'സ്‌നേഹിക്കുന്നവരോടും വെറുക്കുന്നവരോടും എനിക്ക് ഒന്നേ പറയാനുള്ളൂ'; പ്രേക്ഷകരോട് മനസ്സുതുറന്ന് റോബിന്‍
ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ ഇന്നേ വരെ നടന്നിട്ടില്ലാത്ത സംഭവവികാസങ്ങള്‍ക്കായിരുന്നു പ്രേക്ഷകര്‍ കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. സീസണ്‍ 4-ന്റെ ടോപ്പ് ഫൈവിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന രണ്ട് മത്സരാര്‍ത്ഥികളാണ് ദിവസങ്ങളുടെ വ്യത്യാസത്തില്‍ ഷോയുടെ പുറത്ത് പോയത്. ജാസ്മിനും റോബിനും പുറത്ത് പോയത് മത്സരാര്‍ത്ഥികളെ മാത്രമല്ല, ബിഗ് ബോസിനെയും പ്രേക്ഷകരെത്തന്നെയും ഞെട്ടിച്ചു കളഞ്ഞു.
റിയാസുമായി നടന്ന കയ്യാങ്കളിയെത്തുടര്‍ന്നായിരുന്നു റോബിനെ ബിഗ് ബോസ് സീക്രട്ട് റൂമിലേക്ക് മാറ്റിയത്. റോബിനെ സീക്രട്ട് റൂമിലേക്ക് മാറ്റിയിട്ടും ഹൗസില്‍ പ്രശ്‌നങ്ങള്‍ അവസാനിച്ചിരുന്നില്ല. പലതിന്റെയും തുടക്കം അവിടെ നിന്നായിരുന്നു.
നേരത്തെ തന്നെ ഹൗസില്‍ നിന്ന് പോകണമെന്ന് പലവട്ടം ആവശ്യപ്പെട്ട ജാസ്മിന്‍ വീണ്ടും മാനസികമായി തളര്‍ന്നുവെന്ന് ചൂണ്ടിക്കാട്ടി ഷോയില്‍നിന്ന് പുറത്തുപോകണമെന്ന് ബിഗ് ബോസിനോട് ആവശ്യപ്പെടുകയായിരുന്നു. റോബിനെ തിരികെ കൊണ്ടുവരുന്നതിനോടും ജാസ്മിന് യോജിപ്പുണ്ടായിരുന്നില്ല. ജാസ്മിനൊപ്പം റിയാസും റോബിന്‍ തിരിച്ചു വരുന്നതിനോട് എതിരായിരുന്നു.

ജാസ്മിന്റെ തീരുമാനത്തില്‍ മാറ്റമില്ലെങ്കില്‍ പുറത്തുപോകാന്‍ അനുവാദം നല്‍കുകയായിരുന്നു ബിഗ് ബോസ്. മറ്റ് മത്സരാര്‍ത്ഥികള്‍ പറഞ്ഞുനോക്കിയിട്ടും തീരുമാനം മാറ്റാതിരുന്ന ജാസ്മിന്‍ തന്റെ സെല്‍ഫ് റെസ്‌പെക്ട് എന്തിനേക്കാളും വലുതാണെന്ന് വ്യക്തമാക്കിയായിരുന്നു ഷോ വിട്ടത്.
അതേസമയം വാരാന്ത്യത്തില്‍ എത്തിയ ലാലേട്ടേന്‍ കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങളെക്കുറിച്ച് വിശദമായി തന്നെ മത്സരാര്‍ത്ഥികളോട് അഭിപ്രായം ചോദിച്ചിരുന്നു. ജാസ്മിന്റെ വോക്കൗട്ടും റോബിനെ സീക്രട്ട് റൂമിലേക്ക് മാറ്റിയതും നിരാശാജനകമായ സംഭവങ്ങളാണെന്ന് ലാലേട്ടന്‍ പറഞ്ഞു. റോബിനെ സീക്രട്ട് റൂമില്‍നിന്നും വിളിച്ചു വരുത്തി ഷോയുടെ നിയമാവലി ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ച് ലാലേട്ടന്‍ റോബിനെ മത്സരത്തില്‍ നിന്നും പുറത്താക്കുകയാണെന്ന് വ്യക്തമാക്കുകയായിരുന്നു. ഷോയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ജഡ്ജിങ് പാനലിന്റെ കൂടി തീരുമാനമനുസരിച്ചാണ് റോബിനെ മത്സരത്തില്‍നിന്നും പുറത്താക്കുന്നതായി ലാലേട്ടന്‍ അറിയിച്ചത്.

ഷോയില്‍ നിന്നും പുറത്തായ ശേഷം റോബിന്‍ പറഞ്ഞ വാക്കുകള്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. തനിക്ക് പറയാനുള്ളത് അവസാനമായി ഒരുതവണ കൂടി പറഞ്ഞ ശേഷമാണ് റോബിന്‍ സ്റ്റുഡിയോ വിട്ടത്.
'ഈയൊരു ഷോയില്‍ വന്ന ശേഷമായിരിക്കും മലയാളി പ്രേക്ഷകര്‍ ഡോ.റോബിന്‍ രാധാകൃഷ്ണന്‍ എന്ന വ്യക്തി ഈ ലോകത്തില്‍ ജീവിച്ചിരിക്കുന്നതായി തന്നെ അറിഞ്ഞിട്ടുണ്ടാവുക. പ്രേക്ഷകരില്‍ പലരും എന്നെ സ്‌നേഹിക്കുന്നുണ്ടാകാം, പലരും വെറുക്കുന്നുമുണ്ടാകാം, സ്‌നേഹിച്ചാലും വെറുത്താലും എനിക്ക് ഞാനായി തന്നെ ഇരിക്കാനേ സാധിക്കൂ. കാരണം ഞാന്‍ ഞാനായി തന്നെ നിന്നതുകൊണ്ടാണ് ഈ ഷോയില്‍ നിന്ന് പുറത്തുവന്നിരിക്കുന്നത്. എന്നെ വെറുക്കുന്നവരോട് എന്നെ വെറുക്കാതിരിക്കാന്‍ ഞാന്‍ പറയുന്നില്ല, പക്ഷെ, കുറച്ച് സ്‌നേഹവുംകൂടി എനിക്ക് നല്‍കണം', റോബിന്‍ പ്രേക്ഷകരോടായി പറയുന്നു.

അതിനിടെ ഷോയില്‍ ഉടനീളം ചര്‍ച്ചയായ തന്റെ പഞ്ച് ഡയലോഗുകളെക്കുറിച്ചും റോബിന്‍ പറഞ്ഞു. ഷോയില്‍ വരുന്നതിന് മുമ്പ് അതേക്കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ലെന്ന് പറയുകയാണ് റോബിന്‍. 'ടാസ്‌ക്കിന്റെ ഭാഗമായും മറ്റു സന്ദര്‍ഭങ്ങളിലും പറയേണ്ടി വന്ന ചില ഡയലോഗുകള്‍ പ്രേക്ഷകര്‍ ഏറ്റുപറഞ്ഞുവെന്ന് കേള്‍ക്കുന്നത് തന്നെ വലിയ സന്തോഷമാണ്. എന്നിരുന്നാലും എനിക്ക് ഞാനായി തന്നെ നില്‍ക്കാനേ സാധിക്കൂ.' റോബിന്‍ പറയുന്നു.
ബിഗ് ബോസ് പ്രേക്ഷകര്‍ക്കായി തന്റെ സിഗ്നേച്ചര്‍ ഡയലോഗായ ദിസ് ഈസ് ഡോ.റോബിന്‍ രാധാകൃഷ്ണന്‍, ദിസ് ഈസ് മി, ദിസ് ഈസ് വാട്ട് ഐ ഡു എന്ന തന്റെ പഞ്ച് ഡയലോഗും കൂടി പറഞ്ഞ ശേഷമാണ് റോബിന്‍ സ്റ്റുഡിയോയില്‍ നിന്നും പുറത്തിറങ്ങിയത്.


Click it and Unblock the Notifications