'മത്സരാർഥികളുമായി മാധ്യമ സംഗമം, വെറുതെ കളിച്ച് പോകാൻ വന്നവരല്ല, എല്ലാവരും കളി പഠിച്ചവർ, ഇവരെ സൂക്ഷിക്കണം'
ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണിന് കൊടിയേറിയിരിക്കുകയാണ്. കൊവിഡ് കാലത്തിന് ശേഷം ലോകം പഴയ നിലയിലേക്ക് മടങ്ങിക്കൊണ്ടിരിക്കുമ്പോൾ ബിഗ് ബോസ് പ്രേമികളെ ആവേശത്തിലാക്കിയാണ് പുതിയ സീസൺ ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ സീസൺ 14 മത്സരാർഥികളുമായാണ് ആരംഭിച്ചതെങ്കിൽ ഇക്കുറി ആരംഭത്തിൽ തന്നെ 17 പേരാണ് ബിഗ് ബോസ് വീട്ടിലേക്ക് എത്തിയിരിക്കുന്നത്. ആദ്യ സീസണിന് വേദിയായ മുംബൈയിലേക്ക് ബിഗ് ബോസ് മലയാളം മടങ്ങിയെത്തുന്നു എന്ന പ്രത്യേകത കൂടി നാലാം സീസണിനുണ്ട്.
Recommended Video
നവീൻ അറയ്ക്കൽ, ജാനകി സുധീർ, ലക്ഷ്‍മിപ്രിയ, ഡോ.റോബിൻ രാധാകൃഷ്‍ണൻ, ധന്യ മേരി വർഗീസ്, ശാലിനി നായർ, ജാസ്‍മിൻ എം മൂസ, അഖിൽ ബി എസ്, നിമിഷ, ഡെയ്‍സി ഡേവിഡ്, റോൺസൺ വിൻസെൻറ്, അശ്വിൻ വിജയ്, അപർണ്ണ മൾബറി, സൂരജ് തേലക്കാട്, ബ്ലെസ്‍ലി, ദിൽഷ പ്രസന്നൻ, സുചിത്ര നായർ തുടങ്ങിയവരാണ് മത്സരാർഥികൾ. ഹിന്ദി ബിഗ് ബോസ് സെറ്റിലാണ് ഇത്തവണത്തെ മലയാളം ബിഗ് ബോസ് നടക്കുന്നത്. കൂടാതെ ഈ സീസൺ മുതൽ 24 മണിക്കൂറും പ്രേക്ഷകർക്ക് ബിഗ് ബോസ് ഹോട്ട്സ്റ്റാറിലൂടെ കാണാനും സാധിക്കും.

കഴിഞ്ഞ മൂന്ന് സീസണുകളിൽ നിന്ന് വളരെ വ്യത്യാസം നിറഞ്ഞതായിരിക്കും നാലാം സീസണെന്ന് തുടക്കം മുതൽ ബിഗ് ബോസ് അണിയറപ്രവർത്തകർ പറയുന്നുണ്ടായിരുന്നു. അത് സത്യമാണെന്നത് മത്സരാർഥികളുടെ മുഴുവൻ ലിസ്റ്റും പുറത്ത് വന്നപ്പോൾ തന്നെ പ്രേക്ഷകർക്ക് മനസിലായി കഴിഞ്ഞു. ഇനി കളി കാണാൻ കിടക്കുന്നതേയുള്ളൂവെന്ന് പ്രേക്ഷകരെ വീണ്ടും ഓർമിപ്പിച്ചുകൊണ്ട് ആദ്യ ദിവസത്തിൽ കിടിലൻ സർപ്രൈസാണ് ബിഗ് ബോസ് ഒരുക്കിയത്. ബിഗ് ബോസ് ചരിത്രത്തിൽ ആദ്യമായി മാധ്യമ സംഗമം ബിഗ് ബോസ് വീടിനുള്ളിൽ മത്സരാർഥികളുമായി ഒരുക്കിയിരിക്കുകയാണ്. ടെലിവിഷൻ, ഓൺലൈൻ മേഖലകളിൽ നിന്നുള്ള നിരവധി മാധ്യമങ്ങളും കൂടെ ഫിലിമി ബീറ്റ് മലയാളം പ്രതിനിധികളും മത്സരാർഥികളുമായി സംവദിച്ചു.

ചില്ലുകൊണ്ട് തീർത്ത മതിലിന് ഒരു വശത്ത് മത്സരാർഥികളും മറുവശത്ത് പതിനേഴ് മത്സരാർഥികളും ഇരുന്നാണ് വാർത്താ സമ്മേളനങ്ങൾ നടന്നത്. വാർത്താസമ്മേളനമാണെന്ന സൂചനകൾ മത്സരാർഥികൾക്ക് നൽകാതെയാണ് അവരെ മാധ്യമങ്ങൾക്ക് മുമ്പിൽ ബിഗ് ബോസ് എത്തിച്ചത്. വെറുതെ കളിച്ചിട്ട് പോകാൻ വന്നവരല്ലെന്നും കളി പഠിച്ച് തന്നെയാണ് എല്ലാ മത്സരാർഥികളും വീടിനുള്ളിലേക്ക് എത്തിയിരിക്കുന്നത് എന്നും അവർ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് നൽകിയ മറുപടിയിൽ നിന്ന് തന്നെ വ്യക്തമാണ്. യാതൊരു വിധ സ്ട്രാറ്റർജിയും ഇല്ലെന്നും തങ്ങളുടേതായ രീതിയിൽ നിന്ന് കളിക്കാനും പെരുമാറാനുമാണ് ഉദ്ദേശിക്കുന്നതെന്നും മത്സരാർഥികൾ പറയുന്നു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ളവരാണ്, ആളുകളുടെ സ്നേഹം നഷ്ടപ്പെടുമോ എന്നുള്ള ഭയമൊന്നും ഇല്ലെന്നും മത്സരാർഥികൾ പറയുന്നു. ആദ്യ ദിവസത്തെ മത്സരാർഥികളുടെ വീടിനുല്ളിലെ പെരുമാറ്റം നിരീക്ഷിച്ച പ്രേക്ഷകർ ശക്തരായ മത്സരാർഥികൾ ആരായിരിക്കും എന്ന കാര്യത്തിൽ പ്രവചനങ്ങളും തുടങ്ങിയിട്ടുണ്ട്.

'സെയ്ഫ് ഗെയിം കളിക്കുന്നവർ ഇത്തവണ ഉണ്ടാകുമെന്ന് തോന്നുന്നില്ല, ഗ്രൂപ്പിസം വരാൻ നിരവധി സാധ്യതകൾ കാണുന്നുണ്ട്. എല്ലാവരും പരസ്പരം നന്നായി നിരീക്ഷിക്കുന്നവരാണ്' തുടങ്ങിയ അഭിപ്രായങ്ങളാണ് മത്സരാർഥികളെ കുറിച്ച് ബിഗ് ബോസ് പ്രേക്ഷകർ പറയുന്നത്. ജാസ്മിൻ മൂസ, ഡോ. റോബിൻ, ഡെയ്സി ഡേവിഡ്, റോൻസൺ വിൻസെന്റ്, അപർണ്ണ, നവീൻ അറയ്ക്കൽ, ലക്ഷ്മിപ്രിയ തുടങ്ങിയവർ ശക്തരായ മത്സരാർഥികളാകാൻ കെൽപ്പുള്ളവരാണെന്നാണ് പ്രവചനങ്ങൾ. 'രണ്ടോ മൂന്നോ ദിവസം കഴിയാതെ കൃത്യമായി മത്സരാർഥികളെ വിലയിരുത്താൻ കഴിയുന്നില്ല, മാധ്യമങ്ങളുടെ ചോദ്യത്തിന് ബുദ്ധിയോടെ ചിന്തിച്ചാണ് ഓരോരുത്തരും അഭിപ്രായം പറയുന്നതെന്നും നല്ല കണ്ടന്റുകൾ കാണാൻ സാധിക്കുമെന്നത് അതിൽ നിന്നും വ്യക്തമാണെന്നും' അഭിപ്രായങ്ങൾ വരുന്നുണ്ട്.


Click it and Unblock the Notifications