'അശ്വിനെ കാണാനില്ലെന്ന് പോസ്റ്റർ ഒട്ടിക്കണം, ഡെയ്സി ഷോ മാത്രമാണ്'; പുറത്താകേണ്ടവരെ കുറിച്ച് പ്രേക്ഷകർ പറയുന്നു
മൂന്നാം ആഴ്ച തുടങ്ങിയപ്പോൾ മുതൽ ബിഗ് ബോസ് വീട്ടിൽ പ്രശ്നങ്ങളാണ്. മറ്റ് രണ്ട് ആഴ്ചകളെ സംബന്ധിച്ച് പുതിയ ഒട്ടനവധി സംഭവവികാസങ്ങൾക്ക് ബിഗ് ബോസ് വീട് സാക്ഷ്യം വഹിക്കേണ്ടി വന്നു. ആദ്യം മത്സരാർഥികളെ ഞെട്ടിച്ചത് പുറത്താക്കപ്പെട്ടുവെന്ന് പറയപ്പെട്ട നിമിഷയുടെ മടങ്ങി വരവായിരുന്നു. അതുവരെ പുകഞ്ഞ് നിന്ന പ്രശ്നങ്ങൾ നിമിഷ വന്നതോടെ ആളികത്തി. അടുക്കള, ഭക്ഷണം, ഗ്രൂപ്പിസം തുടങ്ങി എവിടെ തൊട്ടാലും പ്രശ്നം, വഴക്ക്, അടി, തർക്കം എന്ന സ്ഥിതിയിലേക്ക് ബിഗ് ബോസ് വീട് എത്തി കഴിഞ്ഞു. ആകെ പതിനാറ് പേരാണ് ഇപ്പോൾ ബിഗ് ബോസ് വീട്ടിലുള്ളത്.
തുടക്കത്തിൽ പതിനേഴ് പേരാണ് വീട്ടിലുണ്ടായിരുന്നത്. ജാനകി സുധീർ ആണ് ആദ്യം പുറത്തുപോയത്. നിമിഷയും രണ്ടാമത്തെ ആഴ്ച എലിമിനേറ്റ് ആയിയെന്നാണ് പ്രേക്ഷകർ കരുതിയിരുന്നത്. എന്നാൽ സീക്രട്ട് റൂമിലേക്കായിരുന്നു ബിഗ് ബോസ് നിമിഷയെ മാറ്റിയത്. രണ്ട് ദിവസം ആ മുറിയിലിരുന്ന് കളി മനസിലാക്കിയ ശേഷമാണ് പുതിയ വേർഷനായി വീട്ടിലേക്ക് നിമിഷ തിരികെ എത്തിയിരിക്കുന്നത്. അതേസമയം ഈ ആഴ്ച നോമിനേഷൻ പട്ടികയിൽ ഉള്ളവർ ലക്ഷ്‍മി പ്രിയ, ഡെയ്‍സി, ജാസ്‍മിൻ, അഖിൽ, അശ്വിൻ, ശാലിനി, നവീൻ എന്നിവരാണ്.

മൂന്നാം ആഴ്ചയായതിനാൽ ഇത്തവണ ഒന്നുകിൽ ഒരാളോ അല്ലെങ്കിൽ രണ്ടുപേരോ പുറത്തായേക്കും. നോമിനേഷനിലുള്ള മത്സരാർഥികളിൽ പ്രിയപ്പെട്ടവർക്ക് പ്രേക്ഷകർക്ക് വോട്ട് ചെയ്യാനുള്ള സമയ പരിധി അവസാനിക്കാൻ പോവുകയാണ്. അതേസമയം ഇപ്രാവശ്യം ഏറ്റവും കൂടുതൽ അപകട സാധ്യത നേരിടുന്ന മത്സരാർഥികൾ ഡെയ്സി, അശ്വിൻ എന്നിവരാണ്. നോമിനേഷനിലുള്ള കുട്ടി അഖിലാണ് ഏറ്റവും കൂടുതൽ വോട്ട് നേടി മുന്നിലുള്ളത്. കൂടുതൽ സ്ക്രീൻ സ്പേസും പ്രകടനങ്ങളും കാഴ്ചവെക്കുന്നതിനാൽ തന്നെ കുട്ടി അഖിൽ പ്രേക്ഷകർക്കിടയിൽ തരംഗമായി തുടങ്ങിയിട്ടുണ്ട് എന്നതാണ് പുതിയ വോട്ടിങ് നില കാണിക്കുന്നത്.

ഡെയ്സിക്കും അശ്വിനും പ്രേക്ഷകരുടെ പിന്തുണ കുറവാണെന്നാണ് ഓൺലൈൻ വോട്ടിങ് റിപ്പോർട്ടുകൾ പറയുന്നത്. അതിനാൽ തന്നെ ഇവരിൽ ഒരാളായിരിക്കും ഇത്തവണ പുറത്താവുക എന്നതാണ് സോഷ്യൽമീഡിയകളിൽ വരുന്ന പ്രവചനം. ആദ്യത്തെ ആഴ്ച ശോഭിച്ച് നിന്നിരുന്ന അശ്വിനെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്ക്രീൻ കാണാൻ പോലും കിട്ടാറില്ല. 'അശ്വിൻ എവിടെ പോയി?, വീട്ടിൽ ഇല്ലേ?, മാജിക്ക് ഉപയോഗിച്ച് വാനിഷായോ?, കണ്ട് പിടിക്കാൻ പോസ്റ്റർ ഒട്ടിക്കേണ്ടി വരുമോ?' തുടങ്ങി നിരവധി കമന്റുകളാണ് അശ്വിന്റെ ഒഴിഞ്ഞ് മാറലിനെ കുറിച്ച് പ്രേക്ഷകരിൽ നിന്നും വരുന്നത്.

ഇനിയും കളിക്കാൻ തുടങ്ങിയില്ലെങ്കിൽ സ്ഥിതി ഗുരുതരമാകുമെന്ന തരത്തിലും അശ്വിനുള്ള മുന്നറിയിപ്പെന്നോണം കമന്റുകൾ വരുന്നുണ്ട്. ഡെയ്സിക്കും മൂന്നാം ആഴ്ച ജനപിന്തുണ കുറഞ്ഞിട്ടുണ്ട്. 'പ്രശ്നങ്ങളിൽ ആവശ്യമില്ലാതെ ഇടപെട്ടും ഷോ കാണിച്ചും ഡെയ്സി വെറുതെ വെറുപ്പ് സമ്പാദിക്കുന്നു, ഇപ്പോഴത്തെ ലക്ഷ്മിപ്രിയയോടും മറ്റുള്ളവരോടുമുള്ള ഡെയ്സിയുടെ സമീപനം പോലും വളരെ മോശമാണ്, ഉള്ള താൽപര്യം കൂടി പോകുന്ന സ്ഥിതിയാണ്' തുടങ്ങിയ കമന്റുകളാണ് ഡെയ്സിയെ കുറിച്ച് പ്രേക്ഷകർ പങ്കുവെക്കുന്നത്.

അതേസമയം മൂന്നാം വാരത്തിൽ ജയിൽ നോമിനേഷൻ പൂർത്തിയായി. ഡെയ്സി, ലക്ഷ്മിപ്രിയ, ബ്ലെസ്‍ലി എന്നിവരെയാണ് ഏറ്റവും കൂടുതൽ പേർ നോമിനേറ്റ് ചെയ്തത്. അതിനാടകീയ സംഭവങ്ങളാണ് ജയിൽ നോമിനേഷൻ സമയത്ത് അരങ്ങേറിയത്. ഡോ.റോബിൻറെ നിലപാടാണ് ചർച്ചയക്ക് ചൂടിപിടിപ്പിച്ചത്. കൃത്യമായ കാര്യങ്ങൾ പറയാനില്ലാത്തതിനാൽ ആരുടെയും പേര് പറയാനാകില്ലെന്ന് റോബിൻ പറഞ്ഞു. എന്നാൽ ബിഗ് ബോസ് അത് അനുവദിക്കാനാകില്ലെന്ന് അറിയിച്ചു. പക്ഷേ വീണ്ടും റോബിൻ തൻറെ നിലപാടിൽ ഉറച്ച് നിൽക്കുകയായിരുന്നു.


Click it and Unblock the Notifications