ദില്‍ഷയും റോണ്‍സണും ജയിലില്‍; 'മാല ടാസ്‌ക്കില്‍' എട്ടിന്റെ പണി കൊടുത്ത് ബിഗ് ബോസ്
ബിഗ് ബോസ് മലയാളം സീസണ്‍ 4 അവസാനഘട്ടത്തില്‍ എത്തിനില്‍ക്കുകയാണ്. ഒന്‍പത് മത്സരാര്‍ത്ഥികളില്‍ നിന്നും ഫൈനല്‍ ഫൈവിലേക്കെത്താന്‍ ഇനി അധികദൂരമില്ല. അതിനിടയിലുള്ള വളരെ കുറച്ച് ദിവസങ്ങള്‍ മാത്രമാണ് ഇനി ശേഷിക്കുന്നത്.
ഈ വാരം ബിഗ് ബോസ് കൊടുത്ത വീക്ക്‌ലി ടാസ്‌ക്ക് നേരത്തെ പ്രവചിച്ചിരുന്ന പോലെ ആരോപണ-പ്രത്യാരോപണങ്ങള്‍ നിറഞ്ഞതായിരുന്നു. വളരെ ബഹളം നിറഞ്ഞ, മത്സരാര്‍ത്ഥികള്‍ക്കായുള്ള മൈന്‍ഡ് ഗെയിമായിരുന്നു ഈ വാരം നല്‍കിയത്. പലരും അങ്ങേയറ്റം പൊട്ടിത്തെറിച്ച കാഴ്ച പ്രേക്ഷകര്‍ കണ്ടു. അതിനിടെ ടാസ്‌ക്ക് കഴിഞ്ഞിട്ടും അതിന്റെ ഹാങ് ഓവറില്‍ എതിര്‍ത്തു സംസാരിച്ചവരും ഏറെയായിരുന്നു. ലക്ഷ്മിപ്രിയയും റിയാസും വിനയ് മാധവും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ ഇപ്പോള്‍ ഹൗസിനുള്ളില്‍ പതിവായിരിക്കുകയാണ്.
റോബിന്‍ ഷോ വിട്ടതിന് പിന്നാലെ സടകുടഞ്ഞെഴുന്നേറ്റ ദില്‍ഷയും മോശമല്ല. തരം കിട്ടുമ്പോഴൊക്കെ റിയായുമായി തര്‍ക്കിക്കുന്നുണ്ട് ദില്‍ഷ. ഒപ്പം ബ്ലെസ്‌ലിയും ദില്‍ഷയുടെ കൂടെച്ചേരുന്നു.

അതേസമയം ഈ വാരം ജയിലില്‍ പോകുന്നത് ദില്‍ഷയും റോണ്‍സണുമാണ്. ഇനിയുള്ള കുറച്ച് ദിവസങ്ങളില്‍ ഇരുവരും ജയിലിനുള്ളില്‍ തന്നെയായിരിക്കും. ജയിലിനുള്ളില്‍ കഴിയുന്ന ദില്‍ഷയ്ക്കും റോണ്‍സണും ഒന്നിച്ചിരുന്ന് ചെയ്യാന്‍ ഒരു ഗംഭീര ടാസ്‌ക്കും കൊടുത്തിട്ടുണ്ട്. മുന്‍പ് റോബിനും റിയാസും ജയിലിനുള്ളില്‍ ഇരുന്ന് മാല കോര്‍ത്തതിനു സമാനമായി ഇത്തവണ കടലാസുകള്‍ കൊണ്ടാണ് മാലയുണ്ടാക്കേണ്ടത്.

അതിനുള്ള നിര്‍ദ്ദേശവും ബിഗ് ബോസ് ഇരുവര്‍ക്കുമായി നല്‍കിയിട്ടുണ്ട്. അത് ഇപ്രകാരമാണ്.'നല്‍കിയിരിക്കുന്ന നാല് കളറുകളിലുള്ള സ്റ്റിക്കി നോട്ടുകളില്‍ നിന്നും രണ്ട് പേരും തങ്ങള്‍ക്കിഷ്ടപ്പെട്ട രണ്ട് വ്യത്യസ്ത കളര്‍ തിരഞ്ഞെടുക്കുക. ഒരാള്‍ രണ്ട് തരം കളര്‍ സ്റ്റിക്കി നോട്ടുകള്‍ മാത്രമേ തിരഞ്ഞെടുക്കാന്‍ പാടുള്ളൂ. ആദ്യത്തെയാള്‍ രണ്ട് കളര്‍ സ്റ്റിക്കി നോട്ടുകളില്‍ ഒരെണ്ണം വളച്ച് റിങ് രൂപത്തിലാക്കുകയും രണ്ടാമത്തെ കളര്‍ സ്റ്റിക്കി നോട്ട് അതിനുള്ളില്‍ കൂടി എടുത്ത് റിങ്ങാക്കുക.
പിന്നീട് രണ്ടാമത്തെയാള്‍ ഇതേ രീതിയില്‍ രണ്ട് സ്റ്റിക്കി നോട്ടുകളും ഇതേ രീതിയില്‍ ചെയ്ത് ആദ്യത്തെ ആളുടേതുമായി കൂട്ടിയോജിപ്പിക്കുക. ഇത്തരത്തില്‍ തുടര്‍ന്ന് രണ്ട് പേരുമായി ചേര്‍ന്ന് റിങ് മാലകള്‍ ഉണ്ടാക്കുക എന്നതാണ് ജോലി. ഇത്തരത്തില്‍ കുറഞ്ഞത് നൂറ് നിറങ്ങളെങ്കിലും ഉണ്ടാകണം.' ഇതാണ് ബിഗ് ബോസ് ദില്‍ഷയ്ക്കും റോണ്‍സണുമായി കൊടുത്തിരിക്കുന്ന പുതിയ ടാസ്‌ക്ക്.
Recommended Video

ആഴ്ചകള്‍ക്ക് മുമ്പ് ജയിലിനുള്ളില്‍ വെച്ച് മാല കോര്‍ത്ത റിയാസും റോബിനും തമ്മില്‍ മുട്ടന്‍ അടി നടന്നത് പ്രേക്ഷകര്‍ മറന്നുകാണില്ല. ഒരു ഘട്ടത്തില്‍ ദേഷ്യത്തോടെ മാല പൊട്ടിച്ചെറിഞ്ഞ റോബിന്‍ പിന്നീട് ലാലേട്ടന്‍ വന്ന് ലാസ്റ്റ് വാണിങ് കൊടുത്ത ശേഷമാണ് മാല കോര്‍ത്ത് കൊടുത്തത്. അതിന്റെ പേരില്‍ ജയില്‍വാസം നീളുകളും ചെയ്തിരുന്നു.
ഇപ്പോഴിതാ ഈ വാരം ദില്‍ഷക്കും റോണ്‍സണുമാണ് പുതിയ മാല ടാസ്‌ക്ക് കിട്ടിയിരിക്കുന്നത്. ഇരുവരും അത് പൂര്‍ത്തിയാക്കുമോ എന്ന ആകാംക്ഷയിലാണ് ഇപ്പോള്‍ പ്രേക്ഷകര്‍. തമ്മില്‍ വലിയ പ്രശ്‌നങ്ങളില്ലാത്ത ദില്‍ഷയും റോണ്‍സണും ജയിലിനുള്ളില്‍ അടിയുണ്ടാക്കില്ലെന്നാണ് കരുതുന്നത്.


Click it and Unblock the Notifications