'മേക്കോവർ ചെയ്യാനും മോഡേൺ വസ്ത്രങ്ങൾ ധരിക്കാനും എനിക്ക് അവകാശമില്ലേ? കളിയാക്കുന്നതെന്തിനാണ്?'; ശാലിനി!
ബിഗ് ബോസ് മലയാളം സീസൺ ഫോർ എല്ലാംകൊണ്ടും പ്രത്യേകത നിറഞ്ഞതായിരുന്നു. വിവിധ വിഭാഗങ്ങളിൽപ്പെട്ട, വ്യത്യസ്ത സ്വഭാവങ്ങളും ചിന്തകളുമുള്ള ഇരുപത് പേരാണ് ഈ സീസണിൽ മത്സരിക്കാനെത്തിയത്. നാലാം സീസൺ അവസാനിക്കാൻ ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഫൈനലിൽ എത്തി നിൽക്കുന്നതാകട്ടെ ആറ് മത്സരാർഥികളും.
ഇവരിൽ ഒരാളാകും കപ്പ് നേടുക. തങ്ങൾക്കൊപ്പം മത്സരിച്ച ആറുപേർ ഫിനാലെയിലേക്ക് എത്തുമ്പോൾ ഇതുവരെ ഈ സീസണിൽ നിന്നും പുറത്തായ മത്സരാർഥികളെല്ലാം ഗ്രാന്റ് ഫിനാലെ കാണാൻ മുംബൈയിൽ എത്തിയിട്ടുണ്ട്.
നാലാം സീസണിൽ ജനശ്രദ്ധനേടിയ മത്സരാർഥികളിൽ ഒരാളായിരുന്നു തൃശൂരുകാരിയായ അവതാരിക ശാലിനി. പല മേഖലകളിൽ പ്രവർത്തിക്കുമ്പോഴും ടെലിവിഷൻ അവതാരക എന്ന മേൽവിലാസത്തെയാണ് ശാലിനി തന്നോട് കൂടുതൽ ചേർത്ത് നിർത്തുന്നത്.
വിജെ ശാലിനി നായർ എന്നാണ് തൻറെ സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ ശാലിനി നൽകിയിരിക്കുന്ന പേര്.
കഠിനാധ്വാനത്തിന് പകരം വെക്കാൻ ജീവിതത്തിൽ മറ്റൊന്നുമില്ലെന്ന് വിശ്വസിക്കുന്ന ശാലിനി പ്രമുഖ ടെലിവിഷൻ ചാനൽ പ്രോഗ്രാമുകളുടെയും ചാനൽ അവാർഡ് നിശകളുടെയുമൊക്കെ അവതാരകയായി ശോഭിച്ചിട്ടുണ്ട്.

അഭിനയരംഗത്തും ഒരു കൈ നോക്കിയിട്ടുണ്ടെന്ന് മാത്രമല്ല. ആ മേഖലയോട് അതീവ താൽപര്യവുമുണ്ട്. മൂന്നാഴ്ചയോളം മാത്രമെ ശാലിനിക്ക് ബിഗ് ബോസിൽ നിൽക്കാൻ സാധിച്ചിരുന്നുള്ളൂ. പുറത്താക്കപ്പെട്ടപ്പോളും സങ്കടത്തോടെയാണ് ശാലിനി പടിയിറങ്ങിയത്.
പക്ഷെ ഹൗസിൽ നിന്നും പുറത്തിറങ്ങിയ ശേഷം കരിയർ കൂടുതൽ മനോഹരമാക്കാൻ നിരവധി അവസരങ്ങൾ ശാലിനിയെത്തേടി വരുന്നുണ്ട്. 'ബിഗ് ബോസ് ഷോയ്ക്ക് ശേഷം ചില അഭിമുഖങ്ങളിൽ മാത്രമാണ് ശാലിനി പ്രത്യക്ഷപ്പെട്ടത്.'
'ശേഷം ആദ്യമായി സോഷ്യൽമീഡിയ വഴി പ്രേക്ഷകരോട് സംവദിച്ചിരിക്കുകയാണ് ശാലിനി. പരിഹസിക്കുന്നവർക്കുള്ള മറുപടിയുമായിട്ടാണ് ശാലിനി എത്തിയിരിക്കുന്നത്. ബിഗ് ബോസിൽ നിന്നും പുറത്ത് വന്ന ശേഷം സംഭവിച്ച കാര്യങ്ങളെല്ലാം പോസറ്റീവായിരുന്നു.'

'ബിഗ് ബോസിലെ എന്നെ രീതികളും വസ്ത്രധാരണവും വെച്ച് പലരും എന്നെ ബാലാമണിയെന്ന് വിളിച്ച് കളിയാക്കിയിരുന്നു. ട്രോളുകളടക്കം വന്നിരുന്നു. അതെല്ലാം ഞാൻ ആസ്വദിക്കുകയാണ് ചെയ്തത്. ഇപ്പോൾ മുംബൈയിൽ ഗ്രാന്റ് ഫിനാലെയിൽ പങ്കെടുക്കാൻ വന്നിരിക്കുകയാണ്.'
'പക്ഷെ പലരും ഇപ്പോഴും കമന്റുകളിലൂടെ കളിയാക്കി ഡീഗ്രേഡ് ചെയ്യുന്നത് കാണുമ്പോൾ വിഷമം തോന്നുന്നുണ്ട്. പ്ലസ് ടു വിദ്യാഭ്യാസം വെച്ച് ആറ് വർഷം പ്രയത്നിച്ചിട്ടാണ് ഇന്ന് കാണുന്ന നിലയിൽ എത്തിയിരിക്കുന്നത്.'
'വലിയൊരു സ്ട്രഗിൾ അതിന് പിന്നിലുണ്ടായിരുന്നു. ഹൗസിൽ നിന്ന് വന്നശേഷവും ഞാൻ ദാരിദ്രം പറയുന്നുവെന്ന് പലരും കളിയാക്കി കണ്ടിരുന്നു. 1500 രൂപയ്ക്ക് വേണ്ടി എറണാകുളത്ത് വന്ന് വരെ പണിയെടുത്തിട്ടുണ്ട്.'

'എന്റെ വീടിന് തണലാകാൻ വേണ്ടിയാണ് ഞാൻ മുന്നോട്ട് പോകുന്നത്. അന്ന് ബിഗ് ബോസിൽ വന്നപ്പോൾ വസ്ത്രങ്ങൾ അധികം ഉണ്ടായിരുന്നില്ല. ഞാൻ എനിക്കുള്ളത് വെച്ചാണ് അവിടെ നിന്നത്. അല്ലാതെ മനപൂർവം ബാലമണി കളിച്ചതല്ല.'
'സ്റ്റാർട്ട് മ്യൂസിക്കിൽ പങ്കെടുക്കാൻ വന്നപ്പോൾ മേക്കോവർ ചെയ്യാനും മോഡേൺ വേഷങ്ങൾ ധരിക്കാനും അവസരം കിട്ടി അതുകൊണ്ട് ഞാൻ അതൊക്കെ ഇട്ടു. ഒരു പരിപാടി ലഭിക്കുമ്പോൾ അതിനനുസരിച്ച് മേക്കോവറുകൾ നടത്തേണ്ടി വരും.'
'മോഡേണായി നടക്കാൻ തോന്നുമ്പോൾ അത്തരം വസ്ത്രങ്ങൾ ധരിക്കും അതിനും നിങ്ങൾ കളിയാക്കുന്നത് എന്തിനാണ്. എല്ലാവർക്കും മോഡേൺ വസ്ത്രങ്ങൾ ധരിക്കാനും സന്തോഷത്തോടെ ഇരിക്കാനും അവകാശമില്ലേ.'
Recommended Video

'നിങ്ങൾ മോങിനി എന്ന് വിളിച്ച് കളിയാക്കിയപ്പോൾ പോലും അത് കാര്യമായി എടുക്കാതെ മുന്നോട്ട് പോവുകയായിരുന്നു. ഒരു കുഞ്ഞിനെ ഒറ്റയ്ക്ക് വളർത്തി വലുതാക്കിയ അമ്മയാണ് ഞാൻ.'
'നിങ്ങളെന്നെ പലപ്പോഴും ഞാൻ ഓവർ സ്മാർട്ടാണെന്ന് പറഞ്ഞ് കളിയാക്കാറുണ്ട്. ഞാൻ സ്മാർട്ടായി നടന്നാലും സംസാരിച്ചാലും മാത്രമെ എനിക്ക് പരിപാടികൾ ലഭിക്കൂ. എന്നെ പ്രതീക്ഷിച്ചാണ് എന്റെ കുടുംബം കഴിയുന്നത്.'
'എന്റെ സുഹൃത്തുക്കൾക്കൊപ്പം ഞാൻ സന്തോഷിക്കുന്നത് ഒരു തെറ്റാണോ. എല്ലാവരേയും പോലെ ജീവിക്കാനും സന്തോഷിക്കനും എനിക്കും അവകാശമില്ലേ...' എന്നാണ് ലൈവിലെത്തി നിറകണ്ണുകളോടെ ശാലിനി പറയുന്നത്.


Click it and Unblock the Notifications











