'രജിത്തിനെ പോലെ റോബിനും ബിഗ് ബോസ് വീട്ടിൽ ഒറ്റപ്പെടുമോ', വിളിച്ച് കൂവി നടക്കുന്നതാണ് പ്രശ്നമെന്ന് ആരാധകർ!
ബിഗ് ബോസ് മലയാളം നാലാം സീസണിന്റെ തുടക്കം മുതൽ കളം നിറഞ്ഞ് നിൽക്കുന്നതും മറ്റുള്ളവരെ കളിക്കാൻ പ്രേരിപ്പിക്കുന്നതുമെല്ലമായി ഡോ.റോബിൻ സജീവമാണ്. മോട്ടിവേഷനൽ സ്‍പീക്കറെന്ന നിലയിൽ ആയിരക്കണക്കിന് ആരാധകരുള്ള ഡോ.റോബിൻ രാധാകൃഷ്‍ണൻ സോഷ്യൽ മീഡിയയിലും പുറത്തും ഒരുപോലെ താരമാണ്. ഡോ. മച്ചാൻ എന്ന പേരിൽ പ്രശസ്‍തനായ റോബിൻ ഇൻസ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്യുന്ന വീഡിയോകൾ ആയിരങ്ങളെയാണ് പ്രോത്സാഹിപ്പിക്കുന്നത്.
അരലക്ഷത്തിലധികം ഫോളോവർമാരുണ്ട് ഇൻസ്റ്റഗ്രാമിൽ ഡോ.റോബിന്. തിരുവനന്തപുരം ജി.ജി ആശുപത്രിയിൽ എമർജൻസി മെഡിസിൻ വിഭാഗത്തിൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസറായി ജോലി ചെയ്യുന്ന റോബിൻ രാധാകൃഷ്‍ണൻ സോഷ്യൽ മീഡിയയിലൂടെയാണ് ഡോക്ടർ മച്ചാൻ എന്ന പേരിൽ താരമായത്. പിന്നീട് കൗമുദി ടെലിവിഷനിൽ ചാറ്റ് വിത്ത് ഡോക്ടർ മച്ചാൻ എന്ന ഷോയിലൂടെയും പ്രേക്ഷകർക്ക് മുന്നിലുമെത്തി. അഭിനയ രംഗത്തും തിരക്കഥയിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്.

ചിദംബരം ഗവ. മെഡിക്കൽ കോളജിലാണ് മെഡിക്കൽ പഠനം പൂർത്തിയാക്കിയത്. 31 വയസുകാരനായ ഡോ. റോബിൻ രാധാകൃഷ്‍ണൻ അവിവാഹിതനാണ്. തിരുനന്തപുരം സ്വദേശികളായ ഡോ. രാധാകൃഷ്‍ണന്റെയും ബീനയുടെയും മകനാണ് ഡോ.റോബിൻ രാധാകൃഷ്‍ണൻ. തലസ്ഥാനത്ത് പട്ടത്താണ് താമസം. ബിഗ് ബോസ് വീട്ടിൽ ഇപ്പോൾ എല്ലാവരുടേയും കണ്ണിലെ കരടായും റോബിൻ മാറി കഴിഞ്ഞു. വീട്ടിലുള്ള മറ്റ് പതിനഞ്ച് പേരും ഏറ്റവും കൂടുതൽ വഴക്കുണ്ടാക്കുന്നതും റോബിനുമായിട്ടാണ്. വീട്ടിൽ കയറിയപ്പോൾ മുതൽ റോബിൻ താൻ ഷോയെ കുറിച്ചും ഒപ്പം മത്സരിക്കാൻ പോകുന്നവരെ കുറിച്ചും നന്നായി പഠിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു.

ഇതോടെ റോബിൻ കൃത്യമായി പ്ലാനിങ്ങ് നടത്തിയാണ് വീട്ടിലേക്ക് എത്തിയിരിക്കുന്നത് എന്നാണ് മറ്റുള്ള മത്സരാർഥികളും കരുതിയിരിക്കുന്നത്. കൂടാതെ ആദ്യത്തെ ടാസ്കിൽ തന്നെ റോബിൻ ചതിച്ച് പാവ കൈക്കലാക്കി എന്ന ആരോപണവും ഹൗസ്മേറ്റ്സുകളിൽ നിന്ന് വന്നതോടെ എല്ലാവരും റോബിനെ കുറ്റപ്പെടുത്താൻ ശ്രമിക്കുന്ന രീതിയാണ് പിന്തുടരുന്നത്. കുറച്ച് ദിവസം പിന്നിടുമ്പോൾ റോബിനും രണ്ടാം സീസണിലെ മത്സരാർഥിയായിരുന്ന രജിത്ത് കുമാറിനെപ്പോലെ ഒറ്റപ്പെടും എന്ന അഭിപ്രായമാണ് ഷോയുടെ പ്രേക്ഷകരിൽ നിന്നും വരുന്നത്. അതുമായി ബന്ധപ്പെട്ട് ഒരു പ്രേക്ഷകൻ പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്.

'രണ്ട് ചിന്താതലങ്ങൾ ഒരേ കൂടാരത്തിൽ വസിച്ചാൽ ചിലതൊക്കെ കണ്ടില്ലെന്ന് നടിക്കാതെ വന്നാൽ സ്വന്തം അഭിപ്രായം അനവസരത്തിൽ വെട്ടിത്തുറന്ന് പറഞ്ഞാൽ... എവിടേയും പോയി തലയിട്ടാൽ... ജയിക്കാനായി വന്നുവെന്ന് ഉറക്കെ വിളിച്ചുപറഞ്ഞാൽ... ബുദ്ധിയുണ്ടായിട്ട് കാര്യമില്ല. ബിബി ഹൗസിൽ രജിത് കുമാറിനെപ്പോലെ റോബിൻ ഒറ്റപ്പെടുമോ...? അങ്ങനെ റോബിന്റെ പേര് എല്ലാ ആഴ്ചയും എലിമിനേഷൻ ലിസ്റ്റിൽ ചേർക്കപ്പെടുമോ....?' എന്നായിരുന്നു കുറിപ്പ്. തുടക്കത്തിൽ റോബിൻ ഏറ്റവും കൂടുതൽ തവണ റോബിൻ ഏറ്റുമുട്ടിയിരുന്നത് ജാസ്മിനുമായിട്ടായിരുന്നു. വീക്കെൻഡ് എപ്പിസോഡിൽ ധന്യ മേരി വർഗീസ് ഫേക്കാണെന്ന് റോബിൻ പറഞ്ഞതോടെ ധന്യയും റോബിനെതിരെ തിരിഞ്ഞിരിക്കുകയാണ്.
Recommended Video

ഇപ്പോൾ എല്ലാവരും റോബിനോട് സംസാരിക്കുന്നതും പെരുമാറുന്നതും ആവശ്യത്തിനുള്ള അകലം സൂക്ഷിച്ച് മാത്രമാണ്. താൻ എല്ലാം പ്ലാൻ ചെയ്താണ് വന്നതെന്ന് റോബിൻ വിളിച്ച് കൂവി നടക്കുന്നതാണ് ഇപ്പോൾ അദ്ദേഹത്തിന് തന്നെ വിനയായി തീർന്നിരിക്കുന്നത് എന്നാണ് കാണുന്ന പ്രേക്ഷകരെല്ലാം പറയുന്നത്. റോബിന്റെ സ്വഭാവം അത്ര പിടിക്കുന്നില്ല.... ഞാൻ എന്ന ഭാവം കുറച്ചു കൂടുതലാണ്, പ്രേക്ഷകർ പഴയ പോലെയല്ല രജിത് കുമാർ കാണിച്ച സൈക്കോ ഫ്രോഡ് പരിപാടി ഒക്കെ അവർ ഇപ്പോൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒന്നുണ്ട് പുറത്ത് വൻ പിആർ ടീമിനെ സെറ്റാക്കി എട്ട് മാസം ലീവെടുത്ത് കുത്തിയായിരുന്നു പഠിച്ചിട്ടൊക്കെയാണ് വന്നതെന്ന് തോന്നുന്നു. മാനസിക നിലയിൽ രജത്ത് കുമാറിനെക്കാൾ അല്പം ഭേദമാണ് എന്ന് തോന്നുന്നു. ഫുൾ സൈക്കോ മോഡിലായിരുന്ന രജിത്ത് കുമാറിനെ പോലെയാകില്ല റോബിനെന്നും പ്രതീക്ഷിക്കുന്നു. എന്നിങ്ങനെയുള്ള കമന്റുകളാണ് പ്രേക്ഷകർ പങ്കുവെക്കുന്നത്.


Click it and Unblock the Notifications