'താര മൂല്യമോ പകിട്ടോ കണ്ട് വന്ന ആലോചനയല്ല, വിവാഹ വിവരം പങ്കിട്ടപ്പോൾ പ്രതീക്ഷിച്ചത് വിമർശനം കിട്ടിയത് ആശംസ'
ബിഗ് ബോസ് മലയാളം സീസൺ ഫോറിലൂടെ ജനശ്രദ്ധനേടിയ നടിയും അവതാരകയുമെല്ലാമാണ് ശാലിനി നായർ. ബിഗ് ബോസ് ഷോയിലൂടെയാണ് താരം തന്റെ ജീവിതം വീണ്ടും കെട്ടിപടുത്ത് തുടങ്ങിയത്. ദിലീപ് എന്നയാളാണ് ശാലിനി നായരെ വിവാഹം ചെയ്തത്. ഒരു ആൺകുഞ്ഞിന്റെ അമ്മയായ ശാലിനി ആദ്യ വിവാഹ ബന്ധം തകർന്നശേഷം സിംഗിൾ മദറായി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിനിടെയാണ് ബിഗ് ബോസ് സീസൺ ഫോറിൽ മത്സരിക്കാൻ എത്തിയത്.
ബിഗ് ബോസിന് ശേഷം നിരവധി അവസരങ്ങൾ മിനിസ്ക്രീനിൽ അടക്കം ശാലിനിക്ക് തുറന്ന് കിട്ടുന്നുണ്ട്. ഇപ്പോഴിതാ രണ്ടാം വിവാഹത്തിലേക്ക് എത്തിയതിനെ കുറിച്ചും വിവാഹശേഷം ജോലിക്ക് പോയപ്പോഴുണ്ടായ സന്തോഷത്തെ കുറിച്ചും വിവരിച്ച് ശാലിനി പങ്കുവെച്ച ഏറ്റവും പുതിയ സോഷ്യൽമീഡിയ പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്.

രണ്ടാം വിവാഹ വിവരം പങ്കിട്ടപ്പോൾ പ്രതീക്ഷിച്ചത് വിമർശനമാണെന്നും പക്ഷെ ആശംസകൾ കിട്ടിയപ്പോൾ സന്തോഷവതിയായിയെന്നും ശാലിനി പറയുന്നു. 'വിവാഹശേഷം ജോലി ചെയ്യുന്നത് ഒരു യഥാർത്ഥ ആനന്ദമായിരുന്നു... ദൈവത്തിന് നന്ദി. നന്ദി പ്രിയ ഹബ്ബി... ശാലിനി... ഇനി വർക്ക് ചെയ്യുവാൻ താല്പര്യമുണ്ടോ? കൊച്ചിയിൽ രണ്ട് പ്രോഗ്രാമുകൾ ചാർട്ട് ചെയ്യുന്നുണ്ടായിരുന്നു...'
'അപ്രതീക്ഷിതമായാണ് കൈരളി ടെലിവിഷൻ പ്രോഗ്രാം പ്രൊഡ്യൂസർ അമൃത മാമിന്റെ കോൾ വന്നത്. യെസ് മാം ഞാൻ ഓൺ ആണ് എന്ന് മറുപടി പറഞ്ഞു. അങ്ങിനെ വിവേകാനന്ദൻ വൈറലാണ് എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയിൽ കൈരളി ടിവിക്ക് വേണ്ടി ഡയറക്ടർ കമൽ സാറിനെ ഇന്റർവ്യു ചെയ്യാനുള്ള അവസരം കിട്ടി.'
'താങ്ക്യു ഡിയർ അമൃത മാം. വിവാഹശേഷവും ജോലി ചെയ്യണമെന്നത് എന്റെ ആഗ്രഹവും ആവശ്യവും ആയിരുന്നു. ദൈവാനുഗ്രഹം കൊണ്ട് അത് സാധിച്ചു. വിമർശനങ്ങളാണ് പ്രതീക്ഷിച്ചതെങ്കിലും വിപരീതമായി നൂറ് കണക്കിന് ആശംസകൾ വിവാഹ വാർത്തയറിഞ്ഞ് വന്നു. കഴിയുന്നതും എല്ലാവർക്കും മറുപടി കൊടുക്കുവാൻ ശ്രമിച്ചിട്ടുണ്ടായിരുന്നു.'
'സോഷ്യൽ മീഡിയ പേഴ്സൺ അല്ലെങ്കിലും എന്റെ സ്വപ്നത്തെ ആഴത്തിൽ മനസിലാക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. വിവാഹശേഷം ആദ്യം ചെയ്ത പ്രോഗ്രാം യുണൈറ്റഡ് ക്ലബ് മംഗലശ്ശേരിക്ക് വേണ്ടി അങ്കമാലിയിൽ കൊച്ചിൻ കലാഭവൻ അവതരിപ്പിച്ച ജാസി ഗിഫ്റ്റ് മ്യൂസിക്കൽ ഷോയായിരുന്നു. താങ്ക്യു രാഹുലേട്ടാ... ഒരു കുടുംബത്തിന്റെ മുഴുവൻ സ്നേഹവും വാത്സല്യവും പങ്കുവെച്ചുകൊണ്ട് ഹസ്ബന്റിന്റെ കുടുംബവും കൂടെയുണ്ടായിരുന്നു.'

'ഉണ്ണിയേട്ടനും ഏട്ടത്തിയമ്മയും മകളും അമ്മയും അടങ്ങുന്നതാണ് എന്റെ പുതിയ കുടുംബം. ബിഗ് ബോസ് ഷോയുടെ താര മൂല്യമോ പകിട്ടോ കണ്ട് വന്ന ആലോചനയായിരുന്നില്ല. എന്നെങ്കിലും നീ രക്ഷപെടും എന്ന വാക്കുകളിൽ ആത്മവിശ്വാസം തന്നിരുന്നയാളാണ് എന്റെ ഭർത്താവ്.'
'എനിക്കൊപ്പം എന്റെ കുടുംബത്തെ സ്നേഹിക്കാൻ കഴിയുന്ന ഒരാളുടെ കൂടെയാവണം ജീവിതം എന്ന ഒരൊറ്റ ഡിമാന്റ് മാത്രമെ എനിക്ക് മുന്നോട്ട് വെക്കുവാനുണ്ടായിരുന്നുള്ളൂ... ബാക്കി ഭാഗം റോളിങ്ങാണ്', എന്നാണ് ഭർത്താവിനൊപ്പമുള്ള പുതിയ ചിത്രം പങ്കിട്ട് ശാലിനി നായർ കുറിച്ചത്. ആഗ്രഹിച്ച ജീവിതം നേടിയെടുത്ത ശാലിനിക്ക് കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേർ ആശംസകൾ നേർന്നു.
പഠന കാലം കഴിഞ്ഞ ഉടനെയായിരുന്നു ശാലിനിയുടെ വിവാഹം. പെട്ടന്ന് തന്നെ കുട്ടിയുമായി. എന്നാല്‍ കുടുംബത്തിലെ മാനസികമായ പരുത്തക്കേടുകള്‍ കാരണം വിവാഹ ബന്ധം അധികകാലം മുന്നോട്ട് പോയില്ല. വീട്ടുകാര്‍ ആലോചിച്ച് നടത്തിയതായിരുന്നു ശാലിനിയുടെ വിവാഹം. തന്റെ കുടുംബത്തിലുള്ളവരുടെ എല്ലാം കല്യാണം ചെറുപ്രായത്തില്‍ തന്നെ കഴിഞ്ഞിരുന്നുവെന്നും അതേ രീതിയിലാണ് തന്റേതും നടത്തിയതെന്നുമാണ് മുമ്പൊരിക്കൽ ആദ്യ വിവാഹത്തെ കുറിച്ച് സംസാരിക്കവെ ശാലിനി പറഞ്ഞത്.


Click it and Unblock the Notifications