ട് എന്നതിന്റെ സൂചനയായിരുന്നു മത്സരാർഥിയായ നിമിഷയുടെ സ്ക്രട്ട് റൂം വാസം.
രണ്ട് ദിവസത്തെ അഞ്ജാത വാസത്തിന് ശേഷം നിമിഷ വീണ്ടും വീട്ടിൽ തിരിച്ചെത്തിയിരിക്കുകയാണ്. മുൻ സീസണുകൾ പകുതി പിന്നിടുമ്പോൾ ഉണ്ടാകാവുന്ന അവസ്ഥയാണ് വെറും മൂന്നാം വാരത്തിലേക്ക് പ്രവേശിക്കുമ്പോൾ നാലാം സീസണിന് ഉള്ളത്. ഈ രണ്ട് ദിവസവും നിമിഷ ഷോ കണ്ടുകൊണ്ടാണ് ഇരുന്നത്. പിന്നാലെ ബിഗ് ബോസ് നിമിഷയോട് സംസാരിക്കുകയായിരുന്നു. നിമിഷയോട് സുഖവിവരങ്ങൾ അന്വേഷിച്ച ശേഷം തിരികെ ഹൗസിലക്ക് പോകുന്ന കാര്യം ബിഗ് ബോസ് ചോദിച്ചു. പോയിട്ട് തിരികെ വരുന്ന മത്സരാർഥികൾക്കുള്ള മുന്നറിയിപ്പ് ബിഗ് ബോസ് നിമിഷയ്ക്കും നൽകി.

ഈ ദിവസങ്ങളിൽ എവിടെയായിരുന്നു എന്നത് ആരോടും പറയരുതെന്നും മനസിലാക്കിയ കാര്യങ്ങൾ ആരോടും പങ്കുവെക്കരുതെന്നും ബിഗ് ബോസ് അറിയിച്ചു. മത്സരാർഥികളെ അമ്പരപ്പിച്ചുകൊണ്ടായിരുന്നു ഹൗസിലേക്ക് നിമിഷയുടെ വരവ്. കറുത്ത വസ്ത്രവും മുഖംമൂടിയും അണിഞ്ഞായിരുന്നു കൺഫെഷൻ റൂം വഴി നിമിഷയുടെ വരവ്. നിമിഷയുടെ വരവിൽ ഉറ്റ സുഹൃത്ത് ജാസ്മിൻ അടക്കമുള്ള സഹമത്സാർഥികൾ സന്തോഷിച്ചെങ്കിലും ചിലരുടെയെങ്കിലും ഉള്ളിലും മനസിലും ആശയക്കുഴപ്പം നിഴലിക്കുന്നതായി കാണാമായിരുന്നു. പുറത്തുപോയ രണ്ട് ദിനം നിമിഷ ഷോ കണ്ടിട്ടുണ്ടാവുമോ എന്നതായിരുന്നു പലരുടേയും പ്രധാന സംശയം. ഇക്കാര്യം പലരും ബിബിവീട്ടിൽ പരസ്പരം പങ്കുവെക്കുകയും ചെയ്തു. ഡോ.റോബിനും ക്യാപ്റ്റൻ ദിൽഷയും ഇക്കാര്യം സംസാരിച്ചു.

അവൾ പുറത്തുപോയി എല്ലാം അറിഞ്ഞിട്ടാകുമോ തിരിച്ചെത്തിയിരിക്കുന്നേ എന്നായിരുന്നു റോബിന് അറിയേണ്ടിയിരുന്നത്. തനിക്കതറിയില്ല എന്ന രീതിയിലായിരുന്നു ദിൽഷയുടെ പ്രതികരണം. നിമിഷ വന്നശേഷം ലക്ഷ്മിപ്രിയയുടെ അമിത സ്നേഹപ്രകടനത്തോടെയുള്ള പെരുമാറ്റവും കാണാമായിരുന്നു. നിമിഷ തിരിച്ചെത്തിയപ്പോഴുള്ള ലക്ഷ്മിപ്രിയയുടെ പ്രകടനത്തെ കുറിച്ചും സഹമത്സാർഥികൾക്കിടയിൽ ചർച്ചയുണ്ടായി. സുചിത്രയും ദിൽഷയും ഇത് സംബന്ധിച്ച് സംസാരിക്കുന്നതും കാണാമായിരുന്നു. നിമിഷ സീക്രട്ട് റൂമിലിരുന്നപ്പോൾ മനസിലാക്കിയ കാര്യങ്ങൾ വെച്ച് വീട്ടിൽ മുന്നോട്ടുള്ള കാര്യങ്ങൾ നീക്കുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.

അതേസമയം നിമിഷ സീക്രട്ട് റൂമിൽ നിന്നും മനസിലാക്കിയ കാര്യങ്ങൾ ബുദ്ധിപരമായി പ്രയോഗിക്കുന്നില്ലെന്നാണ് ചില പ്രേക്ഷകർ അഭിപ്രായപ്പെട്ടത്. വീക്കിലി ടാസ്കിൽ ഗ്രൂപ്പ് തെരഞ്ഞെടുത്തപ്പോൾ പോലും നിമിഷ ചിന്തിച്ചില്ലെന്നും ചില പ്രേക്ഷകർ സോഷ്യൽമീഡിയയിൽ കുറിച്ചിട്ടുണ്ട്. ഇതുവരെയുള്ള വീക്കിലി ടാസ്‍കുകൾ കായികവും ബുദ്ധിപരവുമായ മത്സരക്ഷമത പരിശോധിക്കുന്നവയായിരുന്നെങ്കിൽ മൂന്നാം വാരത്തിൽ അത് കലാപ്രകടനങ്ങളുടേതാണ്. ബിബി ഫോക്കസ് എന്ന് പേര് നൽകിയിരിക്കുന്ന ടീം അവതരിപ്പിച്ച ടെലിവിഷൻ വാരഫലം പ്രേക്ഷകർക്ക് രസകരമായ നിമിഷങ്ങൾ സമ്മാനിക്കുന്ന ഒന്നായി.
Recommended Video

ജ്യോതിഷിയായി റോൺസണും അവതാരകയായി നിമിഷയും പരിപാടിയിലേക്ക് കോളുകൾ വിളിക്കുന്നവരായി ബ്ലെസ്‍ലിയും നവീനും എത്തി. വീക്കിലി ടാസ്‍കിൽ ആദ്യം കലാപ്രകടനവുമായെത്തിയ ടീം ഫോക്കസിൻറെ പ്രകടനം പ്രേക്ഷകർക്കും മറ്റ് മത്സരാർഥികൾക്കും ആസ്വാദ്യകരമായ അനുഭവമായി. മറ്റ് മൂന്ന് ടീമുകളും ഫൈവ് സ്റ്റാർ റേറ്റിംഗ് ആണ് ഇവരുടെ പ്രകടനത്തിന് നൽകിയത്. അതേസമയം ലക്ഷ്‍മി പ്രിയ, ഡെയ്‍സി, ജാസ്‍മിൻ, അഖിൽ, അശ്വിൻ, ശാലിനി, നവീൻ എന്നിവർക്കാണ് നോമിനേഷനിൽ ഏറ്റവും അധികം വോട്ട് കിട്ടിയത്. മൂന്നാം വാരം അവസാനിക്കുമ്പോൾ ഇവരിൽ ഒരാളാകും വീടിന് പുറത്തേക്ക് പോവുക.


Click it and Unblock the Notifications