'പറയേണ്ടത് പറയാൻ ധന്യയ്ക്കറിയാം... ധന്യ വിജയിച്ചാൽ സന്തോഷിക്കും'; പ്രിയ മത്സരാർഥിയെ കുറിച്ച് ജാനകി സുധീർ!
ഏറെ പ്രത്യേകതകളുള്ള മത്സരാർഥികളുമായാണ് ബിഗ് ബോസ് സീസൺ നാല് ആരംഭിച്ചത്. അക്കാര്യം ഷോ തുടങ്ങി രണ്ടാം ദിവസം മുതൽ പ്രേക്ഷകർക്ക് മനസിലായതാണ്. സംഭവ ബഹുലമായ പ്രശ്നങ്ങളും വാശികളും തർക്കങ്ങളുമൊക്കെയായി ബിഗ് ബോസ് സീസൺ നാല് മുന്നോട്ട് പോയി.
ഇടയിൽ പ്രേക്ഷകരും മത്സരാർഥികളും അപ്രതീക്ഷിതമായാണ് റോബിന്റേയും ജാസ്മിന്റേയും പുറത്താകലിനെ നോക്കി കണ്ടത്. വൈൽഡ് കാർഡ് എൻട്രിയായി വന്ന റിയാസ്, വിനയ് എന്നിവരാണ് ഇരുവരുടെയും പുറത്താകലിന് കാരണമെന്ന് സോഷ്യൽ മീഡിയയിൽ പ്രചാരണവും നടന്നു.

അപ്രതീക്ഷിതമായ പ്രശ്നങ്ങൾക്കൊടുവിൽ ബിഗ് ബോസിന്റെ ഈ സീസൺ അവസാനിക്കാൻ ഇനി ഒരാഴ്ച മാത്രമാണ് ബാക്കി. ആരാകും ബിഗ് ബോസ് സീസൺ നാലിന്റെ വിജയി എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും.
ഇന്ന് റോൺസൺ കൂടി ബിഗ് ബോസിൽ നിന്നും പുറത്തായതോടെ ആറ് പേരാണ് ഫൈനൽ ഫൈവിലേക്ക് എത്തിയിരിക്കുന്നത്.
ടിക്കറ്റ് ടു ഫിനാലെ ടാസ്കുകളിൽ ഒന്നാമതെത്തിയ ദിൽഷ ഇടയ്ക്കുള്ള നോമിനേഷൻ ഒഴിവാക്കി നേരിട്ട് ഫിനാലെ വാരത്തിലേക്ക് ഇടംനേടിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ഈ സീസണിലെ അവസാന നോമിനേഷൻ.
ദിൽഷ ഒഴികെയുള്ള ആറ് പേരിൽ അഞ്ചുപേരും നോമിനേഷൻ ലിസ്റ്റിൽ ഇടംപിടിച്ചിരുന്നു. സൂരജായിരുന്നു ഒഴിവായ ആൾ. പിന്നാലെ കഴിഞ്ഞ ദിവസം ബ്ലെസ്ലിയും നോമിനേഷനിൽ സേഫായി ഫിനാലേയിലേക്ക് എത്തി. ഇന്ന് ലക്ഷ്മി പ്രിയയും ധന്യയും റിയാസും ഫിനാലെയിൽ എത്തിയിരിക്കുകയാണ്.
അടുത്ത ആഴ്ച ഇനി ഗ്രാന്റ് ഫിനാലെയാണ് നടക്കാൻ പോകുന്നത്. ആരാണ് കിരീടം ഉയർത്തുകയെന്നറിയാൻ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുമ്പോൾ കാഴ്ചക്കാരെ പോലെ ഈ സീസണിൽ വീട്ടിൽ നിന്നും ആദ്യം പുറത്തായ മത്സരാർഥി ജാനകി സുധീറും ടൈറ്റിൽ ജേതാവിനെ അറിയാനുള്ള ആവേശത്തിലാണ്.
മോഡലും നടിയുമായ താരം ആര് കപ്പുയർത്തണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ.

'ധന്യ ട്രോഫി ഉയർത്തിയാൽ ഞാൻ വളരെ സന്തോഷതിയാകും. പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതും വീടിനുള്ളിൽ കുറച്ച് ബഹളമുണ്ടാക്കുന്നതും അല്ല വീട്ടിൽ നിൽക്കാനുള്ള യോഗ്യതയെന്നാണ് ഞാൻ കരുതുന്നത്. ആവശ്യമുള്ളപ്പോഴെല്ലാം ധന്യ തന്റെ കാഴ്ചപ്പാടുകൾ അറിയിക്കുമായിരുന്നു. അതുകൊണ്ട് ധന്യ ജയിക്കണമെന്നാണ് ആഗ്രഹം.'
'ആദ്യ വീക്കിൽ പുറത്തായപ്പോൾ ഞാൻ നിരാശയിലായിരുന്നു. എന്റെ ഐഡന്റിറ്റി കാണിക്കാൻ പോലും സമയം കിട്ടാത്തതിൽ വിഷമമുണ്ടായിരുന്നു. എന്നിരുന്നാലും എനിക്ക് ആളുകളുടെ ശ്രദ്ധ നേടാൻ കഴിഞ്ഞു. അത് ഒരു ചെറിയ കാര്യമല്ല. ഒരാഴ്ചയെ വീട്ടിൽ നിന്നുള്ളുവെങ്കിലും സിനിമകളിൽ അഭിനയിച്ചിട്ട് കിട്ടാത്ത സ്വീകരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്' ജാനകി പറയുന്നു.


Click it and Unblock the Notifications