'ഒരു പെൺകുട്ടി പുകവലിച്ചതാണ് എല്ലാവരുടേയും പ്രശ്നം, മൂന്ന് ദിവസം റെയിൽവെ സ്റ്റേഷനിലാണ് കഴിഞ്ഞത്'; ഡെയ്സി
ഇത്തവണ ബിഗ് ബോസ് മലയാളത്തിൽ മത്സരിക്കാനെത്തിയവർ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ളവരായിരുന്നു. അക്കൂട്ടത്തിൽ ഫോട്ടോഗ്രഫി മേഖലയിൽ ശോഭിച്ച് നിൽക്കുന്ന നാരീസ് വെഡ്ഡിങിന്റെ ഉടമസ്ഥ ഡെയ്സി ഡേവിഡുമുണ്ടായിരുന്നു.
സ്ത്രീകൾ മുമ്പ് കാര്യമായി എത്തിപ്പെടാത്ത മേഖലകളിൽ ഒന്നായിരുന്നു ഫോട്ടോഗ്രഫി. പുതിയ കാലത്ത് അതിന് മാറ്റമുണ്ടെങ്കിലും വനിതാ ഫോട്ടോഗ്രാഫർമാർ എന്നത് ഇപ്പോഴും എണ്ണത്തിൽ കുറവാണ്.
വിവാഹ ഫോട്ടോഗ്രഫിയിലും ഫാഷൻ ഫോട്ടോഗ്രഫിയിലും ഇതിനകം തൻറേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഡെയ്‍സി കേരളത്തിലെ അറിയപ്പെടുന്ന സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമാണ്.
സെലിബ്രിറ്റി ഫോട്ടോഗ്രഫിയിൽ ഡെയ്‍സിയെപ്പോലെ പേരെടുത്ത അധികം വനിതകൾ ഇല്ല. വിവാഹ ഫോട്ടോഗ്രഫിയിൽ വനിതാ ഫോട്ടോഗ്രാഫർമാരുടെ ഒരു സംഘത്തെയാണ് ഡെയ്‍സി നയിക്കുന്നത്.
സോഷ്യൽമീഡിയയിൽ സജീവമായ ഡെയ്സി സാധരണ മലയാളി പ്രേക്ഷകർ പോലും അറിഞ്ഞ് തുടങ്ങിയത് ബിഗ് ബോസിൽ മത്സരാർഥിയായി എത്തിയശേഷമാണ്. ശക്തയായ മത്സരാർഥിയായിരുന്നു ഡെയ്സി.
പക്ഷെ മത്സരത്തിനിടയിൽ എവിടയൊക്കയോ പിഴച്ച് പോയതിനാൽ മുപ്പത്തിയാറാം ദിവസം ഡെയ്സി പുറത്തായി.

തനിക്ക് ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ പ്ലാറ്റ്ഫോം എന്നാണ് ബിഗ് ബോസിനെ ഡെയ്സി വിശേഷിപ്പിക്കുന്നത്. ലക്ഷ്യ ബോധത്തോടെ സഞ്ചരിച്ചാൽ വിജയം നിശ്ചയമാണെന്ന് പറയുകയാണ് ഡെയ്സി. ജോഷ് ടോക്സിൽ പങ്കെടുത്ത് ഡെയ്സി ജീവിതാനുഭവങ്ങൾ പങ്കുവെച്ചു.
'ചെറുപ്പം മുതൽ ഫോട്ടോഗ്രഫി ഇഷ്ടമായിരുന്നു. കോളജിൽ പഠിക്കുമ്പോഴും ഫോട്ടോഗ്രഫി പഠിക്കണം അത് തൊഴിലാക്കണമെന്നും ആഗ്രഹമുണ്ടായിരുന്നു. മാതാപിതാക്കളോട് അതിനുള്ള സഹായവും ഞാൻ ചോദിച്ചിരുന്നു.'
'അന്ന് അവർ ചെയ്ത് തന്നില്ല. ഞാൻ പെണ്ണാണ് എന്നുള്ള കാരണംകൊണ്ട്. ശേഷമാണ് ഞാൻ വീട് വിട്ടിറങ്ങി സുഹൃത്ത് വലയത്തിലൂടെ കൊച്ചിയിൽ വന്ന് ഫോട്ടോഗ്രഫിക്ക് പിന്നാലെ സഞ്ചാരം തുടങ്ങിയത്.'

'വീട് വിട്ടിറങ്ങിയപ്പോൾ ആദ്യം എങ്ങോട്ട് പോകണമെന്ന് അറിയില്ലായിരുന്നു. മൂന്ന് ദിവസത്തോളം റെയിൽവെ സ്റ്റേഷനിലെ ശുചിമുറിയോട് ചേർന്നുള്ള അഴുക്ക് നിറഞ്ഞ മുറിയിൽ താമസിച്ചു.'
'ശേഷം സമൂഹമാധ്യമം വഴി സുഹൃത്തുക്കളിലൂടെ കൊച്ചിയിലെത്തി. എന്തൊക്കെ പ്രതിസന്ധി ഉണ്ടായാലും വീട്ടിൽ പോയി സ്വപ്നങ്ങൾ ഉപേക്ഷിച്ച് ജീവിക്കില്ലെന്ന് തീരുമാനിച്ചിരുന്നു. കേരളത്തിലെത്തിയ ശേഷം ചെറിയ വർക്കുകൾ ചെയ്ത് തുടങ്ങി.'
'അന്ന് ബോഡി ഷെയ്മിങ്, പരിഹാസം, കഴിവുകളിൽ കുറവ് കണ്ടുപിടിച്ച് പുച്ഛിക്കുന്നവരെല്ലാം ഉണ്ടായിരുന്നു. പക്ഷെ തളർന്നില്ല. മതിയായ വരുമാനം ആദ്യമൊന്നും ലഭിക്കാതിരുന്നതിനാൽ ഭക്ഷണം വരെ കുറച്ചു.'

'പതിയെ പതിയെയാണ് ഇന്ന് കാണുന്ന രീതിയിലേക്ക് ഞാൻ എത്തിയത്. ശേഷമാണ് ബിഗ് ബോസിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. അവിടെ ഞാൻ വലിയ പാപം ചെയ്തതായി എനിക്ക് തോന്നിയിട്ടില്ല.'
'പക്ഷെ ഇപ്പോഴും എനിക്കും കുടുംബത്തിനും നേരെ സൈബർ ബുള്ളിയിങ് നടക്കുകയാണ്. ഞാൻ പുകവലിച്ചു എന്നുള്ള കാരണം പറഞ്ഞാണ് സോഷ്യൽമീഡിയകളിൽ മോശം കമന്റുകളും പരിഹാസങ്ങളും എനിക്ക് എതിരെ വരുന്നത്.'
'പെൺകുട്ടിയായ ഞാൻ പുകവലിച്ചുവെന്നുള്ളതാണ് ഇത്തരക്കാരുടെ പ്രധാന പ്രശ്നം. തുടക്കത്തിൽ ഞാൻ ഒരുപാട് സങ്കടപ്പെട്ടിരുന്നു. ഇപ്പോൾ ഞാൻ അത് വിഷയമാക്കുന്നില്ല.'
Recommended Video

'സൈബർ ബുള്ളിയിങ് നടത്തുന്നവർ ധൈര്യമുണ്ടെങ്കിൽ മുന്നിൽ വന്ന് തെറി വിളിക്കാൻ ഞാൻ വെല്ലുവിളിക്കുകയാണ്' ഡെയ്സി പറഞ്ഞു. തുടക്കത്തിൽ ഡെയ്സിയും ബിഗ് ബോസിലെ ശക്തയായ മത്സരാർഥിയായിരുന്നു.
എന്നാൽ പിന്നീട് ഗെയിമുകളിലും നിലപാടുകളിലും ഡെയ്സി ഇരട്ടത്താപ്പ് നയം സ്വീകരിച്ചതോടെയാണ് പ്രേക്ഷക പിന്തുണ കുറഞ്ഞത്. ബ്ലെസ്ലിയും ഡെയ്സിയും തമ്മിലായിരുന്നു ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ വീട്ടിലുണ്ടായിരുന്നത്.
നിരവധി ആരാധകരുള്ള ബിഗ് ബോസ് മത്സരാർഥിയാണ് ബ്ലെസ്ലി. റോബിനാണ് ഇപ്പോൾ വീട്ടിൽ കഴിയുന്നവരിൽ പ്രേക്ഷക പിന്തുണ കൂടുതലുള്ള മറ്റൊരു മത്സരാർഥി.


Click it and Unblock the Notifications