'ആ കണ്ണുകളിൽ ഞങ്ങൾ പ്രണയം കാണുന്നു'; റോബിനെ ചിരിപ്പിക്കാൻ ശ്രമിക്കുന്ന ദിൽഷയെ കുറിച്ച് ആരാധകർ!
ബിഗ് ബോസ് മലയാളം സീസൺ ഫോർ രണ്ടാം ആഴ്ചയുടെ അവസാനത്തിലേക്ക് എത്തിയിരിക്കുകയാണ്. ഇപ്പോൾ വീട്ടിലുള്ള പതിനാറ് മത്സരാർഥികളും അതിഗംഭീരമായി കളിച്ച് മുന്നേറുകയാണ്. ഈ ആഴ്ചയിലെ നോമിനേഷനും വീക്കിലി ടാസ്ക്കുകളും മത്സാർത്ഥികളുടെ മത്സരബുദ്ധി എത്രത്തോളമാണെന്ന് തെളിയിച്ചതായിരുന്നു. കളിയും ചിരിയും തർക്കങ്ങളുമൊക്കെ വീടിനുള്ളിൽ പൊടി പൊടിക്കുന്നുണ്ട്. നിമിഷയോടും അപർണയോടും ഏറ്റമുട്ടി ദിൽഷ വീട്ടിലെ മൂന്നാമത്തെ ആഴ്ചയിലെ ക്യാപ്റ്റനായി തീർന്നിരിക്കുകയാണ്.
കഴിഞ്ഞ ദിവസം വളരെ രസകരമായൊരു ടാസ്ക്കായിരുന്നു മത്സരാർഥികൾക്ക് ബിഗ് ബോസ് നൽകിയത്. മത്സരാർഥികൾ ഓരോരുത്തർക്കും നിശ്ചിത സമയം അനുവദിക്കും. അതിനുള്ളിൽ വീട്ടിലുള്ള മറ്റുള്ളവരെ ചിരിപ്പിക്കുകയോ തങ്ങളുടെ പ്രവൃത്തികൾക്ക് റിയാക്ഷൻ തരുന്ന തലത്തിലേക്കോ എത്തിക്കണം എന്നതായിരുന്നു ടാസ്ക്. അക്കൂട്ടത്തിൽ ദിൽഷയുടെ സമയം വന്നപ്പോൾ വീട്ടിലെ ആദ്യത്തെ വനിത ക്യാപ്റ്റൻ മനോഹരമായിട്ടാണ് കളിച്ച് മുന്നേറിയത്.

ടാസ്ക്കിന്റെ ഭാഗമായി ഡോ.റോബിനെ ചിരിപ്പിക്കാൻ ശ്രമിക്കുന്ന ദിൽഷയുടെ വീഡിയോ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാണ്. ദിൽഷയുടെ പ്രവൃത്തി കണ്ട് ചിരിക്കാതിരിക്കാൻ വേണ്ടി സോഫയിൽ കമിഴ് കിടക്കുകയായിരുന്ന ജാസ്മിനെയാണ് ആദ്യം തമാശകൾ പറഞ്ഞ് ചിരിപ്പിച്ച് ദിൽഷ കളിയിൽ നിന്നും പുറത്താക്കിയത്. രണ്ടാമതായി ഡെയ്സിയാണ് ദിൽഷയ്ക്ക് മുമ്പിൽ തോറ്റത്. ദിൽഷയുടെ അടുത്ത ലക്ഷ്യം സൂരജ് ആയിരുന്നു. ദിൽഷ പരമാവധി സൂരജിനെ ചിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും സൂരജ് വഴുതിമാറി. പിന്നീട് ലക്ഷ്മിപ്രിയയെ ദിൽഷ തമാശകൾ പറഞ്ഞ് ചിരിപ്പിച്ച് കളിയിൽ നിന്നും പുറത്താക്കി.

അടുത്തതായി ഡോ.റോബിനെ ചിരിപ്പിക്കാനായാണ് ദിൽഷ ചെന്നത്. 'ഡോക്ടറെ ഒന്ന് ചിരിക്കൂ... ഇത്രയും ബലം പാടില്ലെ'ന്നെല്ലാം പറഞ്ഞ് ചിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഡോ.റോബിൻ കുലുങ്ങിയില്ല. അതേസമയം ഡോ.റോബിനെ ചിരിപ്പിക്കാൻ ശ്രമിക്കുന്ന ദിൽഷയുടെ വീഡിയോ രസകരമാണെന്നും ദിൽഷയുടെ കണ്ണുകളിൽ ഡോക്ടറോട് പ്രണയമുള്ളതായി തോന്നുന്നുണ്ടെന്നുമെല്ലാം കമന്റുകൾ പ്രേക്ഷകർ കുറിക്കുന്നുണ്ട്. വീട്ടിൽ ഏറ്റവും കൂടുതൽ ശത്രുക്കളെ സമ്പാദിച്ചിട്ടുള്ള മത്സരാർഥിയാണ് റോബിൻ. ജാസ്മിൻ അടക്കമുള്ള മത്സാർഥികൾ റോബിന്റേത് ചതിയുടെ ഗെയിം പ്ലാൻ ആണെന്ന് പലതവണ പറയുകയും ചെയ്തിരുന്നു.

അതേസമയം കഴിഞ്ഞ ദിവസം മത്സരാർഥികളെ കാണാനെത്തിയ മോഹൻലാൽ വീട്ടിലുള്ളവരെ അസഭ്യ ഭാഷാ പ്രയോഗത്തിന്റെ പേരിൽ ശകാരിച്ചിരുന്നു. മത്സരാർഥികളിൽ പലരും നിയമങ്ങൾ പാലിക്കുന്നില്ലെന്നും ഇങ്ങനെ തുടർന്നാൽ തങ്ങൾക്ക് കർശനമായി ഇടപെടേണ്ടിവരുമെന്നും മോഹൻലാൽ പറഞ്ഞു. 'നമ്മുടെ നിയമങ്ങളൊക്കെ തെറ്റിച്ചുകൊണ്ടാണ് നിങ്ങൾ മുന്നോട്ട് പോകുന്നത്. അതൊരു നല്ല പ്രവണതയല്ല. നമ്മൾ വളരെ സീരിയസായി അതിൽ ഇടപെടാൻ പോവുകയാണ്. മറ്റൊരു കാര്യം ഒരു ഗെയിം തന്നാൽ അതിൽ എഴുതിയിരിക്കുന്ന കാര്യം മനസിലാക്കുന്നില്ല. അതോ അത്രയും മനസിലാക്കിയാൽ മതി എന്ന് കരുതിയിട്ടാണോ എന്ന് അറിയില്ല. ഒരു ലെറ്റർ വായിക്കുമ്പോൾ പോലും കുറേപ്പേർ എണീറ്റ് പോവുകയാണ്.'

'ചിലർ ഭക്ഷണം കഴിക്കാൻ പോകുന്നു. ഒരു ബസർ അടിക്കുന്നത് വരെയുള്ള സമയം നിങ്ങൾക്ക് ഞങ്ങൾക്കുവേണ്ടി തരാൻ പറ്റില്ലേ... ഒരുപാട് കാര്യങ്ങൾ ഞങ്ങൾ നിങ്ങളോട് പറയുന്നില്ല. ആ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ച് കേൾക്കുക. ആ പറയുന്ന കാര്യങ്ങളിലൂടെ സഞ്ചരിക്കുക. അല്ലെങ്കിൽ നമുക്ക് വേറെ തരത്തിൽ അതിൽ ഇടപെടേണ്ടിവരും' എന്നിങ്ങനെ മത്സരാർഥികൾക്ക് ഉപദേശങ്ങളും മോഹൻലാൽ നൽകി. 100 ദിവസം പുറംലോകവുമായി ബന്ധമില്ലാതെ കഴിയുക എന്നത് മാത്രമല്ല മത്സരാർഥികൾക്ക് മുന്നിൽ ബിഗ് ബോസ് വെക്കുന്ന ചാലഞ്ച്. മറിച്ച് അവിടുത്തെ നിയമങ്ങളൊക്കെ പാലിച്ച് ഗെയിമുകൾ വിജയകരമായി പൂർത്തിയാക്കുക എന്നത് കൂടിയാണ്. പുതിയ സീസൺ ബിഗ് ബോസിലെ മത്സരാർഥികളെക്കുറിച്ച് ഉയർന്ന ഒരു പൊതു പരാതി അവർ പലപ്പോഴും അവിടുത്തെ നിയമങ്ങളോട് അലസ മനോഭാവം പുലർത്തുന്നു എന്നതാണ്.


Click it and Unblock the Notifications