'എടുത്ത് ചാട്ടം മാറ്റി വരികയായിരുന്നു, അപ്രതീക്ഷിതമായിരുന്നു പുറത്താക്കൽ'; ഡെയ്സി ഡേവിഡ് പറയുന്നു
ഫൈനൽ ഫൈവിൽ ഉണ്ടാകുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്ന രണ്ട് മത്സരാർഥികളാണ് ബിഗ് ബോസ് മലയാളം സീസൺ ഫോർ അഞ്ചാം ആഴ്ചയിലെ വീക്കെൻഡ് എപ്പിസോഡിൽ പുറത്താക്കപ്പെട്ടിരിക്കുന്നത്.
നവീൻ അറയ്ക്കലും ഡെയ്സി ഡേവിഡും പുറത്തായപ്പോൾ എല്ലാവർക്കും വലിയ ആഘാതമായി. ഗെയിമുകളിൽ നന്നായി മത്സരിക്കുന്നവർ, എല്ലാ തർക്കങ്ങളിലും വഴക്കുകളിലും ഇടപെടുന്നവർ, ആക്ടീവായ രണ്ട് മത്സരാർഥികൾ ബിഗ് ബോസിലേക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും ഉണ്ടായിട്ടും എന്ത് മാനദണ്ഡത്തിന്റെ പേരിലാണ് ഇരുവരും പുറത്തായതെന്ന് കണ്ടുപിടിക്കാൻ കഴിയാതെ കുഴഞ്ഞിരിക്കുകയാണ് വീട്ടിൽ അവശേഷിക്കുന്ന മറ്റ് മത്സരാർഥികൾ.
ചിലർക്ക് യഥാർഥത്തിലുള്ള കളി പിടികിട്ടിയിട്ടില്ലെങ്കിലും പുറത്തെ കളി എങ്ങോട്ടാണ് ഒഴുകുന്നതെന്ന് മനസിലാക്കിയവർ പ്രേക്ഷക ശ്രദ്ധ നേടാനുള്ള ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു. ഫാഷൻ ഫോട്ടോഗ്രഫിയിൽ കഴിവ് തെളിയിച്ച സ്ത്രീ വ്യക്തിത്വം എന്ന പേരിലാണ് ഡെയ്സി ബിഗ് ബോസിലെത്തിയത്.
അഞ്ചാം ആഴ്ചയിലെ പുറത്താക്കൽ പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ഡെയ്സി പുറത്താക്കലിന് ശേഷം പ്രതികരിച്ചത്. വരും ദിവസങ്ങളിൽ കൂടുതൽ മാറ്റം കൊണ്ടുവരാനുള്ള തയ്യാറെടുപ്പുകൾ നടത്തുകയായിരുന്നുവെന്നും ഡെയ്സി ഡേവിഡ് പ്രതികരിച്ചു.

'ഇത്ര പെട്ടന്ന് പോകുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. എന്തുകൊണ്ട് ഞാൻ പുറത്തായിയെന്നത് എപ്പിസോഡ് കണ്ടാൽ മാത്രമെ എനിക്ക് മനസിലാവുകയുള്ളൂ. അത്യാവശ്യം ജെനുവിനായിട്ടാണ് ഞാൻ നിന്നത് എന്നാണ് എനിക്ക് തോന്നിയത്.'
'എന്തൊക്കെ ചെയ്താലും നമ്മൾ നിൽക്കണോ പോകണോയെന്നത് പ്രേക്ഷകരുടെ തീരുമാനമാണ്. ആ അന്തിമ തീരുമാനത്തോട് ഞാൻ യോജിക്കുന്നു. ഞാൻ എന്നിലുള്ള ചില മോശം ഗുണങ്ങൾ വീട്ടിൽ വെച്ച് തിരിച്ചറിഞ്ഞിരുന്നു.'
'ആരെങ്കിലും എന്നെ കുറിച്ച് സംസാരിക്കുമ്പോൾ അവർ പറയുന്നത് മുഴുവൻ കേൾക്കാതെ ഞാൻ പ്രതികരിക്കാറുണ്ട്. എടുത്ത് ചാട്ടം എനിക്കുണ്ടായിരുന്നു. മുന്നോട്ട് പോകാൻ അവസരം ലഭിച്ചിരുന്നെങ്കിൽ ഞാൻ അത് തിരുത്തുമായിരുന്നു.'

'വീട്ടിൽ വന്ന് ആദ്യം സൂരജിനെ കണ്ടപ്പോൾ എന്റെ ഒരു അനിയൻ, സുഹൃത്ത് എന്നൊരു വൈബ് അവനിൽ നിന്ന് എനിക്ക് കിട്ടി. എന്തും തുറന്ന് പറയാൻ സാധിക്കും അവനോട്.'
'പോകെ പോകെ ഞങ്ങൾ തമ്മിൽ സെറ്റായതുകൊണ്ടാണ് അങ്ങനെ ഒരു ബന്ധമുണ്ടായത്. എന്റെ കുറവുകളെല്ലാം മനസിലാക്കി നേർവഴിക്ക് നയിക്കാൻ ശ്രമിച്ചൊരു വ്യക്തി കൂടിയാണ്. ചെയ്ത തെറ്റുകളെല്ലാം അവൻ മുഖത്ത് നോക്കി പറയാറുമുണ്ട്. അങ്ങനൊരു നല്ല സൗഹൃദം കൂടി വീട്ടിൽ നിന്നും ലഭിച്ചു. പുറത്ത് പോയാലും ആ ബന്ധം തുടരും' ഡെയ്സി പറഞ്ഞു.
ലാലേട്ടൻ സൂരജിനെ കുറിച്ച് ചോദിക്കുമ്പേഴെല്ലാം വാചാലയായി സംസാരിച്ചിരുന്ന വ്യക്തി കൂടിയാണ് ഡെയ്സി ഡേവിഡ്. ഇരുവരും തമ്മിലുള്ള കുസൃതികളുടെ വീഡിയോകളെല്ലാം മുമ്പ് വൈറലായിട്ടുണ്ട്.

ആത്മസുഹൃത്ത് പോയത് സൂരജിൽ വലിയ ആഘാതം ഏൽപ്പിച്ചിരുന്നു. മാത്രമല്ല കുട്ടി അഖിലിനെ കെട്ടിപിടിച്ച് പൊട്ടികരയുന്ന സൂരജിനേയും ഞായറാഴ്ച സംപ്രേഷണം ചെയ്ത എപ്പിസോഡിൽ കാണാമായിരുന്നു.
അതേസമയം ഡെയ്സിയുടെ എവിക്ഷൻ കൃത്യ സമയത്താണ് നടന്നതെന്നാണ് ഭൂരിപക്ഷം പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്. ഡെയ്സി-ബ്ലെസ്ലി വഴക്കിൽ ഡെയ്സി ഉപയോഗിച്ചിരുന്ന പദങ്ങൾ പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയായിരുന്നു.
ഇപ്പോൾ വീട്ടിൽ അവശേഷിക്കുന്നത് പന്ത്രണ്ട് മത്സരാർഥികൾ മാത്രമാണ്. അതേസമയം വൈൽഡ് കാർഡ് എൻട്രിയുണ്ടാകുമെന്ന പ്രതീക്ഷയാണ് പ്രേക്ഷകർക്ക്.
Recommended Video

ഡെയ്സിക്കൊപ്പം പുറത്തായ മറ്റൊരാൾ നവീനാണ്. കഴിഞ്ഞ രണ്ടാഴ്ചയായുള്ള നവീന്റെ ഹൗസിനുള്ളിലെ പെരുമാറ്റമാണ് പെട്ടന്ന് ജനപിന്തുണ കുറയാൻ കാരണമായത്.
നവീൻ ശക്തനായ മത്സരാർഥിയാണെന്ന് വീട്ടിലെ അംഗങ്ങൾ ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു. തെറ്റുകൾ തിരുത്തി പഴയ അവസ്ഥയിലേക്ക് നവീൻ തിരിച്ച് വരാൻ ഒരുങ്ങുമ്പോഴാണ് പ്രേക്ഷക തീരുമാനം തിരിച്ചടിയായത്.
നവീന്റെ പുറത്താക്കൽ നടി ലക്ഷ്മിപ്രിയയ്ക്കും വലിയ ഷോക്കായിരുന്നു. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു.


Click it and Unblock the Notifications











