ബിഗ് ബോസ് അവതാരകനാകാൻ പതിനഞ്ച് ദിവസത്തേക്ക് മോഹൻലാൽ വാങ്ങുന്ന പ്രതിഫലം 18 കോടി; വിവരങ്ങൾ പുറത്ത്!
ഏറെ നാളുകളുടെ കാത്തിരിപ്പിന് ശേഷം ബിഗ് ബോസ് മലയാളം നാലാം സീസൺ ഞായറാഴ്ച മുതൽ ആരംഭിക്കാൻ പോവുകയാണ്. വൈകീട്ട് ഏഴ് മണി മുതൽ നാലാം സീസണിന്റെ ലോഞ്ചിങ് ഏഷ്യാനെറ്റിലും ഒടിടി പ്ലാറ്റ്ഫോമായ ഹോട്ട്സ്റ്റാറിലും സംപ്രേഷണം ചെയ്ത് തുടങ്ങും. ആദ്യ സീസണിലെപ്പോലെ തന്നെ നാലാം സീസണിന് വേണ്ടിയും സെറ്റ് ഒരുക്കിയിരിക്കുന്നത് മുംബൈയിലാണ്. രണ്ടും മൂന്നും സീസണുകൾക്ക് വേണ്ടി ചെന്നൈയിലായിരുന്നു സെറ്റ് ഒരുക്കിയത്. രണ്ടാം സീസണിന് ഗ്രാൻഡ് ഫിനാലെ നടത്താൻ പോലും കൊവിഡ് പ്രതിസന്ധി മൂലം അണിയറപ്രവർത്തകർക്ക് സാധിച്ചില്ല.
പതിവുപോലെ നാലാം സീസണിലും നടൻ മോഹൻലാൽ തന്നെയാണ് അവതാരകനായി എത്താൻ പോകുന്നത്. ഇപ്പോൾ സൂപ്പർ താരം ബിഗ് ബോസ് അവതാരകനാകാൻ കൈപ്പറ്റുന്ന പ്രതിഫലമാണ് സോഷ്യൽമീഡിയകളിൽ ചർച്ചയാകുന്നത്. കോടികളാണ് മലയാളത്തിന്റെ സൂപ്പർതാരം കൈപ്പറ്റുന്നത്. 100 ദിവസമാണ് ബിഗ് ബോസ് നടക്കാൻ പോകുന്നത്. ഇതിൽ 15 ദിവസം മാത്രമേ മോഹൻലാലിന് മുംബൈയിലെ സെറ്റിൽ ഷൂട്ടിങിന് എത്തേണ്ടതായുള്ളൂ. ആ പതിനഞ്ച് ദിവസത്തെ ഷൂട്ടിങിന് വേണ്ടി മാത്രം പതിനെട്ട് കോടിയോളം രൂപയാണ് മോഹൻലാലിന് ലഭിക്കുക. സീസൺ മൂന്നിന് വേണ്ടി 15 കോടിയാണ് പ്രതിഫലമായി മോഹൻലാൽ വാങ്ങിയത്. അനൗദ്യോഗികമായ കണക്കാണിത്.

നാലാം സീസണിലേക്ക് എത്തിയപ്പോൾ പതിനഞ്ച് കോടിയിൽ നിന്ന് പതിനെട്ട് കോടിയിലേക്ക് മോഹൻലാൽ പ്രതിഫലം ഉയർത്തിയെന്നാണ് വിവരം. കഴിഞ്ഞ ദിവസം മുതൽ നാലാം സീസണിന്റെ ഉദ്ഘാടന ചടങ്ങിന്റെ ഷൂട്ടിങ് ആരംഭിച്ചു. അതേസമയം മത്സരാർഥികൾ ആരായിരിക്കും എന്നത് സംബന്ധിച്ച് സോഷ്യൽമീഡിയകളിൽ ചർച്ചകളും പ്രവചനങ്ങളും സജീവമായി നടക്കുകയാണ്. ലക്ഷ്മിപ്രിയ, വിദേശിയായ അപർണ, സുചിത്ര നായർ, കുട്ടി അഖിൽ, സൂരജ്, ഡെയ്സി ഡേവിഡ്, ജിയ ഇറാനി, നവീൻ അറയ്ക്കൽ, റോൻസൺ വിൻസെന്റ്, അനീഷ് രവി, ജാനകി സുധീർ തുടങ്ങിയ സെലിബ്രിറ്റികളുടെ പേരുകളാണ് ഉറപ്പായ മത്സരാർഥികളുടെ പേരുകളായി സോഷ്യൽമീഡിയയിൽ നിന്നും ബിഗ് ബോസ് അണിയറപ്രവർത്തകരുമായി അടുത്ത വൃത്തങ്ങളിൽ നിന്നും അറിയാൻ കഴിയുന്നത്.

സംഗതി കളറാകും എന്ന ടാഗ് ലൈനുമായാണ് ബിഗ് ബോസ് പ്രമോകൾ വന്നുകൊണ്ടിരിക്കുന്നത്. മറ്റ് ഭാഷകളിലേത് പോലെ തന്നെ ഈ സീസൺ മുതൽ ബിഗ് ബോസ് ഹോട്ട്സ്റ്റാറിൽ 24 മണിക്കൂറും സ്ട്രീം ചെയ്യാൻ പോവുകയാണ് എന്ന് പ്രത്യേകതയും ഉണ്ട്. അതിനാൽ തന്നെ ആരാധകർക്കും എല്ല കണ്ടന്റും മിസ് ആകാതെ കാണാൻ സാധിക്കും. കൂടാതെ ഇത്തവണ ബിഗ് ബോസ് മലയാളം സെറ്റ് പഴയ മറാത്തി ബിഗ് ബോസ് സെറ്റിലാണ് ഒരുക്കിയിരിക്കുന്നത്. അതിനാൽ ഹിന്ദി ടച്ച് ഇത്തവണത്തെ ഹൗസിനുണ്ടാകും. നിരവധി വ്യത്യസ്തതകൾ വീട്ടിൽ വേറെയും കാണികൾക്കും മത്സരാർഥികൾക്കുമായി ഒരുക്കിയിട്ടുണ്ടെന്നും ഷോ പ്രോഗ്രാം ഹെഡ് അറിയിച്ചിട്ടുണ്ട്. ഇതുവരെ സംപ്രേഷണം ചെയ്ത സീസണുകളിൽ നിന്ന് വ്യത്യസ്തമായി യുവാക്കൾക്ക് ചെയ്യാൻ സാധിക്കുന്ന അവരുടെ കഴിവുകൾ പുറത്തെടുക്കാൻ പറ്റുന്ന തരത്തിലുള്ള ഗെയിമുകൾ ഇത്തവണ ഉൾപ്പെടുത്തിയിട്ടുള്ളതായും റിപ്പോർട്ടുകളുണ്ട്.
Recommended Video

തമിഴിൽ ബിഗ് ബോസ് അൾട്ടിമേറ്റ് അവതരിപ്പിക്കുന്ന തമിഴ് താരം സിലംബരസൻ ഒരു ദിവസത്തെ ഷൂട്ടിനായി കൈപ്പറ്റുന്നത് ഒരു കോടിയാണെന്നാണ് റിപ്പോർട്ട്. വിക്രം, ഇന്ത്യൻ 2 സിനിമകളുടെ ചിത്രീകരണം ആരംഭിച്ചതിനാലാണ് സ്ഥിരമായി ബിഗ് ബോസ് തമിഴ് അവതരിപ്പിച്ചിരുന്ന നടൻ കമൽഹാസൻ അവതാരക സ്ഥാനത്ത് നിന്നും പിന്മാറുകയും സിമ്പു പകരക്കാരനായി വരികയും ചെയ്തത്. സിമ്പു ആദ്യമായിട്ടാണ് ഒരു റിയാലിറ്റിഷോയുടെ അവതാരകനാകുന്നത്. മലയാളത്തിലെ നാലാം സീസണിൽ സുരേഷ് ഗോപി അവതാരകനാകും എന്ന് തുടക്കത്തിൽ റിപ്പോർട്ടുകളുണ്ടായിരുന്നു. പിന്നീട് പ്രമോ പുറത്ത് വിട്ട് അണിയറപ്രവർത്തകർ ആ റിപ്പോർട്ടുകൾ തെറ്റാണെന്ന് അറിയിക്കുകയായിരുന്നു.


Click it and Unblock the Notifications