'ഗേ' ആണെന്ന് വെളിപ്പെടുത്തിയിട്ടും പേടിയുണ്ടായിരുന്നു, തുറന്ന് പറയാനുള്ള കാരണം വെളിപ്പെടുത്തി അശ്വിന്‍
കഴിഞ്ഞു പോയ മൂന്ന് സീസണെക്കാളും വ്യത്യസ്തമാണ് ഇത്തവണത്തെ ബിഗ് ബോസ് സീസണ്‍ 4. വൈവിധ്യമാര്‍ന്ന 17 മത്സരാര്‍ത്ഥികളാണ് ഇത്തവണ ഹൗസില്‍ എത്തിയത്. ഷോ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ഇതുവരെ കണ്ട ബിഗ് ബോസ് ഷോ പോലെയായിരിക്കില്ല നാലാം സീസണ്‍ എന്നുള്ള സൂചനകള്‍ പ്രൊമോ വീഡിയോയിലൂടെ നല്‍കിയിരുന്നു. എന്നാല്‍ അതിന് ഇരട്ടിയായിരുന്നു ബിഗ് ബോസ് ടീം കരുതി വെച്ചത്. പലര്‍ക്കും തങ്ങളുടെ വ്യക്തിത്വം തുറന്ന് പറയാനുളള വേദി കൂടിയായിരുന്നു ബിഗ് ബോസ്.
Recommended Video

ബിഗ് ബോസ് സീസണ്‍ നാലിലെ മികച്ചൊരു മത്സരാര്‍ത്ഥിയായിരുന്നു അശ്വിന്‍ വിജയ്. മിനീസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് അശ്വിന്‍ പുതുമുഖമായിരുന്നുവെങ്കിലും യൂത്തിനിടയില്‍ സുപരിചിതനാണ്. തന്റെ ജീവിതത്തിലെ കയ്‌പ്പേറിയ അനുഭവങ്ങളും അതില്‍ നിന്നുള്ള ഒറ്റയാള്‍ പോരാട്ടവുമാണ് അശ്വിനെ പ്രിയങ്കരനാക്കിയത്. തന്റെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഇന്ന് അശ്വിന് ലഭിക്കുന്ന സ്വീകാര്യത.

ബിഗ് ബോസ് ഹൗസില്‍ 28 ദിവസം മാത്രമേ അശ്വിന് നില്‍ക്കാന്‍ സാധിച്ചിരുന്നുള്ളൂവെങ്കിലും അദ്ദേഹം ഏറെ സന്തോഷവാനാണ്. കാരണം താന്‍ താനായിട്ട് നിന്ന സന്തോഷത്തിലാണ് ഹൗസില്‍ നിന്ന് പടി ഇറങ്ങിയത്.എങ്ങനെയാണോ അതുപോലെ തന്നെയാണ് ബിഗ് ബോസ് ഹൗസിലും നിന്നതെന്നാണ് അശ്വിന്‍ പറയുന്നത്. അതിന്‌റെ അത്മനിര്‍വൃതിയിലാണ് അവിടെ നിന്ന് പടി ഇറങ്ങിയത്. എല്ലാവരോടും സന്തോഷത്തോടെ യാത്ര പറഞ്ഞിട്ടാണ് അശ്വിന്‍ ഷോ വിട്ടത്.

അശ്വിന് ബിഗ് ബോസ് എന്നത് കേവലം റിയാലിറ്റി ഷോയ്ക്ക് അപ്പുറം തന്റെ വ്യക്തിത്വം തുറന്ന് പറയാനുള്ള വേദി കൂടിയായിരുന്നു. താനൊരു 'ഗേ' ആണെന്ന് ഷോയിലൂടെ സമൂഹത്തിന് മുന്നില്‍ തുറന്ന് പറഞ്ഞിരുന്നു. ഹൗസിലുള്ളവരും പുറത്തുളളവരും അത് കയ്യടിയോടെയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ ബിഗ് ബോസ് പോലുള്ള റിയാലിറ്റി ഷോയിലൂടെ തന്റെ വ്യക്തിത്വം തുറന്ന് പറയാനുളള കാരണം വെളിപ്പെടുത്തുകയാണ് അശ്വിന്‍. ഫില്‍മീബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വാക്കുകളിലെ സന്തോഷം അഭിമുഖത്തിന്റെ അവസാനം വരെ കാണാമായിരുന്നു.

അശ്വിന്റെ വാക്കുകളിലൂടെ... 'ഷോയില്‍ എത്തുന്നതിന് മുന്‍പ് ഒരു 'ഗേ' ആണെന്ന് പറയാന്‍ ഒരുപാട് പേടിച്ചിരുന്നു. വ്യക്തിത്വം വെളിപ്പെടുത്തി കഴിഞ്ഞാല്‍ എങ്ങനെ ബാധിക്കുമെന്നുള്ള ആശങ്കയുണ്ടായിരുന്നു. ഒരിക്കലും ഇത് പറയണം എന്ന് വിചാരിച്ചിട്ടല്ല ബിഗ് ബോസ് ഷോയിലേയ്ക്ക് പോയത്. എന്നാല്‍ അവിടെ ചെന്നപ്പോഴാണ് തന്റെ അതേ കമ്മ്യൂണിറ്റിയിലുള്ള
അപര്‍ണ്ണയേയും ജാസ്മിനേയും കണ്ടത്. ആദ്യം അവര്‍ രണ്ട് പേരോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നിട്ട് പുറത്ത് പറയണോ എന്ന് അവരോട് അഭിപ്രായം ചോദിച്ചു. പൂര്‍ണ്ണ പിന്തുണയായിരുന്നു നല്‍കിയത്. പുറത്ത് പറയണമെന്ന് അപര്‍ണ്ണ ചേച്ചിയും ജാസ്മിനും എന്നോട് പറഞ്ഞു'; അശ്വിന്‍ വ്യക്തിത്വം തുറന്ന് പറയാനുള്ള സാഹചര്യം വ്യക്തമാക്കി.

ഷോയിലൂടെ തുറന്ന് പറയാനുള്ള കാരണം
'ഈ സമയത്ത് എല്ലാം തുറന്ന് പറയാനുള്ള അവസരം ബിഗ് ബോസായി ഉണ്ടാക്കി തന്നു. ഈ സംസാരം നടന്നതിന്റെ തൊട്ട് പിന്നാലെയാണ് ആദ്യ പ്രണയം പറയാനുള്ള ടാസ്‌ക്ക് നല്‍കിയത്. അപ്പോള്‍ പറയണോ വേണ്ടയോ എന്ന് വീണ്ടും പലതവണ ആലോചിച്ചു. ഒടുവില്‍ പുറത്ത് പറയാമെന്ന തീരുമാനത്തില്‍ എത്തിച്ചേരുകയായിരുന്നു. കാരണം ഇനിയൊരിക്കലും വ്യക്തിത്വം തുറന്ന് പറയാനുള്ള ഇതുപോലൊരു എനിക്ക് വേദി ലഭിക്കില്ല. രണ്ടാമത് ഒരു 'ഗേ' ആയതില്‍ അഭിമാനിക്കുന്ന ആളാണ് ഞാന്‍. ഇതുപോലെ ഐഡന്റിറ്റി തുറന്ന് പറയാന്‍ ആഗ്രഹിക്കുന്ന ഒരുപാട് പേര്‍ നമ്മുടെ സമൂഹത്തിലുണ്ട്. അവരേയും സമൂഹം അംഗീകരിക്കണം. നമ്മുടെ തെറ്റ് കൊണ്ടല്ല ഇങ്ങനെ ആകുന്നത്. എന്നെ അംഗീകരിച്ചവര്‍ മറ്റുള്ളവരേയും അംഗീകരിക്കണം. മറ്റുള്ളവര്‍ക്കും ഒരു പ്രചോദനമാകട്ടെ' എന്ന് കരുതിയാണ് ബിഗ് ബോസ് ഷോയിലൂടെ വ്യക്തിത്വം വെളിപ്പെടുത്തിയത്.

ഭയമുണ്ടായിരുന്നു
'ഷോയിലൂടെ തുറന്ന് പറഞ്ഞപ്പോള്‍ ചെറിയ ഭയമുണ്ടായിരുന്നു. എന്നാല്‍ എന്റെ സുഹൃത്തുക്കള്‍ എല്ലാ അറിഞ്ഞതിന് ശേഷം ചേര്‍ത്തു പിടിക്കുകയായിരുന്നു. അവര്‍ക്ക് ഓക്കെയാണെങ്കില്‍ ഞാന്‍ എന്തിന് പേടിക്കണം. 'ഗേ' ആണെന്ന് വെളിപ്പെടുത്തിയതിന്റെ അന്ന് രാത്രി ഏറെ പേടിച്ചിരുന്നു. സമൂഹം എങ്ങനെയെടുക്കുമെന്നാണ് ചിന്തിച്ചത്. എന്നാല്‍ ഇനി ഭാവിയില്‍ എന്റെ വ്യക്തിത്വത്തിലൂടെ ജീവിക്കണമെന്നാണ് ആഗ്രഹം. ഇതുവരെ എത്തി. ഇനി ഞാന്‍ ഞാനായിട്ടു തന്നെ ജീവിക്കും'; അശ്വിന്‍ ഉറപ്പിച്ചു പറഞ്ഞു.


Click it and Unblock the Notifications