'റോബിൻ വീണ്ടും ഹഗ് ചോദിച്ചിരുന്നു അതൊന്നും പുറത്ത് വന്നിട്ടില്ല'; റോബിനെ ഹഗ് ചെയ്തതിനെ കുറിച്ച് ജാസ്മിൻ!
ബിഗ് ബോസ് മലയാളം സീസണുകളിൽ ഒന്നിൽ പോലും കണ്ടിട്ടില്ലാത്ത തരത്തിൽ ശത്രുത വെച്ച് പുലർത്തിയിരുന്നവരാണ് ഡോ.റോബിൻ രാധാകൃഷ്ണനും ജാസ്മിൻ.എം.മൂസയും. ആദ്യത്തെ വീക്കിലി ടാസ്ക്കിൽ റോബിൻ നിമിഷയുടെ പാവ കൈക്കലാക്കിയത് മുതലാണ് റോബിനോടുള്ള ജാസ്മിന്റെ ദേഷ്യം ആരംഭിക്കുന്നത്.
പിന്നീടങ്ങോട്ട് റോബിൻ എന്ത് ചെയ്താലും ജാസ്മിൻ കുറ്റങ്ങളും കുറവുകളും കണ്ടുപിടിക്കുകയും പരസ്പരം വഴക്കുണ്ടാക്കുകയും ചെയ്തു. ആദ്യത്തെ വീക്കിലി ടാസ്ക്കിൽ ബിഗ് ബോസ് നൽകിയ പാവകൾ ആർക്കും എന്ത് തന്ത്രവും ഉപയോഗിച്ച് കൈക്കലാക്കാനുള്ള അവസരം ഉണ്ടായിരുന്നു.
അത് റോബിൻ സമർഥമായി ഉപയോഗിച്ചതിനാലാണ് നിമിഷയുടെ പാവ കൈക്കലാക്കാൻ സാധിച്ചത്.
റോബിൻ കള്ളനും ചതിയനുമാണെന്നാണ് പിന്നീട് ജാസ്മിൻ പലപ്പോഴായി പറഞ്ഞത്. തുടക്കത്തിൽ റോബിനും ജാസ്മിനും തമ്മിൽ ടോം ആന്റ് ജെറി രീതിയിലുള്ള വഴക്കുകളാണ് നടന്നതെങ്കിൽ പിന്നീടത് വലിയ വൈരാഗ്യത്തിലേക്ക് മാറുകയായിരുന്നു.
ജാസ്മിൻ, റിയാസ് എന്നിവരുമായി റോബിനുണ്ടായ വഴക്കാണ് റോബിനെ വീട്ടിൽ നിന്നും പുറത്താക്കാൻ പോലും കാരണമായത്. പിന്നീട് റോബിൻ തിരിച്ച് വരാനുള്ള സാധ്യത മണത്തപ്പോൾ ജാസ്മിൻ സ്വമേധയ വീട്ടിൽ നിന്നും മത്സരം ക്വിറ്റ് ചെയ്ത് പുറത്ത് പോയിരുന്നു.
ഇത്രയേറെ സമ്മർദ്ദം സഹിച്ച് വീട്ടിൽ തുടരാൻ ബുദ്ധിമുട്ടുണ്ടെന്നും ഇനി റോബിൻ തിരിച്ച് വന്നാൽ താൻ അയാളെ തല്ലിയേക്കുമെന്നും അത് ഒഴിവാക്കാൻ തന്നെ പുറത്താക്കണമെന്നുമാണ് ജാസ്മിൻ ബിഗ് ബോസിനോട് ആവശ്യപ്പെട്ടത്.

ശേഷമാണ് ജാസ്മിൻ മത്സരം ക്വിറ്റ് ചെയ്തത്. ഒരിക്കൽ അപ്രതീക്ഷിതമായി ജാസ്മിൻ റോബിനെ ഹഗ് ചെയ്തിരുന്നു. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ജാസ്മിൻ ബ്ലെസ്ലിയും ഡെയ്സിയും തമ്മിലുള്ള സംസാരം കേട്ട ശേഷം എന്തോ തിരിച്ചറിവ് വന്നപോലെയാണ് പെടുന്നനെ പോയി റോബിനെ ഹഗ് ചെയ്തത്.
റോബിന് പോലും ജാസ്മിന്റെ ആ പ്രവൃത്തി വലിയ സർപ്രൈസായിരുന്നു. അതിനുള്ള കാരണം മോഹൻലാൽ അടക്കമുള്ളവർ ചോദിച്ചപ്പോഴും ജാസ്മിൻ വെളിപ്പെടുത്തിയിരുന്നില്ല.
ഇപ്പോൾ പുറത്തിറങ്ങിയ ശേഷം ആദ്യമായി ജാസ്മിൻ റോബിനെ ഹഗ് ചെയ്യാനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കാരണം ജാസ്മിൻ വെളിപ്പെടുത്തിയത്.

'ഞാൻ റോബിനെ ഹഗ് ചെയ്തപ്പോൾ ഇത്രത്തോളം ചർച്ച ചെയ്യപ്പെടുമെന്ന് കരുതിയിരുന്നില്ല. ഞാൻ ആദ്യം ഹഗ് ചെയ്ത ശേഷം പിന്നീട് ബാത്ത് റൂമിന്റെ ഭാഗത്ത് വെച്ച് ഒരു ഹഗ് കൂടി കിട്ടുമോയെന്ന് റോബിൻ ചോദിച്ചിരുന്നു. പക്ഷെ അതൊന്നും ടെലികാസ്റ്റ് ചെയ്തില്ലെന്ന് തോന്നുന്നു.'
'ഞങ്ങൾ ഗെയിം കളിക്കുന്ന സമയത്ത് ഞാനും റോബിനും ഒരു ടീമിലാണെങ്കിൽ പരസ്പരം വാശിയില്ലാതെ ഗെയിം സ്പിരിറ്റിൽ തന്നെയാണ് കളിച്ചിരുന്നത്. അതിന് ശേഷം വീണ്ടും അടിയുണ്ടാക്കുകയും ചെയ്യും.'
'റോബിൻ ബൊമ്മ മോഷ്ടിച്ചപ്പോലെ തന്നെ ഡെയ്സിയും ചെയ്തിരുന്നു. ബ്ലെസ്ലിയും ഡെയ്സിയും അതേ കുറിച്ച് തർക്കിച്ചപ്പോഴാണ് റോബിനും ഡെയ്സിയും തമ്മിൽ വ്യത്യാസമില്ലെന്ന് മനസിലായത്. അതുകൊണ്ടാണ് ഹഗ് ചെയ്യാമെന്ന് കരുതിയത്. അല്ലാതെ മറ്റൊരു കാരണവുമില്ല.'

ജാസ്മിൻ പറഞ്ഞ ഇതേ കാരണം തന്നെ നേരത്തെ ബ്ലെസ്ലി കണ്ടെത്തി ദിൽഷയോട് പറഞ്ഞിരുന്നു. തന്റെ കൂട്ടുകാരി ചെയ്ത തെറ്റ് തന്നെയാണ് റോബിനും ചെയ്തിരിക്കുന്നത് എന്ന തിരിച്ചറിവ് ജാസ്മിന് വന്നതാണ് റോബിനെ ഹഗ് ചെയ്യാനുള്ള കാരണം എന്നാണ് ബ്ലെസ്ലി മുമ്പ് പറഞ്ഞത്.
ഷോയിൽ ഏറ്റവും റിയൽ ആയി നിന്ന് മത്സരിക്കുന്ന വ്യക്തി എന്ന നിലയിൽ ജാസ്മിന് വലിയ ഫാൻ ഫോളോയിങ് ഉണ്ടായിരുന്നു. എന്നാൽ പിന്നീട് ജാസ്മിന്റെ പെരുമാറ്റവും ഭാഷാപ്രയോഗവും മൂലം വോട്ട് കുറയുകയായിരുന്നു.


Click it and Unblock the Notifications