'ലാലേട്ടന്റെ പിറന്നാൾ എന്നാണെന്ന് അറിയാമോ?'; ഹൗസ്മേറ്റായി ബിഗ് ബോസിലേക്ക് പോകാൻ ചെയ്യേണ്ടത്, വിവരങ്ങളിതാ!
ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. രാജ്യത്ത് ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച റിയാലിറ്റി ഷോയായി മാറാനും ബിഗ് ബോസ് മലയാളത്തിന് ആയിട്ടുണ്ട്. ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ച് ഉടൻ ഏഷ്യാനെറ്റില്‍ സംപ്രേഷണം ആരംഭിക്കും. അതിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ച് കഴിഞ്ഞു. സീസൺ ഫൈവിലും നടന വിസ്‍മയം മോഹൻലാലാണ് ഷോയുടെ മുഖമാകുക.

ബിഗ് ബോസ് മലയാളം സീസൺ 5 ന്റെ ടൈറ്റില്‍ സ്‌പോണ്‍സറാകുന്നത് ഭാരതി എയര്‍ടെലാണ്. പ്രേക്ഷകര്‍ക്ക് പരിചിതരായ വ്യത്യസ്‍ത മേഖലകളിലെ കരുത്തരായ മത്സരാര്‍ത്ഥികള്‍ക്കൊപ്പം എയര്‍ടെല്‍ മുഖേന ഒരാളെ പൊതുജനങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കുന്നുവെന്ന പ്രത്യേകത കൂടി ഈ സീസണിനുണ്ട്.
ബിഗ് ബോസ് മലയാളം സീസണ്‍ 5 ഏതൊക്കെ മത്സരാര്‍ഥികളെയാകും പരിചയപ്പെടുത്തുക എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകരും.
പ്രായഭേദമന്യേ എല്ലാവരും ആസ്വദിക്കുന്ന ഷോ ഒരു ഗ്ലോബല്‍ പ്രൊഡക്റ്റായി മാറിയെന്നതിന്റെ ഉത്തമോദാഹരണമാണ് ഇതുവരെ കഴിഞ്ഞ സീസണുകള്‍ക്ക് ലഭിച്ച വന്‍ പ്രതികരണങ്ങൾ. നാലാം സീസണിന്റൈ ഗ്രാന്റ് ഫിനാലെയ്ക്ക് ലഭിച്ച 78 ശതമാനം പ്രോഗ്രാം ഷെയര്‍ ബിഗ്‌ബോസ് എത്രമാത്രം മലയാളി ഹൃദയങ്ങളിലേക്ക് ആഴ്ന്ന് കഴിഞ്ഞു എന്നതിന്റെ തെളിവാണ്.
ഓരോ സീസണുകളിലും വ്യത്യസ്ഥത വരുത്തുന്ന ബിഗ് ബോസ് ഇപ്രാവശ്യം പൊതുസമൂഹത്തിൽ നിന്ന് ഒരാൾക്ക് കൂടി മത്സരാർഥിയാകാനുള്ള അവസരം നൽകുകയാണ്.
എയർടെൽ ഹൗസ്മേറ്റായി ബിഗ് ബോസിലേക്ക് പോകാൻ അവസരം നേടിയെടുക്കാൻ ജനങ്ങൾ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് വിശദീകരിച്ച് ഒറു പോസ്റ്ററും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഒരു എയർടെൽ നമ്പറും പോസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അതിലേക്ക് മിസ് കോൾ ചെയ്യുന്നവർക്ക് ഒരു അപ്ലിക്കേഷൻ ലഭിക്കും. അതിലെ ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി നൽകണം. പതിവ് ചോദ്യങ്ങൾക്ക് പുറമെ ബിഗ് ബോസുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങളും അപേക്ഷയിൽ ഉണ്ടാകും.
അതിൽ ചോദിക്കാൻ സാധ്യതയുള്ള ചില ചോദ്യങ്ങളെ കുറിച്ച് വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് കഴിഞ്ഞ സീസണിലെ മത്സരാർഥി ശാലിനി നായർ തന്റെ യുട്യൂബ് ചാനലിൽ പങ്കുവെച്ച പുതിയ വീഡിയോയിലൂടെ.
സീസൺ അഞ്ച് തുടങ്ങാൻ പോകുന്നുവെന്ന അറിയിപ്പ് വന്ന് തുടങ്ങിയപ്പോൾ മുതൽ സീസൺ അഞ്ചുമായി ബന്ധപ്പെട്ട് തനിക്ക് ലഭിക്കുന്ന വിവരങ്ങളെല്ലാം ശാലിനി ആരാധകരുമായി പങ്കുവെക്കാറുണ്ട്. അപേക്ഷയിൽ ഉണ്ടാകാൻ സാധ്യതയുള്ള ചില ചോദ്യങ്ങളും ശാലിനി വെളിപ്പെടുത്തി.

ബിഗ് ബോസ് ഹോസ്റ്റ് മോഹൻലാലിന്റെ പിറന്നാൾ എന്നാണ്?, ബിഗ് ബോസ് മത്സരാർഥികളായി വന്ന് ഹൗസിനുള്ളിൽ വെച്ച് പ്രണയിച്ച് പുറത്തിറങ്ങിയ ശേഷം വിവാഹിതരായ മത്സാർഥികളുടെ പേര്?, ലാസ്റ്റ് സീസണിലെ ബിഗ് ബോസ് വിജയി ആരായിരുന്നു?, എന്തുകൊണ്ടാണ് നിങ്ങൾ ബിഗ് ബോസ് ഹൗസ് മേറ്റാകാൻ ആഗ്രഹിക്കുന്നത്? എന്നിങ്ങനെയുള്ള ചോദ്യങ്ങളായിരിക്കും ഓഡീഷനിൽ പങ്കെടുക്കാനുള്ള അപേക്ഷ നൽകുമ്പോൾ മത്സരാർഥി പൂരിപ്പിച്ച് കൊടുക്കേണ്ടി വരിക എന്നാണ് ശാലിനി പറയുന്നത്.
ഓരോ സീസണ്‍ കഴിയുന്തോറും ജനങ്ങളോട് കൂടുതല്‍ അടുക്കുകയാണ് ബിഗ് ബോസെന്ന് ഏഷ്യാനെറ്റ് ചാനല്‍ ബിസിനസ് എക്‌സിക്യീട്ടീവ് ഡയറക്ടര്‍ കിഷന്‍ കുമാര്‍ പറഞ്ഞിരുന്നു. അത് സത്യാമാണെന്ന് തെളിയിക്കുന്ന തരത്തിലാണ് സീസൺ 5 അണിയറയിൽ ഒരുങ്ങുന്നത്.
പ്രേക്ഷകരുടെയും അനുദിനം മാറുന്ന കാലത്തിന്റെയും സ്‍പന്ദനം മനസിലാക്കി വ്യത്യസ്‍തവും പുതുമയേറിയതുമായ രീതിയിലാണ് പുതിയ സീസണ്‍ അണിയിച്ചൊരുക്കുന്നത്. ഏഷ്യാനെറ്റിന് പുറമെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറില്‍ 24 മണിക്കൂറും ഷോയുടെ സംപ്രേക്ഷണവും ഉണ്ടായിരിക്കും. മോഹൻലാൽ പ്രമോ ഷൂട്ടിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണെന്നും അടുത്തിടെ വാർത്തകൾ വന്നിരുന്നു.


Click it and Unblock the Notifications